ടപ്പള്ളി സ്‌ക്കൂളിലെ ഹൈസ്‌കൂള്‍ കുട്ടികളോടു സംസാരിക്കുകയായിരുന്നു. നിങ്ങള്‍ കണ്ട ഒരത്ഭുതത്തെക്കുറിച്ചു പറയൂ എന്ന് അവരോടാവശ്യപ്പെട്ടപ്പോള്‍ ആനയും കടലും തീവണ്ടിയുമൊക്കെയായിരുന്നു എന്റെ പഴമനസ്സില്‍. മുന്‍നിരയില്‍ എന്റെ വലതുഭാഗത്തായി ഇരുന്ന, ഹാരി പോട്ടറിന്റെ മുഖച്ഛായയുള്ള, കണ്ണടക്കാരന്‍ കുട്ടി, പക്ഷേ, അതൊന്നുമല്ല പറഞ്ഞത്.'മനുഷ്യന്റെ മുഖം', അവന്‍ പറഞ്ഞു. ആദ്യം ഞാന്‍ ഒന്നമ്പരന്നു. പിന്നെ മെല്ലെ മെല്ലെ അവന്‍ പറഞ്ഞതിന്റെ പൊരുള്‍ തെളിഞ്ഞു.

മനുഷ്യന്റെ മുഖം, എന്റെയും നിന്റെയും അവരുടെയും- അതിനെ എന്താണ് വിസ്മയകരമാക്കുന്നത്? അതിലെ തന്മയും പലമയും തന്നെ. ഓരോ മുഖവും അനന്യമാണ്. ആ അനന്യത അവയെ വേറിട്ടവയാക്കുന്നു. തന്മയുടെ ആവിഷ്‌കാരമല്ലെങ്കില്‍ വേറെന്താണ് ഒരു മനുഷ്യമുഖം? അതിനെ അനേകര്‍ തിരിച്ചറിയുമ്പോള്‍ അയാള്‍ 'പ്രമുഖ'നാകുന്നു. എല്ലാവര്‍ക്കും സുപരിചിതമായ മുഖമായി അതു മാറുന്നു. മരണാനന്തരം തപാല്‍സ്റ്റാമ്പിലും നാണയത്തിലുമൊക്കെ അവ മുദ്രണം ചെയ്യപ്പെടുന്നു. ജനതയുടെ ഹൃദയത്തിലാണ് മറ്റു ചില മുഖങ്ങള്‍ മുദ്രണം ചെയ്യപ്പെടുക - മഹാത്മാഗാന്ധിയുടെയും ചെഗുവേരയുടെയും നാരായണഗുരുവിന്റെയും മുഖങ്ങള്‍ പോലെ. മഹാകവി ഭാരതിയാരുടെ മുഖം, ഈയിടെ, തമിഴ്‌നാട്ടില്‍ നിന്നുവന്ന ഒരു ചരക്കുലോറിയില്‍ക്കൂടി മുദ്രപ്പെട്ടു കണ്ടു. അതിലുമെത്രയോ ആഴത്തിലാവണം ആ കവിമുഖം അന്നാട്ടുകാരുടെ അന്ത:കരണത്തില്‍ അങ്കനം ചെയ്യപ്പെട്ടിരിക്കുന്നത്!

പ്രണയത്താലാണ് ഇനിയും ചില മുഖങ്ങള്‍ മാലാഖമാവുക. കാമുകിയുടെ മുഖം പോലെ വായിച്ചാല്‍ തീരാത്ത പുസ്തകമില്ല കാമുകന്. ഓരോ കുറുനിരയും, കവിതയില്‍ മാത്രം അത്രമേല്‍ അര്‍ത്ഥവത്തായിത്തീരുന്ന ചില ചിഹ്നങ്ങള്‍ പോലെ, അയാള്‍ വായിക്കുന്നു. പുരികത്തിന്റെ വളവില്‍ നീലമഴവില്ലുദിക്കുന്നതുവരെ, അവയെ അയാള്‍ നോക്കി നോക്കിയിരിക്കുന്നു. അവയുടെ നടുവിലെ ചുവന്ന വട്ടപ്പൊട്ടിനെ ധ്യാനിച്ച് സൂര്യനാക്കുന്നു. കാമുകിയുടെ കണ്ണില്‍, തന്നെ ആഹ്‌ളാദപൂര്‍വം അതില്‍ ചാടി മരിക്കാന്‍ ക്ഷണിക്കുന്ന, ഒരു നീലക്കയമുണ്ടെന്നു കാണുന്ന കണ്ണ് കാമുകന്റേതു മാത്രമായിരിക്കും. അവളുടെ ചുണ്ടിന്റെ ആകാരഭേദങ്ങള്‍, പുഞ്ചിരിക്കുമ്പോഴും പരിഭവിക്കുമ്പോഴും വേദനിക്കുമ്പോഴും കൊഞ്ചിപ്പറയുമ്പോഴും മൗനിയായിരിക്കുമ്പോഴും പലതായി ആകൃതിപ്പെടുന്നത്, അയാള്‍ക്കു മാത്രം ഹൃദിസ്ഥം ('തൊട്ടു മുമ്പ്/ കോട്ടു വായിട്ട് എന്നെ നിരാശപ്പെടുത്തിയ/ അതേ ചുണ്ടും വായും കൊണ്ട്/ ഒരു പുഞ്ചിരിയെ ഉണ്ടാക്കി/ നീ എന്നെ അത്ഭുതപ്പെടുത്തി' എന്ന് വീരാന്‍ കുട്ടി, 'അത്ഭുതം' എന്ന കവിതയില്‍). ഇങ്ങനെ വായിക്കപ്പെടാന്‍ വേണ്ടിയാണ് അവള്‍ തന്റെ മുഖത്തെ ഒരു പ്രണയപുസ്തകമാക്കി മാറ്റി അവന്റെ മുന്നില്‍ മാത്രം തുറക്കുന്നത്! എണ്ണിയാലൊടുങ്ങാത്തത്ര ഇതളുകളുള്ള ഒരു പൂവായി, അവന്റെ നോട്ടത്താല്‍ മാത്രം, വിരിയുന്നത്!

ചെടിയുടെ മുഖം പൂവല്ലാതെ വേറെന്താണ്, അത് സസ്യശാസ്ത്രത്തിനു സമ്മതമല്ലെങ്കിലും?കുട്ടികള്‍ വരയ്ക്കുന്ന പൂക്കള്‍ക്കെല്ലാം മുഖമുണ്ട്; അതു പുഞ്ചിരിക്കുകയും ചെയ്യുന്നു. 'ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നൂ/ പൂവേ, അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു' എന്ന് കുമാരനാശാന്‍. അതെ, പൂവിന്റേതായാലും മനുഷ്യന്റേതായാലും മുഖം നീളെ സഞ്ചരിക്കുകയാണു ചെയ്യുക, പുഞ്ചിരി!  പുഞ്ചിരിയെ ഒന്നു നീട്ടിയാല്‍ അതു പൂഞ്ചിരിയുമായി!

നോട്ടത്തിലാണ് മുഖം തെളിയുന്നത്, നോക്കുന്നവന്റെയും കാണപ്പെടുന്നവന്റെ/ളുടെയും. ഓരോ നോട്ടവും ഒരു പ്രത്യഭിജ്ഞാനസന്ദര്‍ഭം കൂടിയാണ്. ചിരപരിചിതരെ നമ്മള്‍ വേഗം തിരിച്ചറിയുന്നു, മറക്കപ്പെട്ടവരെ സാവധാനം. ഈ സാവധാനതയില്‍ കണ്ണും ചുണ്ടും മൂക്കും കവിളും നെറ്റിയും മുടിയും 'കൂട്ടി വായിക്കു'ന്നതിലെ ഹൃദ്യമായ ശ്രമമുണ്ട്. കൂട്ടി വായിക്കുമ്പോള്‍ അര്‍ത്ഥം തെളിയുന്നതു പോലെ വ്യക്തി തെളിയുന്നു. എന്തു നല്ലവാക്കാണ് 'വ്യക്തി' എന്നത്! തന്മയുടെ അഭിവ്യക്തിയാണ് 'വ്യക്തി'. മുഖം വ്യക്തിയെ വെളിപ്പെടുത്തുന്നു, മറ്റെന്തിലുമേറെ. അതിനാലാണ് പര്‍ദ്ദയാലോ മറ്റോ ഉള്ള മുഖം മറയ്ക്കല്‍, വ്യക്തിത്വത്തിന്റെ തന്നെ, ആച്ഛാദനമായി മാറുന്നത്.

'മുഖപടം നീങ്ങവേ കണ്ട തിങ്കള്‍-
മുഖമൊരു നീറും കലയായ് നെഞ്ചില്‍!' എന്ന് 'മീര്‍ തകി മീര്‍' എന്ന ഉര്‍ദുകവി. ആ കാഴ്ച്ചയൊരു മിന്നലാണ്; പെണ്‍മിന്നലടിച്ച് കണ്ണഞ്ചിപ്പോയവന്റെ കാഴ്ച്ച. ആച്ഛാദനത്താല്‍ അമൂല്യത കൈവരിച്ചതിന്റെ അനാച്ഛാദനമുഹൂര്‍ത്തമാണത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗസലി'ല്‍ മലയാളി, മുമ്പു തന്നെ, ഇത്തരമൊരപാവരണത്തിന്റെ മാന്ത്രികശോഭ കണ്ടിട്ടുണ്ട്;
'ഒരു മാത്ര തന്‍ സര്‍വ്വകാലസംഗ്രഹക്ഷണ-
പ്രഭയില്‍ മായാപടം മാറ്റുക മനോഹരീ!'എന്ന ഗാഢമായ ആ ഗാനനിശ്വാസത്തില്‍.

കാതറീന്‍ മാന്‍സ്ഫീല്‍ഡിന്റെ ഒരു കഥയില്‍, കാലങ്ങള്‍ക്കു ശേഷം പിരിഞ്ഞുകണ്ടുമുട്ടിയ കമിതാക്കളിലൊരാള്‍ മറ്റെയാളെ തിരിച്ചറിഞ്ഞ മാത്രയെ കഥാകാരി ഇങ്ങനെയാണ് വിവരിച്ചത്- 'ഇരുണ്ട മുറിയില്‍, പൊടുന്നനേ, ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചാലെന്നപോലെ'. 'റെകഗ്നിഷന്‍'(recognition) എന്ന പ്രതിഭിജ്ഞാനത്തിന്റെ മിന്നിത്തെളിയലാണത്. അതിന്റെ വെളിച്ചത്തില്‍ അതുവരെ ഇരുളിലായിരുന്ന 'വ്യക്തി' വെളിപ്പെടുന്നു.

റെംബ്രാന്റിന്റെ സെല്‍ഫ് പോര്‍ട്റെയ്റ്റുകളെപ്പറ്റി എലിസബെത്ത് ജെനിങ്സിന്റെ കവിതയുണ്ട്. യൗവ്വനത്തിലും വാര്‍ധക്യത്തിലും പ്രണയത്തിലും ഏകാകിതയിലും ആഹ്‌ളാദത്തിലും വിഷാദത്തിലും മഹാചിത്രകാരന്‍ തന്റെ മുഖം തന്നെ വരച്ചു. അങ്ങനെ ക്രമേണ മായുന്ന ആഹ്‌ളാദത്തിന്റെ തിളക്കമുറ്റ രേഖകളെയും കൂടിക്കൂടി വരുന്ന മ്ലാനതയുടെ ഇരുണ്ട വരകളെയും അയാള്‍ കണിശമായി ചിത്രപ്പെടുത്തി. മനുഷ്യന്റെ മുഖം, എണ്ണ വറ്റിയ വിളക്കുപോലെ, ക്രമേണ മങ്ങുന്നതും ഇരുളുന്നതും അണയുന്നതും,തന്നെത്തന്നെ മുന്‍നിര്‍ത്തി, കാട്ടിത്തരികയായിരുന്നു റെംബ്രാന്‍ഡ്.

മോണാലിസയുടെ മുഖം ധ്യാനിച്ച് അതിനെ വര്‍ണ്ണങ്ങളായി ഭാഷാന്തരപ്പെടുത്തിയ ദീര്‍ഘദീര്‍ഘങ്ങളായ ദിനരാത്രങ്ങളില്‍ ഡാവിഞ്ചിയോളം മുഗ്ദ്ധനായ ഒരു പ്രണയിയുണ്ടായിരുന്നില്ല, ഭൂമിയില്‍. കണ്ടുകണ്ട് പ്രിയതമമായിത്തീര്‍ന്ന ആ മുഖം അയാള്‍ സ്വന്തമാക്കിയത് തന്റെ കലയുടെ വശ്യശക്തിയിലൂടെയായിരുന്നു. കലാകാരന്‍, ദമിതകാമുകന്‍ എന്നീ ഇരട്ടച്ചുമതലകള്‍, ഒരേ സമയം, വഹിച്ചിരുന്ന ആ സങ്കീര്‍ണ്ണവിനാഴികകളുടെ ഉദ്വിഗ്നതയാവണം അവള്‍ക്ക് ആ സാന്ധ്യച്ഛവിയുള്ള വിഷാദസ്മിതം സമ്മാനിക്കാന്‍ അയാളെ പ്രാപ്തനാക്കിയത്!

'ഭക്ഷ്യങ്ങള്‍ ചവയ്ക്കാനുപയോഗിക്കുന്നത്' എന്നാണ് മുഖത്തിന്റെ അമരകോശാര്‍ത്ഥം (അതെ, മലയാളമായിത്തീര്‍ന്ന ഒരു സംസ്‌കൃതപദമാണ് 'മുഖം' അഥവാ സംസ്‌കൃതമാണ് മലയാളത്തിന്റെ മുഖം!); മുഖപര്യായമായ 'വക്ത്ര'ത്തിന് 'ഇതുകൊണ്ടു വചിക്കുന്നു' എന്നും.
'അച്ചാരുഗാത്രി തന്‍ വക്ത്രചന്ദ്രങ്കല്‍ നി-
ന്നുച്ചലിക്കുമൃഷികാവ്യഗാനാമൃതം' എന്ന് വള്ളത്തോള്‍ 'കൊച്ചുസീത'യില്‍. വചിക്കുമ്പോഴാണ് വക്ത്രം വക്ത്രമാകുന്നത് എന്നു മനസ്സിലാക്കിയ മഹാകവിയുടെ ഉചിതജ്ഞത!

ഇക്കൂട്ടത്തില്‍ ഓര്‍മ്മിക്കാതെ പോകരുതാത്ത ഒരു ചലച്ചിത്രഗാനകല്പനയുണ്ട്. പി.ഭാസ്‌കരനാണ് അതിന്റെ ശില്പി. സംസ്‌കൃതത്തില്‍ നിന്ന് മലയാളി സ്വായത്തമാക്കിയ മുഖം അതില്‍ ഒരു മുഴുമലയാളപദം കൊണ്ട് പകരം വയ്ക്കപ്പെടുന്നു എന്നതാണതിന്റെ മലയാളച്ചന്തം. 'വെങ്കലം' എന്ന ഭരതന്‍ചിത്രത്തിനു വേണ്ടി ഭാസ്‌കരന്‍ മാഷ് എഴുതി -
'ചെക്കന്റെ മോറ് ചെന്താമര!' ആ കല്യാണച്ചെക്കന്റെ  മാത്രമല്ല, ഏതു മലയാളിയുടെയും മുഖം അതു കേള്‍ക്കെ തെല്ലൊന്നു വിരിയും; തായ്‌മൊഴിയുടെ പുലരൊളിയേറ്റു തുടുക്കും. മലയാളത്തിന്റെ മോറിനു മുന്നില്‍ 'മുഖ'ത്തിന്റെ മുഖം തെല്ലൊന്നു മങ്ങുന്ന അപൂര്‍വ്വാവസരം കൂടിയാണത്. തന്റെയൊരു കവിതയില്‍, 'മാക്കംമീടി'(ഭഗവതിയുടേതു പോലെ ശോഭനമായ മുഖമുള്ളവള്‍) എന്നെഴുതിയ ബിജു കാഞ്ഞങ്ങാട് എന്ന കവിമിത്രം ആ വാക്കിനു ചുറ്റും സൃഷ്ടിച്ച ഗ്രാമ്യപരിവേഷത്തിന്റെ പേരില്‍ അയാളോടുള്ള ഇഷ്ടം ഇരട്ടിച്ച ഒരാളാണിതെഴുതുന്നത് എന്നു കൂടി പറയട്ടെ!

Content Highlights :mashipacha sajay kv writes about the synonyms of face