ലരും എന്നെ മലയാളം അധ്യാപകനായി തെറ്റിദ്ധരിക്കുമ്പോള്‍ ഓര്‍ത്തുപോകാറുള്ള ഒരു കഥ - ഒരിക്കല്‍ രാത്രി, കോട്ടയത്ത് മനോരമയുടെ മുന്നില്‍ നിന്ന് ഒരാള്‍ എനിക്ക് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കാറില്‍ ലിഫ്റ്റ് തരുന്നു. അങ്ങനെ ഞാന്‍ കൃത്യസമയത്ത് സ്റ്റേഷനിലും മടങ്ങി, വീട്ടിലുമെത്തുന്നു. പിന്നീടാണറിഞ്ഞത്, എന്നെ പ്രസിദ്ധനായ ഒരു യുവനോവലിസ്റ്റായി തെറ്റിദ്ധരിച്ചതിനാലാണ് അയാള്‍ ആ ഉദാരത എന്നോട് കാട്ടിയത് എന്ന്!

നോവലിസ്റ്റായി തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട് എനിക്ക് വേഗം സ്റ്റേഷനിലെത്താനായി. മലയാളം അധ്യാപകനായി തെറ്റിദ്ധരിക്കുമ്പോള്‍ എന്നിലെ പാവം മലയാളി തിരിച്ചറിയപ്പെടുകയും എനിക്ക് വേഗം എന്റെ ഭാഷ സംസാരിക്കുന്നവരുടെ ഹൃദയത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്യുന്നുണ്ടോ? അറിയില്ല.

 ക്രിസ്തുവിന്റെ ഛായ ചില പിച്ചക്കാര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കാനിടയാക്കാറുണ്ട് (ജോണ്‍ എബ്രഹാമിനും ലഭിച്ചിരുന്നു ഈ ആനുകൂല്യം!).
ചില നാട്ടിന്‍പുറങ്ങളില്‍ ഗാന്ധിച്ഛായയുള്ള ചില വൃദ്ധരുണ്ട് (ചിലപ്പോള്‍ അവരെ ബീവറേജസിനു മുന്നിലും കാണാം !). അകലെ നിന്നു കാണുന്നവര്‍ അവരെയും ബഹുമാനിക്കും. ആ ദണ്ഡിയാത്രയില്‍ അയാളെ അനുഗമിക്കുന്നതില്‍ നിന്ന് തല്‍ക്കാലത്തെ തിരക്കുകൊണ്ടു മാത്രം വിരമിക്കുന്നവരുമുണ്ടാവാം. ഇവിടെയെല്ലാം തെറ്റിദ്ധാരണ, ധാരണയായി മാറുന്നു. ഒരു സാധുമനുഷ്യനില്‍ ക്രിസ്തുവിനെയും ഗാന്ധിജിയെയും കാണുന്ന മഹത്വത്തിലേയ്ക്ക് ഒരു തെറ്റിദ്ധാരണ നമ്മെ ഉയര്‍ത്തുന്നു.

ഭാര്യയിലും കാമുകിയിലും അമ്മയെ കാണാനാവുന്ന ഭാഗ്യവാന്മാരുണ്ട്. ആ തെറ്റിദ്ധാരണയും നല്ലതുതന്നെ. 'ഒരട്ടി മണ്ണു പുതച്ചുകിടക്കുന്ന' ആ അമ്മയ്ക്ക് അങ്ങനെയെങ്കിലും ചിരവാഴ്‌വു ലഭിക്കുമല്ലോ! മറിച്ച്, കവിയൂര്‍ പൊന്നമ്മയുടെ അമ്മവേഷത്തെ സ്വന്തം അമ്മയില്‍ തിരഞ്ഞുപോകുന്ന മലയാളി ചെറുപ്പക്കാരനെ ഒന്നു സങ്കല്പിച്ചുനോക്കൂ. പകരം, തനിമൂശേട്ടയായ അസ്സലൊരമ്മയെ ആവും അവന്‍ കാണുക! തെല്ലും നിരാശപ്പെടേണ്ട, കാരണം ആ അമ്മയാകുന്നു 'അസ്സല്‍'!; കലഹിക്കുകയും കയര്‍ക്കുകയും 'അമ്മമഴക്കാറ്' എന്ന പോലെ മുഖം കറുപ്പിക്കുകയും ചെയ്യുന്ന പച്ചയായ മനുഷ്യസ്ത്രീത്വം! ഇത്തരമൊരമ്മയെയാണവതരിപ്പിച്ചത് കഴിഞ്ഞദിവസം അന്തരിച്ച അഭിനേത്രി, കോഴിക്കോട് ശാരദ ,'സല്ലാപം' എന്ന സിനിമയില്‍. ആ 'പാറുത്തള്ള'യാണ് അമ്മയുടെ അസ്സല്‍. കവിയൂര്‍ പൊന്നമ്മയുടെ അമ്മവേഷങ്ങള്‍, പലപ്പോഴും, അതിശയോക്തിയുടെ ഉടുത്തുകെട്ടുകളാല്‍ സ്ഥൂലിച്ച ഒരു പെരുംനുണ (അത്തരം അമ്മമാരുളളവര്‍, ആ അമ്മ അകംപുറം അങ്ങനെയെങ്കില്‍, എന്നോടു ക്ഷമിക്കുക). 'അമ്മ'യും 'തള്ള'യും തമ്മിലുള്ള അന്തരം ഈ രണ്ട് അമ്മമാര്‍ക്കു തമ്മില്‍! ഒന്ന്, ആര്യമെങ്കില്‍ മറ്റത്, അനാര്യവും ഗ്രാമ്യവും. 'ആട്ടൊരുഗ്രമാം ചുംബനമോ? അവന്‍ കൂട്ടുകാരിയെപ്പുല്കിയുറങ്ങി' എന്നെഴുതിയത് വൈലോപ്പിള്ളിയാണ് , 'കുടിയൊഴിക്ക'ലില്‍. അത്തരം ദാമ്പത്യമാണ് അസ്സല്‍, കണ്ണീര്‍പ്പാടത്തിലേത് അതിന്റെ മധ്യവര്‍ഗ്ഗപ്പകര്‍പ്പും. പകര്‍പ്പിന് മാറ്റ്, മൂല്യം, കുറയും; സത്യസന്ധതയും!

ഒരു മധ്യവര്‍ഗ്ഗശീലമാണ്,
'ഒരു കട്ടിലില്‍ പെണ്ണോ നാഥനോ താന്‍ കാമിക്കു -
മുരുവെ സ്വപ്നം കണ്ടു പായാരം പുലമ്പു'ക(വൈലോപ്പിള്ളി) എന്നതും. ആ ദുര്‍ഗ്ഗതി ആദ്യത്തെ കൂട്ടര്‍ക്കില്ല , അവര്‍ ആട്ടുപോലെ ഉഗ്രമായി ചുംബിക്കുന്നു , അടി പോലെ ഉഗ്രമായി പ്രണയിക്കുകയും ചെയ്യുന്നു( മുഖരവും പരസ്യവുമായ ഈ മാര്‍ജ്ജാരരതിയാണ് ഗോപ്യവും നിശ്ശബ്ദവുമായ ജാരരതിയേക്കാള്‍ സഭ്യമായത്!). തുലാവര്‍ഷപ്പെയ്ത്തുപോലെയാവണം അസ്സല്‍ പ്രണയം, ഇടിയോടും മിന്നലോടും കൂടിയത്. കാലവര്‍ഷം വിരസം,ആ രണ്ട് ഉഗ്രന്‍ ചേരുവകളുടെ അഭാവത്താല്‍ (കാലവര്‍ഷമാവണം കണ്ണീര്‍പ്പാടത്തില്‍; കുടിയൊഴിക്കലില്‍ അത്, നിശ്ചയമായും, തുലാമഴ തന്നെ!).

പ്രണയിക്കുന്നെങ്കില്‍ ദസ്തയേവ്‌സ്‌കിയുടെ മിത്യായെപ്പോലെ വേണം പ്രണയിക്കാന്‍, കരഞ്ഞും ചിരിച്ചും കലഹിച്ചും ആര്‍ത്തട്ടഹസിച്ചും ആഘോഷിച്ചും മിന്നലലിഞ്ഞുചേര്‍ന്ന മഴയെപ്പോലെ. 'ഞാന്‍ നിന്നെ ഒരു മണിക്കൂര്‍ നേരം പ്രണയിച്ചു!' എന്നാണ് ഗ്രൂഷങ്ക, അവനോടു പറയുന്നത്. ആ ഒരു മണിക്കൂറിന് ഒരായുസ്സിനേക്കാള്‍ ഗാഢത!

തെറ്റിദ്ധാരണയെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്; ഷെയ്ക്‌സ്പിയറുടെ 'ജൂലിയസ് സീസറി'ല്‍ 'സിന്ന' എന്ന കവിയെ 'സിന്ന' എന്ന ഗൂഢാലോചനക്കാരനായി ആളുകള്‍ തെറ്റിദ്ധരിക്കുകയും ആക്രമിക്കുകയും  ചെയ്യുന്നു. അപ്പോള്‍ താന്‍ 'കവിയാണ്' എന്ന് അയാള്‍ നിലവിളിക്കുന്നു. 'കവിയാണെങ്കില്‍ നീയെഴുതിയ പൊട്ടക്കവിതയുടെ പേരില്‍ നിന്നെ വെറുതെ വിടില്ല!' എന്നായി ആളുകള്‍. നാം മലയാളികളെ ആ റോമാക്കരുടെ സ്ഥാനത്ത് സങ്കല്പിക്കുക; സിന്നയുടെ സ്ഥാനത്ത് നിങ്ങള്‍ക്ക് പരിചയമുള്ള (അങ്ങനെയൊരാളല്ല, ഒരുപാടു പേര്‍ നിങ്ങളുടെ പഞ്ചായത്തില്‍ തന്നെ കാണുമെന്നെനിക്കറിയാം!) ഏതെങ്കിലും ഒരു കവിയെയും. ആ സിന്നയെ നിങ്ങള്‍ വെറുതേ വിടുമോ?

Content Highlights:mashipacha sajay k v writes about the real figure in life such as mother lover