വൈലോപ്പിള്ളിയുടെ 'പൂവാക' എന്ന കവിത ഒരു മുക്തകമാണ്; 'മകരക്കൊയ്ത്തി'ലേത്. വേനലില്‍ മാത്രം പൂക്കുകയും അപ്പോള്‍ ഉടലാകെ രക്തപുഷ്പങ്ങള്‍ വാരിച്ചൂടുകയും ചെയ്യുന്ന, 'കാനനജ്വാല' (Flame of the Forest), 'ഗുല്‍മോഹര്‍' എന്നിങ്ങനെ പല പേരുകളുള്ള പൂവാക ഒരു കാല്പനികകവിയായി ഭാവന ചെയ്യപ്പെടുകയാണ് കവിതയില്‍ -
'കിനാവിന്‍ കിന്നാരം തടവുമിലച്ചാര്‍ത്തുകള്‍,മഹാ-
വനാന്തച്ചെന്തീ പോല്‍ പടരു മലരിന്‍ ധൂര്‍ത്ത നിരയും ;
വിനാ ദാര്‍ഢ്യം വാകത്തരുവിതില്‍ വികാരോത്തരള ഭാ-
വനാസമ്പന്നന്‍, കാല്പനികകവിയുണ്ടെന്നറിവു ഞാന്‍'.

വാകമരത്തില്‍ കുടിയിരിക്കുന്ന കാല്പനികനെ തനിക്കു പുറത്തു നിര്‍ത്തി, അവന്റെ സ്വഭാവമുദ്രകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടുന്ന നിരീക്ഷകന്റെ നിലയാണവലംബിക്കുന്നത് വൈലോപ്പിള്ളി ഈ കവിതയില്‍. ഒരു സസ്യശാസ്ത്ര വിദ്യാര്‍ത്ഥി ചെടികളെയും മരങ്ങളെയും നോക്കുന്ന നോട്ടമാണത് (വൈലോപ്പിള്ളിയുടെ പഠന വിഷയവും ജീവശാസ്ത്രമായിരുന്നു!). ഒരു തനിക്കാല്പനികനായിരുന്നു ഈ കവിയെങ്കില്‍ മറ്റൊന്നായിരുന്നു സംഭവിക്കുക- ആ വാകമരം താനാണെന്നു തന്നെ കരുതിയേനെ അയാള്‍! ഇവിടെ അത്തരം താദാത്മ്യാനുഭവമില്ല.

കാല്പനികതയുടെ (കാല്പനികരുടെയും) പദകോശത്തിലെ ചില കേന്ദ്രപദങ്ങള്‍ വാകയുടെ വര്‍ണ്ണനയില്‍ ഉള്‍ച്ചേര്‍ക്കുന്നുണ്ട് വൈലോപ്പിള്ളി. 'കിനാവ്', 'കിന്നാരം', 'വികാരം','ഭാവന' എന്നിങ്ങനെ നീളുന്ന ആ പദനിര ആദ്യവായനയില്‍ത്തന്നെ ശ്രദ്ധിക്കപ്പെടും. വാകയെ കാല്പനിക കവിയായി ദൃശ്യവല്‍ക്കരിക്കണമെങ്കില്‍ ഇവയെ അതിന്റെ ഉള്ളിലും ഉടലിലുമായി വിന്യസിക്കണം. അതാണ് വൈലോപ്പിളളിയും ചെയ്യുന്നത്. അങ്ങനെ വാകയുടേത് 'കിനാവിന്‍ കിന്നാരം തടവുമിലക'ളാകുന്നു. ഇലകളേക്കാളേറെ പൂക്കളാണുണ്ടാവുക, പൂത്ത വാകമരത്തില്‍. അവയാകട്ടെ ജ്വാലാസദൃശമായ കടുംചുവപ്പു പൂക്കളും. ഈ പൂക്കലിന്റെ സമൃദ്ധിയെ കാട്ടുതീയുടെ സാദൃശ്യകല്പനയുപയോഗിച്ചാണ് വൈലോപ്പിള്ളി വിവരിക്കുന്നത്. ജ്വലിക്കുന്ന ഭാവനയും വികാരാവിഷ്ടതയും കാവ്യപ്രചോദനലഹരിയും ചേര്‍ന്ന് കവിയുടെ ആത്മശിഖരങ്ങള്‍ ആര്‍ത്തു പൂവിടുമ്പോള്‍ നമ്മള്‍ അതിനെ കാല്പനിക കവിത എന്നുവിളിക്കുന്നു. അതിന്റെ അഗ്‌നിബാധ പോലുള്ള തീക്ഷ്ണതയെ' മഹാവനാന്തച്ചെന്തീ'യായി വാങ്മയവല്‍ക്കരിക്കുകയാണ് വൈലോപ്പിള്ളി. കാല്പനിക കവിതയുടെ വികാരദ്യുതിയും തീവ്രതയും ആകസ്മികതയും അപ്പടിയുണ്ട്, ആ കല്പനയില്‍.

'കാവ്യലോക സ്മരണക'ളില്‍ ആശാന്‍കവിതയെക്കുറിച്ചെഴുതുമ്പോള്‍ അതിനെ അനന്യമാക്കുന്ന ഒരു തരം വന്യത (Wildness) യെക്കുറിച്ചു പറയുന്നുണ്ട് വൈലോപ്പിള്ളി, അത് അഗ്‌നിപര്‍വ്വത സ്‌ഫോടനം, പ്രളയം, ഭൂകമ്പം എന്നിവ പോലെയാണ് എന്നും. അവിടെ അഗ്‌നിപര്‍വ്വതമെങ്കില്‍ ഇവിടെ കാട്ടുതീ എന്ന വ്യത്യാസമേയുള്ളൂ. രണ്ടും വിനിമയം ചെയ്യുന്ന വന്യവിക്ഷോഭത്തിന്റെ അപാരമായ ഊര്‍ജ്ജവികിരണശേഷി ഒന്നു തന്നെ.

Vyloppilli
വൈലോപ്പിള്ളി

അതു മാത്രമോ?അഗ്‌നിയുടെ സൗന്ദര്യം അത്യാകര്‍ഷകമെന്ന പോലെ ആത്മനാശകവുമാണ്. ഈ ധ്വനി കൂടി ഉള്‍ച്ചേരുന്നില്ലേ 'കാട്ടുതീ പോലെ' എന്ന കല്പനയില്‍? മറ്റുള്ളവര്‍ക്ക് എന്തു തന്നെയായാലും മരത്തിനത് ആത്മനാശമാണ്. കത്തുന്ന മരത്തിന് പൂത്ത മരത്തിന്റെ ദൃശ്യത കൈവരുന്നതില്‍ ഒരു തരം ദുരന്തതയും ക്രൂരതയുമുണ്ട്:
('തീയൊളിച്ചുകളിക്കവേ കുപ്പ/ പ്രായമാളുമക്കൊച്ചുമാടത്തെ / പൊന്‍ മലരണിക്കൊന്ന പോല്‍ കണ്ടോ / മണ്‍മറഞ്ഞൊരെന്‍ കാരണവന്മാര്‍? എന്ന് 'കുടിയൊഴിക്ക'ലില്‍). അതിന്റെ ക്രമം ഒന്നു മാറ്റുക മാത്രമേ ചെയ്യുന്നുള്ളൂ വൈലോപ്പിള്ളി. ആത്മഹത്യാപരമായ ഒരു തരം തീക്ഷ്ണതയോടും വ്യഗ്രതയോടും കൂടിയാണ് കാല്പനികര്‍ സ്വന്തജീവിതത്തിനും കവിതയ്ക്കും ജ്വലനകാന്തി പകരുന്നത്. വൈലോപ്പിള്ളി നേരിട്ടു കണ്ട ചങ്ങമ്പുഴയുടെ കാല്പനിക കവിജീവിതത്തില്‍ അതുണ്ടായിരുന്നു. ആ തീപിടിച്ച മരം താനല്ല എന്നു തറച്ചെഴുതുകയാണിവിടെ വൈലോപ്പിള്ളി; അപ്പോഴും ആ ലാവണ്യവിസ്‌ഫോടനത്താല്‍ താന്‍ അത്രമേല്‍ വ്യാമുഗ്ദ്ധനാണ് എന്നും.

'പടരുമലരിന്‍ ധൂര്‍ത്തനിര' എന്നതാണ് ഈ കല്പനയുടെ മറ്റേപ്പാതി. അനിയന്ത്രിതത്വമാണല്ലോ 'ധൂര്‍ത്ത്'. ധൂര്‍ത്തകവിതയും ധൂര്‍ത്ത ജീവിതവുമാണ് കലര്‍പ്പറ്റ കാല്പനികരുടേത്. കവിത്വമെന്ന പോലെ ജീവിതവും അവര്‍ ദുര്‍വ്യയം ചെയ്യുന്നു. ഇതിനോടുള്ള വൈലോപ്പിള്ളിയുടെ സൗമ്യമായ വിയോജനക്കുറിപ്പുകൂടിയാകാം' അലരിന്‍ ധൂര്‍ത്തനിര' എന്ന പ്രയോഗം. തൊട്ടടുത്ത വരിയില്‍ വൃക്ഷ രൂപിയായ കാല്പനികകവിയെ, അയാളുടെ മനോഭാവത്തെയും മനോഘടനയെയും, 'വിനാദാര്‍ഢ്യം' എന്നും വിശേഷിപ്പിക്കുന്നുണ്ട് വൈലോപ്പിള്ളി. അപ്പോഴും 'വികാരോത്തരളഭാവനാസമ്പന്ന'നാണ് അയാള്‍. വികാരങ്ങളുടെ കൊടുംകാറ്റില്‍, ഒരു വേള,നിലംപൊത്തിയാലും ശരി, അതൊരു മുന്തിയ പ്രശംസ തന്നെ!

ഇങ്ങനെയെല്ലാമാണ് വൈലോപ്പിള്ളിയുടെ പൂവാക ,ഒരു കാല്പനികനായും കവിയായും രൂപാന്തരപ്പെടുന്നത്. അവനോടുള്ള മമത്വമെന്ന പോലെ വിമതത്വവും പ്രകടമാണ്  കവിതയില്‍. അതിസങ്കീര്‍ണ്ണമായ ഒരു സ്‌നേഹ- ദ്വേഷ ബന്ധമായിരുന്നു അത്. വിരളമെങ്കിലും വൈലോപ്പിള്ളിക്കവിതയുടെ ചില്ലയില്‍ വാകപ്പൂക്കളുടെ തുടുപ്പ് കാണാനില്ലെന്ന് ആരും പറയില്ല, 'വിനാദാര്‍ഢ്യം' എന്ന് അതിന്റെ തായ്ത്തടിയെപ്പറ്റിയും!

Content Highlights : Mashippacha Sajay KV Writes about Flame of Forest in Vyloppilli poems