ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും പഴയ കിനാകം ബിസി 1940-നടുത്ത് എഴുതപ്പെട്ട 'വിശുദ്ധ സര്‍പ്പങ്ങള്‍' എന്ന ഈജിപ്ഷ്യന്‍ രചനയിലെ ദ്വീപ് ആയിരിക്കാം എന്ന് ജോണ്‍ കാരി യുട്ടോപ്പിയകളെക്കുറിച്ചുള്ള ഫേബര്‍ ബുക്കില്‍ പറയുന്നു. പരാജയപ്പെട്ട സമുദ്രയാത്രയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് വരുന്ന നിരാശനായപ്രഭുവിനോട് സ്നേഹിതന്‍ പറയുന്നതാണിക്കഥ. വലിയ ഒരു കപ്പലില്‍ സര്‍വ്വസംഭാരങ്ങളോടെയും നൂറ്റിയിരുപത് യാത്രികര്‍ക്കൊപ്പം ഖനന പ്രദേശത്തേക്ക് പുറപ്പെട്ടതാണ് കഥാനായകന്‍. യാത്രാ മദ്ധ്യേ അവിചാരിതമായി കപ്പല്‍ ഒരു കൊടുങ്കാറ്റില്‍പ്പെടുന്നു. കപ്പല്‍ പൂര്‍ണ്ണമായിത്തന്നെ തകര്‍ന്നു. അയാളൊഴികെ സര്‍വ്വരും കടലില്‍ മുങ്ങി മരിക്കുന്നു. മരണം തുറിച്ചു നോക്കുമ്പോള്‍ മാത്രം കൈവരുന്ന അവിശ്വസനീയമായ അധികശ്ശേഷിയോടെ തുഴഞ്ഞ് തുഴഞ്ഞ് തീര്‍ത്തും തളരുന്നതിന്റെ തൊട്ടുമുമ്പ് അയാളൊരു ദ്വീപിലെത്തുന്നു. തളര്‍ന്നവശനായി വരുന്ന അയാള്‍ക്കാവശ്യമുള്ള തെല്ലാംമുന്‍കൂട്ടി ഒരുക്കി കാത്തിരിക്കുന്ന പോലൊരിടം.
വിശപ്പും ക്ഷീണവും മാറ്റി, തന്നെ തുണച്ച ഭാഗ്യദേവതയെയും ഓര്‍ത്തിരിക്കുമ്പോള്‍ അതാ ഭീതിദമായ ഒരു സീല്‍ക്കാരം. ഭയന്ന് വിറച്ച് പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വലിയ സര്‍പ്പം. ഒരു നദിയുടെ വലുപ്പമുണ്ടായിരുന്നു ആ സര്‍പ്പത്തിന്. അത് തലയുയര്‍ത്തി അയാളെ ചോദ്യം ചെയ്തു. ''നീ ആര്, എങ്ങനെ ഇവിടെ എത്തി?'' അയാള്‍ കപ്പല്‍ തകര്‍ന്നതിനെപ്പറ്റി, താനൊഴിച്ചെല്ലാവരും മരിച്ചതിനെപ്പറ്റി, തന്റെ മുന്നില്‍ ദൈവഗത്യാ പ്രത്യക്ഷപ്പെട്ട ഈ ദ്വീപിനെപ്പറ്റി സര്‍പ്പത്തിനോട് പറഞ്ഞു. എല്ലാം കേട്ട സര്‍പ്പം അയാളെ സമാശ്വസിപ്പിച്ചു: ''ഭയപ്പെടേണ്ട, ദൈവം നിങ്ങള്‍ മാത്രം അതിജീവിക്കണമെന്ന് നിശ്ചയിച്ചു. എല്ലാം തികഞ്ഞ ഈ വിശിഷ്ട ദ്വീപിലേക്ക് നിങ്ങളെ നയിച്ചു. ഇവിടെയില്ലാത്തതൊന്നുമില്ല. അഭികാമ്യമായവയുടെ വസതിയാണിത് ( There is nothing which is not within it/ and full of good things). എന്റെ അധീനത്തിലാണിവിടം. നിങ്ങളിവിടെ സ്വസ്ഥമായി സുഖമായി ക്കഴിയുക. നാല് മാസം തികയുന്ന ദിവസം ഇവിടെ ഒരു കപ്പല്‍ വരും. അതില്‍ക്കയറി നിങ്ങള്‍ക്ക് സ്വദേശത്ത് പോകാം. പക്ഷെ ഒന്നുണ്ട്, നിങ്ങള്‍ക്കൊരിക്കലും ഇവിടേക്ക് തിരിച്ചു വരാനാവില്ല. പുറപ്പെട്ട് തിരിഞ്ഞു നോക്കിയാല്‍ ഇവിടെ ഒരു ദ്വീപും നിങ്ങള്‍ കാണുകയില്ല.''
നാകത്തിലെ കാലദൈര്‍ഘ്യം നാല് മാസമാണോ? നാല് ദിവസം, നാലാള്‍, നാല് ദിക്ക്; നാലെന്ന സംഖ്യയ്ക് ഒരു മാന്ത്രികസ്പര്‍ശമുണ്ടോ? ദുരന്തം കടന്നുപോയ ശേഷം അത് വിവരിയ്ക്കാനായി അവശേഷിച്ച ഒരേ ഒരാള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവന്റെ പ്രതിച്ഛായയുണ്ട്. അയാളുടെ വാക്കുകളായി പരിണമിക്കാന്‍ വേണ്ടി സംഭവിച്ചതാണ് സംഭവിച്ചതെല്ലാം. അതിജീവിച്ച ഇത്തരക്കാരുടെ സൗഭാഗ്യ സ്പര്‍ശമുള്ള വിവരണങ്ങളാണ് എത്ര അപകടകരമായിരിക്കുമ്പോഴും വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ സഞ്ചാരികളെ പ്രേരിപ്പിച്ചത്. തുറമുഖത്തില്‍ പുറപ്പെട്ട് നില്‍ക്കുന്ന കപ്പല്‍ മനസ്സിലുണ്ടാക്കുന്ന യാത്രോന്മാദം അന്നത്തെ ചെറുപ്പക്കാരില്‍ പലര്‍ക്കും നിയന്ത്രിക്കുവാനായില്ല (ഹോംസിക്ക്നസ്സിനെക്കാള്‍ തീവ്രമായിരുന്നു അന്ന് ഔട്ട്സിക്ക്നസ്സ്). അത്ഭുതങ്ങളിലേക്ക് യാത്ര പുറപ്പെട്ട കപ്പലുകള്‍!
ഈ കഥയിലെ ദ്വീപൊരു ലക്ഷണമൊത്ത കിനാകമാണ്. അവിടേക്ക് തിരികെ പോകാനാവില്ല. 'അവിടം ഇല്ല'( no where). അനുഭവ കര്‍ത്താവിന്റ ഓര്‍മ്മയിലല്ലാതെ അത് നിലനില്‍ക്കുന്നില്ല. യാദൃച്ഛികതയിലാണ് അവിടേക്കുള്ള വഴി വെട്ടിയിട്ടുള്ളത്. അനിവാര്യഘട്ടത്തില്‍ പെട്ടെന്ന് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന, കടന്നു കഴിഞ്ഞാല്‍ അപ്രത്യക്ഷമാവുന്ന ഒരു മാന്ത്രികപ്പാലം പേലെയാണത്.
അതിജീവിച്ച ഒരേയൊരു ഭാഗ്യവാന്റെ ഓര്‍മ്മയിലേ അതിന് നിലനില്പുള്ളു. തന്റെ അതിജീവനത്തിന്റെ അവിശ്വസനീയത അതിനെ തന്നെ സംബന്ധിച്ചിടത്തോളം വിശ്വസനീയമാക്കുന്നുണ്ട്. പില്‍ക്കാലത്തെ വിരസവും ഏകതാനവുമായ ജീവിതം ഒരിയ്ക്കല്‍ സാഹസികനായിരുന്ന ആ മനുഷ്യന്റെ ഓര്‍മ്മയിലെ ഈ ദ്വീപിനെ കൂടുതല്‍ കൂടുതല്‍ ചേതോഹരമാക്കുന്നു. ഓര്‍മ്മ സങ്കല്പത്തിലോ സങ്കല്പം ഓര്‍മ്മയിലോ കിനാകം രചിക്കുന്നെതെന്ന് പറഞ്ഞുകൂടാ. കിനാകത്തിലെങ്കിലും ഭാവികാലം നാമോര്‍മ്മിക്കുകയും ഭൂതകാലം നാം സങ്കല്‍പ്പിക്കുകയുമാണ്.
Content Highlights: Kinakam Kalpetta Narayanan Column Part Four