ശാനോ ചങ്ങമ്പുഴയോ കവിതയിൽ ഒരു സമാന്തര കേരളം നിർമ്മിച്ചില്ല. പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയുമാണങ്ങനെ ചെയ്തത്. ബിംബസാമഗ്രിയായിരുന്നു കേരളീയ പ്രകൃതി പി.ക്ക്. വൈലോപ്പിള്ളിക്കാവട്ടെ തന്റെ കവിതയുടെ ഊടും പാവും. വൈലോപ്പിള്ളിയെ വായിക്കുമ്പോഴെല്ലാം നമ്മൾ കേരളത്തിലാണ്;തെങ്ങും മാവും മാമ്പൂമണവും കൊന്നപ്പൂക്കളുടെ കനകധാരയുമുള്ള കേരളത്തിൽ.അമ്പലമുറ്റത്തെ ആളും ആരവവും ഉത്സവനാളിലെ തിടമ്പെടുത്ത ആനയും ആനയുടെ മദമിളകലും അവിടെ പ്രമേയവൽക്കരിക്കപ്പെടുന്നു. കേരളീയരുടെ, കേരളീയതയുടെയും, പക്ഷിയായ കാക്ക കാവ്യ വിഷയമാകുന്നു. തൊട്ടപ്പുറത്തതാ കന്നിപ്പാടത്തെ കൊയ്ത്തുകാരും അവരുടെ പായ്യാരം പറച്ചിലും. കയ്പവല്ലരിയും കരിയിലാംപീച്ചിയും ചക്കര വള്ളിയും എണ്ണപ്പുഴുക്കളും കുന്നിക്കുരുവുമെല്ലാം ചേരുന്ന കേരളീയാനുഭവങ്ങളുടെ ഒരു സമഗ്ര/ സമൃദ്ധലോകം. തനിക്കു പറയാനുള്ളതെല്ലാം ഇവയിലൂടെ/ ഇവരിലൂടെ പറഞ്ഞു വൈലോപ്പിള്ളി.

ഇളംപൈതലിന്റെ മരണത്തോടെ പാഴായിപ്പോയ അമ്മയുടെ തടിയിലെ പഴങ്ങളാണ് മാമ്പഴം അതേ പേരുള്ള കവിതയിൽ;'കുടിയൊഴിക്ക'ലിലാകട്ടെ' അന്തിയുണ്ടു പഴങ്ങൾ തൻ മാംസം/ മന്ദമന്ദം നുണഞ്ഞിരിക്കു' ന്ന സുഖാലസമായ ജന്മിത്തശീലവും. അകം നിറയെ പുഴുക്കേടു ബാധിച്ച മനുഷ്യഹൃദയം എന്ന തിക്തഫലമാണത് 'കനി' എന്ന കവിതയിൽ. ഇങ്ങനെ ഒരേ മാമ്പഴത്തിന്റെ പല തരത്തിലുള്ള രൂപകാത്മകവിനിയോഗങ്ങൾ നടക്കുന്നു വൈലോപ്പിള്ളിക്കവിതയിൽ.('കനി'യിലെയും കുടിയൊഴിക്ക'ലിലെയും പഴങ്ങൾക്കു പേരില്ല; എങ്കിലും അതു മാമ്പഴമാണെന്നു കരുതാനാണ് എനിക്കിഷ്ടം, കവി വൈലോപ്പിള്ളിയായതിനാൽ).' മേദുരാരോഗ്യപ്രദ'മായ കവിതയുടെ പ്രതിരൂപമാണ് കയ്പ്പയ്ക്ക,' കയ്പവല്ലരി'യിൽ; അതേ സമാഹാരത്തിലെ' പൂവും കായും' എന്ന മറ്റൊരു കവിതയിലോ മരണക്കയത്തിൽ നിന്നു കൈ കൊടുത്ത് കുട്ടിയായ താൻ കരയ്ക്കെത്തിച്ച മുത്തി മറിയത്തിന്റെ ഗ്രാമീണസ്നേഹത്തിന്റെയും കൃതജ്ഞതാ ഭാവത്തിന്റെയും കയ്പൻമധുരവും.

തെങ്ങാണ് വൈലോപ്പിള്ളിക്കവിതയിലെ കേരളീയമായ മറ്റൊരു സ്ഥിരസാന്നിധ്യം. കടയ്ക്കൽ കരിയിലയിട്ടു കത്തിക്കുന്നതുപോലുള്ള വിമർശനങ്ങളാൽ വാടാതെ കരുത്തുറ്റു വളരുന്ന തന്റെ കവിതയുടെ പ്രതിരൂപം തന്നെയാണതെന്ന് വൈലോപ്പിള്ളി ,' വിമർശനം' എന്ന കവിതയിൽ.' തെങ്ങിൻ തോപ്പിൽ' എന്ന പേരിൽ ദീർഘമായ ഒരു വൈലോപ്പിള്ളിക്കവിതയുമുണ്ട്. ഈ കവിതയിൽ കേരളത്തിന്റെ അഭിമാനചിഹ്നങ്ങളായി രണ്ടെണ്ണത്തെയാണ് കവി ചൂണ്ടിക്കാട്ടുന്നത് - വൻചെവിയാട്ടുന്ന കൊമ്പനാനകളും' ചൊട്ട കൂർത്തോല വീശു'ന്ന തെങ്ങുകളും (രണ്ടിന്റെയും പരസ്പരസാദൃശ്യം ശ്രദ്ധിക്കുക). മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ആനക്കവിത ഏതെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേയുള്ളൂ -' സഹ്യന്റെമകൻ'.നാഗരികതയുടെ ചിട്ടകൾക്കു വിരുദ്ധമായി നീങ്ങുന്ന കാമനകളുടെ ദുരന്തമാണത്; നാടിനനുരൂപമായി മെരുങ്ങാൻ മടിക്കുന്ന കാടിന്റെയും. ഉദ്ധതമായ കവിത്വത്തിന്റെ പ്രതിരൂപമാണ് ആന' കുടിയൊഴിക്ക' ലിൽ.' കാവ്യ ഗന്ധവാരി' എന്നൊരു പ്രയോഗം കാണാം ഈ സന്ദർഭത്തിൽ. ആനയെപ്പോലെ ഉന്നതനും ഏകാകിയുമായ കവിയുടെ മദജലമോ ഉന്മാദത്തിന്റെ സ്രാവമോ ആണ് കവിത എന്ന അപൂർവ്വ കല്പന.

വിഷുക്കണിയെയും കണിക്കൊന്നയെയും പറ്റി അരഡസനോളം വൈലോപ്പിള്ളിക്കവിതകളുണ്ട്. ഓരോ കണിയും ഓരോ കൊന്നയും ഓരോ രീതിയിൽ അനന്യം.' ഓണപ്പാട്ടുകാ'രും' ഓണമുറ്റ'ത്തും തമ്മിലുള്ള അന്തരം ഈ വിഷുക്കവിതകൾക്കു തമ്മിൽ.' കാക്ക' യെയും' കർക്കിടകത്തിലെ കാക്കക'ളെയും കാണാം വൈലോപ്പിള്ളിയുടെ കാവ്യലോകത്ത്.' നാട്ടുമാവുകൾ തോറും തെക്കൻ/കാറ്റു വാസനത്തീയെരിയിക്കെ' എന്ന പോലെ മാമ്പൂമണം സർവ്വത്ര. കേരളത്തിൽ മാത്രം കാണപ്പെടുന്ന ഈ നിറങ്ങളുടെയും മണങ്ങളുടെയും രവങ്ങളുടെയും ഉരുവങ്ങളുടെയും ഉചിതവിനിയോഗവും സംയോഗവുമാകുന്നു വൈലോപ്പിള്ളിക്കവിത. വൈലോപ്പിള്ളിയെ വായിക്കുമ്പോൾ നമ്മൾ കേരളത്തെ വായിക്കുന്നു,ഇവിടത്തെ മൃഗ - സസ്യപ്രകൃതിയെയും മനുഷ്യപ്രകൃതിയെയും കാലാവസ്ഥയെയും ഉത്സവങ്ങളെയും. നഷ്ടമായിക്കഴിഞ്ഞവയെയും നഷ്ടപ്രായമായവയെയും ആ കവിതയിലൂടെ നമ്മൾ വീണ്ടെടുക്കുന്നു.

Content Highlights : Mashippacha Sajai KV Writes About poet Vyloppilli Sreedhara Menon on his birth Anniversary