സുഗതകുമാരിയുടെ കൃഷ്ണകവിതകളില്‍ മുങ്ങിപ്പോയ രണ്ടു കവിതകളാണ് സീതാജീവിതം പ്രമേയമാകുന്ന 'ഇന്നത്തെ സന്ധ്യയോ'(അമ്പലമണി), 'പാദപ്രതിഷ്ഠ'(തുലാവര്‍ഷപ്പച്ച) എന്നിവ. എഴുപതുകള്‍ക്കൊടുവില്‍, 1977-ലാണ് ആദ്യകവിത എഴുതപ്പെടുന്നത്. സീതയുടെ ജീവിതാസ്തമയത്തോടടുത്ത, വാല്മീകിയുടെ ആശ്രമത്തില്‍ അമ്മയും അനാഥയുമായിക്കഴിച്ചു കൂട്ടിയ അവസാനവര്‍ഷങ്ങളുടെ സാന്ദ്രമോഹനമായ ആവിഷ്‌കാരമാണ് ആ കവിത. ഉഷസ്സിന്റെ ഉന്മേഷഭരിതമായ ശോണിമയില്‍നിന്ന് തുലോം വ്യത്യസ്തമാണ് സായാഹ്നത്തിന്റെ സൗവ്വര്‍ണ്ണം. അതിന് ശാന്തവും ശാലീനവും, ഒപ്പം കുലീനവുമായ ഒരു തരം ദുഃഖച്ഛവിയുണ്ട്. 'ഉഷസ്സന്ധ്യ പോലെയൊരു പാവനാംഗിയാള്‍' എന്നാണ് ആശാന്‍ താപസിയായ നളിനിയെ വിവരിച്ചത്. സന്ധ്യയെ താപസിയും പ്രണയിനിയുമായ മഹാവ്രതയുടെ ഉപമാനമാക്കിയ ആശാന്റെ ആ മഹിതഭാവനയുടെ പൈതൃകമവകാശപ്പെടാവുന്ന രചനയാണ് സുഗതകുമാരിയുടെ 'ഇന്നത്തെ സന്ധ്യയോ'.

'ഇന്നത്തെ സന്ധ്യയോ കാഷായവും ചാര്‍ത്തി നിന്നിടും സീതയെപ്പോലെ' എന്നാണ് കാവ്യാരംഭം. ഇന്നത്തെ സന്ധ്യയില്‍ ആ ത്രേതായുഗസന്ധ്യയും സന്ധ്യയെപ്പോലെ കാഷായവസ്ത്രം ധരിച്ച സീതയെയും കാണുകയാണ് കവി. വിധുരയാണ്, ഭര്‍ത്താവിനെപ്പിരിഞ്ഞവളാണ്, ഈ സീതയെന്നതാണ് അവളുടെ അഴലും അഴകും.' പുറകില്‍ വന്‍കാടാകെയിരുളവേ, കുന്നിന്റെ/ ചെരിവിലൂടേകയാ'യെത്തുന്ന സീതയാണ് കവിതയുടെ തുടക്കത്തില്‍. ഇലക്കുമ്പിളില്‍ കാട്ടുപൂക്കള്‍ നുള്ളിനിറയ്ക്കുമ്പോഴും ചുണ്ടുകളില്‍ രാമമന്ത്രം മാത്രമുള്ളവളാണ് ആ സീത. എങ്കിലും ചിലനേരം, ചില ഗതകാലസ്മരണകളാല്‍ ആതുരയും ആകുലയുമാകുന്നവള്‍. ആശ്രമോപാന്തത്തിലെ മരച്ചുവട്ടില്‍ മയങ്ങുന്ന മാനിണകളുടെ പാരസ്പര്യം കാണവേ തന്റെ പരിത്യക്തതയെക്കുറിച്ചോര്‍ത്തു പോകുന്നവള്‍. കരളില്‍ ഇരമ്പുന്ന നിലവിളിയുമായിക്കഴിയുന്ന, തല ചായ്ക്കുവാന്‍ രാമന്റെ ബലിഷ്ഠഹസ്തങ്ങളില്ലാത്ത, രാത്രികള്‍ ഉറങ്ങാനാവാതെ കഴിക്കുന്ന അവളുടെ ഒരേയൊരു സാന്ത്വനം കളിമ്പം വിട്ടുമാറാത്ത കുട്ടികളാണ്. അവരെ മാറോടമര്‍ത്തി നിന്നു കൊണ്ട് സീത പുഞ്ചിരിക്കുന്നു.' ഒരു ദിവ്യമന്ദസ്മിതത്തിനാല്‍ സര്‍വ്വവും തഴുകുന്ന സീത'എന്ന് കവി. കവിത ഇങ്ങനെ അവസാനിക്കുന്നു-
'ഇന്നത്തെ സന്ധ്യയോ? സൗമ്യയാമിവളെ ഞാന്‍
എമ്മട്ടില്‍ വര്‍ണ്ണിച്ചിടേണ്ടൂ?
ചൊല്ലിടാം, ഈ സന്ധ്യ,
മെയ്‌തൊട്ടൊരഗ്‌നിയും
പൊള്ളിയ സീതയെപ്പോലെ.' ദുഃഖാഗ്‌നിയില്‍ നിശ്ശബ്ദയായ് നീറി, അതിനേക്കാള്‍ ശക്തയും തപ്തയും തേജസ്വിനിയുമായ മറ്റൊരു സൗമ്യാഗ്നിയായി മാറുകയാണ് സീത. സീതാജീവിതത്തിലെ ആ അന്തിമസന്ധ്യയുടെ അഗ്‌നിവര്‍ണ്ണമാണ് കവിത വായിച്ചുകഴിയുമ്പോള്‍ വായനക്കാരുടെ ഉള്ളില്‍ത്തങ്ങുക. ഒരു സന്ധ്യയുടെ പവിത്രാന്തരീക്ഷത്തെയും അതിന്റെ ദു:ഖശോഭയെയും മുന്‍നിര്‍ത്തി സീതയുടെ ജീവിതാവസാനത്തിന്റെ ദുരന്തദീപ്തിയെയും മഹത്ത്വതേജസ്സിനെയും സംഗ്രഹിക്കാനാവുന്നു സുഗതകുമാരിക്ക് എന്നതാണ് ഈ കവിതയുടെ അനന്യത. ഇതിന്റെ കൂടുതല്‍  രൂപത്തികവുള്ള മറ്റൊരാവിഷ്‌കാരമായിരുന്നു, കൃത്യമായും ഒരു പതിറ്റാണ്ടു കഴിഞ്ഞ്, 1987-ല്‍ എഴുതപ്പെട്ട 'പാദപ്രതിഷ്ഠ'. ആ ഗഹനരചനയിലേക്കുള്ള കവിയുടെ ആദ്യചുവടായിരുന്നു 'ഇന്നത്തെ സന്ധ്യയോ' എന്ന ലളിതവും ഹ്രസ്വവുമായ കവിത.

'പാദപ്രതിഷ്ഠ' ശ്രദ്ധിക്കപ്പെട്ടപ്പോഴും അതിന്റെ ഈ സൂക്ഷ്മരൂപമോ മൂലരൂപമോ ആരും ശ്രദ്ധിച്ചില്ല. അത്തരമൊരു വായനയുടെ സാധ്യത തുറന്നിടുക എന്നതു മാത്രമാണ് ഈ ചെറുകുറിപ്പിന്റെ ലക്ഷ്യം.

'ഇന്നത്തെ സന്ധ്യയോ' എന്ന കവിതയില്‍ കാട്ടില്‍ പൂ തേടി തനിച്ചു നില്‍ക്കുന്ന സീതയുടെ ചിത്രം നമ്മള്‍ കണ്ടുകഴിഞ്ഞു. ആ സീതയുടെ അന്തര്‍ഗ്ഗതങ്ങളെന്തെന്ന് അവിടെ കവി പറയുന്നില്ല.' വിളറുന്ന കവിളുമായോര്‍ത്തു നില്‍ക്കുന്ന വിധുര' എന്ന വിവരണത്തിലൂടെ, ബാക്കിയെല്ലാം വായനക്കാരുടെ ഊഹത്തിനു വിടുകയാണ് കവി. 'പാദപ്രതിഷ്ഠ' യില്‍ ആ രംഗം കൂടുതല്‍ മിഴിവോടെ ഇങ്ങനെ ആവര്‍ത്തിക്കുന്നു -

'ഇരുളണയും മുമ്പ് , പൂജയ്ക്കു പൂ തേടി -
യുഴറി നടന്നിടുന്നേരം
കരിമുള്ളു കാലില്‍ തറയ്ക്കവേയാദ്യത്തെ വനയാത്ര തന്‍ ശ്രാന്തനാളില്‍
ആദ്യത്തെ മുള്ളേറ്റു നിന്ന തന്‍ കാലടി -
ച്ചോപ്പില്‍ക്കരുണകരുണം
പതിയെത്തലോടു- മത്തൃക്കരത്തിന്‍ സുഖ-
സ്മൃതിയുണര്‍ത്തും ഹര്‍ഷവായ്പില്‍
അകലെക്കിടാങ്ങള്‍ തിരഞ്ഞു വിളിപ്പതു -
മറിയാതെ നിശ്ചലം നില്‍ക്കും
ഇരുതുള്ളിക്കണ്ണീരു വീണൊലിച്ചീടുമാ
മുറിവേറ്റ പാദങ്ങളല്ല ...' ആദ്യകവിതയിലേതിനേക്കാള്‍ വിശദാംശസമൃദ്ധമാണ് ഈ സീതാചിത്രം. ആ വിധുരയുടെ അന്തരംഗം കൂടി ഈ അവസരത്തില്‍ കവി കടന്നു കാണുന്നു. ആദ്യത്തെ വനയാത്രയില്‍ സീത രാമനെ അനുഗമിക്കുയായിരുന്നു. ഇപ്പോള്‍ രാമനോ ലക്ഷ്മണനോ ഇല്ല. അന്ന് കരുതലും കാവലുമായി കൂടെയുണ്ടായിരുന്ന കാന്തനാല്‍ പരിത്യക്തയുമാണ് ഇപ്പോള്‍ സീത. അന്നത്തെയാ നവോഢ, രണ്ടു കുട്ടികളുടെ മാതാവു മാണിപ്പോള്‍. സീതയുടെ ആ ഉഭയാവസ്ഥയാണിവിടെ സുഗതകുമാരി , ഏതാനും ചില വരികള്‍ കൊണ്ട് സാന്ദ്രമായും സംക്ഷിപ്തമായും കോറിയിടുന്നത്. ആദ്യചിത്രത്തില്‍ പറയപ്പെടാതെ പോയ സീതയുടെ അന്തര്‍ഗ്ഗതങ്ങള്‍ കൂടി ഇവിടെ പറയപ്പെട്ടിരിക്കുന്നു. ഭൂതകാലത്തിന്റെ സ്മരണകളാല്‍ക്കൂടി വികാരപരിവേഷമണിഞ്ഞ ആ സന്ധ്യയുടെ ഗാഢത അതോടെ ഇരട്ടിക്കുന്നു. ഇങ്ങനെ കൂടുതല്‍ തികവും മിഴിവുമുറ്റ ഒരു സീതാചിത്രം വരയ്ക്കുന്നതിനു വേണ്ടി സുഗതകുമാരി ചെലവഴിച്ച പത്തുവര്‍ഷങ്ങളുടെ ദൂരമാണ് ഇവിടെപ്പരാമര്‍ശിച്ച രണ്ടു കവിതകള്‍ക്കിടയിലെ ഭാവുകത്വദൂരം. അതിനിടെ കവി കൂടുതല്‍ മുതിരുകയും വളരുകയും ചെയ്യുന്നു. അതോടെ തന്നില്‍ത്തന്നെയുള്ള ആ സീതയെ കൂടുതല്‍ വ്യക്തതയോടെയും പൂര്‍ണ്ണതയോടെയും അവര്‍ക്കു കാണാന്‍ സാധിച്ചതിന്റെ ഫലമാണ് 'പാദപ്രതിഷ്ഠ' എന്ന കവിത. 'ഇന്നത്തെ സന്ധ്യയോ' എന്ന കവിതയില്‍ കേവലം മൂന്ന് വരികളിലായി പറയപ്പെട്ട സീതയുടെ അന്തര്‍ദ്ധാനം ഈ പില്‍ക്കാലകവിതയില്‍ കൂടുതല്‍ വിശദമാവുകയും അതിന്റെ ദുരന്തഗാംഭീര്യം പതിന്മടങ്ങായിത്തീരുകയും അത് കവിതയുടെ ഭാവപാരമ്യമായി മാറുകയും ചെയ്യുന്നു -
'ചുരുള്‍ വീണു താഴും മഹാദുഃഖനാടക-
കഥയുടെ ഭരതവാക്യത്തില്‍ ഒടുവില്‍ മഹര്‍ഷിയെ പിന്തുടര്‍ന്നെത്തിയോ -
രതിതാന്തമായ പാദങ്ങള്‍
വഴി നടന്നേറെക്കരിഞ്ഞു പൊടി നിറ-
ഞ്ഞിരുളുന്ന നഗ്‌നപാദങ്ങള്‍
അശ്രുപൂര്‍ണ്ണം രാമപാദങ്ങള്‍ ദൂരെ നി-
ന്നര്‍ച്ചിച്ചിടുന്ന പാദങ്ങള്‍
പിളരുവാന്‍ വെമ്പുമാ
ഭൂവിലേയ്ക്കാദ്യമായ് മറയുവാനുള്ള പാദങ്ങള്‍
' മതി മതി'യെന്നു പിന്‍വാങ്ങുന്ന ശാന്തമാം
മെലിവാര്‍ന്ന രണ്ടു പാദങ്ങള്‍...'

'ഇന്നത്തെ സന്ധ്യയോ' എന്ന കവിതയ്ക്കും, ഈ വിധം, ഒരു മുന്‍ഗാമിയുണ്ടെന്നു കാണാം. 1968-ല്‍ എഴുതപ്പെട്ട, 'ഇരുള്‍ച്ചറകുകള്‍' എന്ന സമാഹാരത്തിലെ 'സന്ധ്യ' എന്ന കവിതയാണത്. ദുഃഖങ്ങളുടെ മധ്യാഹ്നം പിന്നിട്ടുകഴിഞ്ഞവളുടെ മനസ്സിന്റെ അസ്തമയശോഭയാണ് ആ സന്ധ്യയ്ക്ക്. ആ സന്ധ്യ ക്രമേണ, സീതയായി മൂര്‍ത്തത കൈവരിക്കുകയും പിന്നീടു സീത മാത്രമാവുകയും ചെയ്യുന്ന പരിണാമമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത് സുഗതകുമാരിയുടെ കവിതയില്‍. 'സന്ധ്യ' മുതല്‍ 'പാദപ്രതിഷ്ഠ വരെ നീളുന്ന ആ മുപ്പതിറ്റാണ്ടുകാലത്തെ ഭാവുകത്വപരമായ ആരോഹണത്തിന്റെ മൂന്ന് ഋതുക്കളായി കാണുന്ന ഒരു വായനയ്ക്കാണ് ഇവിടെ മുതിര്‍ന്നത്. 'സന്ധ്യ' എന്ന കവിതയിലെ , പിന്നീട് സീതയുമായന്വയിക്കപ്പെടാനിരിക്കുന്ന, ആ ദിനാന്തചിത്രത്തിന്റെ ഭാവശോഭ വ്യക്തമാക്കുന്ന ഏതാനും ചില ഈരടികള്‍ ഇവിടെ എടുത്തെഴുതിക്കൊണ്ടവസാനിപ്പിക്കാം-

'എന്തു വെയിലായിരുന്നു! പതുക്കവേ
അന്തി വന്നെത്തുകയായീ, കിഴക്കിന്റെ
പൊന്‍കവിള്‍ മങ്ങുകയായീ, വിചാരങ്ങള്‍ തന്‍ കൂടണയുകയായീ, മനസ്സിന്റെ
ചാഞ്ഞ ചില്ലക്കൊമ്പിലാദ്യനക്ഷത്ര-
മുണര്‍ന്നു മണക്കുകയായീ,മതി, യൊന്നു
താന്തമിരുന്നുകൊള്ളട്ടേ, ഹൃദന്തരം
ശാന്തിയെ ധ്യാനിച്ചിടട്ടേ...'

മഷിപ്പച്ച മുന്‍ലക്കങ്ങള്‍ വായിക്കാം

Content Highlights : Mashipacha Sajay K V writes about seetha in Sugathakumari poems