'വള്‍ഗസ്' (vulgus) എന്ന ലാറ്റിന്‍ വാക്കിന് സാമാന്യജനം എന്നാണര്‍ത്ഥം. ഈ വാക്കില്‍ നിന്നാണ് 'വള്‍ഗര്‍' എന്ന വാക്കുണ്ടാകുന്നത്. 'അസഭ്യം', 'അശ്ലീലം' എന്നെല്ലാം സംസ്‌കൃതത്തിലും 'തെറി' എന്നു മലയാളത്തിലും പറഞ്ഞു വരുന്നവയുടെ ആംഗലപ്പേര്. ലൈംഗികച്ചുവയുള്ളവയും ലൈംഗികതയെ 'പച്ച'യായി പരാമര്‍ശിക്കുന്നവയും വള്‍ഗര്‍ ആകാം. അപ്പോള്‍ വെണ്‍മണിക്കവിതയോ എന്ന ചോദ്യമുയരാം. വരേണ്യഭാഷയില്‍ പറയപ്പെടുമ്പോള്‍ പച്ചത്തെറിയും സമ്മാന്യത നേടുന്നു എന്നാണ് നമ്മുടെ അനുഭവം. പച്ചയായി പറഞ്ഞാല്‍, പാമരഭാഷയില്‍ പറഞ്ഞാല്‍ ശ്ളീലം, അശ്ളീലമാകുന്ന സാംസ്‌കാരികയുക്തിയാണ് തെറിയുടേത് എന്ന് 'വള്‍ഗര്‍' എന്ന വാക്കിന്റെ എറ്റിമോളജി തന്നെ പറയുന്നു. ഒരു കുടം താറും ഒരു കുറ്റിച്ചൂലും പെരുവാ നിറയെ തെറിയുമായാണ് കടമ്മനിട്ടയുടെ കാട്ടാളന്‍ -savage- മലയാളകവിതയില്‍ അരങ്ങേറിയതെന്ന് നമുക്കറിയാം.' തെറി കേള്‍ക്കെ ഭഗവതിയും/ തൃപ്പൂത്തായ് തെളിയുന്നു' എന്ന് കടമ്മനിട്ട, മറ്റൊരു ആദ്യകാലകവിതയില്‍. 'തൃപ്പൂത്താവുക' എന്നാല്‍ ഭഗവതി, തിരളുക എന്നാണര്‍ത്ഥം. ദേവീപൂജയില്‍, ശാക്തേയത്തില്‍ തെറി, ഗാഢവും പ്രചണ്ഡവുമായ ഒരു പ്രാര്‍ത്ഥനാക്രമം(litany) തന്നെയാകുന്നു. ഭക്തന്റെ ദിംഗംബരമായ സ്‌നേഹോക്തിയാകുന്നു തെറി. കടമ്മനിട്ടയില്‍ അത്തരം തെറികള്‍ സാധുവാണെന്നു കരുതുന്നവരും അക്കിത്തം എന്ന  സാധുകവിയില്‍ നിന്ന് അത്തരമൊന്ന് പ്രതീക്ഷിക്കാനിടയില്ല.' കുട്ടപ്പന്‍ എന്ന കോമരം' എന്ന അക്കിത്തംകവിത ആ ധാരണയുടെ കടയ്ക്കല്‍ത്തന്നെ വീണ മഴുക്കൊത്താണ്. കുട്ടപ്പന്‍, കോമരമായി ജീവിച്ചു. ഏറെക്കാലം ഭഗവതിയുടെ നടയില്‍ തുള്ളിയുറഞ്ഞു. എന്നിട്ടും അയാള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങളൊന്നും കിടച്ചില്ല. പട്ടിണിയും ദാരിദ്ര്യവും തന്നെ മിച്ചം. അപ്പോള്‍ കുട്ടപ്പന്‍ ക്രുദ്ധനായി ഭഗവതിയോട് ഇങ്ങനെ ആക്രോശിക്കുന്ന സന്ദര്‍ഭം കവിതയിലുണ്ട് -

'കോവിലിലുണ്ടാരൊരുമ്പെട്ടവള്‍ - അവള്‍ -
തൂവിടുമെന്നില്‍ കാരുണ്യം
എന്നു ധരിച്ചൂ, കണ്ണുമിഴിച്ചീ -
ലെന്നുടെ നേരേ കൂത്തിച്ചി'. 

എം.ടി. 'നിര്‍മ്മാല്യ'ത്തില്‍ സാക്ഷാല്‍ക്കരിച്ച ആ നാസ്തികപ്രതിഷേധ (heresy) ത്തില്‍ക്കുറഞ്ഞ യാതൊന്നുമല്ല ഇവിടെ അക്കിത്തം വാക്കുകളാല്‍ ചെയ്യുന്നത്. മഹാകവിയുടെ അവസാനകാലത്തൊരിക്കല്‍, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, ഈ വരികളുദ്ധരിച്ചു സംസംരിച്ച ഈ ലേഖനുനേരേ അദ്ദേഹം പൊഴിച്ച ശിശുതുല്യമായ ആ പാല്‍പ്പുഞ്ചിരിയുടെ ആശീര്‍വ്വാദവെളിച്ചം, ഒരു 'നിത്യനിര്‍മ്മല പൗര്‍ണ്ണമി'യായി, ഇപ്പോഴും എന്റെ ഓര്‍മയില്‍ വീണുവറ്റാതെ കിടക്കുന്നു!

തെറിക്കുന്നതാണ് 'തെറി'. ഷെയ്ക്‌സ്പിയറുടെ 'ടെമ്പസ്റ്റി'ലെ കാലിബ (Caliban) ന്റെ പെരുവാ നിറയെ തെറികളായിരുന്നു. വാക്കുകള്‍ കൊണ്ട് ആ നിഷേധി അധിനിവേശകനായ പ്രോസ്‌പെരോവിനെ ആക്രമിച്ചു , അയാളുടെ അനാഘ്രാതയായ മകളെ പാംസുലയാക്കാര്‍ ശ്രമിച്ചു. ഇയാഗോയും ചിലപ്പോള്‍ അശ്ലീലഭാഷ സംസാരിക്കുന്നുണ്ട്.

'making a beast with two backs' എന്ന് ഒഥല്ലോയുടെ മധുവിധു വിവരിക്കുമ്പോള്‍ അയാളിലെ മൃഗവും പുറത്തു ചാടുന്നു. 'ഹാംലറ്റി'ലെ ഒഫീലിയ, ഉന്മാദിനിയായതിനു ശേഷം ഭാഷയുടെ സഭ്യതകള്‍ ലംഘിക്കുന്ന തെറിപ്പാട്ടുകള്‍ പാടിയിരുന്നു. തെറിപ്പാട്ടു പാടണമെങ്കില്‍ പെണ്ണിന് ഭ്രാന്ത്രിയാവണമെന്ന എലിസബീതന്‍ യുക്തിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.'ഞാന്‍ പോയാലെന്താ!' എന്ന് നിഷേധിയാവണമെങ്കില്‍ നകുലന്റെ ഭാര്യ ഗംഗയ്ക്ക് (ഒരു പുണ്യനദിയുടെ പേരിനാല്‍ കൂടി പൂതയാക്കപ്പെട്ടവള്‍!) ആട്ടക്കാരിയായ തമിഴത്തി - നാഗവല്ലി-യുടെ ബാധ കൂടണം എന്ന'മണിച്ചിത്രത്താഴി'ലെ പൊതുബോധത്തിനുമില്ല ഇപ്പോഴും ഇളക്കമൊന്നും. അതിനാല്‍ കവിതയിലും കഥയിലും അശ്ലീലമെഴുതുന്ന പെണ്‍സുഹൃത്തുക്കളോട് നമുക്ക് കൂടുതല്‍ സഹിഷ്ണുക്കളാകാം. കാരണം അത്തരം ഉന്മാദിനികളില്ലാത്ത നമ്മുടെ ആണ്‍കോയ്മാസമൂഹം 'പറയാത്ത തെറി വാക്കു' പോലെ അശ്ലീലഭാരം നിറഞ്ഞ്, അങ്ങേയറ്റം അരോചകമായി മാറും.

മുമ്പൊരിക്കല്‍ ഒരഭിമുഖ സംഭാഷണത്തിനിടെ ചില തെറിവാക്കുകള്‍, അത്രമേല്‍ സ്വാഭാവികമെന്നോണം, ഉച്ചരിച്ച ഒ.വി വിജയന്‍ ഉണര്‍ത്തിയ അന്ധാളിപ്പിനെപ്പറ്റി കഥാകൃത്തായ വിനു എബഹാം എഴുതിയതോര്‍മ്മവരുന്നു. കാരണം അന്ന്, ധര്‍മ്മപുരാണകാലം പിന്നിട്ട, 'ഗുരുസാഗര'ത്തിന് വയലാര്‍ അവാര്‍ഡു ലഭിച്ച വിജയനനായിരുന്നു ആ ചെറുപ്പക്കാരന് അഭിമുഖമിരുന്നത്. (അപ്പോഴും വിജയന് തന്റെ തെറികള്‍ കൈമോശം വന്നിരുന്നില്ല എന്ന അറിവ് എത്ര ആഹ്‌ളാദകരം!)

മര്‍ദ്ദകമായ വ്യവസ്ഥയ്‌ക്കെതിരായ ഏത് ശബ്ദിക്കലും തെറിയാണ്. എഴുപതുകളില്‍ 'അടിയന്തിരാവസ്ഥ അറബിക്കടലില്‍' എന്ന ചുവരെഴുത്ത് ഒരു മുട്ടന്‍തെറിയായിരുന്നു (ബെന്യാമിന്റെ' മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലില്‍ അങ്ങനെ ചെയ്യുന്ന ഒരാണ്‍കുട്ടിയെ കാണാം).' 

നടവഴിയില്‍ നാലുകെട്ടില്‍
നാട്ടിലെല്ലാം നടപ്പുദീനം
നാട്ടമ്മ നല്ല തേവി 
കോട്ടയില്‍ നിന്നരുള്‍ ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാന്‍' എന്നാരംഭിക്കുന്ന' നാവുമര'ത്തിന് ഒരു കാവുതീണ്ടലിന്റെ ധൃഷ്ടതയുണ്ടായിരുന്നു. ഭഗവതി, സര്‍വദമനം ചെയ്യുന്ന പ്രധാനമന്ത്രിയെന്ന വനിതയാകുന്ന ചരിത്രത്തിന്റെ വിചിത്രചമല്‍ക്കാരവുമുണ്ടായിരുന്നു ആ സച്ചിദാനന്ദന്‍കവിതയ്ക്കു പിന്നില്‍.

എങ്കിലും പറയുന്ന, എഴുതുന്ന തെറിയെല്ലാം കവിതയോ വിപ്‌ളവമോ ആകില്ല. ഗ്രഹണിക്കുട്ടികള്‍, 'അപ്പം, അട, പഴം' എന്നിങ്ങനെ പറയുന്നതു പോലെയും (ഈ താരതമ്യത്തിന് കുട്ടികൃഷ്ണമാരാരോട് കടപ്പാട്) ചിലര്‍ തെറി പറയും. ഗ്രഹണി പിടിച്ച കുട്ടിയുടെ കൊതി പറച്ചിലാവരുത് മികച്ച കലാവിഷ്‌കാരങ്ങള്‍.

മഷിപ്പച്ച മുൻഭാഗങ്ങൾ വായിക്കാം

Content Highlights: mashipacha sajay kv writes about vulgar words in literature