എസ്.പി.ബിയെക്കുറിച്ചുള്ള ഏറ്റവും പഴയ ഓര്‍മ ഏതായിരിക്കും? ശ്വാസവായു പോലെ നാലുപാടും നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന ഒരു നാദാകാരനെ ആദ്യമായി കാതുകൊണ്ടറിഞ്ഞതെപ്പോള്‍ എന്നു കണ്ടെത്തുക എളുപ്പമല്ല. എങ്കിലും ഒരോര്‍മയുണ്ട്. കുട്ടിക്കാലത്താണ്. വീടിനടുത്ത തെങ്ങിന്‍പറമ്പ് പെട്ടെന്നൊരു ദിനം ഒരു തുറന്ന വേദിയായി മാറുന്നു. ഇനിയവിടെ അരങ്ങേറുക 'സൈക്കിള്‍ യജ്ഞം' എന്നു പേരുള്ള ഒരു കലാകായിക പ്രകടനമാണ്. പാട്ടും ഡാന്‍സും മെയ്യഭ്യാസവുമൊക്കെ ഉണ്ടാകും. സൈക്കിളാണ് കേന്ദ്രസാന്നിധ്യം. പ്രധാന പ്രകടനങ്ങളെല്ലാം അരങ്ങേറുന്നത് സൈക്കിള്‍ ചവിട്ടുന്നവന്റെ നിരന്തര ഭ്രമണത്തിനിടയില്‍. അതിനു കൊഴുപ്പു കൂട്ടാനാണ് പാട്ടും ഡാന്‍സും. അന്നത്തെ ജനപ്രിയ ഗാനങ്ങള്‍ക്കൊത്ത് ആണും പെണ്ണും ചുവടുവയ്ക്കും. അവര്‍ കമല്‍ഹാസനും ശ്രീദേവിയുമാകും. അങ്ങനെ ഫസ്റ്റ് ഷോയുടെ നേരത്ത് നാട്ടിന്‍പുറത്തെ ഒരു തെങ്ങിന്‍ പറമ്പ് കൊട്ടകയായി മാറും. അത്തരം സൈക്കിള്‍ യജ്ഞങ്ങളിലൊന്നിലാണ് ഞാന്‍, ഒരു തറയും ഒരു മറയും മാത്രമുള്ള വേദിയിലരങ്ങേറിയ പകിട്ടു കുറഞ്ഞ നൃത്തത്തിനകമ്പടിയായി ആ പാട്ടുകള്‍ കേട്ടത്. 'മഴൈക്കാല മേഘം ഒന്‍ട്ര് മണി ഊഞ്ചല്‍ ആടിയത്...' , 'ദേവീ ശ്രീദേവി ഉന്‍ തിരുവായ്...',  'നീലവാന ഓടയില്‍...' എന്നീ പാട്ടുകള്‍. വാക്കും അര്‍ത്ഥവും അവ്യക്തമായിരുന്നപ്പോഴും ആ ഗാനങ്ങള്‍ ഗ്രാമസിരകളില്‍ നിറച്ച ഉന്മേഷം എത്രയെന്നു പറയാന്‍ വയ്യ. പണിയിടങ്ങളില്‍ നിന്നു സന്ധ്യയോടെ അവിടേക്ക് ഒഴുകിയെത്തിയിരുന്ന, മുഷിഞ്ഞ ഉടലും ഉടുപ്പുമുള്ള ഗ്രാമീണരോടൊപ്പമിരുന്ന് ഞാന്‍ ആ ഉന്മേഷം ആവോളം ഉള്‍ക്കൊണ്ടു. എസ്.പി.ബിയുടെ, ഒരു പുല്‍ച്ചാടിയെപ്പോലെ പ്രസരിപ്പുള്ള, ഗായകശബ്ദം എന്റെ ബാലമനസ്സിലേയ്ക്കൊഴുക്കിവിട്ട പാട്ടരുവിയുടെ ഉല്ലാസമായിരുന്നു അത്. പിന്നീട് ഇതേ പാട്ടുകള്‍ മലയാളത്തിലും കേട്ടു; ആകാശവാണിയായിരുന്നു അതിന്റെ ഉറവിടം. അപ്പോള്‍ യേശുദാസ് ആയിരുന്നു എസ്.പി.ബിക്കു പകരം 'മഴക്കാല മേഘം ഒന്ന് മലരൂഞ്ഞാല്‍ ആടിയത്...'എന്നും 'നീലവാനച്ചോലയില്‍' എന്നും ' ദേവീ ശ്രീദേവി നിന്‍ തിരുവായ് മലരണിവാക്യം... 'എന്നും പാടിയത്. ഒന്ന് കരിമ്പുനീരെങ്കില്‍ മറ്റത് ഇളനീര്. എസ്.പി.ബിയുടേത് ഗന്ധര്‍വനാദമല്ല. അതില്‍ ഒരു മനുഷ്യന്‍ ആസകലം വികാരഭരിതമായ ഗായക/കാമുക ശബ്ദമായി മാറി സ്വയം കേള്‍വിപ്പെടുന്നു. അനുപദം നിറഞ്ഞുനില്‍ക്കുന്ന ഈ ആത്മസാന്നിധ്യമാണ് അദ്ദേഹത്തിന്റെ അനന്യത. ബാലമുരളീകൃഷ്ണയും നെയ്യാറ്റിന്‍കര വാസുദേവനും യേശുദാസുമെല്ലാം പാടിയിട്ടുള്ള ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുനാളില്‍ എസ്.പി.ബിയുടെ 'ദേവന് കേ പതി ഇന്ദ്രാ...' മാത്രം നമ്മള്‍ വേറിട്ടു കേള്‍ക്കുന്നതിനു കാരണമിതാണ്. 

എസ്.പി.ബിയുടെ 'ശങ്കരാഭരണ'കാലമായിരുന്നു എന്റെ കുട്ടിക്കാലം. 'ശങ്കരാ.. നാദശരീരാ പരാ...' എന്നും'ഓംകാരനാദാനു സന്ധാനമൗഗാനമേ...'എന്നും കൊയ്തൊഴിഞ്ഞ വേനല്‍പ്പാടത്തെ കാറ്റു പോലും മൂളി നടന്ന കാലം. 'ശങ്കരശാസ്ത്രി'യുടെ വൃദ്ധകണ്ഠത്തില്‍ നിന്നു പുറപ്പെട്ട ലോഹനാദമായി തെന്നിന്ത്യ കീഴടക്കിയ അതേ ശബ്ദം തന്നെ തൊട്ടടുത്ത വര്‍ഷം 'ഏക് ദുഛെ കേലിയ'യിലെ തരുണഗായകന്റെ കാമുകശബ്ദമായി ഉത്തരേന്ത്യയും കീഴടക്കി. പിന്നാലെ, 'സാഗരസംഗമ'ത്തിലെ നര്‍ത്തകനായ നായകന്റെ പ്രണയോല്ലാസവും ലഹരിയുടെ ചിറകുകളുള്ള ദുഃഖോന്മാദവും 'നാദവിനോദമു നാട്യവിലാസമു...', 'തകിട തധിമി തന്താനാ...'എന്നീ ഗാനങ്ങളായി കേള്‍വിപ്പെട്ടു. മഴയില്‍ കെടാത്ത നീനാളം പോലെ ലഹരിയില്‍ കുതിര്‍ന്നു നൃത്തം ചെയ്യുന്ന ആ നര്‍ത്തകനില്‍, അയാളുടെ ഗാനോന്മാദത്തില്‍ ഈ മധ്യവയസിലും എനിക്കു പൂര്‍ണമായി മെരുങ്ങിക്കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതദുഃഖസമുദ്രങ്ങളുടെ മുറിവേറ്റ തിരയിരമ്പമാണല്ലോ ഞാന്‍ കേള്‍ക്കാറുള്ളത്!

തൊണ്ണൂറുകളില്‍ 'റോജ'യിലൂടെ ആ ഗാനസാന്ത്വനം വീണ്ടും മലയാളിയെ തേടിയെത്തി. മറ്റെന്തിലുമുപരിയായി സാന്ത്വനപ്രദ (Soothing) മാണ് എസ്.പി.ബിയുടെ ഗായകശബ്ദം. പ്രമേയം ഭക്തിയായാലും പ്രണയമായാലും ഒരു പുതപ്പുപോലെ അതു നമ്മെ വന്നു മൂടുന്നു. 'കാതല്‍ റോജാവേ...' എന്ന പാട്ടില്‍ അത് ആര്‍ദ്രമായ ഹിമമഴയും പൊതിഞ്ഞുപിടിക്കുന്ന ഊഷ്മളതയുമായി. പ്രസാദഭരിതവും പ്രണയാവിഷ്ടവുമായിരുന്നു എസ്.പി.ബിയുടെ നാദവ്യക്തിത്വം. ഒരു പാന്‍ ഇന്ത്യന്‍ ഗായകശബ്ദമായി അദ്ദേഹം ഉയര്‍ത്തപ്പെട്ടതിനു പിന്നില്‍ ഈ ലൗകികനാദത്തിന്റെ സാര്‍വത്രികസംവേദനവുമുണ്ടായിരുന്നു. അലൗകികമല്ല, തീര്‍ത്തും ലൗകികമായിരുന്നു എസ്.പി.ബിയുടെ ശാരീരം. അദ്ദേഹം നമ്മോടൊപ്പം ചേര്‍ന്നുനിന്ന് നമുക്കു വേണ്ടി പാടി. അതിലെ ചിരിയും കണ്ണീരും കളിമട്ടും നാദോപാസനയുടെ ഗാഢലഹരിയും നൃത്തച്ചുവടുകളെ ത്വരിപ്പിക്കുന്ന ചടുലതയും പല ഭാഷകളില്‍ നിറഞ്ഞുതുളുമ്പി. മസൃണമായ ഒരു തരം ഗാഢതയുണ്ടായിരുന്നു എസ്.പി.ബിയുടെ ശബ്ദത്തിന്. ആ ഗാഢത, കമല്‍ഹാസനെന്ന പോലെ സല്‍മാന്‍ ഖാനും സോമയാജുലുവിനെന്ന പോലെ രജനികാന്തിനും ഇണങ്ങി. അതിനാല്‍ എസ്.പി.ബി ഓര്‍മകള്‍, തങ്ങളുടെ ആത്മപുസ്തകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചില താളുകള്‍ ചീന്തിമാറ്റുമ്പോഴെന്ന പോലെ ഓരോ മലയാളിയെയും വേദനിപ്പിക്കുന്നു. ആ വേദനയില്‍, ആയിരങ്ങളിലൊരുവനായി, ഇതെഴുന്നയാളും പങ്കു ചേരുന്നു.

പിന്‍കുറിപ്പ്-
പഴയ സര്‍വകലാശാലാ യുവജനോത്സവ ദിനങ്ങളിലൊന്നില്‍, അപ്പോഴേയ്ക്ക് വിജനമായിക്കഴിഞ്ഞിരുന്ന മഹാരാജാസ് ക്യാംപസിനുള്ളിലെ സിമന്റു ബെഞ്ചിലിരുന്ന് 'ജോണ്‍സണ്‍' എന്ന വിദ്യാര്‍ത്ഥിസുഹൃത്ത് 'നീലവാന ഓടയില്‍...'പാടിയപ്പോള്‍ നീലിമയിരട്ടിച്ച ആ രാത്രി ഇനിയും പുലര്‍ന്നിട്ടില്ല!

Content Highlights : Mashipacha Sajay KV pays homage to Singer  SP Balasubrahmanyam