വിയായ യോഗിയായിരുന്നു നാരായണ ഗുരു. രമണ മഹര്‍ഷിക്കോ വിവേകാനന്ദനോ രാമകൃഷ്ണ പരമഹംസര്‍ക്കോ ഇത്രയും ദീപ്തമായ കവിത്വമില്ല. അരൊബിന്ദോ മാത്രമാണ്, ആധുനികകാലത്ത്, ഇതിനൊരപവാദം. കവിത, ഗുരുവിന്റെ ആത്മഭാഷയായിരുന്നു. അതിലൂടെയാണദ്ദേഹം സംസാരിച്ചത്. മൗനിയാണ് മുനി. ഗുരു മൗനം വെടിഞ്ഞത് കവിതകളിലൂടെ. അര്‍ത്ഥഗരിമയുടെ ദുസ്തരഥ്യകളെ സാരള്യവും ഓജസ്സുമുള്ള കല്പനകളിലൂടെയും പദസംഗീതത്തിലൂടെയും അദ്ദേഹം ലഘുവും സുഗമവുമാക്കി. സ്‌തോത്ര കവിതയില്‍പ്പോലും തന്റെ പ്രബുദ്ധതയുടെ സ്ഫുലിംഗങ്ങള്‍ നിക്ഷേപിച്ചു.

ആശാനും ഗുരുവും തമ്മിലുണ്ടായിരുന്നത്, മറ്റെന്തിലുമുപരിയായി, രണ്ടു കവികള്‍ തമ്മിലുള്ള പാരസ്പര്യമായിരുന്നിരിക്കണം. ഗുരുവിന്റെ ആത്മീയതയും കവിത്വവും ആശാനില്‍ സ്‌തോത്രകവിതകളായും പിന്നീട് സന്യാസിനായകന്മാരുടെ സ്‌നേഹഭാജനതയായും സങ്കീര്‍ണ്ണമായി പരിണമിച്ചു. ഗുരുവിന്റെ പൂര്‍ണ്ണ സന്യാസവും ആശാന്റെ അര്‍ദ്ധസന്യാസവും തമ്മില്‍, മലയും കടലും പോലെ, പരസ്പരം സന്ധിക്കുന്നത് ആ കവിതകളില്‍ കാണാം.
'മോദസ്ഥിരനായങ്ങു വസിപ്പൂമല പോലെ' എന്നതില്‍ ആ സ്ഥൈര്യവും തന്റെ ചഞ്ചലതയും ആശാന്‍ പറയാതെ പറഞ്ഞുകാണും. കടലായിരുന്നു ആശാന്‍ കവിതയുടെ രൂപകം. അതിന്റെ' വീചിക്ഷോഭം'
ഗുരുകവിതയുടെ ശൈലപാദങ്ങളില്‍ പ്രണമിച്ചു മടങ്ങുന്ന കാഴ്ച്ച, മലയാള സാഹിത്യത്തിലെ ഒരനന്യതയാണ്. ഗുരുവിന്റെ ദൈവഭാവനയില്‍ 'നിസ്തരംഗ സമുദ്രം' എന്ന കല്പന കാണാം. ഈ രണ്ടു സമുദ്രങ്ങള്‍, ഒരു ശാന്തസമുദ്രവും ഒരശാന്തസമുദ്രവും, ആണ് മലയാളകവിതയെ മുമ്പില്ലാത്ത വിധം ആഴപ്പെടുത്തിയത്.

ആശാന്‍ ഗുരുവിനെപ്പറ്റി വിരലിലെണ്ണാവുന്ന കവിതകളേ എഴുതിയിട്ടുള്ളൂ. 'ഗുരു' എന്ന കവിതയാവും അക്കൂട്ടത്തില്‍ അതിപ്രശസ്തം. കൂടാതെയും ചില കവിതകളുണ്ട്. സ്‌തോത്ര കവിതകളുടെ പ്രാരംഭശ്ലോകങ്ങളിലും ആശാന്‍ തന്റെ ഗുരുവിനെ ഹൃദയംഗമമായി ഓര്‍മ്മിക്കുന്നുണ്ട്. ആശാന്‍കവിതയില്‍ 'പ്രണയം' എന്ന വാക്ക് ആദ്യമായി കടന്നു വരുന്ന സന്ദര്‍ഭവുമിതാണ്.
'അണ കവിയുന്നഴലാഴി യാഴുമെന്നില്‍
പ്രണയമുദിച്ചു കവിഞ്ഞു 
പാരവശ്യാല്‍
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ!'
എന്ന' ഭക്തവിലാപ'ത്തിലെയും മറ്റും ഗുരുവന്ദനം പോലൊന്ന് മലയാള കവിതയില്‍ വേറെ ഇല്ല .
'നാനാലോകാനുരൂപ'നും
'നതജനനരകാരാതി'യും 'സതത സദ്യോഗനിദ്ര'നും' വിനിദ്ര'നുമാണ് മറ്റു ചിലപ്പോള്‍ ഗുരു.

മലയാള കവിതയിലെ ഏറ്റവും മധുരോദാരമായ ശ്ലേഷമാണിത്, നാരായണന്‍ എന്നാല്‍ മഹാവിഷ്ണുവും നാരായണ ഗുരുവുമാകുന്ന വാഗിന്ദ്രജാലം. 'നതജനനരകാരാതി', പതിതജനോദ്ധാരകനായ ഗുരു കൂടിയാണ്; 'നാനാലോകാനുരൂപന്‍ 'എന്നതും അദ്വൈതിയായ ആ ഗുരുവിന്റെ മറ്റൊരു വിശേഷണം. അദ്ദേഹം,' സതതസദ്യോഗനിദ്ര'നും ' വിനിദ്ര'നും കൂടിയാകുന്നു.
ഇത് വിഷ്ണുവിന്റെ യോഗനിദ്രയെന്ന പോലെ ഗുരുവിന്റെ യോഗാനുഭൂതിയുമാകുന്നു. അതേ സമയം തന്നെ 'വിനിദ്ര' നുമാണ് ഗുരു. യോഗിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ഗുരുവിനുള്ള വലിയ പ്രശംസയാണിത്;'സതത സദ്യോഗനിദ്രന്‍ ,വിനിദ്രന്‍!' എന്നത്. യോഗം, പ്രപഞ്ചചൈതന്യവുമായെന്ന പോലെ സമഷ്ടിചൈതന്യവുമായും ആകുന്നു.
ഈ സങ്കീര്‍ണ്ണരാസശാലയ്ക്കകം കടന്ന്, തന്റെ ഗുരുവിനെ കണ്ടെത്തിയ ശിഷ്യന്റെ ആത്മസാക്ഷ്യമാണ് നമ്മള്‍ ഇവിടെ കണ്ടത്. ആത്മീയതയിലെ കേവല ദിവ്യത്വാരോപണ (spiritual hagiography) ത്തേക്കാള്‍ ഏറെ സങ്കീര്‍ണ്ണവും കാവ്യാത്മകവുമാണത്; രണ്ട് ഹിമാലയശൃംഗങ്ങളുടെ പരസ്പരാഭിവാദനം പോലെ സൗമ്യവും ഗാഢവും സൂക്ഷ്മവും. ഒരു നൂറ്റാണ്ടിനിപ്പുറം, ആ ശൈലാഗ്രങ്ങളെ ഒരു പോലെ തിളക്കിയിരുന്ന കവിതയുടെ കനകാഭിഷേകം നമ്മള്‍ അകലെ നിന്നു കാണുന്നു.

Content Highlights : Mashippacha Sajay KV Writes about Kumaranasan and Sreenarayanaguru