രു കവിക്ക് അവതാരികയെഴുതുക, അയാളെ ഒരിക്കലും നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുക, അയാള്‍ അകാലത്തില്‍ അന്തരിക്കുക- ഈ വിചിത്രതകളുടെ സംയുക്തമാണെനിക്ക് അനില്‍ പനച്ചൂരാന്‍ എന്ന വ്യക്തി, കവി. മേല്‍ സൂചിപ്പിച്ച വിധമായിരുന്നു ആ ബന്ധം, അതിനെ ബന്ധമെന്നു വിശേഷിപ്പിക്കാമെങ്കില്‍. അനിലിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ച പ്രസാധനശാലയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ആ കവിതകളിലൂടെ കടന്നുപോയതും ചെറിയ ഒരവതാരിക എഴുതിയതും. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. പിന്നീട് ആ പുസ്തകം പുറത്തു വന്നതു പോലും ഞാന്‍ അറിഞ്ഞില്ല. അക്കാലത്ത് കവി, അവതാരികയും പുസ്തകപ്പുറംചട്ടയും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു എന്നറിയുമ്പോഴേയ്ക്ക് ആ പേജ് അനാഥമാവുകയും ചെയ്തിരുന്നു.

അവതാരികയെഴുത്ത് ഛായാചിത്ര(portrait)രചന പോലെയാണ്. ബാഹ്യരൂപമല്ല, ആന്തരികതയെയാണ് ചിത്രീകരിക്കേണ്ടത്; അത് ഒരു കവിയുടെ കാര്യത്തിലാവുമ്പോള്‍ അയാളുടെ കവിത്വത്തെ എന്നും പറയാം. ഒരു വരയോ വര്‍ണ്ണമോ ഏറുകയോ കുറയുകയോ ചെയ്താല്‍ 'മിസ്‌റെപ്രസന്റേഷന്‍' ആവും ഫലം. ഈ ഉത്തരവാദിത്തബോധത്തോടെയാണ് ഞാന്‍ അവതാരികകള്‍ എഴുതാറ്, ഭൂതക്കണ്ണാടിക്കു പകരം സൂക്ഷമദര്‍ശിനി ഉപയോഗിച്ച്.

പനച്ചൂരാന്റെ കവിതയെക്കുറിച്ചെഴുതിയവയെ വിഷണ്ണമായ ചാരിതാര്‍ത്ഥ്യത്തോടു കൂടിയാണ് ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നത്. മലയാളകവിതയിലെ ആധുനികതയുടെ, വിശേഷിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ, ആവിഷ്ടതയനുഭവിച്ചിരുന്ന കവിയായാണ് ഞാന്‍ അനില്‍ പനച്ചൂരാനെ മനസ്സിലാക്കിയതും വിവരിച്ചതും, അതും ചുള്ളിക്കാടിന്റെ കവിതയില്‍ നിന്നു കടമെടുത്ത ഒരു രൂപകമുപയോഗിച്ച്.' വൈദ്യുത വൃക്ഷക്കീഴിലെ ധ്യാനസ്ഥന്‍' എന്നതാണാരൂപകം. 'കലിബാധിതനായ നളനെപ്പോലെ 'എന്നും' അശാന്തിയാണ് അയാളുടെ ജന്മനക്ഷത്രം' എന്നും എഴുതിയിരുന്നു. ഇന്നിപ്പോള്‍ സുഹൃത്തുക്കളായ ചലച്ചിത്രപ്രവര്‍ത്തകരും സംഗീതസംവിധായകരും പനച്ചൂരാന്റെ സ്വകാര്യവ്യക്തിത്വത്തെക്കുറിച്ചെഴുതുന്നു. അയാളുടെ ജീവിതത്തെക്കുറിച്ചും സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുന്നു. എല്ലാം ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ ഞാന്‍ കവിയെക്കുറിച്ചെഴുതിയ വാക്കുകള്‍ 'അച്ചട്ടാ'യിരുന്നു എന്നു തോന്നുന്നു. ഇതിനെയാണ് മുകളില്‍' വിഷണ്ണമായ ചാരിതാര്‍ത്ഥ്യം' എന്നു വിളിച്ചത്.

മലയാളിയുടെ ഗാന ഭാവുകത്വത്തെ പാട്ടുവിരലുകള്‍ കൊണ്ടു തൊട്ട ഒരാളുടെ സഹജകവിത്വത്തെ ഏറെക്കുറെ ശരിയായി പരിചയപ്പെടുത്താനായല്ലോ എന്ന ചാരിതാര്‍ത്ഥ്യമാണത്. അക്ഷരങ്ങളിലൂടെ പരസ്പരം കാണാനായെങ്കിലും ഒരിക്കലും നേരില്‍ കാണാനായില്ലല്ലോ എന്നതാണ് വിഷണ്ണത. അല്ലെങ്കില്‍ അത്തരമൊരു കണ്ടുമുട്ടലില്‍ എന്താണു കാര്യം? ഒരിക്കലും കണ്ടിട്ടില്ലാത്ത 'മിലേന' എന്ന യുവതിക്ക് നിരന്തരമായി കത്തുകളെഴുതിയിട്ട് ഒരു നാള്‍ നേരില്‍ കണ്ടപ്പോള്‍ ഒന്നും പറയാനാവാതെ സ്ഥലം വിട്ട കാഫ്കയെക്കുറിച്ചു വായിച്ചിട്ടുണ്ട്. എന്നോട് ഒന്നും മിണ്ടാതെ സ്ഥലം വിട്ട ഒരാളെക്കുറിച്ച് ഇത്രയും എഴുതാനായതില്‍ ഞാനിപ്പോള്‍ വീണ്ടും അതേ വിഷണ്ണമായ ചാരിതാര്‍ത്ഥ്യമനുഭവിക്കുന്നു.

Content Highlights: Anil Panachooran Mashipacha Sajay KV Column part two