വെള്ളിലവള്ളിയെക്കുറിച്ചാണ് നമ്മുടെ ഭാഷയിലെ ഏറ്റവും കഥാത്മകവും കാവ്യാത്മകവുമായ കടംകഥകളില്‍ ഒന്ന്. അതില്‍ ഒരു കുടുംബചിത്രമുണ്ട്. കറുത്ത അമ്മ, വെളുത്ത മകള്‍, അതിസുന്ദരിയായ പേരക്കുട്ടി ഇവര്‍ ചേര്‍ന്ന കുടുംബം. അച്ഛനെയോ മുത്തച്ഛനെയോ അവിടെയെങ്ങും കാണാനില്ല. ഒരമ്മയും മോളും മോളുടെ മോളുമാണ് കാഴ്ച്ചയുടെ കേന്ദ്രം. അവരുടെ പലതരം അഴകുകള്‍. കറുമ്പിയും വെളുമ്പിയും കറുമ്പിയോ വെളുമ്പിയോ അല്ലാത്തൊരു സുന്ദരിയും. മൂന്നു തലമുറകള്‍, ഇലയും തളിരും പൂവുമാകുന്ന, സസ്യഭാഷയിലെഴുതപ്പെട്ട കുടുംബപുരാണം. കുടുംബശാഖിയല്ല, കുടുംബമെന്ന ലത. ലതാരൂപിയായ കുടുംബം. അതിന്റെ പെണ്‍കോയ്മ.

പലമയുടെ സൗന്ദര്യമാണ് വെള്ളിലയുടേത്. ഒരേ ഞെട്ടില്‍ വെളുപ്പും കറുപ്പും ചുവപ്പും, പരസ്പരം ഉറ്റവരായി, വിരിഞ്ഞു നില്‍ക്കുന്ന ചേല്! അഴകിന് വെളുപ്പിനോടു മാത്രമല്ല കറുപ്പിനോടും രക്തബന്ധമുണ്ട് എന്നതിന്റെ ഗ്രാമീണദൃഷ്ടാന്തമാകുന്നു ഈ സസ്യം. സസ്യപ്പെട്ട ജീവിതമഹാരൂപകം.
'അമ്മ കറുത്തും മകളു വെളുത്തും
വന്നൊരു വീട്ടില്‍ പൊട്ടി വിടര്‍ന്നൊരു
മകളുടെ മകളാം സുന്ദരിയാളുടെ
മലരണിമേനി വഴിഞ്ഞൊരു ശോഭകള്‍!' എന്നു ജി. കുമാരപിള്ള (ചുവപ്പിന്റെ ലോകം).

ഇതിത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് പുതിയ ആഴ്ച്ചപ്പതിപ്പില്‍ സെറീനയുടെ' ഉള്‍ക്കാട്' എന്ന കവിതയിലെ ആദ്യവരികള്‍ വായിച്ചത് -'ഇരുട്ടില്‍ വെള്ളിലത്തണ്ടു പോല്‍/ തിളങ്ങുന്നൊരുത്തി'. ഇരുട്ടിലെ വെള്ളിലവള്ളിയെ അതുവരെ സങ്കല്പിച്ചു നോക്കിയിരുന്നില്ല. ഇരുട്ടില്‍ വെള്ളില തിളങ്ങും; നിലാവിതളുകള്‍ പോലെ. 'പച്ചകളിരുട്ടിനാല്‍ ചര്‍ച്ചിത'മാകുമ്പോഴും വെളളിലയുടെ ലാവണ്യം വെളിപ്പെടും. ധൂസരമായ വെണ്‍മയാണത്. അദൃശ്യതയിലെ ദൃശ്യത. അതിനാല്‍ അവളുടെ രൂപകമാകാന്‍ അതിനോളം യോഗ്യത മറ്റൊന്നിനുമില്ല. ഇരുട്ടിലും സ്വസാന്നിധ്യമറിയിക്കുന്ന മകിണ്ട(obscure)വാഴ്വുകളുടെ എഴുത്തിനെയാണല്ലോ നമ്മള്‍ പെണ്ണഴുത്ത് എന്നു പറഞ്ഞു പോരുന്നതും.

പണ്ട്, ലൂസി ഗ്രേ എന്ന നാടന്‍ പെണ്‍കിടാവിനെക്കുറിച്ചെഴുതിയപ്പോള്‍ വേഡ്‌സ് വര്‍ത്ത്, പായല്‍ മൂടിയ കല്ലിനാല്‍ പാതിമറഞ്ഞ ശംഖുപുഷ്പം എന്ന ഉപമയുപയോഗിച്ചു. ആ പാതിമറയല്‍ സെറീനയുടെ കല്പനയിലുമുണ്ട്. അവര്‍ വെള്ളിലയെ ഇരുട്ടില്‍ നിര്‍ത്തുന്നു. പകലിലെ വെള്ളില വേറൊരു കാഴ്ച്ചയാണ്. അതു കാണണമെങ്കില്‍ വൈലോപ്പിള്ളിയിലേയ്ക്കും ജിയിലേയ്ക്കും ചെല്ലണം. വൈലോപ്പിളിയുടെ വെള്ളില അതിന്റെ പ്രസന്നഋതുവില്‍ ഇങ്ങനെയായിരുന്നു -
'കമ്മലിനൊക്കും പൂവുകള്‍, ചാരേ
നിര്‍മ്മലവെള്ളപ്പട്ടിലകള്‍,
ചില്ലകള്‍ തോറും നൂറുകണക്കിനു
നല്ല പതുത്തൊരു പച്ചിലകള്‍ ...' തുടര്‍ന്ന് അതിന്റെ ഉടല്‍ ഒരു പുഴുക്കൂടായി മാറുന്നതും സഹനത്തിന്റെ ദുരിത പര്‍വ്വത്തിനു ശേഷം അത്, ഒരു ദാരുണരോഗപീഡയ്ക്കു ശേഷമെന്ന പോലെ, ഉന്മേഷവും ഉല്ലാസവും വീണ്ടെടുക്കുന്നതുമാണ് വൈലോപ്പിളളിയുടെ' വെള്ളിലവള്ളി' എന്ന കവിതയില്‍. പെരുന്തച്ചന്റെ ഭാര്യയുടെ താരുണ്യലാവണ്യം വര്‍ണ്ണിക്കുന്നിടത്താണ്' പൂത്ത വെളളില പോലെ ' എന്ന ഉപമാനമുപയോഗിച്ചത് ജി. മുറുക്കിച്ചുവന്ന ഗ്രാമീണസുന്ദരി പൂത്ത വെള്ളിലയുടെ ഉപമേയമാകുന്നു.

ഭാഷയില്‍ വെള്ളില വള്ളിയുടെ രൂപത്തികവുള്ള ഗദ്യം സൃഷ്ടിക്കുക എന്നതാണ് എഴുതുമ്പോള്‍ എന്റെ മോഹവും സ്വപ്നവും. കവിതയിലെന്നപോലെ ആസകലം പുഷ്പിക്കാനായില്ലെങ്കിലും, ചില കുഞ്ഞു പൂക്കളെങ്കിലും വിടര്‍ത്താനും, ഇലയോ പൂവോ അല്ലാത്ത, കവിതയോ ഗദ്യമോ അല്ലാത്ത, ചില തളിരുകള്‍ കാട്ടി കവിതയെന്ന വിഭ്രമം ജനിപ്പിക്കാനും.

Content Highlights : mashipacha sajay k.v writes about vellila