.എന്‍.വി യുടെ ആ പ്രസിദ്ധമായ നാടകഗാനത്തിന്റെ പല്ലവിയിലൂടെയാണ് ആദ്യമായി അമ്പിളിയും അരിവാളും തമ്മില്‍, അഴകും അധ്വാനവും തമ്മില്‍, അന്വയിക്കപ്പെട്ടതെന്നാണ് പൊതുവിലുള്ള ധാരണ.'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ/ ആ മരത്തിന്‍ പൂന്തണലില് വാടി നില്‍ക്കുന്നോളേ' എന്ന ആ ഈരടി മലയാളി ഇനിയും ഏറ്റു പാടിക്കഴിഞ്ഞിട്ടില്ല. ഏറെ പ്രചാരം നേടിയ ഒരു മാപ്പിളപ്പാട്ടീണത്തില്‍ തൊഴിലാളിവര്‍ഗ്ഗഗാനത്തിന്റെ ഈരടികള്‍ കൊരുക്കുകയായിരുന്നു ഒ.എന്‍. വി -'താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ ...'അതും ഈ ഗാനത്തിന്റെ പ്രചാരത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടാവും. ജനമനസ്സിലെ ലീനസംഗീതത്തെ തന്റെ രാഷ്ട്രീയഭാവുകത്വത്തിന്റെ വാഹനമാക്കുകയായിരുന്നുവല്ലോ ഒ.എന്‍.വി.

ഒ.എന്‍.വി യുടെ പൊന്നരിവാളിന് ഒരു മുന്‍ഗാമിയുണ്ടായിരുന്നു എന്നാണ് പറഞ്ഞുവരുന്നത്. അത് ഒരു നൂറ്റാണ്ടു മുന്‍പ്,1921-ല്‍, പ്രസിദ്ധീകരിക്കപ്പെട്ട മഹാകവി കുമാരനാശാന്റെ 'ദുരവസ്ഥ'യിലാണ്. ചാത്തന്റെ കീഴാളജീവിതവുമായി, അതിന്റെ സഹജസൗന്ദര്യവുമായി, സ്വമേധയാ പൊരുത്തപ്പെട്ട് പുതിയൊരു ജീവിതത്തിനൊരുങ്ങുകയാണ് സാവിത്രി. അധ്വാനത്തിന്റെ  സൗന്ദര്യമാണ് ഇവിടെയും പ്രമേയം.'

കില്ലില്ല ഞാനെന്റെ കാലം നയിക്കുമി -
പ്പുല്ലുമാടത്തില്‍പ്പുലയിയായ്ത്താന്‍.
അല്ലല്‍ മറന്നു ചെറുമികളോടു ഞാ-
നെല്ലാപ്പണികളും ശീലിച്ചീടും' എന്നു പ്രതിജ്ഞ ചെയ്യുകയാണ് സാവിത്രി.

തുടര്‍ന്ന് ഇങ്ങനെയും -
'മൂര്‍ച്ചയേറും നല്ല പച്ചനെല്ലോലക-
ളീര്‍ച്ചവാളായെന്‍ മെയ് കീറിയാലും
പൊന്‍പ്രഭയാര്‍ന്നു പഴുത്തു നിലങ്ങളില്‍
തുമ്പിന്‍ ഘനം കൊണ്ടു ചാഞ്ഞടിഞ്ഞു
തങ്കത്തൂംകമ്പിയില്‍ വൈഡൂര്യ മാലപോല്‍
തങ്കുന്ന നീണ്ട കതിര്‍ നിരകള്‍
അമ്പിലൊതുക്കിയൊതുക്കിപ്പിടിച്ചു ഞാന്‍
മുമ്പിട്ടു മറ്റേക്കൈ തന്നില്‍ മിന്നും
അമ്പിളി പോലെ വളഞ്ഞോരരിവാളാ-
ലിമ്പം കലര്‍ന്നു താന്‍ കൊയ്‌തെടുക്കും.' അധ്വാനത്തെ സൗന്ദര്യവല്‍ക്കരിക്കുകയാണ് ആശാന്‍ ഇവിടെ അഥവാ അധ്വാനിക്കുന്ന സൗന്ദര്യമാണ് ശരിയായ സൗന്ദര്യമെന്ന് പറയുകയാണ് കവി. അലസതയുടെ സൗന്ദര്യമാണ് ഉപരിവര്‍ഗ്ഗ- സവര്‍ണ്ണസൗന്ദര്യബോധം. അത് ചൂഷണാധിഷ്ഠിതമാണ്. അപരന്റെ അധ്വാനത്തെ അത് ചൂഷണം ചെയ്യുന്നു. മറിച്ച്, അഴകും അധ്വാനവും ഒരുമിച്ചു സന്നിഹിതമാകുന്ന ഒരിടമായി തന്റെ കൊയ്ത്തുപാടത്തെ ഭാവന ചെയ്യുകയാണ് ആശാന്‍. അപ്പോള്‍ അരിവാള്‍ അമ്പിളിയാവുകയും അധ്വാനം മറ്റൊരു തരം കവിതയാവുകയും ചെയ്യുന്നു.

ഇത്തരം സൗന്ദര്യബോധപരമായ പുതുക്കലുകളുടെ ഫലമായിരുന്നു മലയാളകവിതയില്‍ പില്‍ക്കാലം രൂപം കൊണ്ട ഇടതുപക്ഷ സൗന്ദര്യബോധവും കീഴാളതയുടെ സൗന്ദര്യശാസ്ത്രവുമെല്ലാം. അവര്‍ക്കു കവിത കൊയ്യാനുള്ള അമ്പിളിയരിവാള്‍ അന്നേ മലയാളകവിതയുടെ കൃഷിപ്പാടത്തു നിക്ഷേപിച്ചു പോവുകയായിരുന്നു ആശാന്‍.' ദുരവസ്ഥ'യിലെ രാഷ്ട്രീയമായ ശരികേടുകള്‍ കാണുന്നവര്‍ ഈ വലിയ ശരി കൂടി കാണുന്നതു നന്ന്.

പിന്‍കുറിപ്പ്: 'കറ്റകള്‍ കൂട്ടി ഞാന്‍ കെട്ടുമുടയോര്‍തന്‍ -
മുറ്റത്തതു പേറിക്കൊണ്ടിറക്കും' എന്നാണ് സാവിത്രി ആത്മഗതം ചെയ്യുന്നത്. ഒ.എന്‍.വി യില്‍ അത്,' നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ!' എന്ന രാഷ്ട്രീയഗാനമാകുന്നു, അധ്വാനിക്കുന്നവന്‍ തന്നെയാണ് കൃഷിഭൂമിയുടെ, അധ്വാനഫലത്തിന്റെയും, ഉടയോന്‍ എന്ന ബോധം പ്രബലമാകുന്നു. അതു വരെ ആത്മഗതങ്ങളായിരുന്നവ ഉച്ചത്തില്‍, ഊറ്റത്തോടെ ഉച്ചരിക്കപ്പെടുന്നു എന്നും പറയാം ഇതേപ്പറ്റി.

Content Highlights : Mashippacha Sajay KV Writes about Asan poem Duravastha And ONVs Revolutionary lyrics