നിര്‍മ്മിതബുദ്ധികള്‍ കയ്യടക്കും കാലത്തേക്കൊരു കഥ; 'ഡാന്‍സിങ് ഗേള്‍' ഓര്‍മ്മിപ്പിക്കുന്നതെന്താണ്, നാലുനിര്‍മിതനളന്മാരോടൊപ്പം ചേര്‍ത്തുവച്ച നശ്വരനളനെ തിരഞ്ഞുപിടിച്ചു വരണമാല്യമണിയിച്ച ദമയന്തിയുടെ ബുദ്ധിയിലധിഷ്ഠിതമായ പ്രവൃത്തിയെ സന്ദര്‍ഭാനുസരണം ഓര്‍ക്കേണ്ടതെന്തുകൊണ്ട്? കിനാകം വിശദമാക്കുന്നു.

ജെറോം കെ ജെറോമിന്റെ 'ഡാന്‍സിങ് പാര്‍ട്ട്ണര്‍ 'എന്ന കഥയുടെ ഒരു സ്വതന്ത്ര പുനരാഖ്യാനം നടത്തട്ടെ.

കളിപ്പാട്ട നിര്‍മ്മാണമാണ് നിക്കോളാസ് ഗീബലിന്റെ തൊഴില്‍. ജീവസ്സുറ്റ യന്ത്രക്കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യൂറോപ്പിലാകെ പ്രശസ്തനാണയാള്‍. മുഖം തുടയ്ക്കുന്ന എലികള്‍,തെന്നിമറയുന്ന മുയലുകള്‍, യഥാര്‍ത്ഥ പൂച്ചകളാണെന്ന് കരുതി നായകള്‍ ചാടി വീഴുന്ന തരം ചൈതന്യമുള്ള പൂച്ചകള്‍, ഔപചാരികമായി കുശലം പറയുന്ന കോണ്‍വെന്റ് സ്‌ക്കൂള്‍ കുട്ടികള്‍.

ഒരു ദിവസം ഗീബല്‍ തികച്ചും യാദൃച്ഛികമായി, ഹോട്ടലില്‍ അടുത്ത ടേബിളില്‍ സല്ലപിച്ചു കൊണ്ടിരിക്കുന്ന സുന്ദരികളില്‍ ഏറ്റവും ചെറുപ്പമായവളുടെ വാക്കുകള്‍ കേള്‍ക്കാനിടയാവുന്നു. എനിക്ക് ഞാന്‍ തളര്‍ന്നാലും തളരാത്ത ഒരു നൃത്തക്കൂട്ടാളിയെ വേണം.വലിയ ആവേശത്തില്‍ തുടങ്ങുകയും വൈകാതെ വിമനസ്‌കരായിത്തീരുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരെ എനിക്ക് മടുത്തു. അതേ പഴയ കുശലങ്ങള്‍ വിരസമായി പറഞ്ഞുകൊണ്ട് താല്‍പ്പര്യം അഭിനയിച്ചു തുടങ്ങും അവര്‍ അല്‍പ്പം ചെല്ലമ്പോള്‍. എനിക്ക് വേണം തുടക്കത്തിലെ അതേ ആവേശത്തോടെ ഞാന്‍ നൃത്തം ചെയ്തു തളരുമ്പോഴും തളരാത്ത, പോക്കറ്റിലെ ടൗവ്വലെടുത്ത് വിയര്‍പ്പൊപ്പിത്തരുന്ന ഒരു കൂട്ടാളിയെ. അത് കേട്ട് കൂട്ടുകാരികളിലൊരുവള്‍ അവളോട് പറഞ്ഞു; നിനക്ക് വേണ്ടത് ഒരു ക്ലോക്ക് വര്‍ക്ക് ഫിഗറാണ്. ഗീബലിന്റെ മനസ്സിലത് തറച്ചു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന തളരാത്തഒരു യുവാവ്. സമയം ബാധിക്കാത്ത ഒരുവന്‍.

അടുത്ത ദിവസം ഗീബല്‍ അത്തരമൊരു നിര്‍മ്മിതിയുമായി നൃത്തശാലയില്‍ വന്നു. നിന്റെ ആഗ്രഹപ്രകാരമുള്ള ഒരുനര്‍ത്തകനെ ഞാനിതാ കൊണ്ടുവന്നിരിക്കുന്നു. നീ തളര്‍ന്നാലും തീരില്ല ഈ യുവാവിന്റെ ഊര്‍ജ്ജം. കൂടെ പാടുമ്പോഴോ കൂടെ സല്ലപിക്കുമ്പോഴോ ഇണചേരുമ്പോള്‍ പോലുമോ കൂടെ ചുവട് വെക്കുമ്പോഴത്തെ പരസ്പരലയം സാധ്യമല്ലെന്ന് ഇയാളുമായി നൃത്തം ചെയ്യുമ്പോള്‍ നിനക്ക് ബോദ്ധ്യമാവും. അവള്‍ പുതിയ പങ്കാളിക്കൊപ്പം ചുവട് വെച്ച് നൃത്തം തുടങ്ങുന്നു. ഒന്നോ രണ്ടോ അനായാസവും ഹൃദ്യവുമായ ചുവടുകള്‍ കൊണ്ടു തന്നെ പുതിയ കൂട്ടു
കാരന്‍ ഒരു മാസ്റ്ററാണെന്ന് അവള്‍ക്ക് ബോദ്ധ്യമായി. അവളുടെ ചലനങ്ങളെ അഭിനന്ദിക്കുന്ന ചലനങ്ങള്‍. ഞാനെത്ര പേരോടൊപ്പം നൃത്തം ചെയ്തിരിക്കുന്നു, നിന്റെ ചലനങ്ങളുടെ സംക്ഷിപ്തതയും സൗന്ദര്യവും അസാധാരണം, നൃത്തത്തിനിടയില്‍ സഹനര്‍ത്തകന്‍ പറഞ്ഞു തുടങ്ങി. ലോകോത്തര കോറിയോഗ്രാഫര്‍മാരില്‍ നിന്ന് തെരഞ്ഞെടുത്തതുപയോഗിച്ച് , കഥകളിലേയും നാടകങ്ങളിലേയും ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭാഷണ ശകലങ്ങള്‍ ഇണക്കി ഗീബല്‍ സൃഷ്ടിച്ച ഈ യന്ത്രനര്‍ത്തകന്‍ അവളെ പുതിയ ഒരു ലോകത്തിലേക്ക് എത്തിച്ചു. നയിക്കുന്ന, പൂരിപ്പിക്കുന്ന, പൂര്‍ണ്ണമാകുന്ന ഒരു ജീവിതം. ഒരോ നൃത്തവും ഒരു പുതിയ ജന്മം, കുറേക്കൂടി മികച്ച ജന്മം. പുതുതായി കൈവന്ന താളത്തില്‍ അവള്‍ അവന്റെ വാക്കുകള്‍ക്ക് മനസ്സായി, ചുവടുകള്‍ക്ക് ചുവടായി മാറിക്കൊണ്ടിരുന്നു. അവള്‍ സഹനര്‍ത്തകന്റെ വിരലുകള്‍പിടിച്ചമര്‍ത്തി, അതമര്‍ന്നു; അവ്വിധമായിരുന്നു ഗീബലിന്റെ നിര്‍മ്മിതി. അതിനിടയ്ക്ക് ഒരു പഴയ സുഹൃത്ത് ഗീബെലിനെ നൃത്തശാലയ്ക്ക്പുറത്തേക്ക് കൊണ്ടുപോയി. അവര്‍ നൃത്തശാലയിലെ എല്ലാ ഇണകള്‍ക്കും അസൂയയുണ്ടാക്കിക്കൊണ്ട് നൃത്തം തുടര്‍ന്നു. പങ്കാളി അവളെ ഉത്സാഹിപ്പിച്ചും ചലനങ്ങളെ അന്യൂനമാക്കിയും മധുരമായി സംസാരിച്ചും അവളെ കൂട്ടുകാരികളെ മുന്നില്‍ ഉയര്‍ത്തി കൊണ്ടിരുന്നു.

എത്ര നേരം! ദെവമേ എത്ര നേരം. അവളുടെ ദേഹം തളരുവാന്‍ തുടങ്ങി. തുടകള്‍ വേദനയില്‍ പിളരുവാന്‍ തുടങ്ങി. അവളൊരു മനുഷ്യസ്ത്രീയല്ലേ? കൂട്ടുകാരന്റെ കുറ്റമറ്റ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ അവളുടെ തളര്‍ച്ച കുതല്‍ കൂടുതല്‍ പ്രകടമായി. താന്‍ തളര്‍ന്നിട്ടും തളരാത്ത പങ്കാളി നല്ല പങ്കാളിയല്ലെന്ന് അവള്‍ നിമിഷം തോറും അറിഞ്ഞു. പങ്കാളി അവള്‍ തളരുന്നത് അറിഞ്ഞതേ ഇല്ല, ശ്രദ്ധിച്ചതേയില്ല. അയാള്‍ നൃത്തം തുടര്‍ന്നു. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. പഠിച്ചതു കൊണ്ടൊന്നും ഇത്ര അഴകായി നൃത്തംചെയ്യാനാവില്ല. നിന്നെ ഡിസൈന്‍ ചെയ്തത് ദൈവം ആരോടോ പന്തയം കെട്ടിയിട്ടാവും.
അവള്‍ കാല്‍ കുഴഞ്ഞ് വീണു. പങ്കാളി അവളേയും വലിച്ച് നൃത്തം തുടര്‍ന്നു. അവളുടെ ദേഹത്തില്‍ നിന്ന് ചോര ഒഴുകാന്‍ തുടങ്ങി.
ഗീബലിനെ തെരഞ്ഞ് ആളുകള്‍ പുറത്തിറങ്ങി. അയാളുണ്ടാവുമെന്ന് കരുതിയ ഇടത്തൊന്നും അയാളില്ല. നൃത്തവേദിയില്‍ ഒരു ദുരന്തം പൂര്‍ത്തിയായിക്കൊണ്ടിരുന്നു. ഒരു കിനാകത്തിന്റെ ദാരുണമായ അന്ത്യം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാദ്ധ്യമാക്കാനിരിക്കുന്ന നാളെ ഒരു കിനാകമാണെന്ന് പറയുക കൂടിയാണീക്കഥ. 

നളകഥയിലെ ദമയന്തി അഞ്ച് നളന്മാരില്‍ ആരെ തെരഞ്ഞെടുക്കും എന്ന് കുഴങ്ങുന്ന ഒരു സന്ദര്‍ഭമുണ്ട്. ഒരു യഥാര്‍ത്ഥ നളനും നാലു നിര്‍മ്മിതനളന്മാരും. തനിക്ക് നരനായ നളനെ മതി,ദേവനിര്‍മ്മിതികളായ നളന്മാരെ വേണ്ട. നശ്വരയായ സ്ത്രീക്ക് അനശ്വരന്റെ കൂട്ട് ചേരില്ല. തന്നെപ്പോലെ മരണമുള്ള ഒരാളേ തനിക്ക് പറ്റൂ. അഞ്ച് നളന്മാരെയും മാറി മാറി നിരീക്ഷിച്ച്അവള്‍ നശ്വരനായ നളനെ കണ്ടെത്തുന്നു. അഞ്ചിലൊരാളുടെ മാലയില്‍ ഒരു വാടിയ ഇതള്‍. നശ്വരതയുടെ അടയാളം. ആ നളനെ അവള്‍ വരണമാല്യമണിയിക്കുന്നു. മററു നാല് നളന്മാര്‍ സ്വരൂപങ്ങള്‍ കൈക്കൊ ണ്ട്, അവളെ അനുഗ്രഹിച്ച് മടങ്ങുന്നു.' മര്‍ത്ത്യ നേ മര്‍ത്ത്യനല്ലാതീ ഭയത്തില്‍ നിന്നുദ്ധരിപ്പാനൊരുത്തനുണ്ടായ് വരാ' എന്ന് ആശാന്റെ ബുദ്ധവചനത്തിന്റെ പൊരുളും ഇത് തന്നെ. കിനാകം സങ്കല്പിക്കാനല്ലാതെ ജീവിക്കാന്‍ കൊള്ളില്ല എന്ന് സാരം.

Content Highlights: Kalpetta Narayanan Column Kinakam discussing about mortality and artificial intelligence