'ശൈത്യം എന്ന നായ എന്റെ പുഞ്ചിരി കാര്‍ന്നുതിന്നുന്നു. പാലത്തില്‍ നഗ്നയായി നിന്നുകൊണ്ട് പൂക്കളുള്ള തൊപ്പിയണിഞ്ഞ ഞാന്‍ കരിയിലത്തൊപ്പി ധരിച്ച എന്റേതന്നെ  നഗ്‌നശവത്തെ വലിച്ചു കയറ്റുന്നു.
എനിക്ക് ഒരുപാട് ഇഷ്ടങ്ങളുണ്ട്. പക്ഷേ, ഏറ്റവും ഇഷ്ടം  കണ്ണാടികളോടാണ്.'
ആത്മഹത്യചെയ്ത ആര്‍ജന്റ്റൈന്‍ കവയിത്രി അലെഹന്ദ്ര പിസാര്‍നിക്കിന്റെ  വരികളാണിവ. അര്‍ജന്റീനയിലെ മറ്റൊരു എഴുത്തുകാരിയായ സാറ ഗഷാര്‍ദോയുടെ (Sara  Gallardo) കഥകള്‍ വായിക്കുമ്പോള്‍ അവരും കണ്ണാടികളുമായി പ്രണയത്തിലാണെന്ന് നമുക്കുതോന്നും - മനുഷ്യന്റെ ഉണങ്ങാത്ത മുറിവുകളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളുമായി.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ  ഒരു ഉന്നത കുടുംബത്തിലാണ് സാറ ഗഷാര്‍ദോ ജനിച്ചത്. അര്‍ജന്റീനയുടെ പ്രസിഡന്റും എഴുത്തുകാരനുമായിരുന്നു അവരുടെ പ്രപിതാമഹനായ ബാര്‍ത്തൊലോമെ മീത്രേ (Bartolome Mitre). എന്നാല്‍ സാറ അര്‍ജന്റീനയിലെ ഉന്നതകുലജാതരുടെ നിതാന്തവിമര്‍ശകയായിരുന്നു. 1958ല്‍ അവരുടെ ആദ്യനോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1979ല്‍ അവര്‍ അര്‍ജന്റീനവിട്ട് സ്‌പെയിനില്‍ താമസമാക്കി. അവിടെയാണ് അവരെ പ്രശസ്തയാക്കിയ The Rose in the Wind എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.  1977 ല്‍ എഴുതിയ The Land of Smolke  അവരുടെ ചെറുകഥകളുടെ സമാഹാരമാണ്. ഈ വര്‍ഷമാണ് പ്രസ്തുത പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത്.

ഈ പുസ്തകത്തിലെ എല്ലാ കഥകളും ചെറുകഥകളുടെ പരമ്പരാഗതരൂപത്തോട് ചേര്‍ന്നുപോകുന്നവയല്ല. പക്ഷേ അവയിലെ ഭാഷ എപ്പോഴും മനുഷ്യപക്ഷത്തിന്റെ കൂടെനില്‍ക്കുന്നതാണ്. ക്രൂരതയോടുള്ള അമര്‍ഷവും യാതനയനുഭവിക്കുന്നവരുടെ നേര്‍ക്കുള്ള അനുകമ്പയും ഗഷാര്‍ദോയുടെ കഥകള്‍ക്ക് വേറിട്ടൊരു അര്‍ത്ഥതലം കൊടുക്കുന്നു. ഹെര്‍മന്‍ ഹെസ്സെയുടെ Trajgic  എന്ന ചെറുകഥയില്‍ ഭാഷ മനുഷ്യവികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ അപര്യാപ്തമാണെന്നു പറയുന്നുണ്ട്. ഈ കഥയില്‍ പത്രത്തിലെ അച്ചുനിരത്തുകാരനായ (compositor)  യൊഹാനസ് ഭാഷയുടെ ഔചിത്യമില്ലായ്മയെക്കുറിച്ച് ദുഃഖിച്ചും കലഹിച്ചും മരിച്ചുപോവുകയാണ്. അയാളുടെ മരണവാര്‍ത്ത കൊടുക്കാന്‍ വാക്കുകള്‍ തേടുന്ന സഹപത്രാധിപരെയും ഭാഷയുടെ സന്ദിഗ്ദ്ധാവസ്ഥ പിടികൂടുന്നു. ഒടുവില്‍ അര്‍ത്ഥശൂന്യമായ വാക്കുകളില്‍ ആ മരണം വാര്‍ത്തയാക്കപ്പെടുന്നു. എന്നാല്‍ ഭാഷയുടെ ഈ അരക്ഷിതത്വം ഗഷാര്‍ദോയുടെ കഥകളെ ബാധിക്കുന്നില്ല. അവയിലെ വാക്കുകള്‍ ശക്തവും സ്വയംപര്യാപ്തവുമാണ്.  

അതിനുദാഹരണമാണ് Love എന്ന കഥ. ഒരേ പുരുഷനെ സ്‌നേഹിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് Love.  റോസ എന്നു പേരുള്ളവള്‍ അയാളാല്‍ വഞ്ചിക്കപ്പെട്ടവളാണ്. ഒരു കുട്ടിയുണ്ടായിക്കഴിഞ്ഞപ്പോള്‍ അയാളവളെ  ഉപേക്ഷിച്ചു. എന്നിട്ടും, ഇപ്പോഴും അവളയാളെ  തീവ്രമായി സ്‌നേഹിക്കുന്നുണ്ട്. സ്റ്റേഷന്‍മാസ്റ്ററുടെ മകളായ രണ്ടാമത്തെ പെണ്‍കുട്ടിയാകട്ടെ, അയാളോടുള്ള പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്തവളാണ്. മഴക്കാലം വന്നു. നദിയില്‍ പ്രളയമുണ്ടായി. സ്റ്റേഷന്‍ മാസ്റ്ററുടെ മകള്‍ ആ തീവണ്ടി സ്റ്റേഷനില്‍ ഒറ്റപ്പെട്ടു. വാസ്തവത്തില്‍, തനിച്ചായാല്‍ കാമുകന്‍ തന്നെ തേടിവരുമെന്ന് വിചാരിച്ച് അവള്‍ അച്ഛനമ്മമാരുടെ കൂടെ പോകാതിരുന്നതാണ്. ഒടുവില്‍ ഒരു വണ്ടിയില്‍ റോസ അവളെ രക്ഷിക്കാനെത്തുന്നു. തന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ നിറച്ച ഒരു സഞ്ചിയുമായി അവളും  മഴ നനയാതെ ഒരു വസ്ത്രത്തില്‍ പൊതിഞ്ഞ കൈക്കുഞ്ഞുമായി റോസയും അവിടംവിടുന്നു. വിശന്നുവലഞ്ഞ നായ്ക്കള്‍ വഴിനീളെ അവരെ പിന്തുടരുകയാണ്. അവയില്‍ നിന്നു രക്ഷപ്പെടാന്‍ വിളക്കുകളും മറ്റും അവര്‍ അവയുടെ നേര്‍ക്ക് വലിച്ചെറിയുന്നു. എനിട്ടും അവ പിന്തുടരല്‍ നിര്‍ത്തുനില്ല. ഒടുവില്‍ റോസ കുഞ്ഞിനെ പുതപ്പിച്ച വസ്ത്രം അവയ്ക്കു നേരെ എറിയുന്നു. അത് കടിച്ചുകീറിയിട്ട് വീണ്ടും അവ അവര്‍ക്കൊപ്പമെത്തുന്നു. രക്ഷപ്പെടാന്‍ മറ്റുവഴിയില്ലാതെ സ്റ്റേഷന്‍മാസ്റ്ററുടെ മകള്‍ അവളുടെ പ്രിയപ്പെട്ട സഞ്ചിയും നായ്ക്കള്‍ക്കെറിഞ്ഞു കൊടുത്തു. ഒരുവിധത്തില്‍ അവര്‍ ആള്‍പ്പാര്‍പ്പുള്ള  ഒരിടത്തെത്തുന്നു. അവിടെ കാമുകന്‍ സ്റ്റേഷന്‍മാസ്റ്ററുടെ മകളെ കാത്തുനില്‍ക്കുന്നുണ്ട്. പക്ഷേ, റോസയുടെ കുഞ്ഞിനെ കാണാനില്ല. അതെവിടെപ്പോയി? നായ്ക്കളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അവളതിനെ അവയ്‌ക്കെറിഞ്ഞുകൊടുത്തോ? നായ്ക്കളതിനെ കൊന്നുതിന്നോ?  ഉത്തരംകിട്ടാത്ത അനേകം ചോദ്യങ്ങള്‍ക്കുമുമ്പില്‍, പെണ്‍മനസ്സെന്ന പ്രഹേളികയ്ക്കു മുമ്പില്‍ ഉദ്വേഗജനകമായ കഥ അവസാനിക്കുന്നു.

ലാറ്റിനമേരിക്കയിലെ, ഒരുപക്ഷേ ആദ്യത്തെ ക്രൈസ്തവരൂപചിത്രകാരനായിരുന്നു ജെ.എം. കാബിയൂ. 1618 ല്‍ അദ്ദേഹം വരച്ച 'യിത്താപ്പുവായിലെ കന്യാമറിയം' എന്നറിയപ്പെടുന്ന തിരുരൂപത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏകദേശം  പത്തിഞ്ച് നീളവും എട്ടിഞ്ച് ഉയരവും മാത്രമുള്ള ഈ കൊച്ചുചിത്രം അതിമനോഹരമാണ്. പക്ഷേ, അതു വരച്ചത് ഗ്വാരാനി എന്ന റെഡ്ഇന്ത്യന്‍ ഗോത്രക്കാരനായ കാബിയൂ അല്ലെന്നും ഇറ്റാലിയന്‍ ചിത്രകാരനായ എല്‍ ഗ്രെക്കോയുടെ സ്വാധീനത്തില്‍പ്പെട്ട ഏതോ സ്പാനിഷ്  ക്രിസ്തുമതപ്രചാരകനാണെന്നും ചിലര്‍ വാദിക്കുന്നു. ഒരു ഗോത്രവര്‍ഗ്ഗക്കാരന് ഇത്രയും ദൈവചൈതന്യമുള്ള ചിത്രം വരയ്ക്കാനാവില്ല എന്ന വംശവിദ്വേഷപരമായ കാഴ്ചപ്പാടാവാം ഇതിനു കാരണം. 

കാബിയൂ അനുഭവിച്ചിരിക്കാനിടയുള്ള അവഹേളനങ്ങളെപ്പറ്റി ഉജ്ജ്വലമായ ഒരു കഥ ഗഷാര്‍ദോ എഴുതിയിട്ടുണ്ട്- കാലത്തിനെതിരെ പിടിച്ച കണ്ണാടി പോലുള്ള ഒന്ന്:
'ഇന്ത്യന്‍ മൃഗമേ- എന്നെ വിളിക്കുന്നത് ഞാന്‍ കേട്ടു. ഞാനൊരു മൃഗമാണ്; ശരിതന്നെ. പക്ഷേ, ഇതിന്റെ പേരില്‍ എന്നെ അങ്ങനെ വിളിക്കേണ്ടതില്ല.
മുട്ടുകുത്തിനില്‍ക്കുന്നവനായിട്ടാണ് ഞാനവനെ വരച്ചത്. എന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ അവന്റെ ശിരസ്സില്‍ ഞാന്‍ വരച്ചുചേര്‍ത്ത മുള്ളുകളെപ്പോലെ എന്നെ കുത്തിനോവിച്ചു. 
മുട്ടുകുത്തി നില്‍ക്കുന്ന മറ്റൊരുവനെക്കൂടി ഞാന്‍ വരച്ചു. അവണക്കുറിച്ചോര്‍ത്തപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കണ്ണീരൊഴുകി.
ഇന്ത്യന്‍ മൃഗമേ- എന്നെ വിളിക്കുന്നത് ഞാന്‍ കേട്ടു. ഞാനൊരു മൃഗമാണ്; ശരിതന്നെ. പക്ഷേ, ഇതിന്റെ പേരില്‍ എന്നെ അങ്ങനെ വിളിക്കേണ്ടതില്ല.
മുട്ടുകുത്തിനിന്ന്  കരയുന്ന യൂദാസിനെ വരച്ചതിന്റെ പേരില്‍.'

Sara Gallardo

മാജിക് റിയലിസവും നാടോടിക്കഥകളുടെ പൊലിമയും മിക്കകഥകളെയും നിറംപിടിപ്പിക്കുന്നുണ്ട്. വൃദ്ധയും അന്ധയുമായ കാത്തലീന എന്ന കന്യാസ്ത്രീയെക്കുറിച്ചുള്ള കഥയില്‍ ദൈവത്തിന്റെ കുഞ്ഞാട് എന്ന മതപരമായ വാക്കിന് അസാധാരണമായ മാനങ്ങള്‍ കൈവരിക്കുന്നത് കാണാനാകും. പണ്ടൊരിക്കല്‍ നോക്കിവളര്‍ത്താന്‍വേണ്ടി അവളെയേല്‍പ്പിച്ച പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ മനുഷ്യനാണോ അതോ ആടാണോ എന്ന് നമുക്ക് മനസ്സിലാകുന്നില്ല. 'ഒരു മനുഷ്യനാക്കിമാറ്റാനാണ് അവളെ നിന്നെയേല്‍പ്പിച്ചത്.  പക്ഷേ, അവളുടെ കൂടെ കൂടി നീയിപ്പോള്‍ ഒരാടായി മാറിക്കൊണ്ടിരിക്കുന്നു.' എന്ന് മദര്‍ സുപ്പീരിയര്‍ കാത്തലീനയെ ശകാരിക്കുമ്പോള്‍  മാന്ത്രികത്വത്തിന്റെ  പുകമഞ്ഞ് കഥയെ മൂടുന്നു.

ഈ സമാഹാരത്തിലെ ഏറ്റവും മനോഹരവും ശക്തവുമായ ആഖ്യാനം The Thirty  three  Wives of Emperor Blue Stone എന്ന കഥയാണ് - ഒരുപക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും തീവ്രമായ സ്ത്രീപക്ഷരചനകളിലൊന്ന്. ചക്രവര്‍ത്തിയുടെ ഭാര്യമാരായ മുപ്പത്തിമൂന്ന് സ്ത്രീകളാണ് കഥ പറയുന്നത്. അവരില്‍ അയാളെ സ്‌നേഹിക്കുന്നവരുണ്ട്; കഠിനമായി വെറുക്കുന്നവരുണ്ട്; അയാള്‍ വിജയിക്കാനും മരിച്ചുകാണാനും  ആഗ്രഹിക്കുന്നവരുണ്ട്. അഭിജാതകളും കുലടകളും അവര്‍ക്കിടയിലുണ്ട്. ചിലരെ ഇഷ്ടംകൊണ്ടും മറ്റുചിലരെ വേട്ടയാടിപ്പിടിച്ചും അയാള്‍ സ്വന്തമാക്കി. ആ സ്ത്രീകള്‍ അവരുടെ കഥപറയുന്നു. 'ആയിരത്തൊന്നു രാവുക'ളില്‍ ഒരേയൊരു കഥ പറച്ചിലുകാരിയേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പക്ഷേ  മുപ്പത്തിമൂന്ന് വ്യത്യസ്ത ആഖ്യാതാക്കളാണുള്ളത്. അവരുടെ കഥകളില്‍ സ്വപ്നവും ഭാവനയും സ്‌നേഹവും ഭയവും വിരക്തിയും വെറുപ്പും നിറങ്ങളുടെ അനന്തത തീര്‍ക്കുന്നു. ചിലര്‍ ഒറ്റവരിയില്‍ കഥപറയുന്നു. മറ്റുചിലരുടേത് നാടോടിക്കഥ പോലെ നീണ്ടുപോകുന്നു. ചിലരുടെ കഥയാകട്ടെ  കവിതകളാണ്!

'മഹാനായ രാജാവിനു പിന്നില്‍ ചായം തേച്ച ഒരു മൃഗത്തോല്‍ തൂങ്ങുന്നു.' ഇങ്ങനെയാണ് ആദ്യത്തെ സ്ത്രീയുടെ ഓര്‍മ്മകള്‍  തുടങ്ങുന്നത്. അവള്‍ വൃദ്ധയാണ്. അവളുടെ മുടി മുഴവനും നരച്ചു കഴിഞ്ഞു. മദ്യമാണ് അവളുടെ ഒരേയൊരു അഭയം. രാജാവിന്റെ ആജ്ഞയാന്‍ കൊല്ലപ്പെട്ടവരൊക്കെ അവളുടെ മനസ്സിലുണ്ട്. പക്ഷേ ചായംതേച്ച ആ മൃഗചര്‍മ്മം  മറികടക്കാന്‍ അവള്‍ക്കോ മറ്റുള്ളവര്‍ക്കോ കഴിയില്ല.
ഇനിയൊരുവള്‍ ചക്രവര്‍ത്തിയെ ശപിക്കുകയാണ്: 'തോറ്റുതുലഞ്ഞ് അയാള്‍ മരിച്ചു പോകട്ടെ - നായകര്‍ നഷ്ടപ്പെട്ട പടയാളികളാല്‍ ചങ്ങലയ്ക്കിടപ്പെട്ടവനായി അയാള്‍ സ്വയം കാണട്ടെ. സ്വന്തം  ആണ്‍മക്കള്‍ തന്നെ ചതിച്ചുവെന്ന് അയാളറിയട്ടെ.  പൗരുഷം നഷ്ടപ്പെട്ട് അയാള്‍ മരിക്കണം. ഞാനടക്കമുള്ള അയാളുടെ വംശം ഭൂമിയില്‍നിന്ന് തുടച്ചു നീക്കപ്പെടണം.

മറ്റൊരുവളാകട്ടെ അയാളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നു. പത്തുവര്‍ഷങ്ങള്‍ അവളയാള്‍ക്കു വേണ്ടി കാത്തിരുന്നു. ഒടുവില്‍ യുദ്ധംകഴിഞ്ഞ് ചോരയണിഞ്ഞ്, പടയാളികളും മരണത്തിന്റെ നിറമുള്ള തടവുകാരികളുമായി വരുമ്പോഴാണ് അയാളവളെ കണ്ടത്. അവള്‍ അയാളുടെ കുതിരയുടെ മുന്നില്‍ മാറാതെനിന്നു. അതിന് അമ്മൂമ്മ അവളെ അടിച്ചു. രാത്രി, എല്ലാവരുമുറങ്ങിയപ്പോള്‍ അയാളവളെ തേടി വന്നു. അവള്‍ അയാള്‍ക്ക് പേരിട്ടില്ല. അയാള്‍ അവള്‍ക്കും. അവള്‍ രാജാവായി മാറി; അയാള്‍ പെണ്‍കുട്ടിയായും.  അവള്‍ ഭരിക്കാന്‍ പഠിച്ചു; അയാള്‍ ചിരിക്കാനും.

സ്ത്രീത്ത്വത്തിന്റെ വിവിധമുഖങ്ങളെ ഇത്രയും തീവ്രവും ദുരന്തങ്ങള്‍നിറഞ്ഞതുമായി ചിത്രീകരിക്കുന്ന കഥകള്‍ ലോകസാഹിത്യത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. ഇതിനേക്കാള്‍ ശക്തമായ കഥകളുണ്ടാവാം. പക്ഷേ, ഒഴിവാക്കാനാവാത്ത ദുരന്തത്തിന്റെ മാന്ത്രികത ചിത്രീകരിക്കാന്‍ സാറ ഗഷാര്‍ദോ കാണിക്കുന്ന പാടവം അനാദൃശമാണ്.  മുപ്പത്തിമൂന്നാമത്തെ ഭാര്യ കാണുന്ന സ്വപ്നത്തിലാണ് കഥ അവസാനിക്കുന്നത്: ചക്രവര്‍ത്തി മരിച്ചു കിടക്കുകയാണ്. ശവദാഹത്തിനു മുമ്പ് ബലികൊടുക്കാന്‍ വേണ്ടി മുപ്പത്തിമൂന്നു ഭാര്യമാരെയും നിരനിരയായി നിര്‍ത്തിയിരിക്കുന്നു. ചക്രവര്‍ത്തിക്ക് എറ്റവും പ്രിയപ്പെട്ടവള്‍ ചുവന്ന വസ്ത്രം ധരിച്ച് കൈക്കുഞ്ഞുമായി നില്‍ക്കുന്നു.   അവള്‍ വധിക്കപ്പെടുന്ന നിമിഷത്തില്‍ കുഞ്ഞിനെ അവര്‍ അവളുടെ കൈയില്‍ നിന്ന് പിടിച്ചുപറിക്കും.
കണ്ണാടികളാണ് ഈ കഥകള്‍. അവയില്‍ നോക്കുന്ന ആര്‍ക്കും സ്വന്തം മുഖംമുറിഞ്ഞ്  ചോരപടരുന്നത് കാണാനാകും.

Content Highlights : Sara Gallardo, The Rose in the Wind, The Land of Smolke,  Love, The Thirty  three  Wives of Emperor