വാക്കുകള്‍ വ്യക്തിത്വത്തെ നിര്‍ണയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെട്ട യുട്ടോപ്പിയ എന്ന സംജ്ഞയെ പൊളിച്ചെഴുതുകയാണ് കല്‍പ്പറ്റ നാരായണന്‍. കിനാവും നാകവും ചേര്‍ന്നുള്ള സങ്കല്പലോകത്തിനപ്പുറത്തേക്ക് നമ്മെ കൊണ്ടു പോവുന്ന പംക്തി 'കിനാകം' ആരംഭിക്കുന്നു.  

'And,once it happens that you left this place
You will never see this island again
Which will have become water'

                                       -Holy Snakes


വാഗ്ദത്തഭൂമി

യുട്ടോപ്പിയ ഒരു മനോരാജ്യമാണ്. എല്ലാ സമൂഹത്തിലും എല്ലാ കാലത്തും എല്ലാവരിലും മനോഹരമായ ഈ രാജ്യം നിലനിന്നിട്ടുണ്ട്. ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം കൊതിക്കുന്നതേ അവിടെ ഉള്ളു. അഭാവം കൊണ്ട് നമ്മെ വിഷമിപ്പിക്കുന്നവയുടെ വിഹാരരംഗമാണവിടം. അവിടേയ്ക്ക് പൊതുനിരത്തില്ല. വാഹനങ്ങളില്ല. അവിടേയ്ക്കുള്ള റൂട്ട് ഒരു (ഗൂഗിള്‍) മേപ്പിലും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ദൂരെ ചെല്ലുന്തോറും കൂടുതല്‍ സുവ്യക്തവും അടുത്തു ചെല്ലുന്തോറ്റം അവ്യക്തവുമാണവിടം. കൈവിട്ടതില്‍ പിന്നീടാണവിടം കൂടുതല്‍ ചേതോഹരമായത്. കൈവരില്ലെന്നതാണ് അതിനെ അമുല്യമാക്കുന്നത്. നഷ്ടദുഃഖങ്ങളില്‍ അതുണ്ട്. പ്രതീക്ഷകളില്‍ അതുണ്ട്. ഇവിടത്തെ ഇപ്പോഴത്തെ പരിമിതികളില്‍നിന്നെല്ലാം മുക്തമായ ഒരിടത്തിനു വേണ്ടിയുള്ള ആഗ്രഹം എല്ലാ യുട്ടോപ്പിയകള്‍ക്കും അടിയിലുണ്ട്.

'എന്റേതിന്നലെ വരെയാ സ്വര്‍ഗ്ഗം' എന്ന് വേദനിപ്പിക്കുന്നതിലെല്ലാം അതുണ്ട്. 'ഹാ വരും വരും നൂനമദ്ദിനം' എന്ന് മോഹിപ്പിക്കുന്നതിലെല്ലാം അതുണ്ട് . റ്റൂപ്പര്‍ട്ട് ബ്രൂക്കിന്റെ കവിതയിലെ മത്സ്യത്തിന്റെ സങ്കല്പസമുദ്രത്തില്‍ കരയില്ല! 'There shall be no more land, say fish.'
                 
യുട്ടോപ്പിയ

യുട്ടോപ്പിയ എന്ന പദത്തിന് എങ്ങുമല്ലാത്തത്, എങ്ങുമില്ലാത്തത് (no where, no place) എന്നാണര്‍ത്ഥം. സങ്കല്പത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരിടം. യുട്ടോപ്പിയയ്ക്ക് നിരക്കുന്ന ഒരു മലയാളപദമില്ല. മൂഢസ്വര്‍ഗ്ഗം എന്ന പദം യുട്ടോപ്പിയ്ക്ക് പകരമായി മലയാളി ഉപയോഗിച്ചു പോരാറുണ്ടെങ്കിലും യുട്ടോപ്പിയയുടെ എല്ലാ വിവക്ഷകളോടും ആ പദം പൊരുത്തപ്പെടുന്നില്ല. ഉണര്‍ന്നത് ഒരു മിഥ്യാ ലോകത്തില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞവര്‍ക്ക്, ഞാനിത്ര നേരവും ഒരയഥാര്‍ത്ഥ ലോകത്തിലായിരുന്നു എന്ന് പശ്ചാത്തപിച്ചു തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാന്‍ കൊള്ളാം. അതില്‍ നിഷേധാത്മകത കൂടുതലും ധനാത്മകത കുറവുമാണ്. കുഞ്ചന്‍ നമ്പ്യാരോ വി.കെ.എന്നോ യൂട്ടോപ്പിയയ്ക്ക് നല്‍കിയേക്കാവുന്ന വിവര്‍ത്തനം മൂഢസ്വര്‍ഗ്ഗീ എന്നാവാം. കുഞ്ചന്‍ നമ്പ്യാരുടേയോ വി.കെ.എന്നിന്റേയോ പരിമിതി വെളിവാക്കുന്ന ഒരിടമായി ഈ വിവര്‍ത്തനം മാറുകയും ചെയ്‌തേക്കാം. മലയാളിയുടെ പരിഹാസപരത (synicism) ഉദാഹരിക്കാന്‍ യുട്ടോപ്പിയ മൂഢസ്വഗ്ഗര്‍മാണീ ജനതയ്ക്ക് എന്നത് പോരാതെയല്ല . വിട്ടുപോന്നതില്‍ പശ്ചാത്തപിച്ചു കൊണ്ടിരിക്കുന്ന ഒരു മനസ്സിന്റെ നെടുവീര്‍പ്പോ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഒരു മനസ്സിന്റെ സ്വപ്നാനുഭൂതിയോ 'മൂഢസ്വര്‍ഗ്ഗ'ത്തില്‍ പുരണ്ടിട്ടില്ല. ഏദന്‍ തോട്ടമോ മാവേലിനാടോ വരാനിരിക്കുന്ന ആ സമസുന്ദരലോകമോ ഒന്നും മൂഢസ്വര്‍ഗ്ഗമല്ല. പക്ഷെ യുട്ടോപ്പിയയാണ്.

'എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്പലോകമല്ലീയുലകം' എന്ന് രമണന്‍ പറഞ്ഞപ്പോള്‍ സങ്കല്പലോകം കൊണ്ടുദ്ദേശിച്ചത് യുട്ടോപ്പിയ എന്ന് തന്നെയായിരിക്കാം. നമ്മുടെ പ്രണയത്തെ യുട്ടോപ്പിയ എന്ന് തള്ളിക്കളയുന്ന ലോകത്തെ നിനക്കവഗണിക്കാനാവുമോ എന്ന് ചോദിക്കുകയാണ് രമണന്‍. പ്രണയികള്‍ ഉല്ലാസത്തോടെ, വരുംവരായ്കകള്‍ ചിന്തിക്കാതെ, മുഴുകുന്ന ഈ അദൃശ്യമായ ദ്വീപില്‍ അവര്‍ മനസാ ജീവിച്ചുതുടങ്ങിയിരുന്നല്ലോ. 'ഇന്നു മുഴുവന്‍ ഞാനേകനായാ/കുന്നിന്‍. ചെരുവിലിരുന്നു പാടും'. രമണന്റെ സങ്കല്പലോകത്തിന് സഹിയ്ക്കാനാവുമോ മൂഢസ്വര്‍ഗ്ഗം എന്ന പ്രയോഗത്തെ? മറ്റുള്ളവര്‍ക്ക് അത് മൂഢസ്വര്‍ഗ്ഗം തന്നെയായിരുന്നെങ്കിലും. മൂഢസ്വര്‍ഗ്ഗീ പോലെ സങ്കല്പലോകവും യുട്ടോപ്പിയക്ക് പകരമാവില്ല.

യുട്ടോപ്പിയപോലെ ഒരു നിര്‍മ്മിതപദത്തിനേ യുട്ടോപ്പിയയോട്‌ നീതി ചെയ്യാനാവൂ. പ്രഥമ ശ്രവണത്തില്‍ നിഗൂഢതയുള്ള (mystery) ഒരു പദം. ഒരങ്ങില്ലാപ്പൊങ്ങാണല്ലോ, ഒരെങ്ങുമില്ലാപ്പൊങ്ങാണല്ലോ യുട്ടോപ്പിയ. യുട്ടോപ്പിയയുടെ എല്ലാ വിവക്ഷകളും വഹിക്കുന്നൊരു മലയാളപദത്തിനുള്ള അന്വേഷണം ഒടുവിലെത്തിച്ചേര്‍ന്നത്‌ കിനാകം എന്ന നിര്‍മ്മിത സമസ്തപദത്തിലാണ്. കിനാവും നാകവും വിളക്കിച്ചേര്‍ത്തുണ്ടീ സമസ്തപദത്തില്‍. യുട്ടോപ്പിയ ഡിസ്റ്റോപ്പിയയെ ഉള്‍ക്കൊള്ളാത്തതു പോലെ കിനാകം സങ്കല്‍പ്പസ്വര്‍ഗ്ഗത്തെയല്ലാതെ സങ്കല്‍പനരകത്തെ ഉള്‍ക്കൊള്ളുന്നില്ല. യുട്ടോപ്പിയ ഉപയോഗിക്കുന്ന എല്ലായിടത്തും കിനാകം ഉപയോഗിക്കാം. മാവേലിനാടോ ഏദന്‍ തോട്ടമോ സമസുന്ദരലോകമോ ഇന്നലേയോ നാളെയോ സുവര്‍ണ്ണയുഗമോ ഒക്കെ കിനാകം. കിനാവില്‍ നിലനില്‍ക്കുന്ന നാകം. കേള്‍ക്കുമ്പോഴുള്ള അസ്വസ്ഥത ആദ്യമായി കേള്‍ക്കുന്നതിന്റേയാവാം. ഏതായാലും ഇനിയങ്ങോട്ട് ഈയിടത്തില്‍ യുട്ടോപ്പിയ എന്നു പറയേണ്ടിടത്തൊക്കെ കിനാകം എന്നാണ് പറയുക. തോമസ് മുറിന്റെ യുട്ടോപ്യയെക്കുറിച്ചുള്ള അദ്ധ്യായത്തിലൊഴികെ.

(തുടരും)

Content Highlights: Kinakam Kalpetta Narayanan Column Part One