നെടുമുടി വേണു എന്ന വലിയ നടന്‍ കൂടി മലയാള സിനിമയില്‍ നിന്ന് തിരോധാനം ചെയ്തിരിക്കുന്നു. 'തിരോധാനം' എന്ന വാക്ക് ഇവിടെ മന:പൂര്‍വ്വമാണുപയോഗിച്ചത്, വെള്ളിത്തിര എന്ന മലയാളിയുടെ ചലച്ചിത്ര പര്യായത്തിന് ഏറ്റവുമിണങ്ങിയ 'മറഞ്ഞുപോകല്‍' എന്നര്‍ത്ഥമുള്ള വാക്ക് അതാണെന്നു തോന്നിയതുകൊണ്ട്. ഇനി നെടുമുടി വെള്ളിത്തിരയില്‍ മാത്രം. ആ മനുഷ്യന്‍ കാലത്തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞു. വെള്ളിത്തിരയിലെ നെടുമുടി ആരായിരുന്നു? വേണുവല്ലാത്ത പലര്‍. തന്നില്‍ നിന്നുള്ള പലായനവും പകര്‍ന്നാട്ടവുമാണല്ലോ നടന്റെ ജീവിതം. താനല്ലാത്ത മറ്റൊരാളായി മാറുമ്പോള്‍ മാത്രമാണ് അയാള്‍ നടനായിരിക്കുന്നത്. 'ആക്ഷ'നും 'കട്ടി' നുമിടയിലെ ആ ചെറിയ ഇടവേളയില്‍. അല്ലാത്തപ്പോള്‍ അയാള്‍ക്ക് വേണു എന്ന മാറാപ്പേരും 'തമ്പ്' എന്ന വീട്ടുമേല്‍വിലാസവുമുണ്ട്. ഈ ഭാവ - രൂപപ്പകര്‍ച്ചയുടെ നൈരന്തര്യവും വൈവിധ്യവും നൈസര്‍ഗ്ഗികതയുമാണ് വേണുവിനെ ഒരു മഹാനടനാക്കുന്നത്. എത്രയെത്ര പേരിലും പടുതിയിലുമാണ് ഇയാള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുള്ളത്? ശതരൂപിയാണ് മികച്ച നടന്‍. വൃദ്ധന്‍, വിടന്‍, ലജ്ജാലുവായ കാമുകന്‍, 'നെയ്‌വെറ്റി' (naivety) യുടെ ആള്‍രൂപം, നിസ്സഹായന്‍,നിഷ്ഠുരന്‍, രാജാവ്, രാജഗുരു, നാടന്‍ കാരണവര്‍, കൗശലക്കാരന്‍ എന്നിങ്ങനെ...കൗശലക്കാരന്‍(trickster) എന്നൊരു ആര്‍ക്കിടൈപ്പുണ്ട് യുങ്ങിയന്‍ മന:ശാസ്ത്രത്തില്‍. വേണുവിന്റെ ശരീരം കളിമണ്ണുപോലെ അതിനു വഴങ്ങുമായിരുന്നു. വിഡ്ഢിയും വിടനും രസികനും സാധുവുമെല്ലാം അങ്ങനെ തന്നെ. കഥകളിയിലായിരുന്നെങ്കില്‍ ഇയാള്‍ക്ക് പച്ചയും കത്തിയും താടിയും കരിയും ഒരു പോലെ വഴങ്ങിയേനെ, ചിലപ്പോള്‍ 'പച്ചയിലിച്ഛയാ കത്തിയും താടിയും കൂട്ടിക്കലര്‍ത്തി'യെന്നും വരാം. ആ ചെല്ലപ്പനാശാരിയെ ഒന്നോര്‍ത്തു നോക്കൂ. ഈ കലര്‍പ്പിന്റെ ചില ലാഞ്ഛനകള്‍ ആ നാടന്‍ ആശാരിയില്‍ കാണാം. കബളിപ്പിക്കുന്നവനാണ് ആ നീലക്കല്ലുകടുക്കനണിഞ്ഞ കൗശലക്കാരന്‍. ഇതേ നടന്‍ തന്നെ സമാനരീതിയില്‍ കബളിപ്പിക്കപ്പെടുന്നവനാണ് 'രചന' എന്ന ഭരത് ഗോപി-ശ്രീവിദ്യച്ചിത്രത്തില്‍. 'വൈശാലി'യില്‍ കുടിലനായ രാജഗുരു. 'പെരുന്തച്ച'നില്‍ നിസ്സഹായനായ തമ്പുരാന്‍. 'ഹിസ് ഹൈനസ് അബ്ദുള്ള'യിയിലുമതേ, ശുദ്ധാത്മാവായ തമ്പുരാന്‍. കസവുത്തരീയമണിഞ്ഞ ഈ നാടുവാഴി തന്നെ ഡെന്‍വര്‍ അശാനെന്ന പല്ലുകൊഴിഞ്ഞ, ഫോര്‍ട്ടുകൊച്ചിക്കാരന്‍ ചട്ടമ്പിയുമാവും. 'ആലോല'ത്തിലെ ആ വിടാഗ്രേസരനെ ആര്‍ക്കാവും മറക്കാന്‍? 'തേനും വയമ്പും' എന്ന ചിത്രത്തിലെയും 'പാളങ്ങളി'ലെയും തരളകാമുകനെ?'ഒരിടത്തി'ലെ ലൈന്‍മാനെ?'യവനിക'യിലെ നാടകനടനും ശൃംഗാരിയുമായ ബാലഗോപാലനെ?'സര്‍ഗ്ഗ'ത്തിലെയും'ഭരത'ത്തിലെയും ക്ലാസിക്കല്‍ ഗായകരെ? 'ആണും പെണ്ണും' എന്ന അവസാനചിത്രത്തിലെ വൃദ്ധയായ കിടപ്പുദീനക്കാരിയുടെ കുത്സിതനായ ഭര്‍ത്താവിനെ?

തന്റെ ഉടല്‍ എന്ന കളിമണ്ണു കുഴച്ച് അയാള്‍ ആള്‍രൂപങ്ങള്‍ മെനഞ്ഞു. കാലം ഇതാ ഇപ്പോള്‍, ഒരേ സമയം ശില്പിയും ശില്പവുമായിരുന്ന, ആ നടനശരീരത്തെ തല്ലിയുടച്ചിരിക്കുന്നു. ഇനി നമ്മുടെ സിനിമയില്‍ നെടുമുടി വേണുവിന്റെ താംബൂലാര്‍ദ്രമായ കള്ളച്ചിരിയും കണ്ണിറുക്കലുമില്ലാത്ത നാളുകള്‍.

Content Highlights: Mashipacha Sajay KV homage to Actor Nedumudi Venu