പ്രസിദ്ധമായ ഒരു ഭാരതിയാര്‍ കവിതയാണ് 'കാക്കൈ ചിറകിനിലേ...' എന്നാരംഭിക്കുന്ന കൃഷ്ണഗീതി. കൃഷ്ണഭക്തിയുടെയും ശിവ ഭജനത്തിന്റെയും രണ്ടു പാരമ്പര്യങ്ങള്‍ നമുക്കുണ്ട്, ആള്‍വാര്‍മാരുടെയും നായനാര്‍മാരുടെയും. തമിഴ്‌നാട്ടില്‍ ഇവ രണ്ടും രണ്ട് പ്രബല സാന്നിധ്യങ്ങളായിരുന്നു. ആണ്ടാള്‍ തമിഴ് നാട്ടുകാരിയായിരുന്നുവല്ലോ. കൃഷ്ണഭക്തിയേക്കാള്‍ ശിവാരാധനയ്ക്കാണ് ദ്രാവിഡത്തനിമ കൂടുതല്‍. ഭാരതിയാര്‍ കൃഷ്ണനെക്കുറിച്ചെഴുതുമ്പോഴും ആ ശ്യാമദൈവത്തിന്റെ കറുപ്പിനെ ദ്രാവിഡമായ വര്‍ണ്ണത്തനിമയുമായും തന്മയുമായും ഇണക്കുന്ന രീതി വിസ്മയകരമാണ്.

'കാക്കൈ ചിറകിനിലേ -നന്ദലാലാ-
നിന്റന്‍ കരിയനിറം തോന്റുതയേ നന്ദലാലാ' എന്നാണ് കാവ്യാരംഭം(അതോ ഗാനമോ?). കാക്കച്ചിറകിന്റെ അകാല്പനികവും ചിരപരിചിതവുമായ കറുപ്പില്‍ കൃഷ്ണവര്‍ണ്ണം കാണുകയാണ് കവി. കടല്‍, മേഘം തുടങ്ങിയ പരമ്പരാഗത ഉപമാനങ്ങളെല്ലാം ഇവിടെ റദ്ദായിപ്പോകുന്നു. മലയാള കവികള്‍ക്കു പ്രിയപ്പെട്ട കായാമ്പൂ നിറവുമില്ല ഈ കറുമ്പന്‍ ദൈവത്തിന്. എച്ചില്‍ തീനിയായ കാക്ക കൃഷ്ണ സങ്കല്പത്തിന്റെ കാല്പനികതയെ ഭഞ്ജിച്ചു കൊണ്ട് ഭാരതിയാര്‍ക്ക വിതയില്‍ പറന്നിറങ്ങുന്ന കാഴ്ച്ച കൗതുകകരമാണ്, അതിലേറെ അര്‍ത്ഥപൂര്‍ണ്ണവും. ഒരു ദ്രാവിഡ / കീഴാള കൃഷ്ണ സങ്കല്പത്തിനായുള്ള ധീരമായ ആരായാലുണ്ട് ഈ കല്പനയില്‍.

തൊട്ടടുത്തു വരുന്ന വരികളും അതിഗംഭീരമാണ് -
'പാര്‍ക്കും 
മരങ്കളെല്ലാം - നന്ദലാലാ -
നിന്റന്‍ പച്ചൈ നിറം തോന്റുതയേ നന്ദലാലാ...
കേള്‍ക്കും ഒലിയിലെല്ലാം - നന്ദലാലാ -
നിന്റന്‍ ഗീതം ഇസൈക്കുതടാ
നന്ദലാലാ...
തീക്കുള്‍ വിരലെ വെയ്ത്താല്‍ - നന്ദലാലാ -
നിന്നെ തീണ്ടും ഇമ്പം 
തോന്റുതടാ
നന്ദലാലാ...'

കാണായ മരത്തിലെല്ലാം നിന്റെ  പച്ച നിറം, കേള്‍ക്കായ ഒലിയിയിലെല്ലാം നിന്റെ ഗാനം, തീയില്‍ വിരല്‍ വച്ചാല്‍ നിന്നെ തൊടുന്ന ഇമ്പം എന്നിങ്ങനെ പരാവര്‍ത്തനം ചെയ്യാം. ഒടുവിലത്തെ വരികളുടെ തീത്തൊടലാല്‍ എന്റെ വിരലറ്റത്തോളം പടര്‍ന്ന കാവ്യവൈദ്യുതിയുടെ കിടിലം ഇനിയും അവസാനിച്ചിട്ടില്ല, അവസാനിക്കരുതേ എന്നാഗ്രഹിക്കുകയും ചെയ്യുന്നു.

ഒരു കൗതുകം കൂടി പങ്കുവെയ്ക്കാനുണ്ട്. ഒരിക്കല്‍ യാദൃച്ഛികമായി എം.എം.സോമശേഖരന്‍ എന്ന, വടകരക്കാരുടെ സോമേട്ടനുമായി ഭാരതിയാര്‍ക്ക വിതയെപ്പറ്റി സംസാരിക്കാനിടയായി. ഭാരതിയാര്‍ക്കവിതയുടെ 'വൈദ്യുതാലിംഗന'ത്തിലായിരുന്നു അദ്ദേഹം തന്റെ സൗമ്യ വാര്‍ധക്യത്തിലും, എഴുപതുകളില്‍ തീവ്രഇടതുപക്ഷരാഷ്ട്രീയത്തിന്റെ എന്ന പോലെ.

Content Highlights: Mashipacha column by Sajay KV bharathiyar poems