If I am dying,
Leave the balcony open.
The child is eating an Orange.

(From my balcony I see him).

ഫെദറികോ ഗാർഷ്യാ ലോർകയുടെ മരണം പ്രമേയമാകുന്ന കവിതയുടെ തുടക്കമാണ്. ഞാൻ മരിക്കുമ്പോൾ ജാലകം തുറന്നിടണം, അതിലൂടെ എനിക്ക് ഓറഞ്ചു തിന്നുന്ന കുട്ടിയെ കാണണം എന്ന ആൻഡലൂഷ്യൻ കവിയുടെ അന്തിമാഭിലാഷം. ആ കുട്ടി തിന്നുന്നത് ഓറഞ്ചല്ല ,ഓറഞ്ചു പോലെ മധുരവും പുളിപ്പും സൂര്യവർണ്ണവുമുള്ള ജീവിതമെന്ന വിസ്മയത്തിന്റെ അല്ലികളാണെന്നു തോന്നും ഇതു വായിച്ചാൽ. ലോർയുടെ കവിതയിൽ എമ്പാടും ഓറഞ്ചുകൾ കാണാം; ആകാശത്തെ ഓറഞ്ചായ ചന്ദ്രനും. ചിലപ്പോൾ കവിക്ക് അവ പരസ്പരം മാറിപ്പോകാറുമുണ്ട്.'ചന്ദ്രബിംബമെടുത്തെനിക്കൊരു ചാണയാക്കി വളയ്ക്കണം' എന്നല്ല, 'ഓറഞ്ചാക്കി നുണയ്ക്കണം' എന്നാണ് ലോർക എഴുതുക. നാലഞ്ചു വർഷം മുൻപ് ലോർകയുടെ നാട്ടുകാരനായ ഒരാളെ പരിചയപ്പെട്ടു.' ഹോർഹെ റിവേറ' എന്നു പേര്. മെക്സിക്കൻ ജൂതൻ. അയാളാണെനിക്കു പറഞ്ഞു തന്നത്, ഓറഞ്ചിന്റെ സ്പാനിഷ് പേരും' നാരങ്ങ' എന്നാണെന്ന്!

ഓറഞ്ചിനെക്കാൾ മധുരമുണ്ട് മധുരനാരങ്ങയ്ക്ക്, കുട്ടിക്കാലം പോലെ പെട്ടെന്നലിഞ്ഞു മായുന്ന നാരങ്ങാമിഠായിയുടെ ചന്ദ്രക്കലകൾക്കും. ബഷീറിന്റെ അബ്ദുൽ ഖാദർ സാഹിബ്, പൂവൻപഴം തിന്നാൻ പൂതി തോന്നിയ ജമീലാബീവിയെ ഓറഞ്ച് എന്ന മധുരനാരങ്ങ തീറ്റിച്ചു. അതു മാത്രമോ?താൻ കഴിച്ചതു പൂവൻ പഴമാണെന്നു തല്ലിപ്പറയിക്കുകയും ചെയ്തു. ദാമ്പത്യത്തിൽ പ്രണയത്തിനു സംഭവിക്കുന്നതിന്റെ അന്യാപദേശമാണോ ഇത്? പൂവൻപഴം മോഹിച്ചവൾ ഓറഞ്ചുകൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ഓറഞ്ചു തിന്നിട്ട് പൂവൻപഴം ഭക്ഷിച്ച സംതൃപ്തി അഭിനയിക്കേണ്ടി വരികയും ചെയ്യുക എന്നത്?

നമ്മുടെ ജമീലാബീവിമാർ പതിവായി ഓറഞ്ചു തിന്നുകയും തിന്നത് പൂവൻ പഴമാണെന്ന വ്യാജസംതൃപ്തിയിൽ ജീവിക്കുകയും ചെയ്യുന്നു. ശരിക്കും ആ പഴയ കല്യാണസൗഗന്ധിക കഥയുടെ പാരഡിയല്ലേ ബഷീറിന്റെ പൂവൻപഴക്കഥ? അബ്ദുൾ ഖാദർ സാഹിബ് മറ്റൊരു ഭീമസേനനാണ്, ജമീലാബീവി പാഞ്ചാലിയും. സൗഗന്ധികത്തിനു പകരം മറ്റേതൊ പൂവു കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു നമ്മുടെ അഭിനവ പാഞ്ചാലിമാർക്ക്, പൂവൻ പഴത്തിനു പകരം ഓറഞ്ചുകൊണ്ട്.

ഇതുകൊണ്ടൊന്നും ഓറഞ്ചിനോട് മതിപ്പു കുറവാണ് ബഷീറിനെന്നു കരുതരുതേ. അനുരഞ്ജനത്താൽ ഓറഞ്ചും പൂവനാകുമെന്ന ദാമ്പത്യരഹസ്യവും ഒളിഞ്ഞിരിപ്പുണ്ട് കഥയിൽ. ബഷീറിന്റെ ഓറഞ്ചു കഥയോടൊപ്പം വായിക്കേണ്ടതാണ് ആർ.വിശ്വനാഥന്റെ' പൂവനും ഓറഞ്ചും' എന്ന ലേഖനം. സർഗ്ഗാത്മകസാഹിത്യം പൂവൻ പഴമാണെങ്കിൽ നിരൂപണം ഓറഞ്ചെന്നു കരുതുന്നവർ ഈ ലേഖനം വായിക്കുന്നതോടെ ആ ധാരണ മാറും. തിന്നത് ഓറഞ്ചല്ല, അസ്സൽ പൂവൻ തന്നെ എന്ന് തലകുലുക്കി സമ്മതിക്കും. ജനപ്രിയതയുടെ ഉപമാനമായിരുന്നു മധുരനാരങ്ങ, മുണ്ടശ്ശേരി മാഷിന്. 'രമണൻ' മധുരനാരങ്ങ പോലെ വിറ്റഴിഞ്ഞു എന്ന് മാഷിന്റെ മുക്തകണ്ഠ പ്രശംസ. എല്ലാവരിലേയ്ക്കുമെത്തുന്ന കവിത എങ്ങനെ മധുരനാരങ്ങ പോലെയാകാതിരിക്കും? ഈ ഉരുളൻ പഴം അത്ര പെട്ടെന്നാണല്ലോ സഞ്ചരിക്കുക!

നമ്മുടെ രോഗീസന്ദർശനപരിപാടിയിലെ ഒരു മുഖ്യ ഇനം ഓറഞ്ചാണ്. ഒരു പൊതി ഓറഞ്ചുമായി ആശുപത്രിപ്പടവു കയറിയിട്ടില്ലാത്ത ഒരാളുമുണ്ടാവില്ല, ഒരിക്കലെങ്കിലും. രോഗിയെ ജീവിതത്തിന്റെ നറുരുചികളിലേയ്ക്ക് പ്രത്യാനയിക്കാൻ അയാൾക്കു/അവൾക്കു നമ്മൾ ഓറഞ്ചു സമ്മാനിക്കുന്നു. ഇത്തരമൊരു സന്ദർശനത്തെ/സന്ദർശകനെക്കുറിച്ചാണ് റഫീക്ക് അഹമ്മദിന്റെ'മധുരനാരങ്ങകൾ' എന്ന കവിത. തനിക്കു കാണേണ്ട രോഗികിടക്കുമിടം തിരഞ്ഞ് ആശുപത്രിയിടനാഴിയിലൂടെ അലയുന്ന വൃദ്ധനും വിവശനുമായ ഒരാളാണ് കവിതയിൽ. ആരും അയാളെ ഗൗനിക്കുന്നതേയില്ല. ഒടുവിൽ അയാളുടെ കയ്യിലെ ഓറഞ്ചുപൊതി താഴെ വീഴുന്നു. ഓറഞ്ചുകളുടെ ഉരുണ്ടു പാച്ചിലാണ് പിന്നെ. അവ കവിതയിലെ വക്താവിന്റെ കാൽച്ചുവട്ടിലെത്തുന്നു. കവിത അവസാനിക്കുന്നതിങ്ങനെ-' അതിലൊന്നെടുക്കുവാൻ കുനിയുന്നതിൻ മുമ്പ്/ വഴുതുന്നു, പിടി തരാതവയുരുണ്ടകലുന്നു...'മരണഗന്ധമുള്ള ആശുപത്രിയിടനാഴിയിൽ വച്ചാകുമ്പോൾ...

ആഷാ മേനോന്റെ 'മധുരനാരങ്ങ തിന്നുന്ന വിധം' സാവധാനം രുചിച്ചറിയേണ്ട ഒരു മധുരോപന്യാസം, മധുരനാരങ്ങതീറ്റയെ സാവധാനതയുടെ രൂപകമാക്കുന്നത്. അതിന്റെ ഉള്ളടക്കത്തിലേയ്ക്കു കടക്കുന്നില്ല. മധുരനാരങ്ങയെന്ന വിധം സാവധാനമായ, രുചികരമായ വായനയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതു നിങ്ങളെ നിരാശപ്പെടുത്തില്ല, തീർച്ച.

അമേരിക്കൻ എത്നിക് കവിയായ ഗാരി സോട്ടേ (Gary Sote)യുടെ 'മധുരനാരങ്ങകൾ' മനോഹരമായ കവിതയാണ്. പതിമൂന്നുകാരനായ ഒരാൺകുട്ടി, ഒരു കൊടും മഞ്ഞുകാലത്ത്, അവനിഷ്ടപ്പെട്ട പെൺകുട്ടിയുമായി നടക്കാനിറങ്ങുന്നു (ആദ്യമായാണ് അവൻ അങ്ങനെ ചെയ്യുന്നത്). കടയിൽ നിന്ന് അവൾക്കിഷ്ടപ്പെട്ട ചോക്കലേറ്റ് വാങ്ങാൻ നോക്കുമ്പോൾ വേണ്ടത്ര പണമില്ല. പകരം അവൻ കയ്യിൽ കരുതിയ ഓറഞ്ചുകളിലൊന്ന്, ഒന്നും ഉരിയാടാതെ, കൗണ്ടറിൽ വച്ചു. വിൽപ്പനക്കാരി മൗനമായി അതു സ്വീകരിക്കുന്നതായി, നോട്ടത്താൽ, സൂചിപ്പിച്ചതോടെ അവർ വീണ്ടും മഞ്ഞിൽ പുതഞ്ഞു കിടന്ന തെരുവിലേയ്ക്കിറങ്ങുന്നു. അനന്തരം അവൻ അവളുടെ കരംഗ്രഹിക്കുന്നു. അങ്ങനെ അവർ കുറച്ചു ദൂരം നടന്നു. പിന്നെ സ്വതന്ത്രമായ കൈകളാൽ അവൾ ചോക്കളേറ്റ് പൊതിയഴിക്കാനും അവൻ അവശേഷിച്ച ഒരോറഞ്ചിന്റെ തൊലികളയാനും തുടങ്ങി. ഡിസംബറിലെ മഞ്ഞുവെളുപ്പിൽ ആ ഓറഞ്ച് സ്വർണ്ണം പോലെ പ്രകാശിച്ചു. അകലെ നിന്നു നോക്കിയാൽ ആ ബാലൻ തന്റെ വെറും കയ്യാൽ തീയുണ്ടാക്കുകയാണെന്നേ തോന്നൂ. ബാലനായ പ്രൊമിത്യൂസ്; അവൻ സ്വർഗ്ഗീയാഗ്നി മോഷ്ടിച്ചിരിക്കുന്നു, പ്രണയത്തിന്റെ!

Content Highlights: Mashippacha column Sajay KV Writes About the Fruit Orange and its literature Versions in Different Genres