'ഇടത്തല്ല,
വലത്തല്ല,ന​ടുക്കല്ലെന്‍ സരസ്വതി,
വെളുത്തതാമരപ്പൂവില്‍
ഉറക്കമല്ല'

വി.ടി.കുമാരന്‍ എന്ന വടകരക്കാരന്‍ കവിയെ കാര്യമായി വായിക്കാത്തവര്‍പോലും, നല്ല ചൊടിയും ചുണയുമുള്ള, ഈ ഈരടികള്‍ കേട്ടു കാണും. ഞാനും അങ്ങനെയാണു കേട്ടത്; കവി ആരെന്നോ ഏതു തരക്കാരനെന്നോ അറിയുംമുമ്പ് അന്നാട്ടുകാരനായ ഒരു സുഹൃത്തിന്റെ ചുണ്ടില്‍നിന്ന്. നമ്മുടെ തലസ്ഥാനനഗരിയിലെ നിരുന്മേഷമായ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള, ഒരു വൈകുന്നേരം ആ കവിതയാല്‍ കൂടുതല്‍ ചുവന്നതു ഞാനിന്നുമോര്‍ക്കുന്നു!

പിന്നീടൊരുനാള്‍ 'വി. ടി. കുമാരന്റെ കവിതകള്‍' എന്ന പുസ്തകം കയ്യില്‍ വന്നു. ആദ്യവായനയില്‍ (വളരെ തിരക്കിട്ട ചടുലവായനയായിരുന്നു അത്, പൊന്മാന്‍ മീന്‍ കൊത്തുംപോലെ) മറ്റു രണ്ടു വരികളാണ് മനസ്സില്‍ തങ്ങിയത്.' വോള്‍ഗയിലെ താമരപ്പൂക്കള്‍' എന്ന സാമാന്യം നീണ്ട ആഖ്യാന കവിതയിലെ ഒരീരടിയായിരുന്നു അത് -

'താമരപ്പൂക്കള്‍ വാടും, താമരക്കുരു നില്‍ക്കും'.

അന്നോളം ഞാന്‍ വൈലോപ്പിള്ളിക്കവിതയിലേ അത്തരമൊരു ശ്രുതി കേട്ടിരുന്നുള്ളൂ, ആ 'കന്നിക്കൊയ്ത്തി'ലും മറ്റു ചില കവിതകളിലും. ഇവിടെ അത് പൂക്കളുടെ, അതും താമരപ്പൂക്കളുടെ, ഭാഷയില്‍ പറയപ്പെട്ടിരിക്കുന്നു. വാടുന്ന പൂക്കള്‍, വാടാത്ത, വീണ്ടും മറ്റൊന്നിനു പിറവിയരുളി നൈരന്തര്യത്തിന്റെ തുടരില്‍ കണ്ണിചേരുന്ന വിത്ത്- ഇതില്‍ മനുഷ്യജീവിതത്തെ സംബന്ധിച്ച വലിയൊരു ശാശ്വതസത്യവും ചരിത്രസങ്കല്പവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വ്യക്തിയും സമഷ്ടിയും തമ്മിലുള്ള, മനുഷ്യനും മനുഷ്യമഹാവംശവും തമ്മിലുള്ള ബന്ധത്തെ അതെത്ര കാവ്യാത്മകമായാണ് സംഗ്രഹിക്കുന്നത്! 

ഞാനിന്നിവിടെപ്പാടും പോലെ നാളെ മറ്റൊരു പുലവന്‍ തന്റെ ഗാനം കൂടുതല്‍ ഉദാത്തഗംഭീരമായ താരസ്വരത്തില്‍, തന്റെ മരണശേഷവും, തുടര്‍ന്നു പാടുന്നുണ്ടാവുമെന്നും (ഓണമുറ്റത്ത്) ഒരു പന്തമണഞ്ഞാലും അതിന്റെ വെളിച്ചവും തീയും പരമ്പരകളിലൂടെ പകരപ്പെടുമെന്നും (പന്തങ്ങള്‍) എഴുതിയപ്പോള്‍ വൈലോപ്പിള്ളി പങ്കുവച്ച അതേ ചരിത്രദര്‍ശനമാണ് വി.ടി.കുമാരനിലും ഒലിക്കൊള്ളുന്നത്. പക്ഷേ അത് മറ്റൊലിയല്ല. ചങ്ങമ്പുഴയുടെയോ മറ്റേതെങ്കിലുമൊരു കവിയുടെയോ മാറ്റൊലിയായിരുന്നില്ല ഈ കടത്തനാടന്‍ കവി. കുമാരനു സ്വന്തമായി തന്റെ മണ്ണിന്റെ പാട്ടും പാരമ്പര്യവുമുണ്ടായിരുന്നു. വടക്കന്‍പാട്ടിന്റെ പാരമ്പര്യമായിരുന്നു അത്. ഈ പാരമ്പര്യബലത്താലാണ് അദ്ദേഹം' കണ്ണന്‍ എന്ന കവി' എഴുതുന്നത്. കണ്ണന്‍ ഒരു ഗ്രാമീണഗായകനാണ്.'മഞ്ജുളം ചേര്‍ന്നെന്‍ പദങ്ങള്‍ നിന്നാല്‍/ മഞ്ഞളും നൂറും കലര്‍ന്ന പോലെ' എന്ന ഊറ്റത്തോടു കൂടി പാടുന്നവന്‍. ആട്ടുന്നേടം ചെന്നാലെണ്ണ കിട്ടും/ നെയ്യുന്നേടം ചെന്നാല്‍ മുണ്ടുകിട്ടും' എന്ന പോലെ, ചാലിയനും ചക്കിലിയനും സ്വന്തമെന്നു കരുതുന്ന ഒരുവന്‍. അവര്‍ എള്ളും തേങ്ങയുമാട്ടി എണ്ണയെടുക്കുന്നു, അവന്‍ വാക്കിന്റെ തൈലമായ പാട്ടും കവിതയും. അവര്‍ പാവുനെയ്യുന്നു, അവന്‍ പാട്ടും. അധ്വാനവും കവിതയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള ഇടതുപക്ഷ ബോധ്യമാണിത്, നാല്പതുകളിലും അന്‍പതുകളിലും നമ്മുടെ നാട്ടില്‍ ഏറെ പ്രബലമായിരുന്നത്. 

അത്തരം തീര്‍ച്ചകളുടെയും മൂര്‍ച്ചകളുടെയും (മൂര്‍ച്ഛകളുടെയല്ല) കവിയായിരുന്നു വി.ടി.കുമാരന്‍. കണ്ണന്‍ എന്ന കവിയുടെ ആ ഉപമാനം ശ്രദ്ധിച്ചാല്‍ അതില്‍ മൂന്നാമതൊരു വര്‍ണ്ണംകൂടി ക്രമേണ, തെളിഞ്ഞു വരുന്നതു കാണാം. കവിയുടെ രാഷ്ട്രീയബോധത്തിന്റെ ജ്വലിക്കുന്ന ചുവപ്പാണത്. മഞ്ഞളും നൂറുംപോലെ പാട്ടും അധ്വാനവും അഥവാ രാഷ്ട്രീയവും കാല്പനികതയും ചേര്‍ന്നാല്‍ കേരളം ചുവക്കുമെന്നു കരുതി വി.ടി.കുമാരനെപ്പോലുള്ള കവികള്‍. ആ ചുവപ്പിപ്പോഴും ശേഷിക്കുന്നു. വി.ടി.കുമാരന്‍ എന്ന വടക്കന്‍ കവി കൂടി, പാടിച്ചുവപ്പിച്ച നിത്യോഷസ്സാണത്. നാമതു മറന്നു കൂടാ.

Content Highlights : Mashippacha Sajay KV homage to Poet V T Kumaran