ഭാഷ.. ഏകാകിയായൊരുവന് കൂട്ടുനടക്കാന്‍ ആത്മാവ് എഴുന്നള്ളിച്ചുവിടുന്ന അത്ഭുതം. ഓര്‍മകളും സങ്കല്പങ്ങളും സ്വപ്നങ്ങളും അകമ്പടിപോകുന്ന, അനുഭൂതിയനുഭവിക്കുന്ന എഴുത്തുകള്‍, മുള്ളുവേലിയില്‍ കുരുങ്ങിക്കിടന്ന പട്ടം കണക്കേ മോചനമാഗ്രഹിക്കുന്ന ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍... സജയ് കെ.വി എഴുതുന്ന ലേഖന പരമ്പര 'മഷിപ്പച്ച' ആരംഭിക്കുന്നു.  

കോവിഡ് കാലത്തെ അടച്ചിടലിനു ശേഷമുള്ള ആദ്യത്തെ ക്ലാസ്. വീരാന്‍കുട്ടിക്കവിതയിലെ അകറ്റിനട്ട മരങ്ങള്‍ പോലെ അന്യോന്യം അകലം പാലിക്കുന്ന ക്ലാസ്മുറിയിലെ ചെറുപ്പങ്ങള്‍. (അവര്‍ ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നുണ്ടോ എന്ന് ആര്‍ക്കറിയാം!) സരോജിനി നായിഡുവിന്റെ ലളിതമായ ഒരു പ്രേമ/ ഭക്തി കവിതയാണ് പഠിപ്പിക്കേണ്ടത്. മാറാലകെട്ടിയ തൊണ്ടയനക്കിക്കൊണ്ട് ഞാന്‍ തുടങ്ങി -My foolish love went seeking thee at dawn... കൃഷ്ണനെത്തേടി പ്രഭാതം മുതല്‍ സന്ധ്യവരെ രാധ നടത്തിയ അലച്ചിലാണ് പ്രമേയം. രാവിലെ കാറ്റിനോടും ഉച്ചയ്ക്ക് കാട്ടിലെ മരങ്ങളൊടും സായാഹ്നത്തില്‍ ചവുണ്ട സാഗരത്തിരകളോടും അവള്‍ ഘനശ്യാമനെപ്പറ്റി തിരക്കുന്നു. ആഴിയും തരുവുംകാറ്റും നിശ്ശബ്ദം. മൂന്നാമത്തെ ഈരടി ഇങ്ങനെ -At dusk I pleaded with the dove-grey tides/O tell me where my Flute-player abides... എഴുത്തച്ഛന്റെ രാമായണത്തില്‍,' വനദേവതമാരേ നിങ്ങളുമുണ്ടോ കണ്ടൂ/ വനജേക്ഷണയായ സീതയെ, സത്യം ചൊല്‍വിന്‍!' എന്ന് വിരഹകാതരനായി അപേക്ഷിക്കുന്ന രാമനെ കാണാം. ഇവിടെ സായാഹ്ന സമുദ്രം. ചാരനിറമുള്ള തിരകള്‍. എന്തുകൊണ്ട് ചാരത്തിരകള്‍? വിഷാദത്തിന്റെ മ്ലാനവര്‍ണ്ണമാണതെന്ന് അധ്യാപകന്റെ സര്‍വ്വജ്ഞഭാവത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. എങ്കിലും കടല്‍വര്‍ണ്ണനെ കണ്ടോ എന്ന് ചാരത്തിരകളോടു ചോദിക്കുന്ന രാധ, ദൈവാഭിമുഖമായ മനുഷ്യാത്മാവിന്റെ പ്രതീകമായി, ടാഗോറിന്റെയോ നന്ദലാല്‍ ബോസിന്റെയോ ഒരു ചിത്രം പോലെ ഉള്ളില്‍ തങ്ങി.

വൈകുന്നേരം, ഏറെക്കുറെ വിജനമായ കോളേജിന്റെ പടവുകളിറങ്ങുകയായിരുന്നു ഞാന്‍. ഇരുപാടും പല ജാതി മരങ്ങളുടെ തൂര്‍മ്മ. തളര്‍ന്ന വെയില്‍. നീണ്ട നിഴലുകള്‍. അപ്പോള്‍ വീണ്ടും സരോജിനി നായിഡുവിന്റെ ഈരടി മനസ്സില്‍ ചിറകടിച്ചു. ചാരത്തിരകള്‍ എന്നല്ലല്ലോ കവി പറയുന്നത് -dove-grey tides എന്നാണല്ലോ! പ്രാവിന്റെ നിറം, അതായത് കപോതവര്‍ണ്ണം.'dove-grey' ഇങ്ങനെ പരിഭാഷപ്പെട്ടതോടെ ഒരു പുതിയ തെളിച്ചം കൈവന്ന പോലെ തോന്നി. എവിടെയോ കേട്ടുമറന്ന പോലെ ആ വാക്ക്; പക്ഷേ എവിടെ? എത്രാമത്തെ പടവില്‍ വച്ചാണെന്നറിയില്ല, ഓര്‍മ്മയുടെ നാളം തെളിഞ്ഞുകത്തി. നാട്യശാസ്ത്രത്തിലെ രസവിചാരത്തിലാവണം ആ കല്പനയുള്ളത്. ഞാനത് വായിച്ചിട്ടില്ല. പക്ഷേ അമരകോശത്തിലെ നാട്യവര്‍ഗ്ഗത്തിന് വിദ്വാന്‍ ടി.സി.പരമേശ്വരന്‍ മൂസത് എഴുതിയ വ്യാഖ്യാനം കൈവശമുണ്ട്. അതില്‍ ഇങ്ങനെ വായിച്ചതോര്‍ത്തു- കരുണരസത്തിന് 'കപോതവര്‍ണ്ണ'മാകുന്നു. 

അതെ, നാട്യശാസ്ത്രം ഓരോ രസത്തിനും ഓരോ നിറം കല്പിക്കുന്നു. ശൃംഗാരത്തിനു ശ്യാമളം, വീരത്തിനു സ്വര്‍ണ്ണവര്‍ണ്ണം, അത്ഭുതത്തിനു പീതം, ഹാസ്യത്തിനു ശ്വേതം, ഭയാനകത്തിനു കറുപ്പ്, ബീഭത്സത്തിനു നീല, രൗദ്രത്തിനു രക്തവര്‍ണ്ണം, ശാന്തത്തിനു ചന്ദ്രന്റെയോ മുല്ലപ്പൂവിന്റെയോ നിറം എന്നിങ്ങനെ. നാട്യശാസ്ത്രത്തിലെ കവിതയാണത്. കവിത എന്നു പറഞ്ഞാല്‍ പോരാ, ചിത്രകലയും രസവിചാരവും സംഗമിക്കുന്ന അപൂര്‍വ്വത എന്നും പറയണം. രസരാജിയെന്നാല്‍ മഴവില്ലുപോലെ ഒരു വര്‍ണ്ണരാജിയാകുന്നു! മനുഷ്യഹൃദയഭാവങ്ങളുടെ വര്‍ണ്ണഭാഷയിലേയ്ക്കുള്ള പരിഭാഷയാണത്. 'synesthesia' എന്നൊരു ഭാവനാതന്ത്രമുണ്ട്, ഇതുപയോഗിച്ചാണ് ആര്‍തര്‍ റെമ്പോ സ്വരാക്ഷര (vowels)ങ്ങള്‍ക്ക് നിറങ്ങളുണ്ട് എന്നെഴുതിയത്. 'വര്‍ണ്ണങ്ങള്‍' എന്ന് അക്ഷരങ്ങള്‍ക്കു പേരിട്ട ഇന്ത്യക്കാര്‍ അതിനു മുന്‍പു തന്നെ സിനസ്തെറ്റിക്കായി ചിന്തിച്ചിരുന്നു. അതിനാല്‍ അവര്‍ വികാരങ്ങളുടെ വര്‍ണ്ണരാജി സങ്കല്പിച്ചു.

കരുണത്തിന് കപോതവര്‍ണ്ണമെങ്കില്‍, ചാരനിറവും സൗമ്യരൂപവുള്ള, മൂവന്തിയില്‍ കുറുകലോടെ ചിറകൊതുക്കി ചേക്കറുന്ന പ്രാവിന്റെ വര്‍ണ്ണമെങ്കില്‍ സരോജിനി നായിഡുക്കവിതയിലെ 'dove-grey tides' എത്ര ധ്വനിസുന്ദരം! കരുണമാണല്ലോ ഘനശ്യാമനെ, പകലന്തിയോളവും, തിരഞ്ഞു കണ്ടെത്താനാവാത്ത രാധയെ ചൂഴുന്ന വിരസ/ വിരഹവര്‍ണ്ണം. അതിനാല്‍ കപോതവര്‍ണ്ണമുള്ള സായാഹ്ന സമുദ്രത്തെ ഭാവന ചെയ്ത കവി, ഏതോ അബോധപ്രേരണയാലെന്നവണ്ണം, മഹത്തായ ഇന്ത്യന്‍ കവിതയാണ് സൃഷ്ടിച്ചത്, ഒരു സംസ്‌കാരത്തിന്റെയാകെ ഭാവനാശേഷിയുടെ അബോധവിസ്ഫോടനം! തൊണ്ണൂറുകളിലെ, 'കപൂതര്‍ ജാ ജാ ജാ' എന്ന സല്‍മാന്‍ ഖാന്‍ ഗാനത്തിലും.

'രാവുകള്‍ തോറും പറ-
ന്നെന്‍ മനോ-
ഗതങ്ങളാം പ്രാവുകള്‍ ചേക്കേറും നിന്‍
ഗേഹത്തി, ലീ നേരത്തില്‍
കിളിവാതില്‍ക്കല്‍ച്ചെന്നു
കോമളം വിടര്‍ന്ന ക
ണ്ണിളകാ,താ കാശത്തെ
നോക്കി നീയിരിപ്പുണ്ടാം...(വിരഹത്തില്‍) എന്നെഴുതിയ വൈലോപ്പിള്ളിയിലും ഇതേ, മങ്ങിയ, ചവുണ്ട വിരഹവര്‍ണ്ണമല്ലേ നമ്മള്‍ കണ്ടത്? ഇനി ഇത്തരം പ്രാവുകളോ അവയുടെ ചാരച്ച ചിറകൊച്ചയോ മലയാളഭാവനയില്‍ കേള്‍വിപ്പെടില്ലായിരിക്കും; അകലങ്ങളും അദൃശ്യതയുമില്ലാതായിക്കഴിഞ്ഞ മൊബൈല്‍ക്കാലത്ത് പുരാതന സന്ദേശവാഹകരായ പ്രാവുകള്‍ക്കെന്താണു പ്രസക്തി, കപോതവര്‍ണ്ണം പൂണ്ട കരുണത്തിനും?

പിന്‍കുറിപ്പ്:
'കിളിയും മാനും ചാഞ്ഞൂ,
പിന്നെയക്ക പോതമെയ്യൊളിയാം
ഹോമപ്പുക പൊങ്ങവേ,
നിഴലുകള്‍
കൃഷ്ണസാരത്തെപ്പോലെ
കറുക്കേ..'. (ഉജ്ജ്വലമുഹൂര്‍ത്തം) എന്ന വൈലോപ്പിള്ളിക്കവിതാവരിയും ഓര്‍ക്കാം.

Content Highlights: Mashipacha Sajay KV Column part one