'The past history of Ivan Ilych's life was most simple and ordinary and most terrible'(The death of Ivan Ilych, Leo Tolstoy).

സുഭാഷ് ചന്ദ്രന്റെ'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിലെ മൂന്ന് തീവ്രസന്ദർഭങ്ങളേക്കുറിച്ചാണ് ഈ കുറിപ്പ്. മൂന്നിലും പൊതുവായ ചിലതുണ്ട്. മനുഷ്യന്റെ സൃഷ്ടിദാഹമോ അതിജീവനദാഹമോ ആണ് അവയിലെ പ്രമേയം. നോവലിന് ഘടനാസൗഷ്ഠവം നൽകുന്ന, അതിനെ സവിശേഷമായി താളപ്പെടുത്തുന്ന ഒരു പ്രമേയവിന്യാസമാണിത് .

ജിതേന്ദ്രന്റെ കുടുംബമായ അയ്യാട്ടുമ്പിള്ളിക്ക് ആ പേരു വന്നതിന്റെ കഥ പറയുകയാണ് ഒന്നാം ഖണ്ഡത്തിലെ ആദ്യാധ്യായമായ' മേൽവിലാസ'ത്തിൽ നോവലിസ്റ്റ്.വഞ്ചീശകോപത്തിനിരയായി, രാജ്യദ്രോഹമുദ്ര ചാർത്തപ്പെട്ട്, ചിത്രവധക്കൂട്ടിൽ കഴിയുകയാണ് അയ്യാപിള്ള എന്ന ആ പൂർവ്വികൻ.അയാളുടെ മരണം കാത്ത് ലോഹക്കൂടിനു വെളിയിൽ കഴുകനും താഴെ പാറാവുകാരും.അന്നപാനങ്ങളില്ലാതെ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രാണപാശത്തിലുള്ള അയാളുടെ കടുംപിടി വിടുന്നില്ല. അപ്പോൾ അവിചാരിതമായി കുംഭത്തിൽ, നട്ടുച്ചയ്ക്ക് , മഴ പെയ്യുന്നു.ലോഹപഞ്ജരത്തിന്റെ പരാധീനതയിലും അയാൾ ആ മഴയത്രയും ഉൾക്കൊണ്ട് വാഴ്വിന്റെ അവസാന നാഴികകൾ പെരുക്കിയെടുക്കാനുഴന്നതിന്റെ വിവരണമുണ്ട് നോവലിൽ - 'ആർത്തി പിടിച്ച അയ്യാപിള്ള കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും കുടിച്ചു.അയ്യാ പിള്ളയ്ക്കു രസം പിടിച്ചു. കുംഭം കഴിഞ്ഞ് മീനത്തിലേയ്ക്കുള്ളതും കുടിച്ച് അയാൾ വയറ്റിൽ മഴ നിറച്ചു'(ഇവിടത്തെ ഗദ്യതാളം ശ്രദ്ധിക്കുക). എന്നിട്ടും അയ്യാപിള്ള കുംഭം കടന്നില്ല. അതല്ല കാര്യം.' ഇരുമ്പു ചട്ടത്തിനകത്തെ മനുഷ്യന്റെ ഉഗ്രമായ ആട്ടേറ്റ് ഗൃദ്ധ്രം നടുങ്ങി' എന്നൊരു വാക്യമുണ്ട് ഈ സന്ദർഭത്തിൽ .മരണത്തെ ആട്ടിയകറ്റുന്നവന്റെ ധൃഷ്ടത മുഴുവനുണ്ട് ആ വാക്യത്തിൽ ('ഗൃദ്ധ്രം' എന്ന മുഴങ്ങുന്ന പര്യായം ,ഇത്രമാത്രം, ആ ശവഭോജിക്കിണങ്ങിക്കാണില്ല മറ്റൊരു സന്ദർഭത്തിലും!).ധൃഷ്ടനായ ആ പ്രാണപിപാസുവിന്റെ മഴകുടിക്കൽ അയാളുടെ മരണത്തെപ്പോലും നിസ്സാരമെന്നു തോന്നിക്കുന്നു; മുഴുവൻ മനുഷ്യകുലത്തിന്റെയും ഒരശാമ്യദാഹത്തെയാണ് അന്നേരം അയാൾ പ്രതിനിധീകരിച്ചിരുന്നത് എന്നും. ജീവിതത്തിനു നേർക്കാണ് അയ്യാപിള്ള തന്റെ ദേഹരന്ധ്രങ്ങളൊന്നാകെ പിളർത്തുന്നത്, അതിലൂടെ അയാൾ ഉൾക്കൊണ്ടതാകട്ടെ പ്രാണനോളം വിലപിടിച്ച ഒന്നിനായുള്ള ദാഹത്തെ തണുപ്പിക്കുന്ന തുള്ളികളും.

നോവലിന്റെ രണ്ടാം ഖണ്ഡമായ 'അർത്ഥ'ത്തിലെ അഞ്ചാം അധ്യായമായ 'ചെറ്റ'യിലാണ് പിന്നീട്, ഇതുപോലൊരു ദാഹസന്തർപ്പണത്തിന്റെ ഗംഭീര മുഹൂർത്തമുള്ളത്. ജിതേന്ദ്രന്റെ പ്രാണൻ അമ്മയായ ചിന്നമ്മയുടെ ഉള്ളിൽ വീണുകുരുക്കാൻ തുടങ്ങിയ രാത്രിയാണ് സന്ദർഭം. ശേഷം വിവരണം നോവലിസ്റ്റിന്റെ വാക്കുകളിൽത്തന്നെ ഇവിടെ എടുത്തെഴുതാൻ എന്നെ അനുവദിക്കുക -' ഒരു രാത്രി സുരതക്ഷീണം കൊണ്ട് മോഹാലസ്യത്തിന്റെ വക്കോളമെത്തിയിരുന്ന ചിന്നമ്മ വെള്ളമെടുത്തു കുടിക്കാൻ വേണ്ടി അടുക്കളവാതിലാണെന്നു കരുതി ഉമ്മറത്തേക്കുള്ള വാതിൽ തുറന്ന് ഇളം തിണ്ണയിലിരുന്ന ഓട്ടുകിണ്ടി എടുത്തു. അന്നു പൗർണ്ണമിയായിരുന്നു. പഴയ ഓലപ്പുര പൊളിച്ചതിന്റെ ഓലകൾ അടുക്കി വച്ചിരുന്ന കിഴക്കേ പറമ്പിൽ തീക്ഷ്ണസുഗന്ധിയായ ഒരു ചെമ്പകം പൂത്തു നിന്നിരുന്നു. നിലാവും പാതിരാക്കാറ്റിലെ ചെമ്പകസുഗന്ധവും ചേർന്നപ്പോൾ ഒഴിഞ്ഞ കിണ്ടിയിൽ സ്വർഗ്ഗീയമായ ഒരു പാനീയം നിറഞ്ഞിരിക്കുന്നതായി ചിന്നമ്മയ്ക്കു മതിഭ്രമമുണ്ടായി. അവൾ ദാഹം തീരുവോളം കിണ്ടിയിൽ നിന്നു കുടിച്ചിട്ട് ബാക്കി ഭർത്താവിനു കൊടുക്കാനായി കിടപ്പറയിലേയ്ക്കു കൊണ്ടുപോയി. ഒഴിഞ്ഞ കിണ്ടിയിലേയ്ക്ക് റാന്തൽ നീട്ടി ചിരിച്ചു കൊണ്ട് ശങ്കരൻ പറഞ്ഞു:'അരക്കിണ്ടിയോളം നീ കുടിച്ചു തീർത്തത് വെറും നിലാവായിരുന്നു!'

ആ നിലാവ്, അമ്മയുടെ വയറ്റിൽക്കിടന്ന ജിതേന്ദ്രൻ പൂർണ്ണമായും ഉൾക്കൊണ്ടതായി നോവലിസ്റ്റ്.സുരതക്ഷീണമകറ്റാൻ അരക്കിണ്ടി നിലാവു മോന്തിയ അമ്മയുടെ ഉദരത്തിൽ അന്നേരം ആവിർഭവിച്ചവനിൽ അത് സൗന്ദര്യബോധത്തിന്റെയും സർഗ്ഗാത്മകതയുടെയും പോഷകമായി മാറുന്നു. തനിക്കു വേണ്ടിയല്ല, ജിതേന്ദ്രനു വേണ്ടിയാവണം, ചിന്നമ്മ ആ നിലാവത്രയും അകത്താക്കിയത്!

'പര്യന്ത'മൊഴിച്ചാൽ നോവലിലെ അവസാനാധ്യായമെന്നു പറയാവുന്ന 'പര'ത്തിലാണ് ഇതുപോലൊരു സന്ദർഭവുമായി നമ്മൾ വീണ്ടും സന്ധിക്കുന്നത്.  അപ്പോഴേയ്ക്ക് ജിതേന്ദ്രൻ വിവാഹിതനായിക്കഴിഞ്ഞിരുന്നു. സർഗ്ഗകാമനകൾ ക്ഷയിച്ച ആത്മാവുമായി സാധാരണത്വങ്ങൾ മാത്രം നിറഞ്ഞ ഒരു 'ശിഷ്ടജീവിത'ത്തിലേയ്ക്കു പ്രവേശിക്കാൻ അയാൾ ഒരുങ്ങുകയുമായിരുന്നു. മഴയുള്ള ആ രാത്രിയിൽ,നഗരത്തിലെ വാടക വീട്ടിൽ വച്ച്, അയാൾ ആൻ മേരിയുമൊത്ത് അന്നാദ്യമായി ഒരു പൂർണസുരതത്തിലേർപ്പെടുന്നു. ഇതുപോലൊരു സുരത വർണ്ണന മലയാളസാഹിത്യത്തിൽ വേറെ ഇല്ല. അയ്യാപിള്ള എന്ന പൂർവ്വികന്റെ ചിത്രവധക്കൂട്ടിനുള്ളിലെ സമരം വേറൊരു തരത്തിൽ ആവർത്തിക്കുകയായിരുന്നു അപ്പോൾ ജിതേന്ദ്രൻ. തന്നെ ബന്ധിച്ച ഇരുമ്പുകൂടിനെ ദോലനം ചെയ്യിച്ച് മഴവെള്ളത്തിന്റെ ദുർല്ലഭലഹരി നുകർന്ന ആ പൂർവ്വികനേപ്പോലെ രതിയുടെ ശരീരദോലനത്തിനിടയിലും മേൽക്കൂരയിലെ പിളർപ്പിലൂടെ വാർന്നു വീണ മഴവെള്ളത്തിനായി അയാൾ നാവു നീട്ടുന്നു.' തന്റെ ശരീരം മൃൺമയമായ ഒരു ചിത്രവധക്കൂടാണെന്നും തന്റെ പ്രാണനെ അതിനുള്ളിൽ ബന്ധിച്ച് ആൾക്കൂട്ടപ്പെരുവഴിയിൽ കെട്ടി ഉയർത്തിയിരിക്കുകയാണെന്നും അയാൾക്കു തോന്നി' എന്ന് നോവലിസ്റ്റ് എഴുതുന്നു. സൃഷ്ടിദാഹത്തിന്റെ ഉയർന്ന രൂപമായ സർഗ്ഗാവിഷ്കാരത്തോടായിരുന്നു അയാളുടെ ആത്മാവിനു മമത. ആ ദാഹം സഫലമാകാതെ വരുന്നതോടെ ശരീരം ചിത്രവധക്കൂടായി മാറുന്നു. കോരിച്ചൊരിയുന്ന മഴയത്തും അയാൾക്കു ദാഹിക്കുന്നു. സുരതം എന്ന കേവലസൃഷ്ടികർമ്മത്തിന്റെ ശാരീരികാനുഷ്ഠാനത്തിനിടയിലും തന്നെ വിഴുങ്ങാനടുത്ത ശൂന്യതയെ അയാൾ, തന്നാലാകും വിധമൊക്കെ, ആട്ടിയകറ്റാൻ ശ്രമിക്കുന്നു.

മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീയവുമായ പിപാസകളെ ഉദാത്തഗംഭീരവും ദുരന്തതീക്ഷ്ണവും ഭാവനാപൂർണ്ണവുമായി ആവിഷ്കരിക്കുന്ന ഈ മൂന്നു സന്ദർഭങ്ങളാണ് കഥാപാത്ര ബഹുലവും വിശദാംശ സമ്പന്നവുമായ നോവലിന് ഘടനാപരമായ പൂർണ്ണതയും അപൂർവ്വമായ ഒരു തരം സമമിതി(symmetry)യും സമ്മാനിക്കുന്നത്. ഈ മൂന്ന് ബിന്ദുക്കളെ ചേർത്തുവരച്ചാൽ കിട്ടുന്ന ത്രികോണമാകുന്നു 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്റെ ആന്തരികശില്പത്തെ നിർണ്ണയിക്കുന്ന അടിസ്ഥാന രൂപഘടന.

Content Highlights : Mashippacha Sajay KV Reviews the Novel Manushyanu Oru Amukham by Subhashchandran