'How far are you from me, O fruit?'
'I am hidden in your heart, O flower'.
-Tagore.

രാഗണം പൂക്കളുടെ പ്രണയവിനിമയമാണ്. തിളങ്ങുന്ന പ്രാണരേണുക്കളുടെ സംയോഗത്താല്‍ പൂവ് കായായും കായ് കനിയായും മാറുന്നു. 'പരാഗം',' പരാഗണം' എന്നീ വാക്കുകളില്‍ 'പ്രണയം' എന്നര്‍ത്ഥമുള്ള 'രാഗം' എന്ന ചെറുപദം മുറുകിച്ചുരുങ്ങിയിരിക്കുന്നത് ചിലര്‍ക്കെങ്കിലും കാണാനായേക്കും. പൂക്കളുടെ പരാഗണത്തെപ്പറ്റി വൈലോപ്പിള്ളി എഴുതിയ 'പുഷ്പപരിണയം' എന്ന ലേഖനം കവിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ കാണാം. ലോകത്തെ ഏറ്റവും മനോജ്ഞമായ വിനിമയങ്ങളില്‍ ഒന്ന് 'പരാഗണ'മാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഭൂമിയിലെ ദൈവത്തിന്റെ കയ്യൊപ്പായ പൂക്കള്‍ ഒരു ചെടിയുടെ ജനനേന്ദ്രിയം കൂടിയാണെന്ന അറിവുതന്നെ എത്ര ആഹ്‌ളാദകരമാണ്! അവയുടെ പരാഗസംക്രമണത്തില്‍ പങ്കെടുക്കുന്നതാകട്ടെ, പലപ്പോഴും, അത്രമേല്‍ പുഷ്പസാദൃശ്യം വഹിക്കുന്ന ചിത്രശലഭങ്ങളും! ശലഭങ്ങള്‍ക്ക് തേന്‍ നിവേദിച്ച് പൂക്കള്‍ തങ്ങളുടെ വംശാഭിവൃദ്ധിയുടെ ലോലതന്തു പൊട്ടാതെ കാക്കുന്നു. അതിന്റെ ഫലമാകട്ടെ മറ്റൊരു 'ഫല'മാകുന്നു; കനികളുടെ ഇനിമയുറ്റ ഗര്‍ഭശയ്യ!

'സ്വപ്നങ്ങളുടെ പരാഗണം' എന്ന, ഫാ: ജോണ്‍ മണ്ണാറത്തറയുടെ ധ്യാനലേഖനങ്ങളുടെ സമാഹാരമാണ് എന്നെ, ഈവിധം, പരാഗണത്തിന്റെ സൗന്ദര്യവിവക്ഷകളിലേയ്ക്കു നയിച്ചത്. ആശയങ്ങളുടെയും അനുഭൂതികളുടെയും പരാഗണമാണ് എഴുത്തിലും വായനയിലും നടക്കുന്നതെന്ന ലോലമായ ബോധ്യം ഈ നാമകരണത്തിനു പിന്നിലുണ്ട്. എന്നാല്‍ ആശയമെന്നോ അനുഭൂതിയെന്നോ അല്ല, സ്വപ്നങ്ങളുടെ പരാഗണം എന്നാണ് ഫാദര്‍ എഴുതുന്നത്. 'സ്വപ്നം' ഒരു കാല്പനികപദമാണ്. അവ്യക്തവും ആകര്‍ഷണീയവുമായ എന്തിനേയും കാല്പനികര്‍ സ്വപ്നം എന്നു വിളിക്കും. ആത്മീയതയുടെ പരാഗവിനിമയം ലക്ഷ്യമാക്കുന്ന ഇത്തരമൊരു പുസ്തകത്തിന്റെ കാര്യത്തിലാവുമ്പോള്‍ സ്വപ്നമെന്നതിന് കൂടുതല്‍ ലയഭദ്രമായ ഒരു ലോകത്തെക്കുറിച്ചുള്ള ഉദാത്തമായ നിനവുകള്‍ എന്ന അര്‍ത്ഥമാണ് സംഗതമാവുക. 

മനുഷ്യബന്ധങ്ങളെ കൂടുതല്‍ ഇനിപ്പും ഈര്‍പ്പവുമുള്ളതാക്കുന്ന പ്രാര്‍ത്ഥനാപരാഗങ്ങളാണിവിടെ എഴുത്തുകാരന്റെ സ്വപ്നവുമായിണചേര്‍ന്ന് ധ്യാനാത്മകതയുടെ സൗമ്യപരിമളമായും പക്വമായ ജീവിതബോധത്തിന്റെ തേന്‍ നിറഞ്ഞ കനികളായും മാറുന്നത്. എല്ലാവര്‍ക്കുമുള്ള ആശയപരാഗങ്ങളാണ് ഫാദര്‍ തന്റെ എഴുത്തിന്റെ കേസരാഗ്രങ്ങളില്‍ കരുതി വച്ചിരിക്കുന്നത്. സ്വയമൊരു പുഷ്പമായി പരിണമിച്ചു കൊണ്ടു മാത്രമേ ഇത്തരം വിനിമയം സാധ്യമാകൂ. പൂമ്പാറ്റകളെയും തേനീച്ചകളെയും തന്നിലേയ്ക്കു ക്ഷണിച്ചുകൊണ്ട്, അതു നിശ്ശബ്ദം വിരിയുന്നു. ആശയപരാഗണം എന്ന സൂക്ഷ്മമായ നിറവേറലാണ് ഈ കുറിപ്പുകള്‍ക്കും അതിന്റെ വായനക്കാര്‍ക്കുമിടയില്‍ നടക്കുന്നത്. അതു സംഭവിക്കണമെങ്കില്‍ പൂവിനെ സമീപിക്കുന്ന ഷഡ്പദമോ ചെറുകിളിയോ ആയി നിങ്ങളും മാറേണ്ടതുണ്ട്. 

book cover, john mannarathara
ഫാ.ജോണ്‍ മണ്ണാറത്തറ

വിനീതരും ഭാരരഹിതരുമായ അതിഥികളെയാണ് പൂവ് പ്രതീക്ഷിക്കുന്നത്; ഫാ.ജോണ്‍ മണ്ണാറത്തറയുടെ വാക്കുകളുമതേ. തേന്‍ നുകര്‍ന്നുകഴിഞ്ഞ ശലഭവും ഭൃംഗവും ഒരു പരാഗശേഖരവുമായാണ് മടങ്ങുന്നത്. അത് മറ്റൊരു പൂവിനുള്ളില്‍ നിക്ഷേപിക്കപ്പെടുന്നു, ആസന്നമായ ഒരു കനിക്കാലത്തിന്റെ വാഗ്ദാനമെന്നോണം. കൂടുതല്‍ മികച്ച മനുഷ്യത്വമാണ് ആ കനി അഥവാ മനുഷ്യത്വത്തിന്റെ പൂര്‍ണ്ണത. ഏതു കനിയും പൂര്‍ണ്ണതയുടെ രൂപകമാണ്. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'ആപ്പിള്‍ പറിക്കല്‍'(Apple Picking) എന്ന കവിതയിലും വാലന്‍സ് സ്റ്റീവന്‍സിന്റെ' ഞായറാഴ്ച്ചപ്പുലരി'(Sunday Morning) എന്ന കവിയിലും ഈ ഫലരൂപകമുണ്ട്. പൂര്‍ണ്ണതയുടെ ആപ്പിളുകളാണ് ഫ്രോസ്റ്റിന്റെ കവിതയിലെ വൃദ്ധനായ കവി, ഉറക്കം തൂങ്ങുമ്പോഴും, പറിച്ചുകൂട്ടുന്നത്. സ്വര്‍ഗ്ഗത്തിലെ ആപ്പിളുകള്‍, പൂര്‍ണ്ണതാപ്രതിരൂപമാകയാല്‍, പഴുത്തു വീഴാതെ അതിന്റെ ചില്ലയില്‍ ശാശ്വതമായി നിലകൊള്ളുന്നു എന്ന് വാലസ് സ്റ്റീവന്‍സ്. ഈ ആശയോദ്യാനം അത്തരമൊരു കനിത്തോട്ടത്തെയാണ് സ്വപ്നം കാണുന്നത്. 'കനിവ്' എന്ന വാക്കിന് 'കനി'യോട് ചാര്‍ച്ചയുണ്ടെന്നു പറഞ്ഞാല്‍ ഭാഷാപണ്ഡിതര്‍ വകവെച്ചുവെന്നു വരില്ല. അതെന്തായാലും, നിങ്ങളുടെ പുഷ്പഹൃദയത്തിന്റെ ആഴത്തിലെ അദൃശ്യമായ ഫലപൂര്‍ണ്ണതയെ വെളിപ്പെടുത്താനും കണ്ടെത്താനുമുള്ള സൗമ്യമായ ആഹ്വാനങ്ങളാകുന്നു, കനിവിന്റെ ഈ സൂക്തങ്ങള്‍.

'A poem should be palpable and mute, as a globed fruit' എന്ന് ആര്‍ച്ചിബാള്‍ഡ് മക്ലീഷ് എന്ന കവി. അതിനെ ശരിവയ്ക്കുന്ന ആശയങ്ങളുടെയും അനുഭൂതികളുടെയും ഫലപൂര്‍ണ്ണിമയുണ്ട് ഈ പുസ്തകത്തിലെ ഉപന്യാസങ്ങള്‍ക്ക്. ഭാഷ അവയില്‍ മൂത്തുപഴുത്തു പാകം വന്ന ഒരു കനി പോലെ, മധുരിക്കുന്ന ഉള്ളോടും മിനുത്ത് കോമളമായ പുറത്തോടും കൂടി , അതിന്റെ രസം, 'മന്ദമന്ദം നുണ'ഞ്ഞിറക്കാനാഗ്രഹിക്കുന്ന സാവധാനികളായ വായനക്കാരെ കാത്തിരിക്കുന്നു.

മഷിപ്പച്ച മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights : mashipacha sajay k v writes about ideology in reading