തോമസ് മൂറിന്റെ 'യുട്ടോപ്പിയ'പോലെ മിക്ക കിനാകങ്ങളും ദ്വീപുകളിലായതെന്തേ? ജലത്തിലുള്ള ദ്വീപിന്റെ കിടപ്പില്‍ തന്നെ ഒരു കിനാകം ദര്‍ശിക്കാനാവുന്നതു കൊണ്ടാവുമോ? ഇടര്‍ തീര്‍പ്പതിന് യാദൃച്ഛികമായി വന്നുചേരുന്ന പരിഹാരത്തിനെ സമുദ്രത്തില്‍ യദൃച്ഛയാ പ്രത്യക്ഷപ്പെടുന്ന ദ്വീപിനോടാണ് ആശാന്‍ ഉപമിക്കുന്നത്. ഒരഭയ കേന്ദ്രത്തിന്റെ ഉപമ പോലെയാണ് ദ്വീപ്. ഗര്‍ഭപാത്രത്തിലെ ജലത്തില്‍ കിടക്കുന്ന ഭ്രൂണത്തിന്റെ ഛായയുണ്ടതിന്. നാം വിട്ടുപോന്ന, നഷ്ടപ്പെടുത്തിയ, സുരക്ഷിതവും ആനന്ദപൂര്‍ണ്ണവുമായ ആ ഇടത്തെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ ദ്വീപിന് കിനാകത്തിന്റെ പാര്‍പ്പിടമായിരിക്കാന്‍ സഹജമായ വാസനയുണ്ട്.
കിനാകങ്ങള്‍ ദ്വീപുകളിലായിരിക്കാന്‍ ചരിത്രപരമായ കാരണവുമുണ്ടെന്ന് ഉമ്പര്‍ട്ടോ എക്കോ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലത്ത് കൃത്യമായ ചാര്‍ട്ടുകളുടേയോ ഭൂപടങ്ങളുടെയോ അഭാവത്തില്‍ അതിസാഹസികങ്ങളും അനിശ്ചിതങ്ങളുമായിരുന്നു സമുദ്രയാത്രകള്‍. (കാലാന്തരത്തില്‍ ഏറ്റവും അര്‍ത്ഥശോഷണം വന്ന പദങ്ങളിലൊന്നായി സാഹസികത) ഉദ്ദേശിച്ചിടങ്ങളിലല്ല പലപ്പോഴും യാത്രാസംഘങ്ങളെത്തിയത്. റൂട്ടുകള്‍ക്ക് മുമ്പുള്ള കാലമായിരുന്നു അത്. പലപ്പോഴും വിപരീതം പോലുമായ വഴികളിലാണ് യാത്രികര്‍ സഞ്ചരിച്ചത്. മുന്നറിയിപ്പില്ലാതെ വന്ന കടല്‍ ക്ഷോഭങ്ങള്‍ അവരുടെ പ്രതീക്ഷകളെ അട്ടിമറിക്കയും ചെയ്തു. ചുഴലിക്കാറ്റില്‍ പെട്ടോ തിരകള്‍ക്കിടയില്‍ മറഞ്ഞുനിന്ന പാറക്കെട്ടുകളിലിടിച്ചോ കപ്പലുകള്‍ തകര്‍ന്നു. കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തൂങ്ങിക്കിടന്നും തുഴഞ്ഞും നീന്തിയും എത്താവുന്നതിനും അപ്പുറത്തുള്ള കരയിലേക്ക് പ്രത്യാശയുടെ മാത്രം ബലത്തില്‍ യാത്രക്കാര്‍ നീങ്ങി. പലരും പ്രതികൂലമായ (പ്രതികൂലം അനുകൂലം എന്നീ പദങ്ങളില്‍ ജലബന്ധമുണ്ട്) സാഹചര്യത്തോട് പൊരുതിത്തോറ്റു. കൂട്ടത്തിലൊരു ഭാഗ്യശാലി - അതിശയം തന്നെ ശേഷിച്ച ഒരേ ഒരാള്‍ - യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ട ദ്വീപിലേക്ക് നീന്തിക്കയറുന്നു. ഇനി ഒരിഞ്ചും മുന്നോട്ട് നീങ്ങാനാവില്ലെന്ന് ബോദ്ധ്യപ്പെട്ട നിമിഷത്തെ തുടര്‍ന്നായിരുന്നു അത്. ഈ കര സത്യമോ മിഥ്യയോ എന്നുറപ്പിക്കാനാവാത്ത വിധം അയാള്‍ തളര്‍ന്നിരുന്നു അപ്പോള്‍. ആയുസ്സിന്റെ വലുപ്പം കൊണ്ടോ ഈശ്വരന്റെ തുണ കൊണ്ടോ എത്തിച്ചേര്‍ന്ന കരയില്‍ സ്വയം വിശ്വസിക്കാനാവാതെ ആശ്വാസമോ ആനന്ദമോ താങ്ങാനാവാതെ കിടന്നിരിക്കണം വളരെ നേരം അയാള്‍. കൗശലക്കാരായ ദൈവങ്ങള്‍ ശക്തിപ്പെട്ടത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലായിരിക്കണം. ദുരിതത്തില്‍ നിന്ന് അവിശ്വസനീയമായി കര കയറ്റിയ അദൃശ്യമായ കൈകളാണ് ദൈവത്തിന്റെ കൈകളായത്. കൈകളെക്കുറിച്ചുള്ള രണ്ടായിരത്തോളം പരാമര്‍ശങ്ങളുണ്ട് പഴയ ബൈബിളില്‍. അരിസ്റ്റോഫനീസിന്റെ നാടകത്തില്‍ യജമാനന്‍ അടിമയോട് ചോദിക്കുന്നു ദൈവമുണ്ടെന്ന് നിനക്കെന്താണിത്ര ഉറപ്പ്. അവന്‍ പറയുന്നു; ഞാനനുഭവിക്കുന്ന കഷ്ടതകള്‍ തന്നെ.
കഷ്ടപ്പാടുകള്‍ക്കൊടുവില്‍ കരയിലെത്തിയപ്പോള്‍ -കഷ്ടപ്പാടുകളില്‍ നിന്ന് കരകയറിയപ്പോള്‍- ഇന്‍സിഡന്റ് ഇന്‍ ആള്‍ ക്രീക്ക് ബ്രിഡ്ജ് (An inci-detnin Owl creek bridge) എന്ന സിനിമയിലെ നായക കഥാപാത്രത്തെപ്പോലെ സന്തോഷം സഹിയ്ക്കാനാകാതെ അയാള്‍ കുഴങ്ങിയിരിക്കണം. (മലയാളിയുടെ ആ കരകയറല്‍പ്രയോഗത്തില്‍ ഒരു കിനാകത്തിന്റെ സ്മരണയുണ്ടോ?) പറുദീസയുടെ ഛായയുണ്ടാസ്ഥലത്തിന്. ചുറ്റുമുള്ള മരങ്ങളും വള്ളികളും അവയില്‍ കനം തൂങ്ങി നില്‍ക്കുന്ന പഴങ്ങളും സ്പടികം പോലെ തിളങ്ങുന്ന ശുദ്ധജലതടാകവും അയാളെ സല്‍ക്കരിക്കാനായി ആരോ മുന്‍കൂട്ടി ഒരുക്കിയ പോലെ. ഫലങ്ങളെല്ലാം അതീവ സ്വാദിഷ്ടങ്ങള്‍. വെറും വെള്ളത്തിനു ഇത്ര സ്വാദോ? 'ഇവിടെ മധുരിക്കുന്നു പച്ചവെള്ളവും'. നഷ്ടപ്പെട്ടശേഷം തിരിച്ചു കിട്ടിയ ജീവിതത്തിലെ ചന്ദ്രനാണ് ഏറ്റവും അഴകുള്ള ചന്ദ്രന്‍. വെറുമിരിപ്പിന്, നീണ്ടു നിവര്‍ന്നു കൈവീശിയുള്ള നടത്തത്തിന് എന്തൊരു സുഖം!. ലാഘവം. ഉടല്‍ ഇത്ര വലിയ ആനന്ദത്തിന്റെ ഉറവിടമാണെന്ന് അന്നാവുമയാള്‍ അറിഞ്ഞിരിക്കുക. ആ കിനാകത്തില്‍ വെച്ച് .
ആ ചെറിയ ദ്വീപില്‍ അത്യാനന്ദത്തോടെ അയാള്‍ ഏതാനും നാള്‍ കഴിക്കും. അപൂര്‍വ്വ രത്‌നങ്ങളുടെ കലവറയാണവിടം. ഏതാനും ദിവസത്തേക്കുള്ള ഭക്ഷണമേ അവിടെയുള്ളു എന്നതോ ദുസ്സഹമായ ഏകാന്തതയാണവിടെ എന്നതോ അലട്ടിത്തുടങ്ങുന്നതിന് മുമ്പ് ദൂരെ അയാളൊരു കപ്പല്‍ കാണും. അയാള്‍ കൈവീശിക്കാണിക്കും, ഒച്ചയുണ്ടാക്കും. ആദ്യശ്രമത്തില്‍തന്നെ അവരയാളെ കാണും. ഒന്ന് രണ്ട് ദിവസം ആ ദ്വീപില്‍ അയാളുടെ അതിഥിയായി താമസിച്ചശേഷം അവരയാളെയും കൂട്ടി യാത്ര തുടരും. ആ കപ്പലിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരനായി, അവിശ്വസനീയമായ കഥകളുടെ നായകനായി, അപൂര്‍വ്വ രത്‌നങ്ങളുടെ ആ ഉടമ മാറിയിട്ടുണ്ടാവും. എന്തിലേക്കെല്ലാമായിരുന്നു ആ യാത്ര! അയാളെ രക്ഷിച്ച, സല്‍ക്കരിച്ച, സമ്പന്നനാക്കിയ ആയിടം അയാളുടെ സ്മരണകളിലും അയാള്‍ പറഞ്ഞ കഥകളിലുമായി കൂടുതല്‍ കൂടുതല്‍ മായികവും മനോഹരവുമായി മാറും.
ഈ ദ്വീപിന്റെ ആകൃതിയാണ് കിനാകത്തിന്. അവിടെ അഭയം തേടിയ യാത്രക്കാര്‍ക്ക് പിന്നീടെത്ര ശ്രമിച്ചാലും തിരിച്ച് ചെല്ലാനാവില്ല. സര്‍വ്വം നഷ്ടപ്പെട്ടാരാള്‍ക്ക് എല്ലാം നല്‍കിയ ആ ഇടം സര്‍വ്വം നഷ്ടപ്പെട്ടൊരാള്‍ക്കല്ലാതെ ഹൃദയവേദ്യമാവുകയുമില്ല. പില്‍ക്കാലത്തത് കടലെടുത്തിരിക്കാം. അല്ലെങ്കില്‍ ഒരു കൗതുകവും തോന്നിക്കാത്ത മുള്‍ക്കാട് നിഞ്ഞൊരിടമായിമാറിയിരിക്കാം. അന്നയാള്‍ കണ്ട ചന്ദ്ര
നെ പിന്നീടാ അഴകില്‍ ആരും കണ്ടിരിക്കയില്ല. ചളി നിറഞ്ഞ വെള്ളമായിരിക്കും ഇപ്പഴത്തടാകത്തില്‍.
ഒരു ഭൂപടത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല ആ ദ്വീപ്. അയാളുടെ ഓര്‍മ്മകളില്‍, വിവരണങ്ങളില്‍ മാത്രമേ ഇനി അത് നിലനില്‍ക്കൂ. ഓര്‍മ്മകളില്‍ വിധിയുടെ സമ്മാനമായ ആ മധുരദിനങ്ങളുടെ അഴക് ഏറിക്കൊണ്ടിരിക്കും. ഓര്‍മ്മയുടേയും സങ്കല്‍പ്പത്തിന്റേയും അതിരുകള്‍ പരസ്പരം കൂടിക്കലരും. ആഗ്രഹിച്ചതോ അനുഭവിച്ചതോ എന്നുറപ്പിച്ചു പറയാനാവാത്തത്ര സന്ദഗ്ദ്ധമായഭാഷയില്‍ അയാള്‍ ആ ദിനങ്ങളെ പുനരുജ്ജീവിപ്പിച്ചു കൊണ്ടിരിക്കും. അയാള്‍ എത്തിപ്പെട്ട ആരാത്രിയില്‍ എത്ര സ്നേഹത്തോടെയാണ് ആ മുഴുച്ചന്ദ്രന്‍ അയാള്‍ക്ക് മീതെ നിറഞ്ഞുനിന്നത്! ജീവന്റെ മുഴുവന്‍ കാഹളവുമായല്ലേ പക്ഷികള്‍ നിറഞ്ഞ ആ ദ്വീപ് അയാളെ വരവേറ്റത്? എന്തൊരു പ്രഭാവത്തോടെയാണ് അന്ന്‌സൂര്യനുദിച്ചത്.
എന്തൊരു തിളക്കമാണ് ആ രത്‌നങ്ങള്‍ക്ക്? എന്തൊരു സ്വാദാണ് ആ അത്തിപ്പഴങ്ങള്‍ക്ക് ? ഹവ്വയുംആദവും ആഹ്ളാദദിനങ്ങളില്‍ ഈ അത്തിപ്പഴങ്ങളായിരിക്കില്ലേ തിന്നത്? പറുദീസ ഒരുദ്വീപാണെന്നേ ആ കടല്‍ യാത്രക്കാരന്‍ പറയൂ. കിനാകത്തിന്റെ വസതി ദ്വീപിലായത് ഇത്തരമനുഭൂതികളിലൂടെ ആയിരിക്കാം.
Content Highlights: Kinakam Kalpetta Narayanan Column Part Three