ലയാളിയുടെ പാട്ടു പൂക്കാലത്തിന്റെ ഉദ്യാനപാലകരിലൊരാള്‍ ബിച്ചു തിരുമലയാണ്. പലതരം പാട്ടുകളുടെ അനായാസമായ രചനാഭംഗി കൊണ്ടാണ് ബിച്ചു ആ ഉദ്യാനത്തെ കൂടുതല്‍ മോടിപ്പെടുത്തിയത്. കവികള്‍ കൂടിയായറിയപ്പെട്ട പാട്ടെഴുത്തുകാരുടെ പേരേടില്‍ ഇയാളുടെ പേരു കണ്ടെന്നു വരില്ല. തികച്ചുമൊരു പാട്ടെഴുത്തുകാരനായിരുന്നു അയാള്‍. പാട്ടില്‍ പദങ്ങള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടിയ ഒരാള്‍.

'ജലശംഖുപുഷ്പം ചൂടും കടലോരതീരം' എന്നതിലെ ജലശംഖുപുഷ്പം അഗാധമായ കാവ്യഭംഗിയാര്‍ജ്ജിക്കുന്നത് അതിലെ അസാധാരണമായ പദച്ചേരുവയാലാണ്. 'ജലശംഖുപുഷ്പം' എന്ന പ്രയോഗത്തില്‍ കടലിന്റെയും ശംഖുപുഷ്പത്തിന്റയും നീലിമയത്രയും കോരി നിറച്ചിരിക്കുകയാണ് ഗാനരചയിതാവ്. 'ശംഖുപുഷ്പ'ത്തിലെ 'ശംഖ്' അതിനു സവിശേഷ ചാരുതയണയ്ക്കുന്നു. കടലിന്റെ ഉപമാനമായിത്തീരാനുള്ള അതിന്റെ അധിക യോഗ്യതയായി അതു മാറുന്നു.
'മൈനാകം കടലില്‍ നിന്നുയരുന്നുവോ ?' എന്ന ഗാനപല്ലവിയില്‍ , ദേവരാജാവ് ചിറകരിഞ്ഞ് കടലില്‍ വീഴ്ത്തിയ മൈനാകപര്‍വ്വതത്തിന്റെ ഉയിര്‍പ്പു പോലുള്ള മനുഷ്യമോഹങ്ങളുടെ പുനര്‍ജ്ജനിയാണ്  ഗാനഭാവനയുടെ ചിറകുകളായി മാറുന്നത്. പര്‍വ്വതങ്ങളുടെ അരിഞ്ഞു മാറ്റപ്പെട്ട ചിറകുകളാണ് മേഘങ്ങള്‍ എന്നും ഈ പല്ലവിയുടെ മറുപാതി, ഓര്‍മ്മിക്കുന്നുണ്ട് - 'ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ?'. കാതില്‍ വീണു വറ്റുന്നില്ല ഈ ഗാനം , വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ഗാനഭാവനയെ പുരാണഭാവനയുമായി ചേര്‍ത്തുനെയ്യുന്നതിലെ കരവിരുതു തന്നെ അതിനു കാരണം.

'ഇല്ലിക്കാടടി മുടിയുലയണ കുളിരല പോലെ'യാണ് കാമുകന്റെ കിന്നാരം പറച്ചില്‍ എന്നും അതു കേട്ട് നാടന്‍പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പൂക്കുന്ന പുഞ്ചിരി ,' കല്ലായിപ്പുഴയില് വിരിയണ കുളിരല' പോലെയാണെന്നും ബിച്ചു എഴുതും.' ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍' എന്ന് കാത്തിരിപ്പിന്റെ വാത്സല്യമുഗ്ദ്ധമായ ഔത്സുക്യത്തെപ്പറ്റിയും.

തൊണ്ണൂറുകളില്‍ 'മണിച്ചിത്രത്താഴി' ലെ ഗാനങ്ങളിലൂടെയാണ് ബിച്ചു സജീവത നിലനിര്‍ത്തിയത്;' പപ്പയുടെ സ്വന്തം അപ്പൂസി'ലെ പാട്ടുകളുടെ അസാമാന്യജനപ്രീതിയും അക്കാലത്തു തന്നെ സംഭവിച്ചു.' പഴന്തമിഴ്പ്പാട്ടൊഴുകും...' എന്ന ഗാനത്തിലെ,' നിലവറമൈന'യും ' ഇളങ്കോവടിക'ളും ', 'മാണിക്യവാചക'രുമെല്ലാം നിപുണനായ ഗാനരചയിതാവിന്റെ പൊടിക്കൈകള്‍.' പവനരച്ചെഴുതുന്ന കോലങ്ങളാല്‍ കിഴക്കിനിക്കോലായിലെ അരുണോദയത്തെ വിവരിക്കുന്ന' വിയറ്റ്‌നാം കോളനി'യിലെ ആ പാട്ടില്‍,' പുഴയൊരു പൂണൂലായ്' എന്നൊരു വരിയുണ്ട്. അന്തരീക്ഷസൃഷ്ടിക്കായി ബിച്ചു, കഥാപാത്രങ്ങളുടെ സാംസ്‌കാരികപരിസരത്തിന്റെ സൂചനകളുപയോഗിക്കുന്നതിലെ വിരുത് ഇവിടെയും പ്രകടം.' ഒരു മയില്‍പ്പീലിയായ് ഞാന്‍ പിറന്നുവെങ്കില്‍...' എന്ന കൃഷ്ണഭക്തിഗീതത്തിലെ ഭാവന, വളരെ ലളിതമാണ്; അത്ര തന്നെ ഹൃദയാവര്‍ജ്ജകവും! 'പീലിയേഴും വീശി വാ, സ്വരരാഗമാം മയൂരമേ!' എന്ന ഗാനത്തിലും കാണാം സരളഹൃദ്യമായ ഗാനഭാവനയുടെ ഈ അനായാസമായ പീലിനീര്‍ത്തല്‍. ഇത്രയുമൊക്കെ മതി, ബിച്ചു തിരുമല എന്ന പാട്ടെഴുത്തുകാരനെ മലയാളി ഇനിയും ഏറെക്കാലം ഓര്‍മ്മയിലും ഹൃദയത്തിലും സൂക്ഷിക്കാന്‍.

Content Highlights : mashipacha sajay k v writes about craft in bichu thirumala songs