ഠിനജീവിതത്തിന്റെ ഉപ്പുംചോരയുമായിരുന്നു എഴുത്തുകാരനായ കോവിലന്റെ അസംസ്‌കൃതവസ്തുക്കള്‍. വട്ടപ്പറമ്പില്‍ വേലപ്പന്‍ മകന്‍ അയ്യപ്പന്‍ ജീവിതപ്രാരബ്ധങ്ങളില്‍ വലഞ്ഞാണ് നാവികസേനയില്‍ ചേര്‍ന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള ആദ്യ സമരങ്ങളിലൊന്നായ നേവല്‍ മ്യൂട്ടിനിയില്‍ പങ്കെടുത്തതിന്റെപേരില്‍ ഹ്രസ്വമായ നാവികജീവിതം അവസാനിക്കുകയുംചെയ്തു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് നാവികരൊന്നടങ്കം ഭക്ഷണം ബഹിഷ്‌കരിച്ചു നടത്തിയ പ്രതിരോധസമരമാണ് ഇന്ത്യാചരിത്രത്തില്‍ നാവിക കലാപം എന്നറിയപ്പെടുന്നത്. ബോംബെ തുറമുഖത്തുനടന്ന ഈ സമരത്തില്‍ പങ്കെടുത്തവരില്‍ വലിയൊരുവിഭാഗം മലയാളി സൈനികരായിരുന്നു. കോവിലന്‍ ഉള്‍പ്പെടെ സമരക്കാരെ ഒന്നടങ്കം പിരിച്ചുവിട്ടുകൊണ്ടാണ് ബ്രിട്ടീഷ് സൈനിക കോടതി നീതിനടപ്പാക്കിയത്. ഗതിയില്ലാതെ നാട്ടില്‍ തിരിച്ചെത്തി തുടര്‍പഠനത്തിന് ശ്രമിക്കുന്നതിനിടെ കരസേനയിലേക്കു ലഭിച്ച അവസരം സഹൃദയനും അഭിമാനിയുമായ അയ്യപ്പനെ കോവിലന്‍ എന്ന ലോകമറിയുന്ന എഴുത്തുകാരനാക്കി മാറ്റി.
 
സൈനികജീവിതം നല്‍കിയ ഓര്‍മകളില്‍ മുഴുകി കസേരയില്‍ ചാഞ്ഞിരുന്ന് സിഗരറ്റ് വലിക്കുന്ന കോവിലന്റെ ചിത്രം ഒരു യാത്രയുടെ ബാക്കി പത്രമായി ഇപ്പോഴും മനസ്സിലുണ്ട്. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു അത്. അന്നത്തെ യുവ എഴുത്തുകാരായ ടി.വി. കൊച്ചുബാവ, യു.കെ. കുമാരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരോടൊപ്പം കാട്ടൂരില്‍നിന്ന് ബസിലാണ് കണ്ടാണിശ്ശേരിക്കു പോയത്. യാത്രയിലുടനീളം വാതോരാതെ സാഹിത്യംപറഞ്ഞ് സഹയാത്രികരെ ശല്യപ്പെടുത്തിയതിന്റെ പാപഭാരം ബാവയും ബാലനും തീര്‍ത്തത് അയ്യപ്പേട്ടന്റെ മുന്നില്‍ കുട്ടികളെപ്പോലെ അച്ചടക്കത്തോടെ ഇരുന്നുകൊണ്ടാണ്. 

'എടാ, അനുഭവം വേണം. ഭാഷ കൊണ്ടു മാത്രമായില്ല. ജീവിതം തേടിപ്പോകണം. നാട്ടില്‍ക്കിടന്നു വട്ടംതിരിയരുത്' -എഴുത്തുകാരെ അദ്ദേഹം ഓര്‍മിപ്പിച്ചു. നാവികസേനയില്‍ വോളിബോള്‍ കളിക്കാരനായിരുന്നു എന്നു പരിചയപ്പെടുത്തിയപ്പോള്‍ വളരെ സന്തോഷത്തോടെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു: നേവിയിലായിരുന്നപ്പോള്‍ ഞാനും വോളിബോള്‍ കളിച്ചിരുന്നു. ചൂണ്ടുവിരലിലെ പഴയ പരിക്ക് കാട്ടിത്തരികയും ചെയ്തു. അങ്ങനെയാണ് നേവല്‍ മ്യൂട്ടിനിയുടെ കഥയിലേക്ക് സംഭാഷണം ചെന്നെത്തിയത്. 

കോവിലന്റെ പുസതകങ്ങള്‍ വാങ്ങാം

1946-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ആ സംഭവത്തിന്റെ യഥാര്‍ഥചിത്രം വാക്കുകളിലൂടെ ഇതള്‍വിരിഞ്ഞു. സമരം നീണ്ടുപോയപ്പോള്‍ മെസില്‍ നാവികര്‍ക്കായി ഉണ്ടാക്കിയ ഭക്ഷണമൊന്നാകെ കടലിലേക്ക് മറിച്ചുകളയാന്‍ ഉത്തരവിടുകയായിരുന്നു കമാന്‍ഡിങ് ഓഫീസര്‍. പോയകാലത്തിന്റെ കണ്ണീരും വേദനയും വാക്കുകളില്‍ നിറഞ്ഞുനിന്നു. മണിക്കൂറുകള്‍ കടന്നുപോയത് ഞങ്ങള്‍ അറിഞ്ഞതേയില്ല. ഇന്ന് നിരവധി ഡോക്കുകളും റിപ്പയര്‍ യാഡുകളും അക്കൊമഡേഷന്‍ കോംപ്‌ളക്‌സുകളുമുള്ള മുംബൈ നേവല്‍ ഡോക്ക്യാഡിന്റെ പഴയചിത്രം അദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിഞ്ഞുവരിക മാത്രമല്ല ഡോക്ക് യാഡില്‍ കഴിച്ചുകൂട്ടിയകാലം മനസ്സിലേക്ക് തിക്കിത്തിരക്കി കടന്നു വരികയുംചെയ്തു. മലയാളത്തില്‍ നാവികസേനാ ജീവിതം കഥയാക്കിയ ഏകകഥാകൃത്ത് എന്ന നിലയില്‍ വിനയന്റെ നാമവും പരാമര്‍ശിക്കപ്പെട്ടു. 

അനുഭവങ്ങള്‍ കഥകളാക്കി പുനരാവിഷ്‌കരിക്കാനുള്ള കോവിലന്‍ എന്ന നാടന്‍ കാരണവരുടെ വൈഭവം അന്നാണ് ആദ്യമായി നേരില്‍ക്കണ്ടത്. എന്നാല്‍ എഴുതുമ്പോള്‍ നേര്‍ക്കുനേരെയുള്ള കഥപറച്ചില്‍ ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. കഥയിലെ കത്തിയേറുകാരനായിരുന്നു കോവിലന്‍. ബയണറ്റുപോലെ കൂര്‍ത്ത പദങ്ങള്‍, ശക്തമായ ധ്വനികള്‍, ദ്രാവിഡ ചേതനയുറയുന്ന പ്രയോഗങ്ങള്‍. ചടുലമായ ഒരു മനസ്സിന്റെ നടനമായിരുന്നു അത്. ഭാഷാപ്രയോഗത്തില്‍ കളരിയുടെ മെയ്‌വഴക്കമുണ്ടായിരുന്നു സ്വന്തം ദേശത്തിന്റെ ചരിത്രം തട്ടകമാക്കി മാറ്റിപ്പണിത കോവിലന്.

തോറ്റങ്ങളും ഹിമാലയവും എ മൈനസ് ബിയും ഏഴാമെടങ്ങളുമെല്ലാം സൈനികജീവിതത്തിന്റെ ജീവന്‍തുടിക്കുന്ന ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. പാറപ്പുറത്തിന്റെയും നന്തനാരുടെയും കഥപറച്ചില്‍ ശൈലിയല്ല കോവിലന്‍ പിന്തുടര്‍ന്നത്. അവരിരുവരും ബാരക്കിലിരുന്ന് നാടിനെനോക്കി നെടുവീര്‍പ്പിട്ടപ്പോള്‍ കോവിലന്‍ പട്ടാളക്കാരന്റെ സ്വത്വ പ്രതിസന്ധിയും സൈനികന്റെ ആന്തരിക ജീവിതവുമാണ് സ്വന്തമായ ദ്രാവിഡഭാഷയില്‍ വരച്ചിട്ടത്. ബഷീറിനെ ഗുരുവായി അംഗീകരിക്കുമ്പോഴും മുന്‍പേനടന്നവരുടെ ഭാഷാശൈലിയില്‍നിന്നു കുതറിമാറാന്‍ ശ്രമിച്ചു. വരേണ്യമായ വള്ളുവനാടന്‍ ഛന്ദസുകളില്‍നിന്ന് ഭാഷയെ ജീവിതത്തിന്റെ പടുനിലങ്ങളിലേക്ക് ഇറക്കിനിര്‍ത്തിയത് കോവിലനെപ്പോലെയുള്ള എഴുത്തുകാരാണ്. അവഗണനയും പഴിയും എഴുത്തില്‍ കൂടുതല്‍ വാശിക്കാരനാക്കി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്.
 
കോവിലനുമായി ജീവിതം ചര്‍ച്ചചെയ്യാന്‍ വീണുകിട്ടിയ സാമാന്യം ദീര്‍ഘമായ രണ്ടവസരങ്ങളും അസുലഭ അനുഭവങ്ങളായി മാറിയത് അതു പ്രസരിപ്പിച്ച ഊര്‍ജവും ആവേശവും കാരണമാണ്. മനസ്സിനെ വിക്ഷുബ്ധമാക്കുന്ന സന്ദേഹങ്ങളും മനുഷ്യനെക്കുറിച്ചുള്ള ഒടുങ്ങാത്ത ഉത്കണ്ഠകളും അതുണര്‍ത്തി. നമ്മുടെ കാലത്തിന്റെ അകപ്പൊരുള്‍ കണ്ട വലിയ എഴുത്തുകാരന്റെ സാന്നിധ്യം ഓരോ നിമിഷവും അനുഭവിപ്പിച്ചു. 1990-കളുടെ ആദ്യപാദത്തില്‍ ചെറുവത്താനിയില്‍ വി.കെ. ശ്രീരാമന്റെ വീടിന്റെ തട്ടിന്‍പുറത്ത് ഒരുരാത്രിമുഴുവന്‍ നീണ്ട കഥാകഥനം തികച്ചും ഏകപക്ഷീയമായിരുന്നു. മലയാളത്തിലെ രണ്ടു വലിയ കഥാകൃത്തുക്കളാണ് ഒപ്പമിരുന്ന് ശ്രോതാക്കളായ ഞങ്ങള്‍ നാലുപേര്‍ക്കുവേണ്ടി മനസ്സുതുറന്നത്. മനസ്സില്‍ത്തൊടുന്ന കഥകളിലൂടെ രണ്ടു രീതിയില്‍ മലയാളിയെ സ്പര്‍ശിച്ചവര്‍. 

ബംഗാളില്‍നിന്ന് അന്തമാനിലേക്കുള്ള വലിയ കുടിയൊഴിപ്പിക്കലിന്റെ കഥപറഞ്ഞ (വാസ്തുഹാര) സി.വി. ശ്രീരാമന്‍ എന്ന ബാലേട്ടന്‍ ശ്രീലങ്കയിലും അന്തമാന്‍ നിക്കോബാറിലും ബംഗാളിലുമായി പരന്നുകിടക്കുന്ന സ്വന്തം അനുഭവലോകം ഞങ്ങള്‍ക്കുമുന്നില്‍ തുറന്നിട്ടു. അയ്യപ്പേട്ടനാകട്ടെ, കണ്ടാണിശ്ശേരി മുതല്‍ നാഥുലാ പാസ്വരെ താന്‍ നയിച്ച സൈനിക ജീവിതത്തിന്റെ ചൂടും ചൂരും പകര്‍ന്നു. വീര്യം സിരകളെ ആവേശിച്ചിരുന്നതുകൊണ്ട് കഥയ്ക്ക് തട്ടും തടവും ഉണ്ടായില്ല. തീവ്രമായ അനുഭവസമ്പത്തിന്റെ ഉടമസ്ഥരായ ഈ രണ്ടെഴുത്തുകാരെയും നമ്മുടെ ഭാഷ വേണ്ടവിധം മനസ്സിലാക്കിയോ എന്ന് സംശയമുണ്ട്. 

അക്കാദമിക് എഴുത്തുകാര്‍ ഇന്റര്‍നെറ്റ് തപ്പിയും ഗവേഷണഗ്രന്ഥങ്ങള്‍ പരതിയും ഭാഷാ സ്വാധീനം ഉപയോഗിച്ചും സാഹിത്യം പുനഃസൃഷ്ടിക്കുമ്പോള്‍ ഇവര്‍ ജീവിതത്തിന്റെ പൊരിവെയിലില്‍നിന്ന് ആവാഹിച്ച ഊര്‍ജം സ്വന്തമായി രൂപംനല്‍കിയ  ഭാഷയിലൂടെ നേരിട്ട് അനുവാചകന്റെ ഹൃദയത്തിലേക്കു പകര്‍ന്നു. രണ്ടിന്റെയും കാതലായ വ്യത്യാസം വേണ്ടവിധം മനസ്സിലാക്കപ്പെട്ടോ എന്നാണ് സംശയം. മലയാളിയുടെ ജീവിതസാഹചര്യങ്ങളില്‍വന്ന മാറ്റം നെല്ലും പതിരും തിരിച്ചറിയാന്‍ അവനെ അപ്രാപ്തനാക്കി എന്നു വേണം മനസ്സിലാക്കാന്‍.

മലയാളസാഹിത്യം കൈകാര്യംചെയ്യേണ്ടത് ഭാഷാധ്യാപകരും സര്‍വകലാശാലാ ബുദ്ധിജീവികളുമാണെന്നൊരു ധാരണ അക്കാദമിക് നിരൂപകരും മാധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ചിട്ടുണ്ട്. വായനക്കാരുടെ ശിരസ്സില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഇത്തരം മുന്‍വിധികള്‍ അവര്‍ എതിര്‍പ്പില്ലാതെ വിഴുങ്ങുകയും ചെയ്യുന്നു. സ്‌കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാത്തവരായിരുന്നു ബഷീറും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഉള്‍പ്പടെ മലയാളത്തിലെ വലിയ എഴുത്തുകാരില്‍ പലരുമെന്ന സത്യം തിരിച്ചറിയപ്പെടാതെ പോകുന്നു. സാധനാബലവും പ്രസാധക പിന്തുണയും മാത്രംമതി ഒരാള്‍ക്ക് അിറയപ്പെടുന്ന എഴുത്തുകാരനാവാന്‍. ഇന്റര്‍നെറ്റില്‍നിന്നുമാത്രം ലഭ്യമായ വിവരങ്ങള്‍വെച്ച് ആര്‍ക്കും എഴുത്തുകാരനാകാന്‍ പറ്റും എന്നാണിക്കാലത്ത് തെളിയിക്കപ്പെടുന്നത്. ലിവ്ഡ് റിയാലിറ്റി എന്ന പ്രയോഗം പഴഞ്ചനാവുകയും ചവറ്റുകൊട്ടയില്‍ വലിച്ചെറിയപ്പെടുകയും ചെയ്തു. എഴുതാന്‍ ഭാഷ ധാരാളം മതി, അനുഭവം അതു നേടിയവരില്‍നിന്നു കടംകൊള്ളാം എന്ന മനോഭാവം ശക്തമായിരിക്കുന്നു. 

കോവിലനെപ്പോലുള്ള എഴുത്തുകരുടെ മൗലികതയും പ്രസക്തിയും വെളിപ്പെടുന്നത് ഈ ഘട്ടത്തിലാണ്. എന്റെ അനുഭവങ്ങള്‍ എനിക്കു തോന്നിയവിധം ഞാനെഴുതും. വായനക്കാരന്‍ തിരിച്ചറിഞ്ഞ് പിന്നാലെ വന്നാല്‍ അവര്‍ക്കുകൊള്ളാം എന്ന മനോഭാവമാണ് കോവിലനെ നയിച്ചത്. പുരസ്‌കാരങ്ങള്‍ക്കോ ആനുകൂല്യങ്ങള്‍ക്കോ വേണ്ടി ആരുടെ മുന്നിലും തലകുനിക്കാതെ സ്വന്തം എഴുത്തിനെക്കുറിച്ച് അഭിമാനം നെഞ്ചിലേറ്റി ഒരു യഥാര്‍ഥ പട്ടാളക്കാരന്റെ ജീവിതം ജീവിച്ചുതീര്‍ത്ത ആ വലിയ കലാകാരന്റെ ഓര്‍മകള്‍ തന്നെ ആവേശമുണര്‍ത്തുന്നു.