ശാന്റെ' സ്ഫുടതാരകങ്ങള്‍'കേള്‍വിയാല്‍ തന്നെ അര്‍ത്ഥബോധമുദിക്കുന്ന, താരകങ്ങളുടെ ദീപ്തിയെ ഗാഢതരമാക്കുന്ന വിശേഷണത്താല്‍ കൂടി പ്രകാശമിരട്ടിച്ച വാഗ്‌നക്ഷത്രമാണെന്നു തോന്നിയിട്ടുണ്ട്; ഇത്ര തിളക്കമില്ല മറ്റൊരു 'ഖദ്യോത'ത്തിനും ആശാന്റെ ശബ്ദതാരാവലിയില്‍ എന്നും (ഒരു പക്ഷേ 'നളിനി'യിലെ 'നിത്യഭാസുരനഭശ്ചരങ്ങള്‍'ക്കൊഴികെ).

 'സ്ഫുടം' ആശാനില്‍ ആവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ പിന്നാലെ വന്നു. 'ലീല'യില്‍ തന്നെ 
അരഡസനോളം ഇടങ്ങളില്‍ ആ പദമുണ്ട്.'സ്ഫുട'ത്തിന്റെ അര്‍ത്ഥം അത്ര സ്ഫുടമായിരിക്കെ അത് വീണ്ടും നിഘണ്ടുനോക്കി ഉറപ്പിക്കേണ്ടതുണ്ട് എന്നും തോന്നിയില്ല. ആശാന്റെ പ്രയോഗവൈവിധ്യം, പക്ഷേ, അങ്ങനെ ചിന്തിപ്പിച്ചു.' സ്ഫുടമകമലിയാതെ മേവിനാള്‍/തടശില പോലെ തരംഗലീലയില്‍' എന്നിടത്തെ സ്ഫുടമാവില്ലല്ലോ, 'ചിറകുവിടര്‍ത്തി വിസ്ഫുടാശം' എന്നിടത്തെ സ്ഫുടം? ഒന്നില്‍ ആശ ഒളിപ്പിക്കലെങ്കില്‍ ആശ വെളിപ്പെടുത്തലാണല്ലോ മറ്റതില്‍;കമനനോടു തോന്നാത്ത അഭിനിവേശം ലീലയ്ക്ക് മദനനോട് തോന്നി എന്നാണല്ലോ അതു പറയുന്നതും?

'സ്ഫുടമഥ വക തെറ്റിയേറ്റുമ-
ക്കൊടിയിയലും ധ്വജകോടിയെന്ന പോല്‍', 'സ്ഫുട മന്യോന്യമറിഞ്ഞുമാര്‍ത്തികള്‍', 'സ്ഫുടമെന്‍ സഖി, ചൊല്‍വനെന്‍ പ്രിയന്‍/വെടികില്ലെന്നെ വെടിഞ്ഞു ജീവിതം' എന്നിങ്ങനെ ഇനിയുമേറെയുണ്ട്, ലീലയില്‍ത്തന്നെ ആ വാക്ക്. ഇവിടെയെല്ലാം 'സ്പഷ്ടം' എന്നോ 'തെളിഞ്ഞത്' എന്നോ അര്‍ത്ഥം പറയാവുന്ന നിലയിലാണ് 'സ്ഫുടം' എന്ന വാക്കിന്റെ പ്രയോഗം.

'സ്ഫുടനം' വിരിയലാണെന്ന് പിന്നീട് ശബ്ദതാരാവലി പറഞ്ഞു തന്നു; 'സ്ഫുടം' വിരിഞ്ഞു പൂത്ത മരത്തിന്റെ കൂടി പേരാണ് എന്നും. ഒടുവില്‍ പറഞ്ഞ അര്‍ത്ഥം, വാക്കു പൂക്കുന്ന അനുഭവമായി മാറി എനിക്ക്. വാക്കിന്റെ വിത്തിനുള്ളില്‍ നിന്ന് അസാധാരണവും അവിചാരിതവുമായ അര്‍ത്ഥത്തിന്റെ പൂമരം ഉയിര്‍ക്കുന്ന അനുഭവം.('ഒറ്റരാവാല്‍ പൂമരങ്ങ -/ളായീ വിത്തുകളൊക്കെയും'). ഈ അര്‍ത്ഥം, സ്ഫുടം എന്ന വാക്കിന്റെ ഏറ്റവും മോഹനമായ അര്‍ത്ഥം, ആശാന്‍ ഒരിക്കലെങ്കിലും പരിഗണിച്ചു കാണില്ലേ? എന്റെ ഊഹം ശരിയായിരുന്നു. ലീലയിലെ സ്വപ്നസര്‍ഗ്ഗം എന്നു പറയാവുന്ന മൂന്നാം സര്‍ഗ്ഗത്തിലെ തുടക്കശ്ലോകങ്ങളിലൊന്നില്‍ ആശാന്‍ എഴുതുന്നു:
'ഉടനെയുടല്‍ നടുങ്ങിയങ്ങു പൊന്‍പൂ- / വിടപികള്‍ കണ്ടതിമോഹലോഹിതാംഗി/തടവി പുളകപാളിയംഗ മെങ്ങും/സ്ഫുടമവള്‍ പൂക്കുമശോക ശാഖി പോലെ.'- 'സ്ഫുടം' ഇവിടെ നാമമല്ല, ക്രിയാവിശേഷണമാണെന്ന് വ്യാകരണബുദ്ധിയുപയോഗിച്ച് വകതിരിക്കാം. അപ്പോഴും 'സ്ഫുടം' വിരിഞ്ഞു പൂത്ത മരത്തിന്റെ പേരാകുന്ന നാനാര്‍ത്ഥ ചമല്‍ക്കാരവുമായി അത് അതിവേഗം രഞ്ജിക്കുകയും 'പൂക്കുമശോക ശാഖി പോലെ' എന്ന ഉപമാനത്തിന്റെ ശോഭയില്‍ വിലയിക്കുകയും ചെയ്യുന്നു. മഹാകവിത്വമെന്നാല്‍ വാഗര്‍ത്ഥ സംപൃക്തതയുടെ ലാവണ്യ സ്‌ഫോടമാണെന്നതിന്റെ മറ്റൊരനുഭൂതി സാക്ഷ്യം കൂടി!

ഒരു ചെമ്പകക്കാടിന്റെ സാമീപ്യമാണ് ലീലയെ ഈ വിധം' അതിമോഹലോഹിതാംഗി'യായ അശോകവൃക്ഷമാക്കി മാറ്റിയതെന്നും ഓര്‍ക്കണം. ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരനായ ക്ലോദ് മോനേയുടെ പൂമരങ്ങള്‍ പോലെയാണിത്. മോനേയില്‍ നിറങ്ങളാണ് പുഷ്പിക്കുന്നത്, രൂപങ്ങളേക്കാള്‍. ഒരു തരം അമൂര്‍ത്തതയുണ്ടതിന്. ഇത്തരമൊര മൂര്‍ത്തവ്യംഗ്യത്താലാണ് ആശാന്‍ പുളകിതാംഗിയായ തന്റെ നായികയും മറ്റൊരശോക വൃക്ഷമെന്നു തോന്നിക്കുന്നത്.' അതിമോഹലോഹിതാംഗി' പോലൊരു പ്രയോഗം, ഒരുപക്ഷേ, ആശാനു മാത്രം സാധ്യമായത്. മോഹം തുടുപ്പിച്ച ഉടലുള്ളവള്‍ പൊടുന്നനേ പൂത്ത അശോകമാകുന്നു! സുന്ദരിമാരുടെ പാദദോഹദത്താല്‍ അശോകം പൂക്കുമെന്ന കവി സങ്കേതമുണ്ട്. ഇവിടെ മദനസാമീപ്യമെന്ന' സ്ഫുടചമ്പകാതപ'(നോക്കൂ, അവിടെയും 'സ്ഫുടം'!) ത്താലാണ് ലീലയുടെ ഉളളും ഉടലും പുഷ്പിക്കുന്നത്. 'ഘനനാദ ഹൃഷ്ടമാം പൊന്‍കടമ്പിനുടെ കൊമ്പുപോല്‍' എന്ന് 'നളിനി'യില്‍.' ദൂരത്തൊരു രാജമല്ലിമരം പൂത്തു വിലസും പോലെ'(ഇത് സൂര്യന്റെ ഉപമാനമാണെങ്കിലും) എന്ന് ' കരുണ'യില്‍.' തരുവാടിയിലൂടെ കണ്ടിടുന്നൊരു താരാപഥ ഭാഗമെന്നപോല്‍' എന്നും' വിടപങ്ങളൊടൊത്തകയ്യുകള്‍/ തുടമേല്‍ വച്ചുമിരുന്നു സുന്ദരി' എന്നും ചിന്താവിഷ്ടയായ സീത'യില്‍. അത്രമേല്‍ വൃക്ഷസാദൃശ്യം വഹിക്കുന്നവരാകുന്നു ആശാന്റെ നായികമാര്‍. അവരുടെ ചിത്രീകരണത്തില്‍ കവി, മോനേയുടേതു പോലുള്ള വര്‍ണ്ണഭാഷയാണവലംബിക്കുന്നതെന്നും കാണാം.('സീത'യിലെ 'വെള്ളിയില്‍ വാര്‍ത്ത പോലു'ള്ള വനഭാഗ ചിത്രത്തിന് ഒരു ഇംപ്രഷനിസ്റ്റ് പെയിന്റിംഗിന്റെ ചേലാണെന്ന് എം.എന്‍.വിജയന്‍, കേസരിയുടെ' നവീനചിത്രകല' യുടെ അവതാരികയില്‍). ആശാന്റെ വാങ്മയങ്ങളും മോനേയുടെ പ്രകൃതിചിത്രങ്ങളും ചേര്‍ത്തുവച്ചുള്ള വായനയുടെ ഒരു ജുഗല്‍ബന്ദിയാണെന്റെ സ്വപ്നം!

Content Highlights: Mashippacha Column Sajay KV Writes about the literary Creative Vocabulary Of Kumaranasan