ക്കുറി, ഓഗസ്റ്റ് 21നാണ് തിരുവോണം. മുമ്പൊരിക്കല്‍ ഒരു സെപ്റ്റംബര്‍ 22-ന് ഓണമെത്തിയപ്പോള്‍ വൈലോപ്പിള്ളി ഇങ്ങനെയെഴുതി -
'നീന്തിവരുന്നു മരാളയുഗം പോല്‍
ശോണദ്യുതിയാമോണത്തിയ്യതി'
. സംഗതി തെല്ല് അസാധാരണമാണ്. കലണ്ടറിലെ ഓണത്തിയ്യതിയെ കവിതയാക്കുകയായിരുന്നു മഹാകവി. 22 എന്ന അക്കത്തിന് ഇണയരയന്നങ്ങളുടെ രൂപസാദൃശ്യം; അന്ന് അവധി ദിനമായതിനാല്‍ ആ ചുവന്ന അക്കങ്ങള്‍ക്ക് അപൂര്‍വ്വമായ 'ശോണദ്യുതി'യും! കലണ്ടര്‍ പോലെ വിരസമായ നമ്മുടെ ജീവിതത്തിലേയ്ക്ക് ഓണം വരുന്നത് ഇങ്ങനെയാണെന്ന് വൈലോപ്പിള്ളി കരുതി, അക്കങ്ങളെപ്പോലും അരയന്നങ്ങളാക്കി മാറ്റിക്കൊണ്ട്. കാല്പനികതയാല്‍ കലുഷതകളെ മറക്കാത്ത കവിയായിരുന്നു വൈലോപ്പിള്ളി. നിശിതമായ യാഥാര്‍ത്ഥ്യബോധം ആ കവിയെ, കവിതയേയും, അതിവൈകാരികതയില്‍ നിന്ന് രക്ഷിച്ചു.

പി യുടെ ഓണക്കവിതകള്‍ക്കുള്ളത്ര സൗന്ദര്യമേദുരത വൈലോപ്പിള്ളിയുടെ ഓണക്കവിതകള്‍ക്കില്ല. മറ്റു പലതിന്റെയുമെന്നപോലെ ഓണത്തിന്റെയും വരവ് മലനാട്ടിലെ വായുവില്‍ നിന്ന് വാസനിച്ചറിഞ്ഞു വൈലോപ്പിള്ളി-
'ഈ മലനാടിന്‍ വായുവിലുണ്ടൊരു 
 മധുരോദാരവികാരം, മഞ്ഞാ- 
ലീറനുടുത്തൊരു പാവന ഭാവം.
' പണ്ടെന്നോ ഭൂതത്താന്‍മാര്‍ പണി മുഴുമിക്കും മുന്‍പ് കോഴി കൂവിയതിനാല്‍ അമ്പലക്കുളത്തില്‍ ഉപേക്ഷിച്ചു പോയ സ്വര്‍ണ്ണക്കൊടിമരം പോലെയാണ് ഓണം, അതേ പേരുള്ള കവിതയില്‍. ഭൂതകാലത്തിന്റെ ചെളിത്തട്ടില്‍ അതു കിടന്നു തിളങ്ങുന്നു. ഓണനാളുകളില്‍ ആ കാഴ്ച്ച കൂടുതല്‍ തെളിയുന്നു. ഈ കൊടിമരം വീണ്ടെടുത്ത് നാട്ടേണ്ടത് നമ്മുടെ കടമയാണെന്ന് കവി. കാരണം അത് പണി തീരാതെ പോയ ഒരു രാഷ്ട്രീയസ്വപ്നത്തിന്റെ ധ്വജസ്തംഭമാകുന്നു.' സ്വച്ഛം, സുന്ദരമെല്ലാമെന്നാല്‍ സുന്ദരതമമായുള്ളതു ധര്‍മ്മം' എന്നും, ആദ്യം സൂചിപ്പിച്ച,' ഓണക്കിനാവ്' എന്നു പേരായ, കവിതയില്‍. ഓണം ഒരു കിനാവാണ് വൈലോപ്പിള്ളിക്ക്;  ഭൂതകാലത്തിന്റേതല്ല, ഭാവിയുടേത്.' 
തിരുവോണം പോയാലും 
പുലരുകയായ്  പൊന്നോണം
' എന്നും ഈ കവി മറ്റൊരു കവിതയില്‍. ശാശ്വതമാകാത്ത ഓണം ഓണമല്ല. തിരുവോണം പോയാലും പൊന്നോണം പുലരണം. രാഷ്ട്രീയമായ ഈ എല്ലുറപ്പായിരുന്നു വൈലോപ്പിള്ളിയുടെ ഓണക്കവിതകളുടെ ബലം. ഓണം എന്ന കാല്പനിക പരിവേഷമുള്ള പഴംകിനാവിനെയല്ല, ഓണമെന്ന രാഷ്ട്രീയസ്വപ്നത്തെയാണ് വൈലോപ്പിള്ളി ലാളിച്ചത്.' ഓണക്കാലത്തുണരും ഞാന്‍, തിരുവോണപ്പാട്ടുകളാണെന്‍ പാട്ടുകള്‍' എന്നും(ഓണമുറ്റത്ത്)' പല ദേശത്തില്‍, പല വേഷത്തില്‍, പല പല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ / പാരിതിലാദിയിലുദയം കൊണ്ടു പൊലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം' (ഓണപ്പാട്ടുകാര്‍) എന്നും കരുതി ഈ കവി.

കവി സോവ്യറ്റ് റഷ്യ സന്ദര്‍ശിച്ചപ്പോള്‍ ക്രെംലിനിലെ സൂനവാടിയിലിരിക്കുന്ന ഗംഭീരോജ്ജ്വലമായ ലെനിന്‍പ്രതിമയല്ല കണ്ടത്, പൂക്കളത്തിനു നടുവില്‍ മലയാളിയുടെ മഹാബലിയെപ്പോലെയിരിക്കുന്ന മറ്റൊരു സമത്വമൂര്‍ത്തിയെ ആണ്.' ഹാ,  മഹാബലേ,ലെനിന്‍!' എന്നാണ് ഈ കവിതയിലെ അസാധാരണ സംബോധന. ആ മഹാബലിയെയും ചരിത്രം ചവിട്ടിത്താഴ്ത്തി. എന്നിട്ടും ഓരോ ഓണക്കാലത്തോടൊപ്പവും വൈലോപ്പിള്ളിയുടെ ഓണക്കവിതകള്‍ വീണ്ടുമുണരുന്നു, അവയില്‍ സംഭൃതമായിരിക്കുന്ന അടങ്ങാത്ത നീതിദാഹവും.

മലയാളിമനസ്സില്‍ ഏറ്റവും ആഴത്തില്‍ കുഴിച്ചിട്ട വിത്തിന്റെ പേരാണ് ഓണം എന്നത്. അത്രയ്ക്കത്രയ്ക്ക് കരുത്തോടും ചൈതന്യത്തോടും കൂടി അത് മുളച്ചു പൊന്തുന്നു, ആണ്ടോടാണ്ട്.

Content Highlights : Mashippacha Sajay KV Writes about Political View of Vyloppilly Sreedhara Menon poems about Onam