ലയാളി പണ്ട് പുക വലിച്ചിരുന്നു, പൊതുവിടങ്ങളില്‍. ഇപ്പോള്‍ അതൊരു കുറ്റകൃത്യം. ഗോപ്യമായി ചെയ്യേണ്ട അധമവൃത്തി. 'സദാചാരി'കളായ പൊലീസിന്റെ കണ്ണിലെങ്ങാന്‍ പെട്ടു പോയാല്‍ അയാള്‍ നിങ്ങളെ കയ്യോടെ പിടികൂടും, ഭേദ്യം ചെയ്യും, പിഴയടപ്പിക്കുകയും ചെയ്യും. നമ്മള്‍ പലയിടത്തും കണ്ടിട്ടുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമുണ്ട്. ഫോട്ടോഗ്രാഫര്‍ ആരാണെന്ന് ഓര്‍മ്മയില്ല, ചിലപ്പോള്‍ പുനലൂര്‍ രാജന്‍ തന്നെയാവാം. വൈലോപ്പിള്ളി, മുണ്ടശ്ശേരി, തകഴി, എം.ടി. ഇവരൊക്കെയുണ്ട് ചിത്രത്തില്‍. തകഴിയോട് ബീഡിയോ തീയോ വാങ്ങിക്കത്തിക്കുകയാണ് വൈലോപ്പിള്ളി, അവര്‍ക്കു നടുവില്‍ ചുണ്ടില്‍ തിരുകിയ ബീഡിയുമായി പൊടിമീശക്കാരനായ എം.ടി, പുകവലിയില്‍ മുഴുകിയ മുണ്ടശ്ശേരി. അവിടെ തലമുറവിടവോ പരസ്യധൂമപാനത്തെക്കുറിച്ചുള്ള സദാചാര ഭീരുത്വമോ ഇല്ല. ഉള്ളില്‍ തീയുള്ളവരുടെ ചുണ്ടിലും അതെരിയുന്നു. അത്ര തന്നെ!

'ഒരേ തീയ്' എന്ന പേരില്‍ ജീ.ശങ്കരക്കുറുപ്പിന്റെ കവിതയുണ്ട്. ഒരേ ചൂടിക്കയറിന്റെ അറ്റത്തു നിന്ന് ഒരേ തീ പകര്‍ന്ന് എരിഞ്ഞു തീരുന്ന ബീഡി - സിഗററ്റുകളെപ്പറ്റി. ഇനി അത്തരമൊരു കവിത എഴുതപ്പെടാനിടയില്ല മലയാളത്തില്‍. അതിനുള്ള എല്ലാ പഴുതുകളും നമ്മള്‍ അടച്ചു ഭദ്രമാക്കിക്കഴിഞ്ഞു. ഈ ഭദ്രകാലത്തിന്റെ അത്രയൊന്നും ഭദ്രമല്ലാത്ത ഉള്ളിരിപ്പുകളെപ്പറ്റിയാണ് കല്പറ്റ നാരായണന്റെ' ഒരു പുക കൂടി' എന്ന കവിത.

'അന്നത്തെ തീവണ്ടികള്‍ പോലെ ഉള്ളില്‍ തീയുള്ളവരുടെ പുകയായി ഞാന്‍ മുന്നില്‍ നിന്ന് നയിച്ചു' എന്ന് ബീഡിയുടെ ഒരാത്മഗതമുണ്ട് ഈ കവിതയില്‍. ഇതില്‍ ഒരു ചരിത്ര സംഗ്രഹമുണ്ട്; ഇന്ന് ആ തീവണ്ടി തീയില്ലാതെ, വെറും പൊള്ളമുഴക്കമായി, ഓടിക്കൊണ്ടിരിക്കുന്നതിന്റെ മുന്‍പുള്ള കാലത്തിന്റെ.

ആദര്‍ശവും ത്യാഗസന്നദ്ധതയും നിസ്വാര്‍ത്ഥതയും ഭാവനയും സര്‍ഗ്ഗാത്മകതയും അതുള്ളവരുടെ ചുണ്ടില്‍ ഒരു പൊട്ടോളം ബീഡിത്തീയായെരിഞ്ഞ കാലത്തെപ്പറ്റിയാണ് കല്പറ്റയുടെ ബീഡി നെടുവീര്‍പ്പിടുന്നത്. അന്ന് ഒളിയിടങ്ങളില്‍ അവരെ തേടി നടന്ന പൊലീസ് ഇന്ന് പൊതു വിടങ്ങളില്‍ പൊങ്ങുന്ന പുകയുടെ ഉറവിടം തേടി നടക്കുന്നു. അപായകരമായി ജീവിച്ച്, ജീവിതവും ആരോഗ്യവും പരാര്‍ത്ഥമായി എരിച്ചോ പുകച്ചോ കളഞ്ഞവരുടെ കുലം കുറ്റിയറ്റു പോയിരിക്കുന്നു. സ്വാര്‍ത്ഥദുര്‍മ്മോഹികള്‍ തങ്ങളുടെ ശ്വാസകോശത്തെ, പകരം, കലര്‍പ്പറ്റ ദുരയുടെ ശുദ്ധവായു കൊണ്ട് നിറച്ചു കൊണ്ടേയിരിക്കുന്നു. ചുണ്ടിലെരിയുന്ന ആ ചുരുട്ടു കൂടാതെ കാണാനാവുമോ സ്വപ്നത്തില്‍ പോലും നിങ്ങള്‍ക്ക് ചെഗുവേരയെ ? ചുരുട്ടില്ലാത്ത ചെ, വെറുമൊരു സാധു!

കുറ്റി ബീഡിയെറിഞ്ഞിട്ടാണ് 'യവനിക'യിലെ വരുണന്‍ (ജഗതി) സ്റ്റേജിലെത്തി കഥാപാത്രമാകുന്നത്. നിഷേധികളും ഏകാകികളുമായ എം.ടി.യുടെ കഥാപാത്രങ്ങളും (സിനിമയില്‍) ആരാധകരും (ജീവിതത്തില്‍) അവരുടെ സ്രഷ്ടാവിനെപ്പോലെ പുകയൂതി. മൊല്ലാക്ക ഉഗ്രമായി പുകയൂതി എന്ന് വിജയന്‍ ഖസാക്കില്‍. ബഷീര്‍ 'മതിലു'കളില്‍, തൂക്കിലേറ്റപ്പെടാന്‍ പോകുന്ന സഹതടവുകാരന് പരലോക പാഥേയമായി സമ്മാനിച്ചത് ഒരിറക്കു ചായയും ഒരു കവിള്‍ ബീഡിപ്പുകയും. 'കുടിയൊഴിക്ക'ലിലെ തൊഴിലാളിയുടെ പുല്ലുമാടം കത്തിച്ചത് അയാളുടെ മകന്‍ കട്ടു വലിച്ച ബീഡിയുടെ (വീടു കാവലാം നിന്‍ ചെറു പയ്യന്‍/വീടി വായില്‍ വിപത്തു കത്തിക്കെ...) തീയാണെന്ന് കള്ളം പറയുന്നുണ്ട് ജന്മി; അയാളാകട്ടെ അപ്പോള്‍,'വേല ചെയ്യിച്ചു തത്ര ഞാന്‍ ചിന്താ- / ലോലധൂമിക നിര്‍മ്മിച്ചു'നില്‍ക്കുകയായിരുന്നു എന്നും. ജന്മിയുടെ പുകവലി' ചിന്താ ലോല ധൂമിക നിര്‍മ്മിക്ക 'ലാ കുന്നു, തൊഴിലാളിപ്പയ്യന്റേത് 'വീടി വായില്‍ വിപത്തു കത്തിക്ക'ലും!

ഇവിടങ്ങളിലൊന്നും ഇനി തീയോ പുകയോ ഇല്ല. നടനോ  കഥാപാത്രമോ ഇനി പുകവലിക്കില്ല. ഓടയില്‍ നിന്നിലെ പപ്പുവായി മാറാന്‍ വേണ്ടി സത്യന്‍ മാഷ് ചോദിച്ച ബീഡി കൊടുത്തതു ഞാനാണെന്നു വീമ്പു പറയാന്‍ ഇനി ആളുണ്ടാവില്ല, നിശ്ചയം.

Content Highlights: Mashipacha column by Sajay KV