കല്പറ്റ നാരായണന്‍ എഴുതുന്ന പംക്തി കിനാകം തുടരുന്നു

ത്ര കിനാകങ്ങളാണ് മഹാഭാരതത്തില്‍? ഭാരത കര്‍ത്താവായ വേദവ്യാസന്റെ ജന്മവൃത്താന്തം തന്നെ കാണുക. ജലത്തില്‍ നിന്നുയര്‍ന്നുവന്ന് പിന്നീട് ജലത്തില്‍ അലിഞ്ഞില്ലാതായ ഒരു ദ്വീപിലായിരുന്നു വേദവ്യാസന്‍ ഭൂജാതനായത്.

അക്കഥയിങ്ങനെ. നദി കടക്കുമ്പോള്‍ സുന്ദരിയായ കടത്തുകാരിയില്‍ പരാശരമഹര്‍ഷിക്ക് അഭിലാഷമുദിക്കുന്നു. 'സൗന്ദര്യത്വാദി ഗുണം സര്‍വ്വവും തികവാര്‍ന്നവള്‍ / സത്യവത്യാഖ്യയായേവം മത്സ്യാഘാതി സമാശ്രയാല്‍ /  ഒട്ടുകാലം മത്സ്യഗന്ധിയായിത്താന്‍ വാണു സുന്ദരി /പിതൃ പ്രിയത്തിനായ് വഞ്ചികടത്തിയാറ്റില്‍ വാഴവെ / പാര്‍ത്തിതായവളെ തീര്‍ത്ഥയാത്രെചെയ്യും പരാശരന്‍ / അതി സുന്ദരിയായ് സിദ്ധതതിയ്ക്കും കൊതിയാം വിധം / ആ മോഹനാംഗിയെക്കണ്ട് ധീമാന്‍ കാമിച്ചു കാമിനി.' മഹര്‍ഷി അവളോട് രതി പ്രാര്‍ത്ഥന ചെയ്യുന്നു. (പൊതുബോധമേ, നെറ്റിചുളിക്കരുത്. മഹര്‍ഷി വൃദ്ധനാകണമെന്നില്ല. രാഗാദികള്‍ക്ക് അതീതനാകണമെന്നുമില്ല. അതും ഒരു കിനാകത്തില്‍) .

അവള്‍ക്കുമില്ല അദ്ദേഹത്തോടൊപ്പം രമിക്കുന്നതില്‍ വിപ്രതിപത്തി. പക്ഷെ സങ്കല്‍പത്തില്‍ അനുഭവിക്കുന്ന രതി പോലെ അതപകടരഹിതമായിരുന്നെങ്കില്‍! ( സങ്കല്‍പത്തിലെ അഗ്‌നി ചുടാറില്ല, ജലം നനക്കാറില്ല). ഇരുകരകളിലുള്ളവരും നദിയിലെ തോണിയിലുള്ളവരും കാണാതിരുന്നെങ്കില്‍. അതിനൊന്നും മന്ത്രസിദ്ധികൈവശമുള്ള മഹര്‍ഷിയ്‌ക്കൊരു പ്രയാസവുമില്ല. മഹര്‍ഷി നദീമദ്ധ്യത്തില്‍ ഒരു ദ്വീപ് സൃഷ്ടിക്കുന്നു. മറ്റുള്ളവരുട ദൃഷ്ടിയില്‍ നിന്ന് മഞ്ഞു കൊണ്ടതിനെ മറയ്ക്കുന്നു. 'സുന്ദരീ, 'എനിക്കിഷ്ടം നീ ചെയ്യുകിലും കന്യകയായ്‌ത്തെന്നെ നിന്നിടും'. അതില്‍ നിന്ന് ദുഷ്ഫലങ്ങളുണ്ടാവില്ലെന്ന് മാത്രമല്ല സദ്ഫലങ്ങളുണ്ടാവുകയും ചെയ്യും. ഈ അഗ്‌നി ചുടില്ലെന്ന് മാത്രമല്ല അത്യാനന്ദം നല്‍കുകയും ചെയ്യും. സുന്ദരീ, എനിക്കൊപ്പം നീ നിര്‍ഭയമായി രമിക്കുക'. അവര്‍ സുലഭമായി രമിക്കുന്നു. ഗര്‍ഭം ധരിച്ച സത്യവതി പരാശരാനുഗ്രഹത്താല്‍ നൊടിനേരം കൊണ്ട് ഗര്‍ഭം പൂര്‍ത്തിയാക്കി പ്രസവിക്കുന്നു. പിറന്നുവീണ ശിശുവാകട്ടെ അല്‍പമാത്ര കൊണ്ട് വളര്‍ന്ന് മാതാവിനെ വന്ദിച്ച് എപ്പോഴെന്നെ കാണണമെന്ന് തോന്നുന്നുവോ അപ്പോള്‍ ഞാനവിടെ എത്തിച്ചേരുമെന്ന് പറഞ്ഞ് അപ്രത്യക്ഷനാകുന്നു. 

നേരത്ത മത്സ്യഗന്ധിയായിരുന്നവള്‍ സര്‍വസുഗന്ധിയായി മാറുകയും ചെയ്യുന്നു. 'അന്ന് തെട്ടേ ഗന്ധവതിയെന്ന പേര്‍ കേട്ടിതായവള്‍ / ജനം തല്‍ഗന്ധമൊരു യോജന ദൂരെ മണത്തു തേ/ അക്കാരണത്താല്‍ യോജനാഗന്ധാഖ്യാനം കൂടി നേടിനാള്‍'. ജനമധ്യ ത്തില്‍ എന്നാല്‍ ആരുമറിതെ രമിക്കുവാനാകുക, രതിയ്ക്കു ശേഷവും കന്യകയായി തുടരാനാവുക, മത്സ്യഗന്ധം മാറി സുഗന്ധിനിയാവുക, വേദവ്യാസനെപ്പോലൊരു പുത്രനതില്‍ നിന്ന്  പിറക്കുക. ഏതൊരു പെണ്‍കുട്ടിയാണ് ഇത്തരമൊരു കിനാകത്തില്‍ കഴിയാനാഗ്രഹിക്കാത്തത്. 'ഇതിലില്ലാത്തതില്ലെങ്ങും 'എന്ന് പ്രഖ്യാതമായ ഭാരതകാവ്യത്തിന്റെ ഉറവിടം ഒരു മോഹസാഫല്യത്തിന്റെ ഇടമായ ഒരു ദ്വീപായിരുന്നു, ഒരു കിനാകമായിരുന്നു എന്നത് എത്ര ധ്വന്യാത്മകം. 

അപരാധമാവുമായിരുന്നത് അനുഗ്രഹമായി മാറിയിരിക്കുന്നു. എല്ലാം കഴിഞ്ഞെങ്കിലും ഒന്നും കഴിഞ്ഞിട്ടില്ല. ഏറെ വൈകിയെങ്കിലും ഒട്ടും വൈകിയിട്ടില്ല. സംഭവിച്ചതെല്ലാം കൊണ്ടളന്നാല്‍ ഇരുപതു വര്‍ഷങ്ങളുടെയെങ്കിലും ദൈര്‍ഘ്യം വേണ്ട ഒന്നോ രണ്ടോ നാഴിക. കടവിലിറങ്ങിയത് പൂര്‍വ്വാധികം കന്യകയായ ഒരു സുഗന്ധിനി. ഓര്‍മ്മയിലല്ലാതെ ഇനിയാ ദ്വീപ് നിലനില്‍ക്കുകയില്ല.

വേദവ്യാസന്റെ ജന്മഭൂവായ ഈ ദ്വീപിന്റെ ഛായയുള്ള കിനാകങ്ങള്‍ മഹാഭാരതത്തില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ദുര്‍വ്വാസാവ് നല്‍കിയ മന്ത്രശക്തിയുടെ ബലത്തില്‍ കുന്തി ഉജ്വല പ്രഭാവനായ സൂര്യനെ കാമിക്കുന്നു. തന്റെ പ്രഭയുടെ മുന്നിലും സ്വന്തം അഭീഷ്ടത്തിനു മുന്നിലും പതറിപ്പോയ ആ കുമാരിയെ സൂര്യന്‍ ആശ്വസിപ്പിക്കുന്നത് കന്യകാത്വനഷ്ടം വരില്ല ഞാനുമായി രമിച്ചാല്‍ എന്നും എന്റെ അഗ്‌നി നിനക്ക് സുഖശീതളമായി അനുഭവപ്പെടുെമെന്നും വാഗ്ദത്തം നല്‍കിക്കൊണ്ടാണ്. അങ്ങനെ കര്‍ണ്ണനുണ്ടാവുന്നു. പാണ്ഡുവിന്റെ ഭാര്യയാ
യ ശേഷം ഇതേ മന്ത്രസിദ്ധിയുടെ ശക്തി ഉപയോഗിച്ച് ഭര്‍ത്താവിന്റ സമ്മത ത്തോടെ ധര്‍മ്മരാജാവുമായും വായുവുമായും ഇന്ദ്രനുമായും കുന്തിരമിക്കുന്നു. യുധിഷ്ഠിര ഭീമ അര്‍ജുനാദികള്‍ ജനിക്കുന്നു. 'അഗമ്യഗമനമെന്നുള്ളതില്ലങ് ഗഗനമാര്‍ക്കകതാരിലൊരു നാളുമെന്നറിഞ്ഞാലും' എന്ന് കുന്തിയെമുന്‍ നിര്‍ത്തി പാണ്ഡുവിന്റെ വാക്കുകളില്‍ എഴുത്തച്ഛന്‍. ഇഷ്ടസാദ്ധ്യത്തിന്റെ കിനാകങ്ങള്‍!

എത്ര വിളമ്പിയാലും തീരാത്തതും എന്നാല്‍ തനിക്കു മതിവരുന്നതോടെ നിലയ്ക്കുകയും ചെയ്യുന്ന അക്ഷയ പാത്രത്തിലൈാരു കിനാകത്തി
ന്റെ സാന്നിദ്ധ്യമില്ലെന്ന് പറഞ്ഞുകൂട. വ്യത്യസ്തരും അതിശക്തരുമായ അഞ്ച് ഭര്‍ത്താക്കന്മെരെ തന്റെ ദേഹം കൊണ്ടൂട്ടുന്ന ദ്രൗപദിയുടെ ലൈംഗിക വ്യക്തിത്വത്തിന്റെ വിവര്‍ത്തനമല്ല അക്ഷയ പാത്രമെന്ന് പറയാനാവില്ല. അഞ്ചു പേരും അവളെ അനുഭവിക്കട്ടെ അല്ലെങ്കില്‍ അഞ്ചുപേരെയും അവളനുഭവിക്കട്ടെ എന്ന് അനുഭവ സമ്പന്നയായ കുന്തി പറഞ്ഞത് മനപ്പൂര്‍വ്വമായിരിക്കാം.

രതിയുടെ കിടക്ക അപ്പോള്‍ മൂര്‍ത്തരൂപം കൈവരിച്ച് ശേഷം ഇല്ലാതാവുന്ന ഒരു ദ്വീപിലല്ലെന്ന് പറയാനാവില്ല. കാവ്യരചനാവേളയിലും അതേ തികവോടെ പിന്നീട് നിലനില്‍ക്കാത്ത ഒരു ദ്വീപ് നിലവില്‍ വരുന്നുണ്ട്. ആ ദ്വീപുകള്‍ക്ക് പരസ്പരം അറിയാമെന്ന് വ്യാസന്റെ ജന്മവൃത്താന്തവും ഭാരതത്തിലെ ഇതര കിനാകങ്ങളും നമ്മോട് പറയുന്നു. പ്രചോദിതങ്ങളായ എല്ലാ നിമിഷങ്ങളുടേയും അടിയില്‍ പിന്നീട് ദര്‍ശിക്കാനാവാത്ത ഒരു ദ്വീപുണ്ട്. ദ്വൈപായനര്‍ തന്നെ എല്ലാ കവികളും എല്ലാ ഗായകരും എല്ലാ കായികതാരങ്ങളും എല്ലാ ശാസ്ത്രജ്ഞന്മാരും. ആ ദ്വീപിലിരുന്നപ്പോഴാണ് ന്യൂട്ടന്റെ തലയില്‍ യഥാര്‍ത്ഥത്തില്‍ ഒന്നും തെളിയിക്കാനുള്ള പാടവമില്ലാത്ത ആപ്പിള്‍ വീണത്. സാധാരണ
കല്ലുകള്‍ അനുഗൃഹീത ദ്വീപില്‍ രത്‌നങ്ങള്‍.

Content Highlights: Kinakam Kalpetta Narayanan Column Part Seven