ദു:ഖം മനസ്സില്‍ ഒടുങ്ങാത്ത ഭാരം കയറ്റിവെക്കുമ്പോള്‍ ഞാന്‍ പുസ്തക ഷെല്‍ഫുകള്‍ തുറന്നിട്ട് അതിലേക്ക് നോക്കിയിരിക്കാറുണ്ട്. ഒരു വശത്തേക്ക് ചാഞ്ഞ് നില്കുന്ന പുസ്തകങ്ങളില്‍ എന്തെല്ലാം കൂടിച്ചേരലുകളാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പുസ്തകങ്ങളോടും ഓഷോയുടെ പുസ്തകങ്ങളോടും ചേര്‍ന്ന് നില്കുന്ന മാര്‍ക്‌സിന്റെയും റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെയും പുസ്തകങ്ങള്‍. ചുവപ്പും നീലയും പച്ചയും കറുപ്പും പുസ്തകങ്ങള്‍ ചേര്‍ന്ന് നിറങ്ങളുടെ സിംഫണി സൃഷ്ടിക്കുന്നതിന്റെ മാസ്മരികത. മലയാള പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ചേര്‍ന്ന് ഭാഷയുടെ മറ്റൊരു കൂടിച്ചേരല്‍. അങ്ങനെ വിശദീകരിക്കാനാവാത്ത വിസ്മയങ്ങളുമായി ചേരുകയും വേര്‍പെടുകയും ചെയ്യുന്ന പുസ്തകങ്ങളെ നോക്കിനില്‍കെ വായിച്ചു മറന്ന വാക്കുകള്‍ അണപൊട്ടിയൊഴുകുന്ന ജലപ്രവാഹം പോലെ ഉള്ളിലെത്തും. 

ഇനിയും വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ നിരാശകൊണ്ട് ഇരുണ്ട മനസ്സില്‍ വായിച്ചു തീര്‍ക്കേണ്ടുന്ന പുസ്തകങ്ങളുടെ നിര തെളിയും. ഇത്രയും പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാനുള്ള സമയം എന്റെ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കണമേ എന്ന് ആഗ്രഹിക്കും. എത്ര സമയം നോക്കി നിന്നു എന്ന് കണക്കാക്കാനാവാത്ത വിധം പുസ്തക ഷെല്‍ഫ് അതിന് മുന്നില്‍ പിടിച്ചു നിര്‍ത്തും. പ്രണയിനിയുടെ സൗന്ദര്യത്തിന് മുന്നില്‍ സ്വയം മറന്നുനില്കുന്ന കാമുകനെപ്പോലെ പുസ്തകങ്ങളെ നോക്കി നില്കുമ്പോള്‍ വിഷാദം പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദത്തിന് വഴിമാറും.

ഷെല്‍ഫുകളില്‍ പുസ്തകങ്ങളോടൊപ്പം മറ്റെന്തൊക്കെയോ ചേര്‍ന്ന് നില്കുന്നു. പുസ്തകത്തേക്കാള്‍ കനമുള്ള ഫോട്ടോ ആല്‍ബങ്ങള്‍, ഫ്രെയിം ചെയ്ത ഫോട്ടോകള്‍, യാത്രക്കിടയില്‍ ശേഖരിച്ച പുസ്തകരൂപത്തില്‍ ബയന്റ് ചെയ്ത ചിത്രശേഖരങ്ങള്‍, വിശാലമായ ചുമരുകളുള്ള വീടുണ്ടാക്കുമ്പോള്‍ അവിടെ ഫ്രെയിം ചെയ്ത് വെക്കാനായി വാങ്ങിവെച്ച ഫോട്ടോ പ്ലേറ്റുകള്‍, പഴയ നോട്ടുപുസ്തകങ്ങള്‍, ഇനി ഒരിക്കലും ഉപയോഗിക്കാനാവാത്ത ഓഡിയോ കാസറ്റുകള്‍, മാഞ്ഞു തുടങ്ങിയ സ്റ്റിക്കറോടു കൂടിയ കറുത്ത നിറത്തിലുള്ള വീഡിയോ കാസറ്റുകള്‍, എന്നെങ്കിലും കാണാനായി വാങ്ങിവെച്ച സിനിമാ സിഡികള്‍ തുടങ്ങി പുസ്തകങ്ങളോടൊപ്പം ചേര്‍ന്ന് പോകുന്ന മറ്റെന്തെല്ലാം ചേര്‍ന്നതാണ് ഒരു പുസ്തക ഷെല്‍ഫ്. 

അറിവിന്റെയും ആഹ്ളാദത്തിന്റെയും ലോകത്തെ സ്വീകരിക്കാന്‍ തയ്യാറായി നില്കുന്ന പുസ്തക ഷെല്‍ഫുകള്‍ ഓര്‍മയുടെ ഭൗതികമായ ശേഖരമാണ്. ഓര്‍മകളെ സ്പര്‍ശിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ പുസ്തക ഷെല്‍ഫ് തുറന്ന് നിരനിരയായി നില്കുന്ന പുസ്തകങ്ങളിലൂടെ വിരലോടിച്ചു നോക്കും. ഓരോ പുസ്തകം സ്പര്‍ശിക്കുമ്പോഴും ഒരു കൂട്ടം ഓര്‍മകള്‍ ക്രമരഹിതമായി മനസ്സിലെത്തും. വിരല്‍തൊട്ട പുസ്തകം വാങ്ങിയ കടയുടെ ഓര്‍മ മുതല്‍ പുസ്തകം അവിടെ ഒതുക്കിവെച്ചതുവരെയുള്ള ഓര്‍മകള്‍ ഉണരും. ചിലപ്പോള്‍ പുസ്തകത്തോടൊപ്പം നടത്തിയ യാത്രകള്‍, പുസ്തകം സമ്മാനിച്ച സുഹൃത്തിനെപ്പറ്റിയുള്ള ചിന്തകള്‍, പുസ്തകം വായിച്ച കാലത്തെ മറ്റ് അനുഭവങ്ങള്‍ തുടങ്ങി ഓരോ പുസ്തകവും ഭൂതകാല സ്മൃതിയിലേക്ക് ഒരു വിരല്‍സ്പര്‍ശത്തിന്റെ ഉത്തേജനത്താല്‍ നമ്മെ നയിക്കും. പുസ്തകങ്ങളോടൊപ്പം ഷെല്‍ഫില്‍ നിരിയിട്ട് നില്കുന്ന ഓരോ വസ്തുവിനും അങ്ങനെ ഓര്‍മകള്‍ ഉണര്‍ത്താനാവും. ഒ.എന്‍.വി കുറുപ്പ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മധുസൂദനനന്‍ നായര്‍ തുടങ്ങിയവരുടെ ശബ്ദം കാന്തികരേഖകളായി സൂക്ഷിച്ച വെച്ച ഓഡിയോ കാസറ്റിനുള്ളിലെ പൂപ്പല്‍ പിടിച്ച കറുപ്പ് നാട നോക്കിയിരിക്കുമ്പോള്‍ കൗമാരകാലത്തെ ശ്രവണസ്മൃതികള്‍ ദശാബ്ദങ്ങള്‍ പിന്നില്‍ നിന്ന് തിരയടിച്ചെത്തും. ഭൂതകാലത്തെ ഉള്ളിലൊതുക്കി പുസ്തകഷെല്‍ഫുകള്‍ എന്റെ സ്പര്‍ശത്തിനായി കാത്തു നില്കുന്നു.

ഏതൊരു എഴുത്തുകാരന്റെയും വായനക്കാരന്റെയും വീട്ടിലെത്തുമ്പോള്‍ ഞാന്‍ ആദ്യം അന്വേഷിക്കാറുള്ളത് അവരുടെ പുസ്തകമുറികളാണ്. കോണിപ്പടിയുടേയും മുറികളുടേയും ചുമരുകളില്‍ പുസ്തകഷെല്‍ഫുകള്‍ സ്ഥാപിച്ച് വളരെ കൃത്യതയോടെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായ ഡോ.പി.കെ.രാജശേഖരന്റെ പുസ്തകശേഖരത്തില്‍ നിന്ന് കാറ്റലോഗില്ലാതെ തന്നെ പുസ്തകങ്ങള്‍ കണ്ടെത്താനാവും. വീടിന്റെ മേല്‍വശം മുറികളായി തിരിക്കാതെ വലിയ ഒരു ലൈബ്രറി ഹാളാക്കി മറ്റൊരു വായനക്കാരന്റെ ബുക്ക് ഷെല്‍ഫുകളില്‍ സ്ഥലം തികയാതെ കോണിപ്പടികളില്‍ അടുക്കിവെച്ച പുസ്തകങ്ങള്‍ ഒരു പെരുമ്പാമ്പനെപ്പോലെ ഇഴഞ്ഞിഴഞ്ഞ് കിടപ്പുമുറിയില്‍ എത്തിയ കാഴ്ച എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. വീട് മുഴുവനായി പുസ്തകങ്ങള്‍ വിഴുങ്ങിയ കാഴ്ച. ക്രമമായ പുസ്തകവിന്യാസത്തിനും കൂട്ടിയിട്ട പുസ്തകങ്ങള്‍ക്കും ഇടയില്‍ എത്രയെയെത്ര പുസ്തകശേഖരങ്ങള്‍. ഞാന്‍ ഇനിയും കണ്ടിട്ടില്ലാത്ത അനേകം പുസ്തകവീടുകളെ വെറുതെ സങ്കല്പിച്ചു നോക്കിയപ്പോള്‍ ബോര്‍ഹസിന്റെ The Library of Babel എന്ന കഥയിലെ ലൈബ്രറിയുടെ ചിത്രമാണ് മനസ്സില്‍ വരുന്നത്. എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങളുള്ള ബോര്‍ഹസിന്റെ കഥയിലെ ലൈബ്രറിയിലെ പുസ്തക ഷെല്‍ഫുകള്‍ പ്രപഞ്ചത്തോളം വലുതാണ്. ഒരു പക്ഷെ പ്രപഞ്ചസീമക്കപ്പുറത്തേക്ക് വളരുന്ന ആശയസീമയുടെ ഭൗതികശേഖരം കൊണ്ട് ഓരോ വായനക്കാരന്റെ വീടും ഒരു അദ്ഭുതമായിരിക്കും.

പുസ്തകഷെല്‍ഫുകളുടെ ചില്ലുകള്‍ക്ക് നിര്‍വചനാതീതമായ അധികാരഭാവമുണ്ട് എന്ന് മനസ്സിലാക്കുന്നതിന് മുമ്പേ ഞാനത് അനുഭവിച്ചിരുന്നു. സ്‌കൂള്‍ ലൈബ്രറി എന്നത് ഷെല്‍ഫുകളില്‍ അടുക്കിവെച്ച ഒരു കൂട്ടം പുസ്തകങ്ങള്‍ മാത്രമായിരുന്നു. സ്പര്‍ശിക്കാനോ എടുത്ത് വായിച്ചു നോക്കാനോ അനുവാദമില്ലാത്ത പുസ്തകങ്ങള്‍. പിന്നീട് സന്ദര്‍ശിച്ച ലൈബ്രറികള്‍ ഓരോന്നും കള്ളന്മാരെ കടത്തിവിടും പോലെയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ആരൊക്കെയോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന അന്തരീക്ഷമാണ് ഓരോ ലൈബ്രറിയിലും ഉണ്ടായിരുന്നത്. എല്ലാ അറിവിനും മേലെ അദൃശ്യമായ അധികാരത്തിന്റെ കയര്‍ ചുറ്റിക്കിടക്കുന്നുണ്ട്. ആദ്യകാലത്ത് ആ കയറുകള്‍ പ്രത്യക്ഷമായിരുന്നു. പുസ്തകങ്ങളെ ചങ്ങലയില്‍ ബന്ധിപ്പിച്ച് നിര്‍ത്താന്‍ സംവിധാനമുണ്ടായിരുന്നതരം പുസ്തകഷെല്‍ഫുകള്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു. പലതും നശിച്ചുപോയി. അവശേഷിക്കുന്നതില്‍ ആയിരം വര്‍ഷം പഴക്കമുള്ള Hereford Cathedral ലൈബ്രറിയാണ് പുസ്തകങ്ങളെ ചങ്ങലയില്‍ ബന്ധിപ്പിച്ച ലൈബ്രറികളില്‍ ഏറ്റവും വലിയത്. ഇംഗ്ലണ്ടിലെ Hereford പള്ളിയിലെ ചങ്ങലകൊണ്ട് ബന്ധിച്ച പുസ്തകങ്ങള്‍ വായിക്കുന്നവര്‍ തങ്ങള്‍ക്ക് മേല്‍ നിഴിലിട്ടു നില്കുന്ന അധികാരത്തെ ചങ്ങലയുടെ സാന്നിധ്യത്താല്‍ നേരിട്ട് കാണുന്നു. ആളുകള്‍ പുസ്തകം മോഷ്ടിച്ചു കൊണ്ടുപോവാതിരിക്കുക എന്ന പ്രായോഗിക പ്രശ്‌നത്തിനപ്പുറമുള്ള ഒരു മാനം അതിനുണ്ടായിരുന്നു.

കാലത്തിന്റെ ചാക്രിക ചലനത്തിനിടയില്‍ പുസ്തകങ്ങളെ ചങ്ങലക്കിട്ട പുസ്തക ഷെല്‍ഫുകള്‍ തിരിച്ചു വന്നു. ഡിജിറ്റല്‍ ബുക്ക് ഷെല്‍ഫുകള്‍ ഒരര്‍ഥത്തില്‍ ചങ്ങലക്കിട്ട പുസ്തകങ്ങളുടെ ശേഖരമാണ്. ഇ-ബുക്ക് റീഡറുകളില്‍ നാം വാങ്ങി ശേഖരിക്കുന്ന പുസ്തകങ്ങള്‍ ബുക്ക് ഷെല്‍ഫിനുള്ളില്‍ ബന്ധിതമാണ്. അതിന്റെ ഡിജിറ്റല്‍ സ്വാതന്ത്ര്യം പരിമിതമാണ്. പുസ്തകം നമുക്ക് വിറ്റ അതേ കമ്പനി എപ്പോഴും ഷെല്‍ഫുകളുടെ അധികാരികളായി തുടരുന്നു. ഇ-ബുക്ക് റീഡറുകളിലെ പുസ്തകങ്ങള്‍ മറ്റൊരു റീഡറിലേക്ക് കടം കൊടുക്കാനുള്ള സൗകര്യമുണ്ടെങ്കിലും ഭൗതികമായ പുസ്തകങ്ങള്‍ക്കില്ലാത്ത ഒരു തടവ് ഡിജിറ്റല്‍ പുസ്തകങ്ങള്‍ നേരിടുന്നുണ്ട്. ഡിജിറ്റല്‍ ഷെല്‍ഫുകളില്‍ പലതും സാധാരണ ഷെല്‍ഫുകളേക്കാള്‍ മനോഹരമാണ്. സാധാരണ ഷെല്‍ഫുകളേക്കാള്‍ വൃത്തിയുള്ളവയാണ്. പുഴുവും ചിതലും പാറ്റയും കടന്നു ചെല്ലാനാവാത്ത വിധം സുരക്ഷിതമാണ്. പുസ്തകങ്ങളില്‍ നിന്നുയുരുന്ന പൊടിയും ഗന്ധവും അസ്വസ്ഥതയുണ്ടാക്കുന്നവര്‍ക്ക് ഒട്ടും പേടിക്കാനില്ലാത്ത വിധം സുരക്ഷിതമാണ്. എന്നിട്ടും അനന്തദൂരത്തിരുന്ന് ആരൊക്കെയോ എന്റെ ഡിജിറ്റല്‍ പുസ്തകഷെല്‍ഫുകളെ നിയന്ത്രിക്കുന്നു എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നു. ചങ്ങലയില്‍ കെട്ടിയിട്ട പുസ്തകങ്ങള്‍ വായിക്കുമ്പോഴുള്ളതിന് സമാനമായ അധികാരസ്പര്‍ശം ഇപ്പോഴും അനുഭവിക്കുന്നു. സാധാരണ പുസ്തകങ്ങളുടെ അനശ്വരത ഡിജിറ്റല്‍ പുസ്തകങ്ങള്‍ക്കില്ല എന്ന ബോധം നേര്‍ത്ത ഭയമായി ഉള്ളില്‍ കിടക്കുന്നു.

ഉംബര്‍ട്ടോ എക്കോയുടെ The Name of the Rose  എന്ന നോവലിലെ ലൈബ്രറി അറിവിന്റെ നിഗൂഢത ഘനീഭവിച്ച പുസ്തകമുറികളെപ്പറ്റി വിവരിക്കുന്ന സാഹിത്യങ്ങളിലൊന്നാണ്. നോവലില്‍ പ്രവേശനം നിയന്ത്രിക്കപ്പെട്ട ലൈബ്രറി അതിന്റെ ഘടനകൊണ്ടു തന്നെ ഏറെ സങ്കീര്‍ണമാണ്. പതിനാലാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ സന്യാസി മഠത്തില്‍ നടക്കുന്ന തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നതെന്ത് എന്ന് അന്വേഷിച്ചിറങ്ങുന്ന സന്യാസിയായ ബാസ്‌കര്‍വില്ലിലെ വില്യവും സഹായിയായ അഡ്‌സോയും ഒടുവില്‍ ചെന്നെത്തുന്നത് അവിടുത്തെ ലൈബ്രറിയുടെ നിഗൂഡതലോകത്താണ്. അവിടുത്തെ പുസ്തക ഷെല്‍ഫുകള്‍ നിയന്ത്രണങ്ങളുടെ സമസ്ത സാധ്യതളും ഉപയോഗിച്ച് അധികാരത്തിന്റെ ഭാരം അനുഭവിപ്പിക്കുന്ന ഇടമായിരുന്നു. അരിസ്റ്റോട്ടില്‍  ചിരിയെപ്പറ്റി എഴുതി എന്ന പറയപ്പെടുന്ന പുസ്തകം വിനിമയം നിഷേധിക്കപ്പെട്ട അറിവ് പേറുന്ന ഒന്നായിരുന്നു. ബര്‍ഹോസിലെ ഹോര്‍ഹെ എന്ന അന്ധനായ ലൈബ്രറി മേധാവി ആ പുസ്തകം അന്വേഷിച്ചെത്തുന്നവര്‍ക്ക്  മരണം സമ്മാനിച്ചുകൊണ്ട് നിഷേധിക്കപ്പെട്ട അറിവിന്റെ കാവല്‍ക്കാരനായി നിലകൊണ്ടു. ഒരിക്കലും കണ്ടെടുക്കാന്‍ അനുവദിക്കാതെ ആ പുസ്തകത്തെ എക്കാലത്തേക്കുമായി നശിപ്പിച്ചുകൊണ്ട് ഹോര്‍ഹെ തന്റെ ധര്‍മ്മം പൂര്‍ത്തീകരിക്കുന്നു. പുസ്തകഷെല്‍ഫുകള്‍ ധ്യാനാത്മകമായ ശാന്തതയുടെ മാത്രം പ്രതീകമല്ല എന്ന് ഇത് ഓര്‍മിപ്പിക്കുന്നു.

പുസ്തകഷെല്‍ഫിലെ പുസ്തകങ്ങള്‍ ഓരോരുത്തരുടേയും ജീവിതരേഖകളാണ്. ഓരോ കാലത്തും നാം എന്ത് വായിച്ചു എന്ത് ഇഷ്ടപ്പെട്ടു തുടങ്ങി ഭൂതകാലത്തെപ്പറ്റി എന്തെല്ലാം വിവരങ്ങളാണ് പുസ്തകഷെല്‍ഫുകളില്‍ ഒളിച്ചിരിക്കുന്നത്. ഇക്കാലത്തിനിടക്ക് നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ എത്രമാത്രം മാറിമറഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവായി ഷെല്‍ഫിലെ പുസ്തകങ്ങള്‍ മാറുന്നു. വായനയ്ക്ക് സമയമൊട്ടുമില്ലാത്തതിനാല്‍ ഷെല്‍ഫുകളിലേക്ക് പുസ്തകങ്ങളൊന്നും ചേക്കേറാതെ കടന്നുപോയ വര്‍ഷങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍, ആഗ്രഹിച്ച് വാങ്ങിച്ച് വായിക്കാതെ വെച്ച പുസ്തകങ്ങള്‍ വായിക്കാതിരുന്നതിന്റെ കാരണങ്ങള്‍, വരള്‍ച്ചയുടെ കാലത്തെ ഓര്‍മിപ്പിക്കുന്ന നേര്‍ത്ത വൃക്ഷവളയങ്ങളെപ്പോലെ സാമ്പത്തിക ഞെരുക്കത്തെ ഓര്‍മിപ്പിക്കുന്ന വരണ്ട പുസ്തകക്കാലം തുടങ്ങി നമ്മുടെ എഴുതപ്പെടാത്ത ജീവിതകഥയായി പുസ്തകഷെല്‍ഫുകള്‍ ഭൂതകാലത്തെ എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കുന്നു. ഒരു കാലം നാം മരിച്ചുപോയാലും നമ്മുടെ പുസ്തക ഷെല്‍ഫുകള്‍ മരണത്തെ അതിജീവിക്കും, നമ്മുടെ ജീവിതത്തിന്റെ ഭൂതകാല ജാതകക്കുറിപ്പുകളായി.

പ്രവീണ്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights : books, book shelf, digital books,library, manal nazhi, Praveen Chandran