'In Dostoyevsky's world,the heroes' tormented souls haunt us.Because the three Karamazov brothers are also, in a strange sense, brothers of the spirit, the reader tries to choose among them, to identify with them, to talk about them, to argue with them- and before long to argue with  each of the Karamazov brothers is to argue about life.' 

ര്‍ക്കിഷ് നോവലിസ്റ്റായ ഓര്‍ഹന്‍ പാമുക്കിന്റെ വാക്കുകളാണിവ; ഒരു പക്ഷേ കഴിഞ്ഞ നൂറ്റി നാല്പ്പത് വര്‍ഷങ്ങള്‍ക്കിടെ ദസ്തയേവ്‌സ്‌കിയുടെ 'കാരമസോവ് സഹോദരന്മാര്‍' എന്ന ഇതിഹാസനോവല്‍ വായിച്ചിട്ടുള്ള പരശ്ശതം വായനക്കാരില്‍ ഓരോരുത്തരുടെയും ആത്മഗതവും. കാരമസോവുകളുടെ കഥ ഒരു ജീവിതപുസ്തകമാണ്. അവരില്‍ ആരോടാണ് തനിക്ക് കൂടുതല്‍ അടുപ്പം എന്ന് ഓരോ വായനക്കാരനും തന്നോടു തന്നെ ചോദിക്കുന്നു. മനുഷ്യാത്മാവിന്റെയും മനുഷ്യ സ്വഭാവത്തിന്റെയും ദര്‍പ്പണങ്ങളാകുന്നു ഈ അപൂര്‍വ്വ സഹോദരങ്ങള്‍. കാരമസോവുകളുമായി പരിചയപ്പെടുന്ന യൗവ്വനാരംഭത്തില്‍ ദിമിത്രി ഫയദരോവിച്ച് എന്ന മിത്യാ യോടായിരുന്നു എനിക്ക് അടുപ്പം; മദിരയും പ്രണയവും വികാരലാവയും പതഞ്ഞൊഴുകുന്ന അയാളുടെ കൊടുങ്കാറ്റു നിറഞ്ഞ ജീവിതത്തോടും പ്രകൃതത്തോടും. രണ്ടര പതിറ്റാണ്ടിനു ശേഷം ആ നോവല്‍ വീണ്ടും വായിക്കുമ്പോള്‍, ആദ്യ വായനയില്‍ എനിക്ക് അത്രയൊന്നും താദാത്മ്യം തോന്നിയിട്ടില്ലാത്ത ആ ഇളയ കാരമസോവിനെ, അലക്‌സി എന്ന അല്യോഷയെ, ഞാന്‍ കൂടുതല്‍ വ്യക്തതയോടു കൂടി കാണുന്നു. അയാളുടെ സാത്വികശോഭ എന്നിലെ രാജസത്തിന് അപ്രാപ്യമാണെങ്കിലും അതിനാല്‍ ഞാന്‍ പ്രലോഭിതനാകുന്നു.

അച്ഛന്‍ കാരമസോവിന്റെ പ്രകൃതവുമായുള്ള അടുപ്പവും അകലവുമാണ് മിത്യാ, ഐവാന്‍, അല്യോഷാ എന്ന ആ മൂന്നു മക്കളുടെയും സ്വഭാവസവിശേഷതകളെ നിര്‍ണ്ണയിക്കുന്നത്. അധമത്വത്തിന്റെ ആള്‍രൂപമാണ് ഫയദോര്‍ പാവ് ലോവിച്ച് കാരമസോവ് എന്ന അച്ഛന്‍; ഭോഗിയും സ്വാര്‍ത്ഥനും ദുഷ്ടനും. അയാളുടെ അംശങ്ങള്‍, ഏറിയും കുറഞ്ഞും, മിത്യായിലും ഐവാനിലുമെല്ലാമുണ്ട്. എന്നാല്‍ പിതാവിന്റെ തിന്മകളുടെ നിശ്ശേഷമായ അഭാവമാണ് അല്യോഷയുടെ അനന്യത അഥവാ അച്ഛന്‍ കാരമസോവില്‍ നിന്ന് അവന്‍ പുലര്‍ത്തുന്ന അസാമാന്യദൂരം. അമ്മ, സോഫിയ ഇവനോവ് നയില്‍ നിന്ന് അല്യോഷയ്ക്കു പകര്‍ന്നു കിട്ടിയതാവണം അവന്റെ സൗമ്യതയും സാത്വികപ്രകൃതവും എന്നതിന്റെ സൂചനകള്‍ നോവലില്‍ ഉണ്ട്.

'അമ്മ മരിക്കുമ്പോള്‍ അലക്‌സിക്ക് നാലു വയസ്സ് നടപ്പായിരുന്നു. എന്നാല്‍ ഒരു സവിശേഷത എടുത്തു പറയാനുണ്ട്. അവന്‍ അമ്മയെ ആ ജീവനാന്തം ഓര്‍മ്മിച്ചു, ഒരു കിനാവു പോലെ' (എന്‍.കെ.ദാമോദരന്റെ പരിഭാഷയില്‍ നിന്ന്). ചെറിയൊരു പരാമര്‍ശമെങ്കിലും ഇത് അല്യോഷയുടെ കഥാപാത്രനിര്‍മ്മിതിയെ സംബന്ധിച്ച് പരമപ്രധാനമായ ഒരു സൂചനയാകുന്നു; ആ സാധുവും സാധ്വിയും ശാലീനയും പീഡിതയുമായ അമ്മയില്‍ നിന്നാണ് അവന്‍ തന്റെ നന്മയുടെ ജീവകങ്ങള്‍ സംഭരിച്ചത് എന്നതിന്റെ.

അല്യോഷയുടെ ആത്മീയപിതൃത്വമാകട്ടെ മഹാചാര്യനായ ഫാദര്‍ സോസിമയ്ക്കുമായിരുന്നു. തന്റെ മാതൃകത്തെ സോസിമയുടെ ആത്മീയപൈതൃകം കൊണ്ടു പൂരിപ്പിക്കുകയായിരുന്നു അവന്‍. ആസന്നമരണനായ സോസിമ തന്റെ ജീവിതത്തെക്കുറിച്ചും ദര്‍ശനത്തെക്കുറിച്ചും സംസാരിക്കുന്ന ഭാഗം നോവലിലെ ഏറ്റവും പരിമള പൂരിതമായ താളുകളാണ്. പൊതുവേ മദവും മത്സര്യവും പ്രമേയമാകുന്ന നോവലിലെ ആത്മീയപ്രകാശത്തിന്റെ സ്രോതസ്സ് ഈ ഭാഗമാണെന്നു പറയാം. ഐവാന്റെ ദൈവനിഷേധകമായ ധിഷണാശാലിത്വത്തിനും മിത്യായുടെ വികാരാവിഷ്ടതയ്ക്കുമിടയില്‍ സോസിമായുടെ അന്ത്യവചസ്സുകള്‍ ഉലയാത്ത ഒരു ദീപനാളം പോലെ പ്രഭ ചൊരിഞ്ഞു കൊണ്ടു നില്‍ക്കുന്നു. സോസിമയില്‍ നിന്നേറ്റു വാങ്ങിയ ഈ പ്രകാശത്തിന്റെ സൗമ്യപ്രസരണമാണ് അല്യോഷയുടെ വാക്കുകളിലും പ്രവൃത്തികളിലും പിന്നീടു നമ്മള്‍ കാണുന്നത്. ക്ഷോഭ സങ്കുലമായ കാരമസോവുകളുടെ ജീവിത സംഘര്‍ഷങ്ങള്‍ക്കു നടുവില്‍, ഒരിളം പ്രാവിന്റെ ചിറകടി പോലെ, അയാളുടെ വാക്കുകളും ചെയ്തികളും കേള്‍വി പ്പെടുന്നു. ഇക്കാരണം കൊണ്ടാവണം, അല്യോഷയെയാണ് തന്റെ നോവലിലെ നായകനായി ദസ്തയേവ്‌സ്‌കി സങ്കല്പിച്ചത്.

അല്യോഷ എന്ന പേര് യാദൃച്ഛികമല്ല. അതിനു പിന്നില്‍ ഒരു വൈയക്തികദുരന്തത്തിന്റെ കണ്ണീരും കാളിമയുമുണ്ട്. ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ദസ്തയേവ്‌സ്‌കിയുടെ വ്യക്തിജീവിതം. അന്നയുമായുള്ള വിവാഹത്തോടെയാണ് അതിന് ഒട്ടൊരു ഉറപ്പും ചിട്ടയും പ്രകാശവുമൊക്കെ കൈ വന്നത്. മക്കളെ അതിരറ്റു സ്‌നേഹിച്ച പിതാവായിരുന്നു ദസ്തയെവ്‌സ്‌കി. 'കുട്ടികളോടുകൂടിയാവുമ്പോള്‍ ആത്മാവ് സൗഖ്യപ്പെടുന്നു' എന്നു വിശ്വസിച്ച എഴുത്തുകാരന്‍. ഇളയ മകനായ അല്യോഷയോട് ഒരു സവിശേഷ വാത്സല്യം തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. എപ്പോഴും കൊഞ്ചിക്കലമ്പുന്ന, ഉല്ലാസവാനായ അവന്‍ തന്റെ പ്രതിരൂപമെന്നു തന്നെ കരുതി ആ പിതാവ്. 1878, മെയ് മാസത്തില്‍ പിതാവില്‍ നിന്നു പകര്‍ന്നു കിട്ടിയതുപോലെ വന്നു ചേര്‍ന്ന അപസ്മാര ബാധയാല്‍, പന്ത്രണ്ടു ദിവസം നീണ്ടു നിന്ന രോഗാവസ്ഥയ്ക്കു ശേഷം അല്യോഷ ഈ ലോകം വിട്ടു പോയി. ആ തീവ്രാഘാതത്തില്‍ നിന്നു വിടുതി തേടി, ദസ്തയേവ്‌സ്‌കി നടത്തിയ ആത്മീയതീര്‍ത്ഥാടനങ്ങളുടെ കൂടി ഫലമായിരുന്നു 1880 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അവസാന കൃതിയും അത്യുല്‍കൃഷ്ട കൃതിയുമായ 'കാരമസോവ് സഹോദരന്മാര്‍'. നോവലിലെ സൗമ്യനും സ്‌നേഹധനനും സമാധാനപ്രിയനുമായ കേന്ദ്ര കഥാപാത്രത്തിന്, ആ മാനസപുത്രന്, കുഞ്ഞായിരിക്കെ മരണമടഞ്ഞ പ്രിയപുത്രന്റെ പേരു തന്നെ നല്‍കി നോവലിസ്റ്റ് - അല്യോഷ.

ബാലമരണം 'കാരമസോവ് സഹോദരന്മാ'രിലെയും ഒരു പ്രധാന പ്രമേയതന്തുവാണ്. ക്യാപ്റ്റന്‍ സ്നെഗിറിയോവ് എന്ന ദരിദ്രനായ പിതാവിന്റെ, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍,' ഇലൂഷ'യാണ് മരിക്കുന്നത്. അവന്റെ ശവസംസ്‌കാരമാണ് നോവലിലെ അന്തിമരംഗം.. അവന്റെ കൂട്ടുകാരായ കുട്ടികളോട് അവരുടെ യുവ സ്‌നേഹിതനായ അല്യോഷ സ്‌നേഹത്തിന്റെ ചിരന്തനമൂല്യത്തെപ്പറ്റിയും മരിച്ച ബാലന്റെ ഓര്‍മ്മ തങ്ങളില്‍ ജീവി ക്കേണ്ടതിനെപ്പറ്റിയും പറയുന്നു. അങ്ങനെ, നിരപരാധരായ കുട്ടികള്‍ വേദനിക്കുന്നതെന്തുകൊണ്ടു് എന്ന ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ചോദ്യം ഒരിക്കല്‍ക്കൂടി ഉന്നയിച്ചു കൊണ്ട്, അതിനെ ബാഷ്പാവിലമായ ഒരു വൈകാരികാഘാതമെന്ന പോലെ ശമദീപ്തമായ ഒരാത്മീയാനുഭവവുമാക്കി മാറ്റിക്കൊണ്ടും, നോവല്‍ അവസാനിക്കുന്നു. മരണ ശേഷം ഫാദര്‍സോസിമായുടെ മൃതദേഹം വളരെപ്പെട്ടെന്ന് ദുര്‍ഗ്ഗന്ധം വമിക്കാന്‍ തുടങ്ങിയതും അത് അല്യോഷയെക്കൂടി ഉലച്ചതും നോവലില്‍ വലിയ പ്രാധാന്യത്തോടെ വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു പൂരകമായ ഒരു ചെറുവാക്യം ഈ അവസാനാധ്യായത്തിലുമുണ്ട് (അശ്രദ്ധമായ വായനയില്‍ ഒരു പക്ഷേ നഷ്ടപ്പെടാനിടയുള്ളതും അങ്ങനെ സംഭവിച്ചാല്‍ കനത്ത നഷ്ടമായിത്തീരുന്നതും). ഇലൂഷയുടെ കൊച്ചു ശവപ്പെട്ടിക്കു മുന്നില്‍ നില്‍ക്കുന്ന അല്യോഷയുടേതാണ് ആ വാക്യം-' അത്ഭുതമെന്നു പറയട്ടെ, പെട്ടിയില്‍ നിന്നും ദുര്‍ഗ്ഗന്ധം പുറപ്പെട്ടില്ല.

ദസ്തയേവ്‌സ്‌കിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Fyodor Dostoyevsky The Brothers Karamazov Mashipacha