പില്‍ക്കാലം അതിലെ ദാരിദ്ര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ സൃഷ്ടിച്ച സമ്പന്നമായ മുന്‍കാലമാണ് ഏദന്‍ തോട്ടത്തിലും മഹാബലിയുടെ നാട്ടിലും നാം കാണുന്നത്. എം.ഗോവിന്ദന്‍ മലയാളിയുടെ ഏദന്‍ തോട്ടം മഹാബലിയുടെ നാടാണ് എന്ന് പറഞ്ഞതിലെ യുക്തിയോ ഭാവനയോ, ഈ സമാനത തോന്നിച്ചതാവാം. എന്തിവിടെയില്ലയോ അവയുടെ സാന്നിദ്ധ്യം കൊണ്ട് എന്തെല്ലാമിവിടെയുണ്ടോ 
അവയുടെ അഭാവം കൊണ്ടും ആണവ കൊതിപ്പിക്കുന്ന പ്രദേശങ്ങളായിമാറിയത്.

അതിജീവിക്കാന്‍ കഠിനമായ അദ്ധ്വാനം അനിവാര്യമായ, പ്രയത്‌നത്തിനൊത്ത ഫലം തരാത്ത, കാലാവസ്ഥയുടേയും ഭൂപ്രകൃതിയുടേയും അനിശ്ചിതത്വത്താല്‍ നിരന്തരം പ്രയാസപ്പെടേണ്ട ഒരു കര്‍ഷകലോകത്തില്‍ കഴിഞ്ഞ മനുഷ്യനില്‍ നിന്നുയര്‍ന്ന പശ്ചാത്താപഭരിതമായ ഒരു നെടുവീര്‍പ്പായിരിക്കാം ഏദന്‍ തോട്ടം. കാര്‍ഷികവൃത്തിയിേലേര്‍പ്പെട്ടപ്പോള്‍ കുടുബവും കുടുംബത്തിന്റെ പടര്‍ച്ചയായ (extension) സമൂഹവും പലവിധ നിബന്ധനകളോടെ സമ്മര്‍ദ്ദത്തിലാഴ്ത്തിയപ്പോള്‍ അനേകവര്‍ഷം 'ഹണ്ടര്‍ ആന്റ് ഗാദററായി' സ്വച്ഛന്ദം ജീവിച്ച മനുഷ്യന്‍
നഷ്ടപ്പെടുത്തിയവ കൂട്ടി സൃഷ്ടിച്ച ഒരിടത്താവളമായിരിക്കാം അത്. മനുഷ്യര്‍ പക്ഷിമൃഗാദികളെപ്പോലെ സ്വേച്ഛയാ ജീവിച്ചിരുന്ന എന്നാല്‍  ആ  ജീവിത ത്തിന് ദൈവത്തിന്റെ പരിരക്ഷയുമുണ്ടായിരുന്ന ഒരിടം. 'ഹണ്ടര്‍ ആന്റ് ഗാദറര്‍ക്ക്' ഈ ദൈവികമായ സുരക്ഷിതത്വം ഇല്ലായിരുന്നു. തല്‍ക്കാലം മാത്രമുണ്ടായിരുന്ന, തനിക്കൊന്നിലും ഉത്തരവാദിത്തമില്ലാതിരുന്ന, എല്ലാം സുഭിക്ഷമായിരുന്ന, മരണത്തിന് മുമ്പത്തെ ഒരു ലോകമായിരുന്നു ഏദന്‍ . എന്ത് പാപം ചെയ്തിട്ടാണ് ഈ യാതനകള്‍ എന്ന് വേദനിക്കുന്നവര്‍ കുതല്‍ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തിയ അദ്ധ്വാനപൂര്‍വ്വമായ, സുഖപൂര്‍ണ്ണമായ ഒരിടം. എന്തെന്തെല്ലാം അവരെ പശ്ചാത്താപത്തിലെത്തിച്ചുവോ അവയുടെ ജന്മഗേഹം. ഗൃഹാതുരത്വത്തിന്റെ ഗൃഹം.

kinakam

ചരിത്രത്തിന് മാത്രമല്ല ദൈവത്തിനും മുമ്പായിരുന്നു മഹാബലി. ഒത്ത മനുഷ്യന്റെ വലുപ്പം പോലും മഹാബലിയെ സന്ദര്‍ശിച്ച വാമനനുണ്ടായിരുന്നില്ല. മഹാബലി പാതാളത്തില്‍ നിപതിച്ചതിനനുസൃതമായിട്ടാണ് വാമനന്‍ ദൈവതുല്ല്യം വളരുന്നത്. ആ ദേവപൂര്‍വ്വകാലത്തെ വൈലോപ്പിള്ളി നിരീക്ഷിക്കുന്നു. 'അവരുടെ മുന്നില്‍ പച്ചവിരിച്ചു/ സമസ്ത പദാര്‍ത്ഥമെടുത്തു വിലക്കീ/ വിശിഷ്ടമഹാതിഥികള്‍ക്കു വിദഗ്ദ കുലീനഗൃഹസ്ഥ കണക്കെ'. പുജനീയമായൊന്നുമുണ്ടായിരുന്നില്ലെന്നോ മറ്റൊരര്‍ത്ഥത്തില്‍ എല്ലാം പുജനീയമായിരുന്നെന്നോ പറയാം.' ദിവ്യത പൂജിയ്ക്കായ്കിലുമവരുടെ / ജീവിത മൊക്കെയൊരാരാധനമായ്/ ഉര്‍വ്വിയലവരുടെ യുഗമോ സുകൃത/ പൂക്കളൊടുങ്ങാത്തിരുവോണവുമായ്'. ഏദന്‍തോട്ടം പോലെ മഹാബലിക്കാലവും മുന്‍കാലത്തുണ്ടായിരുന്നതല്ല, പില്‍ക്കാലത്തുണ്ടായതാണ്. മാനുഷര്‍ ഒന്നു പോലല്ലാതായിക്കഴിഞ്ഞ, കള്ളവും ചതിയും വഞ്ചനയും സ്വാഭാവികമായിക്കഴിഞ്ഞ ഒരു പില്‍ക്കാലകേരളത്തിന്റെ പശ്ചാത്താപമാണ് മഹാബലിക്കാലം. അതിജീവനത്തിനായി തങ്ങള്‍ നിരന്തരം ബലികൊടുത്തത് കൂടി ചേര്‍ന്നാണ് മഹാബലിയായത്. ഗ്രേറ്റ് സാക്രിെൈഫസ്( great sacrifice) ആണല്ലോ മഹാബലി. വളരുന്തോറും ഒരു സമൂഹം ബലികൊടുത്ത നന്മകളുടെ ആകത്തുക. ഓരോരുത്തരിലുമുള്ള അതിജീവനത്വര ആരുടെ കൂടി ഇച്ഛയോ, നിലനില്പിന്റെ ആ ദേവത വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. ക്രമേണ വളര്‍ന്ന വാമന പാദങ്ങള്‍ ജനതയുടെ ക്രമേണ വളര്‍ന്ന, സ്വാര്‍ത്ഥതയിലധിഷ്ഠിതമായ അതിജീവനത്വരയുടെ പാദങ്ങള്‍.

ഈ കുറ്റത്തില്‍ നിന്ന് ഒരു വ്യക്തിയും മുക്തനല്ല എന്നതിനാല്‍ വ്യക്തിപരം കൂടിയായ ഒരു പാപബോധം, പഴയ വീടിനെ ഓര്‍ത്തുള്ള വ്യഥ ഓരോ മലയാളിയും അനുഭവിക്കുന്നു. വര്‍ഷത്തിലൊരുനാള്‍ ആ ബലിപെരുന്നാള്‍ നാമാഘോഷിക്കുന്നു. പാതാളത്തിലേക്ക് (മറവിയിലേക്ക്) ചവിട്ടിത്താഴ്ത്തപ്പെട്ട ആ സമത്വത്തിന്റെ ചക്രവര്‍ത്തിക്ക് തന്റേതായ നാട്ടിലേക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ വരുവാന്‍ ആ ദേവന്‍ അനുവാദം നല്‍കിയെന്നു മാത്രമല്ല, അത് തന്റെ ജന്മദിനത്തിലാണെന്നതും കൗതുകകരം. കുറ്റബോധത്തിന്റെ ജന്മദിനാഘോഷം !

കള്ളമോ ചതിയോ ഇല്ലാത്ത, സമത്വം മിതമായെങ്കിലും നിലനില്‍ക്കുന്ന, ആഹ്ലാദപൂര്‍ണ്ണമായ ഒരു ലോകം കുറഞ്ഞ കാലത്തേക്കാണെങ്കിലും ആ ചക്രവര്‍ത്തിക്കായി കാണം വിറ്റും നാം സൃഷിക്കുകയാണ്. (മഹാരാഷ്ട്രയില്‍ തിരുവോണ നാളില്‍ ആരും നുണ പറയുകയില്ലത്രേ. നുണകള്‍ക്ക്
മുമ്പുള്ള കാലത്തെ പുന:സൃഷിയ്ക്കയാവാം). അന്നത്തെ പൂത്ത താഴ്‌വരകളെ ഓര്‍മ്മിപ്പിക്കുന്ന ഭൂപ്രകൃതിയെ അനുകരിച്ചും അനുസരിച്ചും നാം കോടിവസ്ത്രങ്ങള്‍ ധരിക്കുന്നു. കായിന്‍ പേരില്‍ പൂമതിക്കാറുള്ള നാം അന്ന് പുവിന്‍ പേരില്‍ പൂമതിക്കുന്നു. പ്രതീക്ഷകള്‍ കുഞ്ഞു വിരലുകള്‍ കൊണ്ട് മുറ്റത്ത്പൂവിടുന്നു. 'പൂവിട്ടുവോ'  ഓരോ വീടും അടുത്ത വീടിനോട് ചോദിക്കുന്നു. ഹൃദ്യമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ പുരണ്ട വെയിലും നിലാവും പുക്കളും. മഴ നീങ്ങി, ചെടികള്‍ പൂവിട്ട്, നറുനിലാവ് വന്ന്, നെല്ലോലകള്‍ കതിരിട്ട് ആസകലം മാറിയ ഭൂപ്രകൃതി ഈ മിത്തിന് വേണ്ടി ട്യൂണ്‍ ചെയ്യപ്പെട്ട പോലെ.
 
ചരിത്ര ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഇടങ്ങളല്ല ഏദന്‍ തോട്ടമോ, മാവേലി നാടോ. ചരിത്രകാരന്മാര്‍ക്ക് ആദര്‍ശ രാജ്യങ്ങളില്‍ എത്തുവാനാവില്ല. (For Tacictsu there is no ideal Rome)

Content Highlights: Kinakam Kalpetta Narayanan Column Part Five