വാൻഗോഗിന്റെ കലയെന്ന പോലെ ജീവിതവും മലയാളിയെ ആവേശിച്ചിട്ടുണ്ട്. ആ ചിത്രകാരന്റെ ഹിംസ്രമായ തീമഞ്ഞയിൽ ഉന്മാദത്തിന്റെയും ഹതാശമായ പ്രണയത്തിന്റെയും അധികതാപം കൂടി നമ്മൾ അനുഭവിച്ചു. ഒരു പക്ഷേ ചിത്രങ്ങളോളം തന്നെ വാൻഗോഗിന്റെ വന്യവിചിത്രമായ ജീവിതത്തെയും നമ്മൾ ആരാധിച്ചു. അനേകം വാൻഗോഗ് പുരാവൃത്തങ്ങളുടെ കൂട്ടത്തിൽ അതിഭാവുകത്വ പ്രിയനായ മലയാളിയെ ഏറ്റവുമധികം വ്യാമുഗ്ദ്ധനാക്കിയത് ആ ചോരയിറ്റുന്ന ചെവിയുടെ പ്രണയപാരിതോഷിക കഥയാവണം. എത്രയെത്ര മലയാളി യുവത്വങ്ങളാവും അതിന്റെ കിടിലമനുഭവിച്ചിട്ടുണ്ടാവുക എന്നു പറയുക വയ്യ. എ.അയ്യപ്പന്റെ പ്രസിദ്ധമായ 'വാൻഗോഗിന് ഒരു ബലിപ്പാട്ട്' എന്ന കവിത നോക്കൂ, വാൻഗോഗിന്റെ ചെവിമുറിവിനെ തിരുമുറിവെന്നോണം, അടിക്കടി, പരാമർശിച്ചു മതിവരാത്ത കവിയെക്കാണാം.

ഇതിൽ നിന്നു തുലോം വ്യത്യസ്തമാണ് കഥനകലയിലെ വാൻഗോഗിന്റെ പ്രതിനിധാനങ്ങൾ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ'വിൻസന്റ് വാൻഗോഘ്' എന്ന ചെറുകഥയാണോർമ്മ വരുന്നത്. അത് ഒരു ഫാന്റസിയാണ്, വാൻഗോഗ് കഥാപാത്രമാകുന്ന ഫാന്റസി. വാൻഗോഗ് മാത്രമോ? മലയാളിക്ക് ചിരപരിചിതനായ വൈക്കം മുഹമ്മദ് ബഷീറും കഥാപാത്രമാണ് കഥയിൽ. കൂടുതൽ കണിശമായി പറഞ്ഞാൽ, അവരിരുവരും മാത്രമേയുള്ളൂ പുനത്തിലിന്റെ കഥയിൽ.വാൻഗോഗ് വാൻഗോഗായും ബഷീർ ബഷീറായും കഥാപാത്രവൽക്കരിക്കപ്പെടുന്നു. ഇത്തരമൊരു കഥയിൽ ഫാന്റസി സംഭവിക്കുന്നതെങ്ങനെയാണെന്ന ചോദ്യമുയരാം. വാൻഗോഗ് കോഴിക്കോട്, ബേപ്പൂരിൽ ബഷീറിന്റെ വൈലാലിൽ വീട്ടിൽ വരുന്നു! ഈ വരവിന്റെ സന്ദർഭം കൂടി പറയേണ്ടതുണ്ട്. സാഹിത്യ ചോരണമുൾപ്പെടെയുള്ള ഹീനമായ ദുരാരോപണങ്ങളുടെ നടുവിൽപ്പെട്ട് നിരപരാധനായ ബഷീർ നട്ടംതിരിയുന്ന കാലം. വ്രണിത മാനസനും ദുഃഖിതനും ഏകാകിയുമാണ് ബഷീർ. ആ ബഷീറിനെയാണ് ഭാവനാത്മകമായ താദാത്മ്യബോധത്തോടെ വാൻഗോഗ് സന്ദർശിക്കുന്നത്. ഫാന്റസിയുടെ പ്രഭുവായ പുനത്തിൽ എഴുതുന്നു-'ജൂലൈ മാസത്തിലെ കാറ്റും മഴയുമുള്ള ഒരു പതിരാവിൽ വിൻസന്റ് വാൻഗോഗ് ബഷീറിന്റെ വീട്ടിൽ എങ്ങനെയോ എത്തിപ്പെട്ടു. വിജനമായ പാതയും പാമ്പിന്റെ മാളങ്ങളുള്ള ഇടവഴിയും സിമന്റിട്ട കോണിയും ഇരുമ്പിന്റെ തുരുമ്പുകയറിയ ഗെയ്റ്റും വാൻഗോഗിന് അന്യമായിരുന്നില്ല. ഡച്ചുസംസ്കാരത്തിന്റെ പ്രതീകങ്ങൾ പോലെ ഇവയത്രയും അദ്ദേഹത്തിന് അനുഭവപ്പെട്ടു.

മരച്ചുവട് ശൂന്യമായിരുന്നു. ബീഥോവന്റെ സിംഫണിയും മെഹ്ദി ഹസന്റെ ഗസലുകളും അവിടെ കേട്ടില്ല. ചോരയൊലിക്കുന്ന തന്റെ വലതു ചെവി പൊത്തിക്കൊണ്ട് വിൻസെന്റ് ഇടതുചെവി കൂർപ്പിച്ചു. ഇല്ല.സംഗീതമില്ല. ഗാനങ്ങളില്ല. ഈശ്വരൻ പോലും മയങ്ങുന്ന ഈ പാതിരാവിൽ ആരാണുണർന്നിരിക്കുന്നത്?'പുനത്തിലിന്റെ കഥനകലയുടെ തികവുറ്റ വിജയങ്ങളിലൊന്നാണിത് എന്നു ഞാൻ കരുതുന്നു. എത്ര അനായാസമായാണ് പുനത്തിൽ ഫാന്റസിയുടെ ഞാണിൻമേൽ നടക്കുന്നത്, കടുത്ത അവിശ്വസനീയതയെപ്പോലും കഥനമായാജാലമുപയോഗിച്ച്, ഞൊടിയിടയിൽ, വിശ്വസനീയമാക്കുന്നതും? അതോടെ വാൻഗോഗ് വൈലാലിലെ അവിശ്വസനീയ സന്ദർശകനേയല്ലാതായി മാറുന്നു. വാൻഗോഗിനും അങ്ങനെ തോന്നിയിരുന്നേയില്ലെന്ന്, ഖസാക്കിലെ രവിക്കു പോലും കൂമൻകാവങ്ങാടിയിൽ ബസ്സിറങ്ങിയപ്പോൾ തോന്നിയിട്ടില്ലാത്ത 'ദേജാവൂ' തോന്നി വാൻഗോഗിന് എന്നും, പുനത്തിൽ സൂചിപ്പിക്കുന്നു. പാമ്പിൻ മാളങ്ങളുള്ള ആ ഇടവഴിയെപ്പോലും വിവരണകലയുടെ മാന്ത്രികത്തൊടലാൽ ധ്വനിസുന്ദരമാക്കുന്നു. ഒന്നുരണ്ട് വാക്യക്കോറലുകൾ കൊണ്ട് ബഷീറിനെ ഗ്രസിച്ചിരിക്കുന്ന ആന്തരിക മൂകതയെ അഭിവ്യഞ്ജിപ്പിക്കുന്നു.'ബഷീറിന്റെ ഹൃദയം പോലെ അദ്ദേഹത്തിന്റെ വീടും തുറന്നു വച്ചിരിക്കുന്നു' എന്നൊരു വ്യഞ്ജകമായ വാക്യം ഇതിനു തൊട്ടുപിന്നാലെ വരും. പുനത്തിലിന്റെ കാവ്യസുഭഗമായ കഥകളിലൊന്നാണ്' വിൻസന്റ് വാൻഗോഘ്'. ധ്വന്യാത്മകതയുടെ അധികപരിവേഷത്താൽ അനുഗ്രഹിക്കപ്പെടാത്ത വാക്യങ്ങൾ അതീവവിരളമാണ് ഈ കഥയിൽ. മഴയും ചീറിയലയ്ക്കുന്ന കാറ്റുമുള്ള രാത്രിയിൽ വിളക്കുകളെല്ലാമണഞ്ഞ വീട്ടിൽ ബഷീർ ഒരു മെഴുതിരി കൊളുത്തുന്നതിന്റെ ഈ വിവരണം തന്നെ നോക്കൂ -' അകത്ത് ഒരു മെഴുകുതിരി കത്തിത്തുടങ്ങി. തന്റെ നിലനിൽപ്പിനു വേണ്ടി അതു സ്വയം ഉരുകുകയാണ്.' (ഉരുകുന്നതു മെഴുതിരിയല്ല, ബഷീറാണ്!).

ഇതോടെ കഥയിൽ അതു വരെ തെളിയാതിരുന്ന ചില ആഖ്യാന സവിശേഷതകൾ മിഴിവാർന്നു വിടരാൻ തുടങ്ങുന്നു.വാൻഗോഗിന്റെ കലാകാര വ്യക്തിത്വം അയാളുടെ കാഴ്ച്ചകളിലേയ്ക്കു കൂടി സംക്രമിക്കുന്നു. മെഴുതിരി വെളിച്ചത്തിൽ തെളിയുന്ന ഗ്രാമഫോണിനരികിലിരിക്കുന്ന, ഇരുട്ടു ചൂഴ്ന്ന, ബഷീറിനെ ക്യാൻവാസും ചായക്കട്ടകളുമുണ്ടായിരുന്നെങ്കിൽ താൻ വരച്ചു പോകുമായിരുന്നു എന്ന വാൻഗോഗിന്റെ നിനവാണതിന്റെ തുടക്കം. തുടർന്ന്, തന്റെ 'പൊട്ടറ്റോ ഈറ്റേഴ്സ്' എന്ന ചിത്രത്തിലെ റാന്തൽവെളിച്ചത്തിനു സമാനമാണ് ആ മെഴുതിരി വെട്ടം എന്നും തോന്നുന്നുണ്ട് കഥയിലെ വാൻഗോഗിന്. ചിത്രകലയുടെ ഭാഷയും ഭാവനാരീതിയും അനുവർത്തിക്കുകയായിരുന്നു, ഏതോ അബോധപ്രേരണയാലെന്നോണം, ഈ കഥയുടെ രചനാവേളയിൽ പുനത്തിൽ. ഇയാൾ താൻ തേടി വന്ന ബഷീറല്ല, തനിക്കു സുപരിചിതരായ ഖനിത്തൊഴിലാളികളിലൊരുവനാണ് എന്ന തോന്നൽ, ക്രമേണ, വാൻഗോഗിൽ ഗാഢമാകുന്നു. അവിടെയാണ് ഈ മാന്ത്രികവാക്യങ്ങളുള്ളത് -' മെഴുകുതിരിയുടെ മഞ്ഞ നിറഞ്ഞ വെളിച്ചം ഒരു തെർമോഫ്ലാസ്കിൽ ചെന്നു പതിച്ചു. ആ മനുഷ്യൻ ഫ്ലാസ്കിൽ നിന്ന് കട്ടൻ ചായ ഒരു കോപ്പയിലൊഴിച്ചു മോന്തുവാൻ തുടങ്ങി. കട്ടൻ ചായ പോലും മെഴുകുതിരി വെളിച്ചത്തിൽ സ്വർണ്ണനിറം പൂണ്ടിരിക്കുന്നു.' ചിത്രകാരദൃഷ്ടിയവലംബിച്ചെഴുതുക എന്ന കലാതന്ത്രം മാത്രമല്ല ഇവിടെ പുനത്തിലിന്റെ ഗദ്യത്തിൽ സന്നിവേശിച്ച് അതിനെ സചേതനമാക്കുന്നത്. ബഷീറിന്റെ കലയെത്തന്നെ നിർവ്വചിക്കുകയാണ് ഒരു സൂക്ഷ്മവാക്യത്തിലൂടെ പുനത്തിൽ- 'കട്ടൻചായ പോലും മെഴുകുതിരി വെളിച്ചത്തിൽ സ്വർണ്ണനിറം പൂണ്ടിരിക്കുന്നു.' ഏതോ ദിവ്യാജ്ഞയാൽ വീഞ്ഞായി മാറിയ പച്ചവെള്ളമെന്ന പോലെ, കട്ടൻ ചായയും സ്വർണ്ണശോഭയണിയുകയായിരുന്നുവല്ലോ ബഷീറിന്റെ വിശുദ്ധോജ്ജ്വലമായ കലാകാര വ്യക്തിത്വത്തിന്റെ പ്രസരത്താൽ; അതിസാധാരണത്വത്തെപ്പോലും അനിതരസാധാരണമാക്കുന്ന ആൽക്കെമിയായിരുന്നുവല്ലോ അത്!

ബഷീറിന്റെ വാർധക്യത്തെ കലുഷമാക്കിയ വിമർശനഗൂഢാലോചനയോട് പ്രസ്താവനയിറക്കിയോ ലേഖനമെഴുതിയോ പ്രതികരിക്കുകയായിരുന്നില്ല പുനത്തിൽ. തന്റെ കലകൊണ്ട് മറ്റൊരു മഹാനായ കലാകാരനെ അഭിവാദ്യം ചെയ്യുന്നതു പോലെ പുനത്തിൽ എഴുതി. താൽക്കാലികതയെ അതിജീവിക്കുന്ന പുനത്തിലിന്റെ മനോഹരരചനകളിലൊന്നായും അതു മാറി. കട്ടൻ ചായയെ സ്വർണ്ണദ്രാവകമെന്നു തോന്നിക്കുന്ന ബഷീറിയൻ ആൽക്കെമിയുടെ സ്പർശത്താലെന്നോണം പുനത്തിൽ എഴുതുന്നു-'കരയിൽ കിടക്കുന്ന മുക്കുവൻ കടലിന്റെ ആഴത്തെക്കുറിച്ചാലോചിക്കുന്നതു പോലെ അയാളുടെ കണ്ണുകൾ ഇരുണ്ടു. ഇതു പോലെയാണ് താൻ പരിചയപ്പെട്ട ഖനിത്തൊഴിലാളികളുടെ കണ്ണുകളും. അപകടവും പ്രയാസവും നേരിടേണ്ടി വരുന്ന ഖനി മാത്രമാണ് അവരുടെ ആശാകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തിലിരുന്നു കൊണ്ട് അവർ നഷ്ടപ്പെട്ട കുട്ടിക്കാലം പോലെ ഖനിയെ ഓർക്കുന്നു. ഈ മനുഷ്യന്റെ മുഖവും അതുപോലിരിക്കുന്നു.'ബഷീറിന്റെ കലാകാര വ്യക്തിത്വമാണിവിടെ കടലിന്റെയും ഖനിയുടെയും ധ്വനിസുഭഗമായ രൂപകങ്ങളുപയോഗിച്ച്, ഒരു പോർട്രെയിറ്റ് പെയിന്ററുടെ കൃതഹസ്തതയോടു കൂടി, വരയുന്നത് കഥാകാരനായ പുനത്തിൽ. തുടർന്ന് ബഷീറും വാൻഗോഗും തമ്മിൽ കണ്ടുവെന്നും അവർ പരസ്പരം മുറിവുകളിൽ തലോടി ആശ്വാസം പകർന്നുവെന്നും എഴുതിയാൽ പാടെ പാളിപ്പോകുമായിരുന്നു 'വിൻസന്റ് വാൻഗോഘ്' എന്ന കഥയുടെ ശില്പം. അങ്ങനെ സംഭവിക്കുന്നില്ല. പകരം വാൻഗോഗ് മാത്രം ബഷീറിനെ കാണുന്ന ഏകപക്ഷീയതയിൽ കഥയവസാനിക്കുന്നു. മൗനമുഖരമായ വാക്കുകളാൽ പുനത്തിലിന്റെ വാൻഗോഗ് ബഷീറിനെ ആശ്ലേഷിക്കാനായുന്നുണ്ട്. ഏറെക്കുറെ ഒരഭയാർത്ഥിയുടേതിനു സമാനമാണ് കഥയിൽ അയാളുടെ നില. ബഷീറിനെ സാന്ത്വനിപ്പിക്കാൻ മാത്രമല്ല, ബഷീറിനാൽ സാന്ത്വനിപ്പിക്കപ്പെടാനും അയാൾ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലമാകുന്നില്ല. അഭംഗുരമായ തന്റെ ഏകാന്തതയ്ക്കും യാതനയ്ക്കും മറ്റു ദൃക്സാക്ഷികളോ പങ്കാളികളോ ആവശ്യമില്ലെന്ന മട്ടിൽ, അരൂപിയായ വാൻഗോഗിന്റെ സാന്നിധ്യത്താൽ ചലിപ്പിക്കപ്പെടാതെ, മെഴുതിരി ഊതിക്കെടുത്തിയശേഷം ബഷീർ വാതിലടയ്ക്കുന്നു.' വാതിൽ അടഞ്ഞുകിടക്കുകയാണെങ്കിലും പീഡിതനായ ബഷീറിന്റെ രോദനം വാൻഗോഗ് തിരിച്ചറിഞ്ഞു' എന്ന ഭാരിച്ച വാക്യത്തിലാണ്, മൂന്നു പുറം മാത്രം ദൈർഘ്യമുള്ള,കഥയവസാനിക്കുന്നത്. ഒരു സാഹിത്യവിവാദത്തിൽ ബഷീറിന്റെ പക്ഷം പിടിച്ച് ചരിതാർത്ഥനാവുകയായിരുന്നില്ല പുനത്തിൽ; മറിച്ച്, കാലാന്തര പ്രസക്തിയുള്ള മനോഹരമായ ഒരു ചെറുകഥയുടെ താജ്മഹൽ നിർമ്മിച്ച് കഥനകലയുടെ രാജശില്പിക്ക് ഒരു നിത്യസ്മാരകം പണിയുകയായിരുന്നു. താജിന് ഇരുപുറവുമുള്ള ഇരട്ടത്താഴികക്കുടങ്ങൾ പോലെ ബഷീറിനൊപ്പം വാൻഗോഗും ആ കഥയിലൂടെ അനശ്വരമായി വാങ്മയപ്പെടുന്നു.

പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Mashippacha Sajay KV Column tells about the story Vincent Vangogh by Punathil Kunhabdulla