'ചെറിയ മാർജ്ജാര പാദങ്ങളിൻമേൽ മൂടൽമഞ്ഞ് വരുന്നു...' എന്നാരംഭിക്കുന്ന കാൾ സാന്റ് ബർഗ്ഗിന്റെ' ഫോഗ് '(Fog) എന്ന കവിതയിൽ മഞ്ഞിനെക്കാൾ പൂച്ചയെയാണ് നമ്മൾ കാണുക. മിണ്ടാതെ, കുന്തിച്ചിരുന്ന് അത് നഗരത്തെയും തുറമുഖത്തെയും നോക്കുന്നു. പിന്നീട് എഴുന്നേറ്റു പോകുന്നു എന്ന് സാന്റ്ബർഗ്ഗ്. ഇത് മറ്റൊന്നുകൂടി ഓർമ്മിപ്പിക്കുന്നുണ്ട്. അത് മാർക് ഷഗാളിന്റെ 'Paris from the Window' എന്ന ചിത്രമാണ്. ജനാലപ്പടി മേലിരുന്ന് നഗരത്തെ വീക്ഷിക്കുന്ന പൂച്ചയാണ് ചിത്രത്തിൽ. ഓമനിക്കപ്പെടാനുള്ള യോഗ്യത ജന്മാവകാശമായി ലഭിച്ചവരാണ് പൂച്ചകൾ. എഴുത്തുമേശയിലും ഉറക്കു കട്ടിലിലുമെല്ലാം അവർ കൈവശാവകാശം സ്ഥാപിച്ചു കളയും.(തന്റെ വളർത്തുപൂച്ചയുടെ മേൽനോട്ടത്തിലെന്നോണം എഴുത്തിൽ വ്യാപൃതനായ ഒ. വി വിജയന്റെ ചിത്രം ഓർമ്മിക്കുക). വൈലോപ്പിള്ളിയുടെതാണ് 'പൂച്ചക്കുട്ടികൾ' എന്ന കവിത. കവിതയവസാനിക്കുന്നത് ഇങ്ങനെ:

'പെറ്റൂ കുറിഞ്ഞി, പതഞ്ഞു തുള്ളി -
ചുറ്റും കളിച്ചു ചെറുകിടാങ്ങൾ
ഓമനിപ്പാനായ് പിറന്ന കൊച്ചു -
ശീമകൾ- ഞങ്ങളും വീടുമൊപ്പം
ആരോമകോമളപുഞ്ജകങ്ങൾ
മാറോടു ചേർത്തു മറന്നു നിന്നു!'

പൂച്ചക്കുട്ടികളെ ഒരിക്കലെങ്കിലും ലാളനയോടെ പരിഗണിച്ചിട്ടുള്ള ആർക്കാവും ആ'രോമ കോമളപുഞ്ജകങ്ങൾ' എന്ന പദപ്പതുമയെ കരളിലെടുത്തോമനിക്കാതിരിക്കാൻ! കാമുകിയുടെ ഗാഢസാമീപ്യമാഗ്രഹിക്കുന്ന കാമുകന് അവളുടെ പൂച്ചക്കുട്ടിയോടാവും ഏറ്റവും അസൂയ. ഈ അസൂയയെ ഇങ്ങനെ കവിതയാക്കിയപ്പോഴാണ്, വർഷങ്ങൾക്കു മുൻപ്, ഞാൻ എസ്.ജോസഫ് എന്ന കവിയെ താൽപ്പര്യപൂർവ്വം ശ്രദ്ധിച്ചു തുടങ്ങിയത്;

'എനിക്കു നിന്റെ ചുംബനം വേണ്ട
പകരം നീയൊരു പൂച്ചക്കുട്ടിയെ കയ്യിലെടുത്താൽ മതി.'

കവിക്കു പോലും ഇപ്പോൾ ഓർമ്മ കാണില്ല ഈ കവിതാവരി, അയാളുടെ പുസ്തകങ്ങളിലും അതു കാണില്ല.നഷ്ടപ്പെട്ട ഒരു പൂച്ചക്കുട്ടിയെ എന്ന പോലെ ഞാനാ വരികൾ ഓർമ്മിക്കുന്നു. ആ നഷ്ടകാലത്തിന്റെ കൂടി ഓർമ്മപ്പാട് എന്ന നിലയിൽ. രാജാറാവുവിന്റെ 'ദ ക്യാറ്റ് ആന്റ് ഷേയ്ക്സ്പിയർ' ഞാൻ വായിച്ചിട്ടില്ല, പക്ഷേ ആ തലക്കെട്ടുണർത്തുന്ന കൗതുകം നിസ്സീമമാണ്. ടി.എസ്.എലിയറ്റിന്റെ 'മക്കാവിറ്റി' എന്തൊരു പൂച്ചക്കുറുമ്പനാണ്! കുഞ്ഞുണ്ണി മാഷിനേക്കാൾ പ്രസിദ്ധനാണ് മാഷിന്റെ, 'പാലുവച്ച പാത്രം വൃത്തിയാക്കി വച്ച 'പൂച്ച. ബോർഹെസിന്റെ 'പൂച്ചയോട് ' എന്ന കവിതയുടെ തുടക്കം മനോഹരമാണ്.

'കണ്ണാടികൾ ഇത്ര നിശ്ശബ്ദമല്ല, അരിച്ചെത്തുന്ന പ്രഭാതപ്രകാശം ഇത്ര പമ്മലുള്ളതും'.'നിലാവിൽ, അകലെ നിന്നു കണ്ണിൽപ്പെടുന്ന പുലി' എന്നും എഴുതുന്നുണ്ട് ബോർഹെസ്. നിരുപദ്രവമായ ഈ പുലിത്തമാണ് പൂച്ചയുടെ ഓമനത്തം. ('ലാളിക്കാവുന്ന പുലി' എന്ന് നമ്മുടെ കൽപ്പറ്റ നാരായണൻ). മറ്റൊരു ലാറ്റിനമേരിക്കനായ നെരൂദയിൽ നിന്നാണ് പൂച്ച ഏറ്റവും മുന്തിയ ചില പ്രശംസകളേറ്റുവാങ്ങിയത്.' പൂച്ചയ്ക്കൊരു ഗീതം' എന്ന കവിതയിൽ നെരൂദയും പൂച്ചയെ' ഏറ്റവും ചെറിയ, വീട്ടകത്തിന്റെ വ്യാഘ്രം' ആക്കുന്നുണ്ട്, 'വീട്ടിലെ സ്വതന്ത്രനായ വന്യമൃഗ'വും.' കിടപ്പറകളുടെ രഹസ്യപ്പോലീസുകാരൻ' എന്നതാണ് കവിതയിലെ രസകരമായ മറ്റൊരു വിശേഷണം. ഇത്ര രൂപത്തികവോടു കൂടി പിറക്കാറില്ലത്രേ മറ്റൊരു മൃഗവും!'എനിക്ക് പൂച്ചയുടെ പൊരുളഴിച്ചെടുക്കാനാവില്ല.

'അവന്റെ ഉദാസീനതയ്ക്കു മേൽ എന്റെ യുക്തി വഴുക്കുന്നു .
പൂച്ചയുടെ കണ്ണിൽ സ്വർണ്ണ നിറത്തിൽ എഴുതിയ അക്കങ്ങൾ ഉണ്ട്.' എന്നാണ് നെരൂദ തന്റെ കവിത അവസാനിപ്പിക്കുന്നത്;' പൂച്ച മറ്റൊരു കാലത്തിന്റെതാണ്, സ്വപ്നം പോലെ അതിരടപ്പെട്ട ഒരിടത്തിന്റെ' എന്നു ബോർഹെസ്. മറ്റു കാര്യങ്ങളിൽ ഭിന്നാഭിപ്രായമുള്ളവരും വ്യത്യസ്ത കാവ്യസമീപനമുള്ളവരുമെങ്കിലും പൂച്ചക്കാര്യത്തിൽ അവർ പരിപൂർണ്ണയോജിപ്പിലായിരുന്നു, ആ രണ്ട് ലാറ്റിനമേരിക്കൻ മഹാകവികൾ. നാം ഇതു വരെക്കണ്ട ആ സൗമ്യമൂർത്തിയുടെ കരാളമായ പൊളിച്ചെഴുത്താണ് കൽപ്പറ്റ നാരായണന്റെ 'സമയപ്രഭു'വിലും ടി.പി.രാജീവന്റെ 'പൂച്ച'യിലും. പൂച്ചയിൽ നിന്ന് പുലി പുറത്തു വന്നാലെന്ന പോലെ നാം നടുങ്ങുന്നു.' ഇരുട്ടിൽ ഒരെലി കുഞ്ഞിനെ, പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുക'യാണ് കൽപ്പറ്റയുടെ കവിതയിൽ. പൂച്ചയുടെ അപാരമായ കേൾവിശക്തിയും കാഴ്ച്ചശക്തിയും ഇരയോടു കാട്ടുന്ന പരപീഡനരതിയും ഐറണിയുടെ നഖങ്ങളൊളിപ്പിച്ച ഭാഷയിൽ വിവരിക്കപ്പെടുന്നു.ടി.പി.രാജീവന്റെ 'പൂച്ച' അവസാനിക്കുന്നതിങ്ങനെ:

'ഓരോ ഇരുട്ടിനും
പാതാളത്തിലേയ്ക്ക്
തുറക്കുന്ന
ഒരു വായ
ഉദിക്കുന്ന
ഓരോ കണ്ണിലും ഓരോ എലിയുടെ ഭ്രൂണം.'
പൂച്ചയുടെ രൂപകാത്മകതയിലാണ് ഊന്നുന്നത് രാജീവനും കൽപ്പറ്റയും. അങ്ങനെയൊക്കെ എഴുതുമ്പോഴും നോക്കൂ, അവരുടെ കാലിലും വാലുയർത്തി, മുഖമുരുമ്മി നിൽക്കുന്നുണ്ട് ഒരു പൂച്ച!

Content Highlights: Mashippacha Sajay KV Writes about influence of Cat in Literature and authors life