വിശക്കുമ്പോള്‍ ഭൂമിയിലുള്ളവര്‍ക്ക് പൊട്ടിച്ചു തിന്നാന്‍ പാകത്തില്‍ ചാഞ്ഞുകിടന്നിരുന്ന ആകാശം! രസനയെ സ്വാദിന്റെ ഉത്തുംഗത്തിലെത്തിച്ച ആകാശം! ആളുകളുടെ ദുസ്വഭാവവും ദുരാഗ്രഹവും കാരണം എന്നെന്നേയ്ക്കുമായി ഭൂമിയെ വിട്ടുപറന്ന ആകാശം! കിനാക്കളുടെയും സ്വര്‍ഗത്തിന്റെയും ഇടനാഴിയിലൂടെ വീണ്ടുമൊരനശ്വര യാത്ര-കല്പറ്റ നാരായണന്‍ എഴുതുന്ന പംക്തി കിനാകം തുടരുന്നു.

രോ ജനസമൂഹത്തിനും ഒരുല്‍പ്പത്തി കഥയുണ്ടാവും. ഏതോ വിതാനത്തില്‍ ഈ കഥ അവരെ ജീവിതാന്ത്യം വരെ പിന്തുടരുകയും ചെയ്യും. അടുത്ത് നിന്ന് വളരെ വ്യത്യസ്തങ്ങള്‍ എന്ന് തോന്നിക്കുമ്പോഴും അവരുടെ കഥകള്‍- അവര്‍ ജീവിക്കുന്നതും അവര്‍ പറയുന്നതും- ഈ കഥയുടെ അയഞ്ഞ രൂപാന്തരങ്ങള്‍ ആയിരിക്കും. അവരുടെ പൊതുവായ ജീവിതവഴിയേ ഈ കഥ നിര്‍ണ്ണയിക്കുന്നുമുണ്ടാവും. പരശുരാമകഥയില്‍ കേരളീയന്റെ അവസ്ഥയോ കേരളീയന്റെ കഥയില്‍ പരശുരാമകഥയോ ശ്രവിക്കാന്‍ ബാലാമണിയമ്മ 'മഴുവിന്റെ കഥയില്‍ ശ്രമിക്കുന്നുണ്ട്

'ചെയ്ത തെറ്ററിയാനൊരാള്‍ എത്രയെത്രനാള്‍ ജീവിക്കണം'; മാതൃഹന്താവായ
പരശുരാമന്‍ ചിരഞ്ജീവിയാണെന്നത് നമ്മുടെ സമൂഹത്തിലെ പിത്രാധിപത്യ
ത്തിന്റെ സ്വാധീനശക്തിയുടെ തീവ്രതയുമോര്‍മ്മിപ്പിക്കുന്നു.'അറിഞ്ഞേനധര്‍മ്മത്തെവെല്ലുവാനാകാ മഴു/വതിനെപ്പേര്‍ത്തും പേര്‍ത്തും സഞ്ചയിക്കുവാനെന്യേ'.

ആഫ്രിക്കയിലൊരു ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ളൊരുല്‍പത്തിക്കഥയാണിത്: പണ്ടു പണ്ട് ആകാശം ഭൂമിയോട് ചേര്‍ന്നായിരുന്നു കിടന്നത്. ആകാശത്തിന് നല്ല സ്വാദായിരുന്നു. വിശക്കുമ്പോള്‍ ആകാശം പൊട്ടിച്ച് തിന്ന് ആളുകള്‍ ജീവിച്ചു. മനുഷ്യര്‍ തന്നെ അതിസ്വാദോടെ തിന്നുന്നത് നോക്കി മുല കുടിയ്ക്കപ്പെടുന്ന ഒരമ്മയെപ്പോലെ ആകാശം കിടന്നു. കടിച്ചെടുക്കപ്പെടുന്ന ഭാഗങ്ങള്‍ അപ്പപ്പോള്‍ കൂടിച്ചേര്‍ന്നുകൊണ്ടിരുന്നു. മുലപ്പാല് വീണ്ടും നിറയുന്നത് പോലെ!

എന്നാല്‍ ചിലര്‍ ആവശ്യത്തിലേറെ പൊട്ടിച്ചെടുക്കുകയും തിന്നതിന്റെ ബാക്കി അവിടവിടെ ഉപേക്ഷിക്കയും ചെയ്തു. ഉച്ഛിഷ്ടമായിത്തീര്‍ന്ന സ്വന്തം ശരീരഭാഗങ്ങള്‍ ആകാശത്തെ വേദനിപ്പിച്ചു. ക്രമേണ ആളുകളുടെ ദുസ്വഭാവം വര്‍ദ്ധിച്ചു. വേണ്ടതിലേറെ മുറിച്ചെടുത്ത് ആകാശത്തെ അവര്‍ പുഴയിലും കുളത്തിലും ഉപേക്ഷിച്ചു. അത് ദുര്‍ഗ്ഗന്ധം പരത്തുവാന്‍ തുടങ്ങി. ഒടുവില്‍ സഹികെട്ട ആകാശം ഇടിയൊച്ചയില്‍ അവരോട് പറഞ്ഞു. ആവശ്യത്തില്‍ കൂടുതല്‍ മുറിച്ചെടുത്ത് തന്നെ അപമാനിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഭൂമി വിട്ട് താന്‍ മുകളിലേക്ക് പോവും. പിന്നീടൊരിക്കലും നിങ്ങള്‍ക്കെന്നെ തൊടാനാവില്ല. കയ്യകലത്തിലല്ലാതായിത്തീരും ഇച്ഛിക്കുന്നതെല്ലാം. ഉയരത്തില്‍ കയറി നിന്ന് മുകളിലേക്ക് നോക്കിയാലും താഴെ നിന്ന് നോക്കിയാല്‍ കാണുന്ന അത്ര തന്നെ ഉയരത്തിലായിരിക്കും ഞാന്‍. നിങ്ങളുടെ പ്രയാസങ്ങള്‍ കാണുന്ന അകലത്തില്‍ ഞാന്‍ ഉണ്ടാകും. കാണുക മാത്രം ചെയ്യുന്ന അകലത്തില്‍.

തുടര്‍ന്ന്, കുറഞ്ഞ കാലം ആളുകള്‍ ആകാശത്തെ അനുസരിച്ചു. ആകാശവും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു. എന്നാല്‍ അധികം കഴിഞ്ഞില്ല, ദുരാഗ്രഹിയായ ഒരു വീട്ടമ്മ വലിയൊരു കഷണം ആകാശം മുറിച്ചെടുത്തു. വേണ്ടത്ര നിന്നിട്ടും ഏറെക്കുറെ മുഴുവനായി തന്നെ ബാക്കിയായ ആ ആകാശഭാഗത്തെ അവള്‍ മുന്നില്‍ക്കണ്ട കുണ്ടിലും കിണറ്റിലും കുളത്തിലും വിതറിയിട്ടു. പിന്നീടൊരു നിമിഷവും ആകാശം ഭൂമിയില്‍ നിന്നില്ല. ആളുകള്‍ മുകളില്‍ നോക്കി നിലവിളിച്ചു. താഴെ വരാന്‍ കണ്ണീരോടെ അപേക്ഷിച്ചു. ഭൂമിയിലെ ആദ്യത്തെ പ്രാര്‍ഥനയായിരുന്നു അത്. ആകാശം കൂട്ടാക്കിയില്ല. എല്ലാം കണ്ടുകൊണ്ട് അത് നിസ്സംഗതയോടെ മുകളില്‍ത്തന്നെ നിന്നു.

'ഇറങ്ങിവരൂ' എന്നര്‍ഥമുള്ള പദമാണത്രേ പ്രാര്‍ഥനയ്ക്ക് അവരുടെ ഭാഷയില്‍. പില്‍ക്കാലത്ത് ഭക്ഷണത്തിനു വേണ്ടിമാത്രമല്ല ഭാഗ്യം വരാനും നിര്‍ഭാഗ്യം വിട്ടുപോവാനും അവര്‍ ആകാശത്തു നോക്കി പ്രാര്‍ത്ഥിച്ചു. ഇറങ്ങിവരൂ, ഇറങ്ങിവരൂ... ഭൂതകാല സ്മരണകള്‍ പുരണ്ട പ്രയോഗങ്ങളില്‍ പിടിച്ചുകയറി നഷ്ടസ്വര്‍ഗ്ഗത്തിലെത്താമായിരിക്കാം.

താഴോട്ട് ചെന്നാല്‍ വീര്‍പ്പുമുട്ടുന്നതു കൊണ്ടോ, വെള്ളത്തിനടിയില്‍ നിന്നോ ചതുപ്പില്‍ നിന്നോ മുകളിലെത്തുമ്പോഴുള്ള ആശ്വാസം കൊണ്ടോ, വെളിച്ചവും മഴയും വെയിലും നിലാവും മുകളില്‍ നിന്നായതുകൊണ്ടോ, പഴങ്ങളും ഫലങ്ങളും മുകളിലായതു കൊണ്ടോ എന്തുകൊണ്ടാവാം പ്രാചീനമനുഷ്യന്‍ സ്വര്‍ഗ്ഗം മുകളില്‍ സങ്കല്പിച്ചത്? ഇരുട്ടും ഇടുക്കവും കൊടും തണുപ്പുമുള്ള നരകം താഴെയും? അധഃപതനവും അധോഗതിയും ഉന്നമനവും ഉണ്ടായത്? നമ്മുടെ ആകാശക്കോട്ടയുടെ അന്തരംഗത്തില്‍ ഈ സങ്കല്പവുമുണ്ടോ?

സുഖം എന്ന പദത്തിന് തെളിഞ്ഞ ആകാശം എന്നാണര്‍ത്ഥം.' സുഷ്ടുവിലെ 'ഖം'. സുഖമല്ലേ എന്ന് ചോദിച്ചാല്‍ ആകാശം തെളിഞ്ഞുവോ എന്നും ആകാശം തെളിഞ്ഞുവോ എന്നു ചോദിച്ചാല്‍ സുഖമായോ എന്നുമര്‍ഥം. ഈ ആഫ്രിക്കന്‍ ഗോത്ര കഥയുമായി സുഖം എന്ന പദം പരിചയിച്ചു കാണുമോ? മുകളിലാകാശം മാത്രമായിരുന്ന ഒരു കാലം ഭൂതലം മുഴുവന്‍ പങ്കിട്ടതല്ലേ.

Content Highlights: Kinakam Kalpetta Narayanan Column Part Five