ആദർശരാജ്യം

യുട്ടോപ്പിയ എന്ന വിചിത്രമായ പേര് അത് വരെ കൃത്യമായൊരു പേരില്ലാതെ നിലനിന്നിരുന്ന ഈ സാങ്കല്പിക രാജ്യത്തിന് നൽകിയത് തോമസ് മൂറാണ്. ദൈവം, നീതി, വേദന, സ്വർഗ്ഗം, നരകം എന്നീ പദങ്ങൾ നിലവിൽ വന്നിരുന്നില്ലെങ്കിൽ നമ്മളനുഭവിക്കുമായിരുന്ന പോലൊരവ്യക്തതയോ അഭാവമോ ആണ് ഈ പദം കോയിൻ ചെയ്തതിലൂടെ തോമസ് മൂർ പരിഹരിച്ചത്. വേദന എന്ന പദത്തിന് മുമ്പ് വേദന നിലനിന്നിരുന്ന പോലെ യുട്ടോപ്പിയയും നിലനിന്നിരുന്നു. പേരിടപ്പെടാനായി ഈ പ്രതിഭാസം പല വാതിലുകളിൽ മുട്ടിയിരിക്കണം. ഈ പ്രതിഭാസത്തിന്റെ നാനാമാനങ്ങളായ സങ്കീർണ്ണത തക്കതായ 'ഒരു ' പദത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ വിഫലമാക്കിയിരിക്കണം. ഒരു പദത്തിന്റെ രൂപപ്പെടലിൽ ഒരു കവിതയുടെ രൂപപ്പെടലിൽ പങ്കെടുക്കുന്നതെല്ലാം പങ്കെടുക്കുന്നുണ്ട്. ഒരു ശൂന്യത പരിഹൃതമാവുന്നുണ്ട്.

ആ കൃതി വായിക്കാത്തവരും ആ കൃതിയെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലാത്തവരും അതേത് കൃതിയുടെ തലക്കെട്ടാണെന്ന് അറിയാത്തവരും പിൽക്കാലത്ത് യുട്ടോപ്പിയ എന്ന പദമുപയോഗിച്ചു. അവരിൽ പലരും ആ പദത്തിന്റെ ഉപയോഗം തോമസ് മൂറിനേക്കാൾ മനസ്സിലാക്കിയവരുമാണ്. യുട്ടോപ്പിയ എന്ന പദം ചെലവായതിന്റെ ചെറിയൊരനുപാതത്തിലുള്ള ചെലവ് പോലും ആ കൃതിക്കുണ്ടായില്ല. ഏത് കൃതിയുടെ ശീർഷകമായിരുന്നോ ആ പദം അത് പിന്നീട് അപൂർവ്വമായി മാത്രമേ ആ കൃതിയെ സൂചിപ്പിച്ചുള്ളു. തോമസ് മൂറിന്റെ ഗ്രന്ഥനാമം പിൽക്കാലത്ത്, പൂർവ്വ കാലപ്രാബല്യത്തോടെ മുൻ കാലത്തേയും പല ഉള്ളടക്കങ്ങളുടേയും സൂചകമായി. ആശയങ്ങളുടെയും അഭിപ്രായങ്ങളുടേയും നിലപാടുകളുടേയും ആലോചനകളുടേയുമൊക്കെ നാമമായി മാറിയ മറ്റൊരു ഗ്രന്ഥനാമത്തെ സങ്കല്പിക്കാനാവുമോ?

തോമസ് മൂറിന്റെ ഉത്തമ രാജ്യത്തിൽ ദാരിദ്ര്യമില്ല, ചൂഷണമില്ല, ആർഭാടമില്ല, മറ്റൊരാളെ മോഹിപ്പിക്കുന്നതോ അസ്വസ്ഥമാക്കുന്നതോ ആയ യാതൊന്നും ആരുടെ പക്കലുമില്ല. തീവ്രമായ സാമൂഹികബോധമുള്ള, അച്ചടക്കമുള്ള പൗരന്മാരാണവിടെ. പണമോ സ്വകാര്യ സ്വത്തോ ഇല്ല. ആർക്കും ഏത് വീട്ടിലും എപ്പോഴും കയറിച്ചെല്ലാം. രഹസ്യമില്ല. സ്വകാര്യ സംഭാഷണങ്ങളില്ല ആർക്കും എന്തും കേൾക്കാം, പങ്കിടാം. ഏതെങ്കിലും ഒരു തൊഴിലിൽ എല്ലാവരും ഏർപ്പെട്ടു, ഒപ്പം പൊതുവായി കൃഷിയിലും. മടിച്ചിരിക്കാനനുവാദമില്ല, ദിവസം ആറു മണിക്കൂർ നിർബ്ബന്ധ ജോലി. പ്രഭാഷണങ്ങൾ കേൾക്കുക, ഉദ്യാന നിർമ്മാണത്തിലേർപ്പെടുക, ചെസ്സ് പോലെ ബുദ്ധിയെ വികസിപ്പിക്കുന്ന ഏതെങ്കിലും ബോർഡ് ഗെയിമിൽ പങ്കെടുക്കുക- ഇതൊഴിച്ചൊന്നും അനുവദിക്കപ്പെട്ടില്ല. എല്ലാവരുടെ പ്രയത്നഫലങ്ങളും പൊതുകലവറകളിൽ സൂക്ഷിച്ചു. വീടുകളിൽ ഭക്ഷണമുണ്ടാക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും പൊതു ഭോജനശാലകളിലെ ഭക്ഷണമാണ് അഭികാമ്യമായിരുന്നത്. അവിടെ ദേശീയോദ്ഗ്രഥനഗീതങ്ങളോ പ്രഭാഷണങ്ങളോ കേട്ട് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാം.

യുട്ടോപ്പിയയിൽ മതവിശ്വാസികളുണ്ടായിരുന്നില്ല. പക്ഷെ പരമാത്മാവിൽ നിർബ്ബന്ധമുള്ളവർക്ക് വിശ്വസിക്കാമായിരുന്നു. മരണാനന്തരലോകത്തിലെ ശിക്ഷകളിലും രക്ഷകളിലും വേണ്ടവർക്ക് വിശ്വാസമർപ്പിക്കാമായിരുന്നു. പുരോഹിതന്മാർക്ക് വിവാഹം കഴിക്കാമായിരുന്നു. അസുഖബാധിതർ വിശിഷ്ടാതിഥികളെ പോലെ പരിഗണിക്കപ്പെട്ടു. ഗുരുതരമായ മാറാരോഗം പിടിപെട്ടവരെ ഉന്നതോദ്യോഗസ്ഥന്മാരും പുരോഹിതരും സന്ദർശിച്ചു. നിങ്ങൾക്കിനി സ്വാഭാവിക ജീവിതം സാദ്ധ്യമല്ല. ജീവിച്ചിരിക്കുന്നവർക്കൊരു ബാദ്ധ്യതയായി തുടരണമോ? ശരീരമെന്ന ഈ പീഡനാലയത്തിൽ നിന്ന് പുറത്തു കടന്നുകൂടെ? ഞങ്ങൾ സഹായിക്കാം. രോഗാണുക്കളെ വളർത്തി വലുതാക്കാൻ മാത്രമായി ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടോ? 'യുട്ടോപ്പിയയിലാണ് ആദ്യമായി ദയാവധം നടപ്പിലായത്'.

വീട്ടുകളിൽ നിർമ്മിച്ച പരുക്കൻ തുണിയാണ് എല്ലാവരും ധരിച്ചത്. (മറിച്ച് ധരിക്കരുത് എന്ന് നിയമവുമുണ്ടായിരുന്നു.) എപ്പോഴും കയ്യിൽ അനുവാദപത്രം കരുതണമായിരുന്നു. സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിച്ചിരുന്നു. പുറത്തുനിന്ന് നോക്കുന്നൊരാൾക്കും യുട്ടോപ്പിയയിലെ ആദർശങ്ങളോട് വിയോജിപ്പുള്ളൊരാൾക്കും അത് അസ്വാതന്ത്ര്യം തന്നെയായിരുന്നു. വിവാഹച്ചടങ്ങുകൾ അനാകർഷകമായിരുന്നു. ലളിതമായിരുന്നു എന്നായിരുന്നു ഔദ്യാഗിക വിശേഷണം. വിവാഹേതരബന്ധങ്ങൾ ശിക്ഷാർഹങ്ങളായിരുന്നെങ്കിലും വിവാഹപൂർവ്വ ബന്ധങ്ങൾ കഠിനശിക്ഷയ്ക്ക് കാരണമായിരുന്നില്ല. പെണ്ണിന് പതിനെട്ടും ആണിന് ഇരുപത്തിരണ്ടും ആയിരുന്നു വിവാഹ പ്രായം. വിവാഹത്തിന് മുമ്പ് വരനെ വധുവിനും വധുവിനെ വരനും പൂർണ്ണ നഗ്നരാക്കി കാട്ടിക്കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. യുട്ടോപ്പിയയിൽ ആരും ഒന്നും ഒളിച്ചു വെച്ചില്ല. അവിഹിതബന്ധം രണ്ടാമതും പിടിക്കപ്പെട്ടാൽ വധശിക്ഷ നൽകപ്പെട്ടു. (അവിഹിതബന്ധത്തിലൈ സാഹസികതയുടെ മൂല്യം വർദ്ധിപ്പിച്ചിരിക്കണം ഇത്. ജീവൻ നൽകി മാത്രം നേടിയെടുക്കാവുന്ന ഒരു സുഖമായി അതിനെ ഉയർത്തിയിട്ടുമുണ്ടാവാം)

Kinakam Painting

സ്വർണ്ണത്തിലും വെള്ളിയിലുമായിരുന്നു നാണയങ്ങൾ മുദ്രണംചെയ്തത്. പക്ഷെ നാണയത്തിലെ ആരോപിത മൂല്യമല്ലാതെ അതേതിൽ മുദ്രണം ചെയ്യപ്പെട്ടുവോ ആ ലോഹത്തിന്റെ മൂല്യം പരിഗണിക്കെട്ടിരുന്നില്ല. സ്വർണ്ണത്തിനും വെള്ളിക്കും സവിശേഷമായ മൂല്യമില്ലെന്ന് കാട്ടാനുള്ള ഒരവസരവും ഉപേക്ഷിച്ചില്ല. ഇരുമ്പിനേക്കാൾ വളരെക്കുറഞ്ഞ വിലയേ സ്വർണ്ണത്തിനും വെള്ളിക്കുമുണ്ടായിരുന്നുള്ളു. സ്വർണത്തിനും വെള്ളിക്കും ഇരുമ്പിന്റെ പലമടങ്ങ് മൂല്യമുണ്ടായിരുന്ന ലേകത്തിന്റെ മറുപുറമായിരുന്നു യുട്ടോപ്പിയ. അഗ്നിയോ ജലമോ പോലെ ദൈനംദിന ജീവിതത്തിൽ അനിവാര്യമായിരുന്ന ഇരുമ്പ് അർഹിക്കുന്ന മൂല്യം നേടി യുട്ടോപ്പിയയിൽ. സ്വർണ്ണത്തിന്റെ പിക്കാസോ കലപ്പയോ പേനാക്കത്തിയോ ഒന്നും ആരുമുപയോഗിക്കാറില്ലല്ലോ. നിരുപയോഗമായ ഈ മഞ്ഞലോഹത്തിന് എന്തിന് വില നൽകണം? നോട്ടടിക്കുന്ന കടലാസിനുള്ളത് പോലൊരു വിലയേ സ്വർണ്ണത്തിനും നൽകിയുള്ളു. സുലഭ വസ്തുക്കളായ വായുവിനും ജലത്തിനും സ്വദേശത്ത് ലഭ്യമായ ഉൽപ്പന്നങ്ങൾക്കും മൂല്യമില്ലാത്ത എന്നാൽ അനിവാര്യമല്ലാത്ത അസുലഭ വസ്തുക്കൾക്ക് വലിയ മൂല്യമുള്ള ഒരു ലോകത്തിന്റെ പ്രതിലോകമായിരുന്നു യുട്ടോപ്പിയ. പ്രകൃതി മാതാവ് അനിവാര്യവസ്തുക്കൾ സുലഭമായിത്തന്നിരിക്കുന്നു, അനാവശ്യ വസ്തുക്കൾ അൽപ്പമായും അവർ തിരിച്ചറിഞ്ഞു.

സ്വർണ്ണമോ വെള്ളിയോ സൂക്ഷിച്ച് വെക്കാനനുവാദമുണ്ടായിരുന്നില്ല. ആഭരണങ്ങളുണ്ടാക്കാനും. ആകർഷണം വർദ്ധിച്ചാലോ? സ്വർണ്ണം കൊണ്ടായിരുന്നു മൂല്യം കല്പിക്കാതിരുന്ന നിത്യോപയോഗവസ്തുക്കൾ അനാകർഷകമായി നിർമ്മിച്ചത്. തുപ്പൽ കോളാമ്പികളും പാചകപ്പാത്രങ്ങളും കക്കൂസിന്റെ മൂടികളും. അടിമകളെ കെട്ടിയത് സ്വർണ്ണച്ചങ്ങലകളിലായിരുന്നു. അപമാനകരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ നിറയെ സ്വർണ്ണാഭരണങ്ങളണിയിച്ച് തെരുവിൽ പ്രദർശിപ്പിച്ചു. സ്വർണ്ണ വളകളിട്ട്, സ്വർണ്ണക്കാതിലകളണിഞ്ഞ്, സ്വർണ്ണപ്പാദസരങ്ങളിട്ട്, സ്വർണ്ണക്കിരീടം തലയിൽ വെച്ച് അപമാനിതരായി അവർ നിന്നു.

രത്നങ്ങൾക്കുമുണ്ടായിരുന്നില്ല പ്രാധാന്യം. അവ വെറും കല്ലുകളായി കണക്കാക്കപ്പെട്ടു. കടൽത്തീരങ്ങളിൽ അവ ആരേയും ആകർഷിക്കാതെ കിടന്നു. കൊച്ചു കുട്ടികൾ ആദ്യമൊക്കെ കൗതുകം കാണിച്ചെങ്കിലും വളരുന്തോറും അവരതിൽ വിമുഖരായി. രത്നത്തിൽ താല്പര്യം കാണിച്ചവരെ യുട്ടോപ്പിയയിലെ പൗരന്മാർ ബുദ്ധിമാന്ദ്യം ബാധിച്ചവരായാണ് പരിഗണിച്ചത്. വില കൂടിയ വസ്ത്രങ്ങളിൽ ആർക്കും താൽപ്പര്യമുണ്ടായില്ല. അവയുടെ നിത്യോപയോഗക്ഷമതക്കുറവ് അവരെ ചിരിപ്പിച്ചു. അനിവാര്യമല്ലാത്ത ആർഭാട വസ്തുക്കളിൽ കാട്ടിയ വിമുഖതയായിരുന്നു വളർച്ചയുടെ ലക്ഷണം. അന്യരാജ്യങ്ങളിൽ നിന്നു വന്ന വിലപിടിച്ച വസ്ത്രങ്ങൾ ധരിച്ച, സ്വണ്ണാഭരണങ്ങളും രത്നാഭരണങ്ങളുമണിഞ്ഞ രാജ്യപ്രമുഖരെ യുട്ടോപ്പിയയിലെ പൗരന്മാർ പരിഹസിക്കുകയും അവരുടെ വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച സേവകരെ ആദരിക്കുകകയും ചെയ്തു. യുട്ടോപ്പിയയിൽ വരേണ്ടി വന്നു തങ്ങളുടെ യഥാർത്ഥ മൂല്യം അംഗീകരിക്കപ്പെടാൻ എന്ന് പാവങ്ങൾ തിരിച്ചറിഞ്ഞു. പ്രമുഖരുടെ ദാസ്യവൃത്തി ചെയ്യുന്നവരും പിന്നിൽ മാത്രം നടക്കുന്നവരും തങ്ങൾക്കാണിവിടെ മുൻഗണന എന്ന് കണ്ടു. കുട്ടികൾ വിദേശത്തു നിന്നു വന്ന സർവ്വാഭരണവിഭൂഷിതരായ മുതിർന്ന സ്ത്രീപുരുഷന്മാരെക്കാട്ടി അമ്മമാരോട് 'നോക്കമ്മേ എന്തുവലിയ കുഞ്ഞുങ്ങൾ 'എന്നു പറഞ്ഞുചിരിച്ചു. ആസകലം ആഭരണമണിഞ്ഞ്, കിണറിൽ വീണാൽ നീന്തിക്കയറാൻ പോലും പറ്റാത്ത വിഡ്ഢികളായി നിൽക്കുന്നവരെ കുട്ടികൾ തൊട്ടു നോക്കി.

യുട്ടോപ്പിയയിൽ സൈനികരുണ്ടായിരുന്നില്ല. മുതിർന്നവർ യുദ്ധം ചെയ്യുകയോ! മനുഷ്യൻ അപരിചിതനായ മനുഷ്യനെ കൊല്ലുന്നത് അവർക്കുൾക്കൊള്ളാനായില്ല. അവർ രക്തരൂഷിതമായ കലഹങ്ങൾ ആസ്വദിച്ചില്ല. ശരീരശക്തിയുപയോഗിച്ച് മറ്റൊരാളെ കീഴ്പെടുത്തുന്നതിൽ അഭിമാനകരമായി എന്താണുള്ളത്? യുദ്ധം ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ അവർ മറ്റു നാടുകളിലെ വാടക സൈന്യങ്ങളെ ആശ്രയിച്ചു. യുട്ടോപ്പിയയിൽ രക്തസാക്ഷികൾ വിഡ്ഢികളായി കരുതപ്പെട്ടു. ബുദ്ധിയും വിവേകവും യുട്ടോപ്പിയയിൽ കൊണ്ടാടപ്പെട്ടു.

തോമസ് മൂറിന്റെ കാലത്തെ യൂറോപ്യൻ ജനത എന്തിലെല്ലാം ആസക്തി കാട്ടിയോ, യുട്ടോപ്പിയൻ ജനത അതിലെല്ലാം കടുത്ത വിമുഖത കാട്ടി. ചൂഷണം അവിടെ സ്വാഭാവിക ജീവിത രീതിയായിരുന്നെങ്കിൽ യുട്ടോപ്പിയയിലതു വധശിക്ഷ കിട്ടാവുന്ന കുറ്റമായിരുന്നു. അവിടെ ജോലി ചെയ്യാത്തവരോ കുറഞ്ഞ ജോലി ചെയ്യുന്നവരോ ആയിരുന്നു വലിയവരെങ്കിൽ ഇവിടെ കഠിനാദ്ധ്വാനം ചെയ്യുന്നവരായിരുന്നു വലിയവർ. അവർ യുദ്ധങ്ങളിൽ ജീവൻ കളഞ്ഞപ്പോൾ ഇവർ ബോർഡ് ഗെയിമുകളിൽ സമയം കളഞ്ഞു. കപടമായ കാരുണ്യത്താൽ യൂറോപ്യൻ ആസന്നമരണരെ പീഡിപ്പിച്ചപ്പോൾ യുട്ടോപ്പിയൻ ദയാവധത്തിലുടെ പീഡനാലയമായിത്തുടങ്ങിയ ശരീരങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ആസന്നമരണരെ സഹായിച്ചു. യൂറോപ്പിന്റെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു യുട്ടോപ്പിയ.

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ നാഗരികതയിലെ അഭാവങ്ങൾ കൊണ്ടാണ് യുട്ടോപ്പിയ സൃഷ്ടിക്കപ്പെട്ടത്. യുട്ടോപ്പിയയിൽ സ്ഥാപിച്ച കണ്ണാടിയിൽ തന്നെ നോക്കിയ യൂറോപ്യൻ തിരിച്ചിങ്ങോട്ടു നോക്കുന്നത് പമ്പര വിഡ്ഢിയും സ്വാർത്ഥനുമായ ഒരു പ്രാകൃതനാണെന്ന് കണ്ടു. ഏറ്റവും സത്യസന്ധവും അതിനാൽത്തന്നെ വികൃതവുമായ സ്വപ്രതിബിംബം യൂറോപ്പ് കണ്ടത് യുട്ടോപ്പിയയിൽ തോമസ് മൂർ സ്ഥാപിച്ച കണ്ണാടിയിൽ.

കുറ്റമറ്റ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സംവിധാനമുള്ള ഒരു സാങ്കല്പിക രാഷ്ടത്തിന്റെ യഥാതഥ ചിത്രമല്ല, ക്യാരിക്കേച്ചറാണ് യുട്ടോപ്പിയ. കമ്മ്യൂണിസ്റ്റ് രാഷ്ട്രസങ്കല്പത്തേയോ ഗാന്ധിയൻ രാഷ്ട്ര സങ്കല്പേത്തേയോ ഹാസ്യാത്മകമായി വരയ്ക്കുന്നുണ്ടത്. അവിടത്തെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതം യൂറോപ്യൻ നാഗരികതയുടെ ഹാസ്യാത്മകമായ വിമർശനമെന്ന നിലയിലല്ലാതെ സ്വീകരിക്കാനാവില്ലെങ്കിലും. എല്ലാവർക്കും ഒരേ ജീവിതം, എല്ലാ ദിനവും ഒരേ ദിനം, ഗാനത്തിനു പകരം ഉപദേശാത്മകമായ പ്രഭാഷണം, ഭയപ്പെടുത്തുന്ന അച്ചടക്കം, സ്വാദ്ദേശ്യമല്ലാത്ത ഒരു കളികൂടിയില്ല- യുട്ടോപ്പിയയിൽ വളരെ നാൾ നിങ്ങൾക്ക് കഴിയാനാവുമോ?ഗൗരവത്തിലെഴുതപ്പെട്ടതോ ഹാസ്യാത്മകമായെഴുതപ്പെട്ടതോ യുട്ടോപ്പിയ എന്നചോദ്യത്തിന് രണ്ടും എന്നാണ് തോമസ് മൂർ നൽകിയ മറുപടി. യുട്ടോപ്പിയ സങ്കല്പത്തിൽ മാത്രം സാദ്ധ്യമായ ഒരില്ലാ രാജ്യം ഞാനതിനിട്ട പേരിൽ അതടങ്ങിയിട്ടുണ്ടല്ലോ.
(തുടരും)

Content Highlights: Kinakam Kalpetta Narayanan column Part two