ർത്ത്യൻ (മരണമുള്ളവൻ) കാണാനും കേൾക്കാനും നേരിടാനും വിശകലനം ചെയ്യാനും ഏറ്റവും മടിക്കുന്ന, പേടിക്കുന്ന പ്രതിഭാസമാണ് മരണം. ജീവിതകാലം മുഴുവൻ നമ്മൾ മരണവുമായുള്ള ഒളിച്ചുകളിയിലോ കണ്ണുകെട്ടിക്കളിയിലോ ഏർപ്പെടുന്നു. ഒടുവിൽ ഒളിച്ചുകളിയിൽ പിടിക്കപ്പെട്ടവനെ/ളെപ്പോലെ ആ ആകസ്മിക നിയോഗത്തിനു കീഴടങ്ങി വിരമിക്കുന്നു. ഒരു പിടികിട്ടാപ്പുള്ളിയും, ഇങ്ങനെ, ആജീവനാന്തം ഒളിവിൽ കഴിയുന്നില്ല. മരണമാണ് നിഷ്ഠുരനായ ആ നിയമപാലകൻ, മനുഷ്യൻ അവന്റെ പിടിയിൽപെടാതൊഴിയുന്ന, ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളിയും. ചിലർ വളരെപ്പെട്ടെന്നു പിടിക്കപ്പെടുന്നു. ചിലർ സാവധാനവും. ഏതായാലും ഒരിക്കൽ പിടിക്കപ്പെടുമെന്നു തീർച്ച.

ഈ ആധി നിറഞ്ഞ ബോധത്തോടെയാണ് ജീവിതത്തിൽ കാലൂന്നിയത്, കുമാരനാശാൻ എന്ന കവി. പ്രസിദ്ധമായ ആ സമസ്യാപൂരണ സന്ദർഭത്തിൽ അതുണ്ട്. സമസ്യ നിർദ്ദേശിച്ചത് സാക്ഷാൽ നാരായണ ഗുരു. വേണമെങ്കിൽ ഒരു സാധാരണ ശിവഭജനമായി പൂരിപ്പിക്കപ്പെടാമായിരുന്ന ശ്ലോകാർദ്ധം 'കുമാരു' പൂരിപ്പിച്ചതിങ്ങനെ-
'കാലൻ കനിവറ്റു കുറിച്ചു വിടു-
ന്നോലപ്പടിയെന്നെയയയ്ക്കരുതേ!' വാസ്തവത്തിൽ വാഗ്രൂപമായ വലിയൊരു നിലവിളിയാണിത്, മരണഭയമെന്ന നിരന്തരപലായനത്തിലേർപ്പെട്ടിരിക്കുന്നവന്റെ മുഴുത്ത നിലവിളി. ആ സമസ്യാപൂരണം കൊണ്ട് ഗ്രഹിച്ചുകാണും നാരായണ ഗുരു, പിൽക്കാലം അവന്റെ കവിചേതനയെ ഗ്രസിക്കാനിരിക്കുന്ന കൊടുഭയങ്ങളുടെയും കൊടിയ വേദനകളുടെയും മഹാസംഘർഷങ്ങളുടെയും ആഴം.

ഇന്ത്യക്കാർ മരണത്തെ കാലനായി സങ്കല്പിച്ച് 'പെഴ്സോണിഫൈ' ചെയ്യുന്നു. കാലന്റെ സഹോദരിയാണ് കറുത്ത നദിയായ കാളിന്ദി എന്നാണ് സങ്കല്പം. ആശാൻ ഈ പുരാണ കല്പനയെ കരാളമായ മരണഭാവനയായി വിടർത്തുന്ന ഒരാദ്യകാല ശ്ലോകമുണ്ട്, അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്തത്. കാലന്റെ കരാളതയുടെ മുദ്രകൾ സഹോദരിയിലും കാണുകയാണ് കവി. കാളിന്ദീനദിയിൽ മുങ്ങിനീന്തുന്ന പോത്തിന്റെ വളഞ്ഞ കൊമ്പുകൾ കാലന്റെ കൊമ്പൻമീശയാകുന്നു.അതിലെ ചെന്താമരപ്പൂക്കൾ മൃത്യുദേവന്റെ ചുവന്നു കലങ്ങിയ ക്രുദ്ധനയനങ്ങൾ, ഓളങ്ങൾ ചുളിഞ്ഞ പുരികങ്ങളും. കാലനും കാളിന്ദിക്കും ഒരേ കാളിമ. 'കാളുന്നൂ കാഴ്ച്ചയിൽ താനിഹ സഹജത കാലന്നു കാളിന്ദിയോട്' എന്ന് കുമാരനാശാൻ ശ്ലോകം അവസാനിപ്പിക്കുന്നു. 'കാളുന്നു' എന്ന ആ ഒരൊറ്റ ക്രിയാപദത്തിന്റെ ഭയപ്രസരത്താലാണ് ഈ മരണകല്പന ഒരു നീലനാളം പോലെ വിചിത്ര ശോഭയാർജ്ജിക്കുന്നത്. മരണം ഒരിരുണ്ട നദിയാകുന്നു. പലകുറി ജലമരണം ഭാവന ചെയ്തെഴുതുകയും ഒടുവിൽ സമാനമായ അനുഭവത്താൽ പ്രാണാപായം സംഭവിക്കുകയും ചെയ്ത കവിയുടെ അബോധത്തിൽ ജലമെന്നാൽ മരണമായിരുന്നു, കാളിന്ദിയെന്നാൽ കാലനും. ഈ അബോധപ്രേരണയാൽ ആശാൻ കാളിന്ദിയെക്കുറിച്ചെഴുതുമ്പോൾ സൗന്ദര്യചിഹ്നങ്ങളുടെ സ്ഥാനത്ത് ഭയത്തിന്റെയും മരണത്തിന്റെയും മുദ്രകൾ തെളിയുന്നു. പിൽക്കാലകാല്പനികരുടെ സൗന്ദര്യമേദുരമായ കാളിന്ദിയേയല്ല അത്. അതിൽ മരണത്തിന്റെ മുഖം, അതിഭയാനകമാം വിധം, നിഴലിക്കുന്നു.

ആശാന്റെ മരണഭയത്തിന്റെയും മരണഭാവനയുടെയും ചില ആദ്യകാല ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇതുവരെ ശ്രമിച്ചത്. പിൽക്കാലം 'വീണപൂവി'ലും 'പ്രരോദന'ത്തിലും പലസ്ഥായിയിൽ മുഴങ്ങുന്നുണ്ട് ആ മരണവാദ്യം. മരണം കാണുകയാണ് ആശാൻ വീണപൂവിൽ; അതും മനുഷ്യേതരപ്രകൃതിയുടെ ഭാഗമായി നിന്നുകൊണ്ട് കവിയുടെ മമത പിടിച്ചുപറ്റിയ അരുമയായ ഒന്നിന്റെ.അത് വീഴുന്നതും വിവർണ്ണമാകുന്നതും ('തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു...') വിഘടിക്കുന്നതും ('കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു/ മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ') കവി കാണുകയോ ഭാവന ചെയ്തു നടുങ്ങുകയോ ചെയ്യുന്നു. മരണമെന്ന ഇരുണ്ട സൂര്യനെ നിരീക്ഷിക്കാൻ തന്റെ മിഴികളെ പരിശീലിപ്പിക്കുകയായിരുന്നിരിക്കണം ആശാൻ. ഈ കവിയോളം ദീർഘമായി, നിരന്തരമായി ആരും അങ്ങനെ ചെയ്തിട്ടില്ല നമ്മുടെ ഭാഷയിൽ.

മരിച്ചവന്റെ ജഡം' രജതപാത്രം പോൽ' തണുക്കുന്നതും ചിതത്തീയുടെ രുദ്രതാണ്ഡവവുമെല്ലാം അദ്ദേഹം രേഖപ്പെടുത്തി. മരണമെന്നാൽ എന്ത്, എന്തിന് എന്ന ഗംഭീരമായ ചർച്ചയിലേർപ്പെട്ടു ('പ്രരോദന'ത്തിന്റെ ഒരു പാതി മുഴുവൻ ആ ചർച്ചയാണ്!). തനിക്കു ചിരപരിചിതനായിരുന്ന ഒരു സന്ന്യാസി ആത്മഹത്യ ചെയ്തപ്പോൾ അതിനെ മുൻനിർത്തി മരണത്തെയും ആത്മഹത്യയെയും കുറിച്ച് 'വിവേകോദയ'ത്തിൽ ലേഖനവുമെഴുതി, ആശാൻ. മഹാകവിയുടെ കൃതി സഞ്ചയത്തിനിടയിൽ വേറിട്ടൊരു കാഴ്ച്ചയും വേറിട്ടൊരു വായനയും ആവശ്യപ്പെടുന്ന ലേഖനമാണത്. കവിതയുടെയും കഥാപാത്രങ്ങളുടെയും ആലംബമില്ലാതെ ആശാൻ മരണവിചാരത്തിലേർപ്പെടുന്ന അപൂർവ്വ സന്ദർഭമെന്ന സവിശേഷത അതിനുണ്ട്.

'ഒരു ആത്മഹത്യ' എന്ന ലേഖനശീർഷകം തന്നെ എത്ര അസാധാരണമാണ്! നാരായണ ഗുരുവിന്റെ ശിഷ്യനായ മാധവാനന്ദ സ്വാമിയാണ് ആത്മഹത്യ ചെയ്തത്. സന്ന്യാസത്തിന്റെയും ബഹുമുഖമായ പാണ്ഡിത്യത്തിന്റെയും അധികശോഭയും ആന്തരികബലിഷ്ഠതയുമുള്ള ഒരാൾ മരണത്തെ ആശ്ലേഷിക്കുന്നു. അതിൽ സാധാരണമോ നിസ്സാരമോ യുക്തിസഹമോ അല്ലാത്ത ചിലതുണ്ട്. ജീവിതവിരക്തിയാണ് ഒരുവനെ സന്ന്യാസത്തിലേയ്ക്കെത്തിക്കുന്നത്. ഇതേ കാരണം തന്നെ ഒരുവനെ മരണത്തിലേയ്ക്കുമെത്തിച്ചേക്കാം. അപ്പോൾ ആത്മഹത്യയെന്നാൽ ഒരു ഭീകരപരിത്യാഗമോ വിലക്ഷണ സന്ന്യാസമോ ആയി മാറും. സന്ന്യാസി ജീവിതത്തിൽ നിന്നിറങ്ങിപ്പോകുന്നു; ആത്മഹത്യ ചെയ്യുന്ന മനുഷ്യനും. ഒരു സന്ന്യാസി തന്നെ അതു ചെയ്യുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ജീവിതാനുരാഗത്താലാണോ ജീവിതത്തോടുള്ള കഠിനമായ വിരക്തിയാലാണോ അയാൾ അങ്ങനെ ചെയ്യുന്നത്? സന്ന്യാസം കൊണ്ടു പരിഹരിക്കാനാവാത്ത ചിലതിനുള്ള പരിഹാരമാണോ അയാളുടെ ആത്മഹത്യ? അങ്ങനെയെങ്കിൽ ലൗകികജീവിതം പോലെ സന്ന്യാസവും അപര്യാപ്തമെന്നു വരും. മാധവാനന്ദ സ്വാമിയോടുള്ള തികഞ്ഞ ആദരവോടും സഹാനുഭൂതിയോടും കൂടിയാണ് ആശാൻ എഴുതുന്നത്. സ്വാമിയെ കുറ്റപ്പെടുത്തുന്ന ഒരൊറ്റ വാക്കുപോലുമില്ല അതിൽ. ജീവിതം ദുഃഖമയവും അതിനാൽ ആത്മഹത്യ ന്യായീകരിക്കത്തക്കതുമെന്ന ഷോപ്പനോവറുടെ തത്ത്വചിന്തയെക്കൂടി ആശാൻ കൂട്ടുപിടിക്കുന്നു. ജീവിതരതിയെയും മരണാഭിമുഖ്യത്തെയും മാറി മാറി ന്യായീകരിക്കുന്നു. ഒടുവിൽ,' അഥവാ ധർമ്മത്തിന്റെ തത്ത്വം ആരും കാണാത്ത വിധം ഗുഹയിൽ നിക്ഷേപിച്ചിരിക്ക തന്നെയാകുന്നു 'എന്ന്, ഗംഭീരമായ ദുരന്തനിസ്സഹായതയോടെ, പറഞ്ഞു കൊണ്ടാണ് ആശാൻ പിൻവാങ്ങുന്നത്. മരണത്തിൽ ഭയവും അഭയവുമുണ്ടെന്ന് ആശാൻ മനസ്സിലാക്കിയിരുന്നു; നിശിതമായ ജീവിതബോധം എന്നാൽ മരണബോധം തന്നെയാണ് എന്നും.

Content Highlights :Mashippacha Sajay KV Writes about Kumaranasan fear of Death and Water