ഹാലന്റെ ഗാഥാസപ്തശതിയിലാണെന്നു തോന്നുന്നു, ഒരു ശ്ലോകമുണ്ട്; അതിപ്രകാരമാണ് -
'നോക്കൂ, മരതകത്താലത്തില്‍ വച്ച ശംഖുപോലെ താമരയിലയിലിരിക്കുന്ന ആ കൊറ്റിയെ!'. കാമുകന്‍ കാമുകിയോട് പറയുന്ന വാക്കുകളാണിവ. ഇതില്‍ നിന്ന് വന്യവിജനമായ ഒരിടം ഭാവന ചെയ്യാന്‍ വായനക്കാര്‍ക്കാവും. ഒരു താമരപ്പൊയ്കയുടെ തടം(ആശാന്റെ 'നളിനി'യിലെ നായികാനായകന്മാരുടെ സംഗമ സ്ഥാനമെന്ന പോലെ), അവിടെ തങ്ങളുടേതു മാത്രമായ അനുരാഗസ്വര്‍ഗ്ഗം പണിയാനാഗ്രഹിക്കുന്ന ഇരുവര്‍. അവിടത്തെ ആരണ്യകവിശ്രാന്തി (pastoral quietude) യെയാണ് സൂചിപ്പിക്കുന്നത് ഈ മുക്തകമെന്നാണ് പരമ്പരാഗത വ്യാഖ്യാനം. അത് ശരിയാണുതാനും. അനക്കമറ്റ കൊറ്റി വിജനതയെ സൂചിപ്പിക്കുന്നു, അതാകട്ടെ സൈ്വരസല്ലാപത്തിനു പറ്റിയ ഇടം എന്ന നിലയില്‍ അതിന്റെ അഭികാമ്യതയെയും. ഇതാണ് ഈ വാങ്മയാനുഭവത്തിന്റെ ധ്വനിമൂല്യം. ഈ സ്ഥിതധാരണ അട്ടിമറിക്കപ്പെട്ട ഒരു അധ്യാപന സന്ദര്‍ഭത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

സമയ - കാലങ്ങള്‍'നമത് വാഴും കാല'ത്തെ കേരളമായതുകൊണ്ട് ഓണ്‍ലൈനിലാണ് ക്ലാസ്. ധ്വനി സിദ്ധാന്തം പഠിപ്പിക്കുന്നതിനിടെ ഇതെഴുതുന്നയാള്‍ ഈ ശ്ലോകം കൊടുത്തിട്ട് വിദ്യാര്‍ത്ഥി(നി)കളോട് അവര്‍ക്കിഷ്ടമുള്ളതു പോലെ വ്യാഖ്യാനിക്കാനാവശ്യപ്പെടുന്നു. എന്നെ അമ്പരപ്പിലും ആഹ്‌ളാദത്തിലുമാഴ്ത്തിക്കൊണ്ട് ഉടനടി വന്നു, നൂതന വ്യാഖ്യാനങ്ങളുടെ ഒരു പരമ്പര. അതിന്റെ സാരാംശം ഇങ്ങനെ - ശംഖിന്റെയും മരതകതാലത്തിന്റെയും സാദൃശ്യം വഹിച്ചുകൊണ്ട് താമരയിലയിലിരിക്കുന്ന വെണ്‍പതംഗം, ആ യുവമിഥുനത്തിന്റെ ആത്മപാരസ്പര്യത്തിന്റെ പ്രതിരൂപമാണത്രേ! 

സംഗതി വാസ്തവം, ഹൃദ്യം. പരമ്പരാഗത വ്യാഖ്യാനത്തേക്കാള്‍ ഭാവനാപൂര്‍ണ്ണം. വാങ്മയത്തിന്റെ ദൃശ്യസാധ്യതയില്‍ക്കൂടി ഊന്നുമ്പോഴാണ് ഇത്തരമൊരു വായന സാധ്യമാവുക. പച്ചയും വെണ്‍മയും തമ്മിലുള്ള രാഗ സങ്കലനം, അന്യോന്യരഞ്ജനത്തിന്റെ ദൃശ്യ കാവ്യം. ശംഖിന്റെ പവിത്രത, താമരയുടെ മോഹനമായ രതിവ്യംഗ്യം. ഒരു  പക്ഷേ, പക്ഷിയും താമരയും താമരയിലയും തടാകത്തിലെ അവയുടെ നിശ്ചലപ്രതിബിംബവും ചേര്‍ന്നു നിര്‍മ്മിക്കുന്ന കാഴ്ച്ചയുടെ സന്തുലിത ചാരുതയും കൂടി കണ്ടെന്നു വരാം, ഈ വരികളില്‍, ഭാവനാശാലിയായ ഒരു വായനക്കാരി. അത്തരം ഭാവനാശാലി( നി)കളായിരുന്നു എന്റെ വിദ്യാര്‍ത്ഥിനികള്‍. കവിതയും ഭാവനയും ഓണ്‍ലൈനിലൂടെയും സംക്രമിക്കുമെന്നു തെളിയിച്ചു അവര്‍. കവിതയുടെ ധ്വനിസരോവരം അതോടെ സഹൃദയഭൃംഗങ്ങളുടെ സുഖമര്‍മ്മരത്താല്‍ മുഖരമായി. അധ്യാപനം ആനന്ദവര്‍ധനമായി.

Content Highlights: Mashipacha Column Sajay KV