'കൊന്നമരങ്ങള്‍ ഇടയ്ക്കിടെ സ്വര്‍ണ്ണനിഷ്‌കങ്ങള്‍ ചൊരിഞ്ഞ് രാജകൊട്ടാരമാണതെന്നു കളിയാക്കിക്കൊണ്ടിരുന്നു.' എം.ടി.യുടെ 'രണ്ടാമൂഴ'ത്തിലെ വാക്യമാണിത്;' പഞ്ചവര്‍ണ്ണപ്പൂക്കള്‍' എന്ന, പാണ്ഡവരുടെ വനവാസം പ്രമേയമാകുന്ന, നോവല്‍ഖണ്ഡത്തിന്റെ തുടക്കത്തിലേത്. എം.ടി.യുടെ നോവല്‍ഗദ്യം അതിന്റെ ഇതിഹാസ ശോഭ പ്രസരിപ്പിക്കുന്ന അസാമാന്യ സന്ദര്‍ഭങ്ങളിലൊന്നാണിത്.' കൊന്നമരങ്ങള്‍ സ്വര്‍ണ്ണനാണയങ്ങള്‍ ചൊരിഞ്ഞു', എന്നല്ല എം.ടി.എഴുതുന്നത്. അങ്ങനെയായിരുന്നെങ്കില്‍ അതൊരു സാധാരണവാക്യമേ ആകുമായിരുന്നുള്ളൂ. കൊന്നപ്പൂക്കള്‍ക്ക് സ്വര്‍ണ്ണ നിഷ്‌കങ്ങളുടെ സാദൃശ്യം കൈവരുന്നതോടെ നമ്മള്‍ ഇതിഹാസകാലത്തിന്റെ വിദൂര ഭൂമികയിലെത്തിച്ചേരുന്നു. പുരാണപരിവേഷമുള്ള ഒരൊറ്റ നാണയപരാമര്‍ശത്തിലൂടെ എം.ടി. സാധിക്കുന്ന മാന്ത്രികപരിണാമമാണിത്.'നിഷ്‌കം' പുരാതന ഇന്ത്യയിലെ നാണയമാണ്. നിഷ്‌കങ്ങള്‍ ചേര്‍ത്തു കൊരുത്ത ഹാരത്തിനും ആ പേരു പറഞ്ഞിരുന്നു. രാജ്യഭ്രഷ്ടരായ പാണ്ഡവരെ കൊട്ടാരത്തിലെ രാജകീയാഡംബരങ്ങളെക്കുറിച്ചോര്‍മ്മിപ്പിച്ചു കൊണ്ട് സ്വര്‍ണ്ണ നിഷ്‌കങ്ങള്‍ കോരിച്ചൊരിയുകയാണ് കാട്ടിലെ കൊന്നമരങ്ങള്‍. വിധിയുടെ ക്രൂര ഫലിതമാണത് അഥവാ ട്രാജിക് ഐറണി(tragic irony). കാവ്യാത്മകമായ ഒരൊറ്റ വാക്യത്താല്‍, അതിലെ വിദൂര ഭൂതകാലമുദ്രയാലും, അതത്രയും ധ്വനിപ്പിക്കാന്‍ എം.ടി.ക്കാകുന്നു.

ഇങ്ങനെയെല്ലാമാണ് എം.ടി. രണ്ടാമൂഴത്തില്‍ ഇതിഹാസ ശോഭയുള്ള സൗന്ദര്യത്തിന്റെ മുന്തിയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. ഇതിഹാസ കഥ വീണ്ടും പറയുമ്പോള്‍ തികച്ചും ക്ലാസിക്കലായ ചില സൗന്ദര്യ മുദ്രകളുപയോഗിച്ചേ അങ്ങനെ ചെയ്യാനാവൂ എന്ന ബോധം നോവലിസ്റ്റിനുണ്ട്; ഒപ്പം ഇതിഹാസത്തിന്റെ ചമയങ്ങള്‍ ഏറിപ്പോവരുതെന്ന നിഷ്ഠയും. ഇതാ, നോവലിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള ഹൃദ്യമായ ഒരു ദാഹരണം. ബലന്ധരയുമൊത്തുള്ള ഭീമന്റെ ആദ്യസഹശയനത്തെക്കുറിച്ചെഴുതുകയാണ് നോവലിസ്റ്റ് -' എന്റെ ശരീരം ഉണര്‍ന്നു. അരക്കെട്ടില്‍ കെട്ടിക്കിടന്ന ഊഷ്മാവ് കത്തിപ്പടര്‍ന്നു. എന്റെ കൈകള്‍ക്കുള്ളില്‍ അവളുടെ ദേഹമൊതുക്കി. ഉത്തരീയം ഞാന്‍ വലിച്ചു മാറ്റിയപ്പോള്‍ പത്തിക്കീറ്റിലെ കസ്തൂരിയുടെ മണം മൂക്കിലുയര്‍ന്നു. എന്റെ കൈവിരലുകള്‍ക്കിടയില്‍ മുലക്കണ്ണുകള്‍ പെരുങ്കല്‍ മീനുകള്‍ പോലെ പിടഞ്ഞു. ചുണ്ടുകളില്‍ സഹകാരത്തിന്റെ മാധുര്യമറിഞ്ഞു'. 'പത്തിക്കീ'റ്റും' ഉത്തരീയ'വുമൊക്കെ പരിചയമുള്ള വായനക്കാര്‍ക്കു പോലും ആ അവസാനവാക്യത്തിലെ' സഹകാര'ത്തിനു മുന്നില്‍ തെല്ല് അപരിചിതത്വം തോന്നിയേക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിഘണ്ടുവാണല്ലോ ഏറ്റവും വിശ്വസ്തനായ വഴികാട്ടി.' സഹകാരം 'തേന്മാവാണെന്ന്' അമരകോശം' പറയുന്നു. മനോഹരമായ നിരുക്തിയുമുണ്ട് ഈ വാക്കിന് - 'സ്ത്രീപുരുഷന്മാരെ കൂട്ടിച്ചേര്‍ക്കുന്ന' താണ് 'സഹകാരം'. ഭീമസേനന്‍ ബലന്ധരയുടെ ചൊടികളില്‍ നിന്നറിഞ്ഞ മാധുര്യത്തിന് മാധുര്യമിരട്ടിക്കുന്നില്ലേ, ഈ നിരുക്തിയോടു കൂടി' സഹകാര 'ത്തിന്റെ അര്‍ത്ഥമറിയുമ്പോള്‍? മാത്രമോ, മറ്റൊരു കാലത്തിന്റെ രതിഭാവനയുടെ മാധുര്യമായി അത് വായനക്കാരുടെ രസനയെ മധുരിപ്പിക്കുകയും ചെയ്യുന്നു!'I tasted the sweetness of the honey-mango on her lips' എന്ന് നോവലിന്റെ പരിഭാഷയില്‍ ഗീതാ കൃഷ്ണന്‍കുട്ടി. ഏതായാലും, മലയാള വായനക്കാര്‍ അറിഞ്ഞ' സഹകാരത്തിന്റെ മാധുര്യ' ത്തോളം വരില്ലാ ഈ 'ഹണി മാംഗോ 'യുടെ മധുരം.

'താമരപ്പൂവിന്റെ ഗന്ധമൊഴുകുന്ന സുന്ദരി' എന്നാണ് ദ്രൗപദിയെപ്പറ്റിയുള്ള കേട്ടുകേള്‍വി പാണ്ഡവരിലേയ്‌ക്കെത്തുന്നത്; പതിവായി വിയര്‍പ്പിന് മനുഷ്യഗന്ധം മാത്രമുള്ള കറുത്ത സുന്ദരിയെ സ്വപ്നം കാണാറുള്ള ഭീമനെപ്പോലും കാമാക്രാന്തനാക്കാന്‍ പോന്ന വിവരണമായിരുന്നു അത്. എങ്ങനെയാവാം ഇത്തരമൊരു സ്ത്രീസങ്കല്പം എം.ടി.യുടെ ഭാവനയെ ആവേശിച്ചത്? ഇതിഹാസകാലത്തെ ഭക്ഷണം, വസ്ത്രാഭരണങ്ങള്‍,യുദ്ധമുറകള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ സ്വരൂപിച്ചു കൊണ്ടുള്ള മുന്നൊരുക്കത്തിനിടെ എം.ടി.യുടെ ഭാവന പ്രാചീന ഭാരതത്തിലെ കാമശാസ്ത്രങ്ങളും സന്ദര്‍ശിച്ചു കാണും. പൊതുവേ നാലുതരം സ്ത്രീകളെയാണ് നമ്മുടെ രതി മീമാംസകര്‍ ഭാവന ചെയ്തത്. അക്കൂട്ടത്തിലൊരുവളാണ് 'പത്മിനി'.' രതിമഞ്ജരി' എന്ന കാമശാസ്ത്ര പുസ്തകം അവളെ വിവരിക്കുന്നതിങ്ങനെ-

'ഭവതി കമല നേത്രാ നാസികാക്ഷുദ്ര രന്ധ്രാ
അവിരളകുചയുഗ്മാ
ചാരുകേശീ കൃശാംഗീ
മൃദുവചന സുശീലാ ഗീത വാദ്യാനുരക്താ
സകലതനുസു വേശാ
പത്മിനീ പത്മഗന്ധാ'.
ഈ പത്മഗന്ധമാണ്, തന്റെ ദ്രൗപദിക്ക് എം.ടി.നല്‍കിയത്. കാമശാസ്ത്രത്തിലെ കവിതയാണത്. ആ കവിതയാല്‍ കൂടി പരിവേഷപ്പെട്ടവളായിത്തീര്‍ന്നു, അങ്ങനെ, എം.ടി.യുടെ നായിക.

രതിയും രണവുമുണ്ട്, രണ്ടാമൂഴത്തില്‍; കൂടാതെ മരണവും.'ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്' എന്ന ഭാരിച്ച വാക്യമാണ് നോവലിലെ യുദ്ധപര്‍വ്വമായ 'ജീര്‍ണ്ണവസ്ത്രങ്ങ'ളിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്. മൂന്നാമധ്യായത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു -
'എന്റെ ബാല്യത്തില്‍ മരണം കാലനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നീട് ആചാര്യന്മാരിലാരോ മൃത്യുവിനെപ്പറ്റി പറഞ്ഞു. ബ്രഹ്മാവ് കോപം കൊണ്ട് സൃഷ്ടിച്ചവള്‍. സുന്ദരിയായ കന്യകയുടെ രൂപത്തിലാണ് അവള്‍ പിറന്നത്. സംഹരിക്കാന്‍ തനിക്കു കഴിവില്ലെന്നു മടിച്ചു നിന്ന സുന്ദരിക്ക് ബ്രഹ്മാവ് ധൈര്യം കൊടുത്തു.കറുപ്പു കലര്‍ന്ന ചുവപ്പു നിറമുള്ളവള്‍. ആഭരണങ്ങളണിഞ്ഞവള്‍. ഇളം ചുവപ്പു മിഴികളും കടും ചുവപ്പു ചുണ്ടുകളുമുള്ളവള്‍. സര്‍വ്വാഭരണങ്ങളുമണിഞ്ഞവള്‍. സുന്ദരിയായ കന്യക. മൃത്യു'.

അഭിമന്യുവിന്റെ മരണമാണ് സന്ദര്‍ഭം. തൊട്ടടുത്ത അധ്യായത്തില്‍ ഘടോല്‍ക്കചനും മരിക്കുന്നു. അപ്പോള്‍ അവള്‍ വീണ്ടും ഭീമനു മാത്രം ഗോചരയായിത്തീരുന്നു-' ചെമ്പഴുക്കാനിറമുള്ളവള്‍. വെട്ടിത്തിളങ്ങുന്ന കുണ്ഡലങ്ങളണിഞ്ഞവള്‍. കടുംചുവപ്പു ചുണ്ടുകളില്‍ മന്ദസ്മിതമുള്ളവള്‍- സുന്ദരിക്ക് ഇന്നത്തെയാവശ്യം ഘടോല്‍ക്കചനെയായിരുന്നു'. രണ്ടാമൂഴം വായിച്ചു കഴിയുമ്പോള്‍ ഇതില്‍ ഏതു സുന്ദരിയാണ് വായനക്കാരുടെ ഉള്ളില്‍ തങ്ങുക - വിയര്‍പ്പിന് താമരപ്പൂവിന്റെ ഗന്ധമുള്ള ദ്രൗപദിയോ അതോ ചെമ്പഴുക്കാനിറമുള്ള മരണ കന്യകയോ?

Content Highlights: Mashippacha Column Sajay KV Randamoozham Novel by M. T. Vasudevan Nair