'വിശന്ന് വേദനിക്കുന്ന വയറുമായി 'കമീത്തി' നടപ്പാതയില്‍ പരിഭ്രമിച്ചുകൊണ്ടു നിന്നു. ചവറ്റുകൂനയില്‍ വെച്ച് മുമ്പു സംഭവിച്ചത് ആവര്‍ത്തിക്കുമെന്ന് ഭയന്നതിനാല്‍ അവന്‍ നിലത്തുകിടന്നില്ല.'
ഇങ്ങനെയാണ് കെനിയന്‍ എഴുത്തുകാരനായ ഗൂഗി വാ തിയോങ്ങോയുടെ (Ngugi wa  Thiongo)  'കാക്കമാന്ത്രികന്‍' ( Wizard of the Crow) എന്ന നോവല്‍ തുടങ്ങുന്നത്. ഗൂഗിയുടെ എഴുത്തുകളെല്ലാം അങ്ങനെയാണ്: അത് കറുത്തവന്റെ വിശപ്പില്‍ തുടങ്ങുന്നു; വിശന്നുകൊണ്ടുള്ള, കാഴ്ചയെ പറിച്ചുകളയുന്ന, വെളുത്ത മരണത്തില്‍ അവസാനിക്കുന്നു; വിശപ്പിന്‍ന്റെ വിളിയില്‍ കറുത്തവന് അവന്റെ സ്വത്വം പോലും നഷ്ടപ്പെടുന്നതെങ്ങനെയെന്ന് വേദനയോടെ കാണിച്ചുതരുന്നു.
കറുത്തവന് നേരിടേണ്ടി വരുന്ന ക്രൂരതകളും അവമതിയും ഗൂഗി തന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണ്. കെനിയയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ 'മൗ മൗ വിപ്ലവം' എന്നറിയപ്പെട്ട സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്വന്തം അമ്മ പീഡിപ്പിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ ബാല്യകാലാനുഭവം. പിന്നീട് എത്രയോ യാതനകളും അപമാനങ്ങളും നൊബേല്‍ സമ്മാനത്തിന് അര്‍ഹനാകുമെന്ന് കഴിഞ്ഞ വര്‍ഷവും പലരും കരുതിയ ഈ മഹാനായ എഴുത്തുകാരന് സഹിക്കേണ്ടിവന്നു.

പഠനകാലത്ത് പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരനായ ചിനുവാ അച്ചേബെയെ (Chinua Achebe) പരിചയപ്പെട്ടതാണ് ഗൂഗിയുടെ എഴുത്തില്‍ വഴിത്തിരിവാകുന്നത്. ഇംഗ്ലീഷ് ഭാഷയിലെഴുതിയ Weep Not, Child എന്ന ആദ്യനോവല്‍ തന്നെ അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. തുടര്‍ന്ന് മൗ മൗ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ The River Between എന്ന മറ്റൊരു നോവലും അദ്ദേഹം എഴുതി.

1967ലാണ് ഗൂഗി ആഫ്രിക്കന്‍ വിപ്ലവകാരിയും മന:ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫ്രെന്‍സ് ഫാനോണിന്റെ (Frantz Fanon) സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനാകുന്നത്.  താനെഴുതുന്ന ഇംഗ്ലീഷ് ഭാഷയും തന്റെ ക്രിസ്ത്യന്‍ പേരായ ജെയിംസ് ഗൂഗി എന്നതും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അടയാളങ്ങള്‍ പേറുന്നതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഗോത്രവര്‍ഗ്ഗനാമമായ ഗൂഗി വാ തിയോങ്ങോ എന്നതിലേക്ക് അദ്ദേഹം തിരിച്ചുപോയി;  അദ്ദേഹത്തിന്റെ എഴുത്ത് ഇംഗ്ലീഷില്‍ നിന്ന് മാതൃഭാഷയായ ഗീക്കൂയൂവിലേക്കും.

1977ല്‍ അദ്ദേഹമെഴുതിയ I Will Marry When I Want എന്ന നാടകത്തിലെ രാഷ്ട്രീയസന്ദേശം കെനിയന്‍ ഭരാണാധികാരിയായ ദാനിയേല്‍ അരാപ് മോയിയെ (Daniel arap Moi) പ്രകോപിപ്പിക്കുകയും അങ്ങനെ ഗൂഗിയുടെ അറസ്റ്റിന് കാരണമാവുകയും ചെയ്തു.  ജയിലില്‍ കിടക്കുമ്പോഴാണ് Devil on the Cross എന്ന നോവല്‍ അദ്ദേഹം എഴുതുന്നത്. ഗീക്കൂയൂ ഭാഷയിലെ ആദ്യത്തെ ആധുനികനോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകം എഴുതപ്പെട്ടതാകട്ടെ തടവുകാര്‍ ഉപയോഗിച്ചിരുന്ന ടോയ് ലെറ്റ് കടലാസ്സിലും!

1978ല്‍ ജയില്‍മോചിതനായെങ്കിലും നയ്‌റോബി സര്‍വകലാശാലയിലെ അധ്യാപകജോലി അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പോലും ഏകാധിപത്യഭരണത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായി. നിവൃത്തിയില്ലാതെ ഗൂഗിയും കുടുംബവും നാടുവിട്ടു. ഇംഗ്ലണ്ടിലും തുടര്‍ന്ന് സ്വീഡനിലും അദ്ദേഹം കഴിഞ്ഞുകൂടി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് അരാപ് മോയി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം മാത്രമാണ് അദ്ദേഹം ജന്മനാട്ടില്‍ തിരിച്ചെത്തിയത്.

തുടര്‍ന്ന് അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2004ല്‍ ഒരു ആഫ്രിക്കന്‍പര്യടനത്തിനായി ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ ചിലര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. അവിടെവെച്ചും നിറത്തിന്റെ പേരില്‍ അദ്ദേഹം പലപ്പോഴും അപമാനിക്കപ്പെട്ടു.
ക്രിസ്തുമതത്തിന്റെ ഉടയാടകള്‍ ഊരിവെച്ച് തന്റെ ആഫ്രിക്കന്‍ സ്വത്വത്തിലേക്ക് തിരിച്ചുപോയപ്പോഴും മതം മനുഷ്യനിലടിച്ചേല്‍പ്പിക്കുന്ന ഊരാക്കുടുക്കുകളെപ്പറ്റി ഗൂഗി സംശയിച്ചിരുന്നു. ദൈവം - അത് ക്രിസ്തുവായാലും ഗോത്രവര്‍ഗ്ഗദൈവമായ അഗിക്കുയുവായാലും- മനുഷ്യനെ കെട്ടിയിടാനും പാവകളിപ്പിക്കാനുള്ള വെറും ചരടുമാത്രമായിത്തീരുന്നതിനെക്കുറിച്ചുള്ളതാണ് അദേഹത്തിന്റെ The Village Priest എന്ന കഥ.

ഗ്രാമത്തിലെ പുരോഹിതനായ ജോഷ്വ ഗോത്രവിശ്വാസങ്ങള്‍ വെടിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചവനാണ്. വെള്ളക്കാരനായ റെവറന്റ് ലിവിംഗ്‌സ്റ്റോണ്‍ ക്രിസ്തുവെന്ന പരമശക്തനായ ദൈവത്തിന്റെ അത്ഭുതങ്ങള്‍ വര്‍ണ്ണിച്ച് അയാളെ മാനസാന്തരപ്പെടുത്തി. ലോകാവസാനം വരെ ക്രിസ്തു അയാളുടെ ആത്താവിനെ കാത്തുകൊള്ളുമെന്ന ഉറപ്പും ലിവിംഗ്‌സ്റ്റോണ്‍ അയാള്‍ക്കു നല്‍കി. ഗ്രാമത്തിലെ ഒരുപാടുപേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും ജോഷ്വയ്ക്ക് കഴിഞ്ഞു.

പക്ഷേ ഗ്രാമം ഇപ്പോള്‍ കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. ജനങ്ങള്‍ തീര്‍ത്തും പട്ടിണിയിലായി. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ജോഷ്വയുടെ പ്രാര്‍ത്ഥനകളൊന്നും ഫലിച്ചില്ല. പച്ചപ്പുണങ്ങി ഗ്രാമം നരച്ചുവെളുത്തു. ആ വെളുപ്പില്‍ മരണം പതിയിരുന്നു.
ഗ്രാമത്തില്‍ അയാള്‍ക്കൊരു എതിരാളിയുണ്ട്. മഴപെയ്യിക്കുന്ന മന്ത്രവാദിയായിരുന്നു അയാള്‍. മാസായിയും അഗിക്കുയുവുമാണ് അയാളുടെ  ഉപാസനാമൂര്‍ത്തികള്‍. ക്രിസ്തുമതത്തില്‍ ചേര്‍ന്നതിന് പലരെയും അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോള്‍, ഗ്രാമം വരള്‍ച്ചയുടെ പിടിയിലായപ്പോള്‍ അയാളുടെ ഭീഷണികള്‍ ശരിയാണെന്ന് ഗ്രാമവാസികള്‍ക്ക് ബോധ്യമായി. ഗോത്രദൈവങ്ങള്‍ കോപിച്ചിരിക്കുകയാണെന്ന് മന്ത്രവാദി തീര്‍ത്തുപറഞ്ഞു.  പിന്നെ ഗ്രാമത്തിലെ പൗരാണിക വൃക്ഷത്തിനു ചുവടെ അയാള്‍ ആഭിചാരകര്‍മ്മങ്ങളാരംഭിച്ചു. പൂജയ്‌ക്കൊടുവില്‍ കറുകറുത്ത ഒരു മുട്ടനാടിന്റെ തലയറുത്ത് ദൈവങ്ങള്‍ക്ക് കുരുതിനല്‍കി. വൈകുന്നേരം മഴപെയ്യാനും തുടങ്ങി. 

താന്‍ പരാജയപ്പെട്ടെന്ന് ജോഷ്വയ്ക്കു തോന്നി. സംശയങ്ങള്‍കൊണ്ട് അയാളുടെ മനസ്സ് കലങ്ങിമറിഞ്ഞു. ലിവിംഗ്‌സ്റ്റോണ്‍ പറഞ്ഞതൊക്കെ തെറ്റായിരുന്നോ? വെളുത്തവന്റെ ദൈവം വെള്ളത്തൊലിയുള്ളവന്റെ പ്രാര്‍ത്ഥന മാത്രമേ കേള്‍ക്കുകയുള്ളൂവെന്നാണോ? തങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത് ഗോത്രദൈവങ്ങളോടല്ലേ? രാത്രി അയാളുറങ്ങിയില്ല. പിറ്റേന്ന് അതിരാവിലെ അയാള്‍ പൂജനടന്ന പുരാതനവൃക്ഷത്തിനരികിലേക്കു  പുറപ്പെട്ടു- ആരും കാണാതെ ഗോത്രദൈവങ്ങളോട് മാപ്പുചോദിക്കാന്‍. 

പക്ഷേ, അയാള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയയുടനെ മരത്തിനുപുറകില്‍നിന്ന് ഒരു ചിരി പൊട്ടിപ്പുറപ്പെട്ടു. മഴ പെയ്യിക്കുന്ന മന്ത്രവാദിയായിരുന്നു അത്. 'വെള്ളക്കാരന്റെ നായേ,'  അയാള്‍ പറഞ്ഞു:  'നീയിവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ നീ നിന്റെ നാടിനെ രണ്ടാക്കി. നിന്റെ ജനതയുടെ ശക്തികൊണ്ടു മാത്രമേ നീ ശുദ്ധീകരിക്കപ്പെടുകയുള്ളു.' കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ജോഷ്വ തിരിഞ്ഞുനടന്നു.  നാണക്കേടുകൊണ്ട് അയാള്‍ മരവിച്ചുപോയിരുന്നു. 

ngugi illustrations

വീട്ടില്‍ അയാളെ കാത്തുനിന്നത് മറ്റാരുമായിരുന്നില്ല; റവറന്റ് ലിവിംഗ്‌സ്റ്റോണ്‍ തന്നെയായിരുന്നു. ഒരല്‍പ്പം ബിയര്‍ കുടിച്ചതിന്, ഭാര്യയെ ഒന്നു ശകാരിച്ചതിന് ജോഷ്വയോട് കര്‍ക്കശമായി പെരുമാറാറുണ്ടായിരുന്ന അയാളുടെ സ്വഭാവം അന്ന് സൗമ്യമായിരുന്നു. അയാളുടെ വാക്കുകളില്‍ ജോഷ്വ  സമാധാനം കണ്ടെത്തി. വീണ്ടും അവരൊരുമിച്ച് പ്രാര്‍ത്ഥിക്കാനാരംഭിച്ചു.
മതത്തിന്റെ - അത് ഗോത്രദൈവത്തിന്റെ പാരുഷ്യമായാലും ക്രിസ്തുവിന്റെ സൗമ്യതയായാലും- മയക്കുന്ന പശയില്‍ ഒട്ടിപ്പിടിക്കുന്ന കറുത്തവന്റെ ദുരിതചിത്രം വരയ്ക്കുകയാണ് ഗൂഗി ചെയ്യുന്നത്.

Gone with the Draught എന്ന കഥ വരള്‍ച്ചയുടെ നാള്‍വഴിക്കണക്കുകൂടിയാണ്. ഗ്രാമത്തിലെ ഭ്രാന്തിയെന്നറിയപ്പെടുന്ന വൃദ്ധയോട് ഒരു കുട്ടിക്ക് തോന്നുന്ന അടുപ്പത്തിന്റേതാണ് കഥ. അവളുടെ കണ്ണില്‍ ഒരു വെളിച്ചമുണ്ട്. അത് ഭ്രാന്തിന്റേതല്ലെന്ന് അവന് തോന്നി. 
ഗ്രാമം വരള്‍ച്ചയുടെ പിടിയിലാണ്. പട്ടിണിയും ദുരിതവുമാണ് എങ്ങും. എന്നിട്ടും വീട്ടുകാര്‍ കാണാതെ കുറച്ചു ധാന്യമെടുത്ത് കുട്ടി അവളെ കാണാന്‍ ചെന്നു. അവള്‍ കരഞ്ഞു. എന്നിട്ട്  തന്റെ കഥ പറഞ്ഞു:
ഇരുപതു വര്‍ഷം മുമ്പുണ്ടായ വരള്‍ച്ചയില്‍ അവളുടെ മൂന്ന് ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ പട്ടിണികൊണ്ട് മരിച്ചുപോയിരുന്നു. പിന്നീട്, വിപ്ലവത്തിന്റെ സമയത്ത് ഭര്‍ത്താവും കൊല്ലപ്പെട്ടു. അവളും ഒരു മകനും മാത്രം ബാക്കിയായി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മറ്റൊരു വരള്‍ച്ച വന്നു. രോഗിയായ മകന്‍ പട്ടിണികൊണ്ട് മരിക്കുന്നത് അവള്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. അവള്‍ക്കിനി ഒന്നും ചെയ്യാനില്ല അയല്‍ക്കാരില്‍ നിന്ന് കിട്ടാവുന്നതിലധികം കടംവാങ്ങിക്കഴിഞ്ഞു. ഒടുവില്‍ ഗ്രാമമുഖ്യനില്‍നിന്ന്, സൗജന്യറേഷന്‍കിട്ടുന്ന ഒരു സ്ഥലമുണ്ടെന്നറിഞ്ഞ അവള്‍ അവിടെച്ചെന്ന് വരിനിന്ന്  ഭക്ഷണവുമായി തിരിച്ചെത്തിയപ്പോഴേക്കും മകന്‍ മരിച്ചു കഴിഞ്ഞിരുന്നു. 

തുടര്‍ന്ന് കഥപറയുന്ന കുട്ടി പലതവണ അവളെ കാണാന്‍ചെല്ലകയും ഭക്ഷണസാധനങ്ങള്‍ നല്‍കുകയും ചെയ്തു. ഒടുവില്‍ മഴപെയ്യാന്‍ തുടങ്ങി. അന്ന് അവന്‍ ആ വൃദ്ധക്കുവേണ്ടി കൊണ്ടുവന്നത് കുറച്ചു മധുരക്കിഴങ്ങായിരുന്നു. മണ്‍കുടിലിനുള്ളില്‍ പുകയാത്ത അടുപ്പിനരികിലായി ഒരു പഴന്തുണിപോലെ ചുരുണ്ടുകൂടികിടക്കുകയായിരുന്നു അവള്‍. താന്‍ അവള്‍ക്കു കൊടുത്ത ഭക്ഷണസാധനങ്ങളെല്ലാം ഒരു മൂലയില്‍ അതേപടി കിടക്കുന്നത് കുട്ടി കണ്ടു. ''എന്റെ പ്രിയപ്പെട്ടവര്‍ എനിക്കു വേണ്ടി കാത്തിരിക്കുകയാണ്.' അവള്‍ അവനോട് പറഞ്ഞു.

സാധാരണക്കാരില്‍ സാധാരണക്കാരാണ് ഗൂഗിയുടെ കഥാപാത്രങ്ങള്‍. അമാനുഷികശക്തികളല്ല, പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളുമാണ് അവരുടെ കഥകള്‍ക്ക് മാന്ത്രികപരിവേഷം നല്‍കുന്നത്. പക്ഷേ, ആ കഥകള്‍ കേള്‍ക്കാന്‍ നമുക്ക് മറ്റൊരു ചെവി വേണ്ടിവരും. ലോകപ്രശസ്തനായ നൈജീരിയര്‍ എഴുത്തുകാരനായ ഡി.ഒ. ഫാഗുന്‍വയുടെ Forest of a Thousand Devils - A Hunters Saga എന്ന ഇതിഹാസസമാനമായ കൃതിയിലെ കഥപറച്ചിലുകാരന്‍ പറയുന്നതുപോലെ -  ''ഇതിനുമുമ്പ് സംഭവിച്ചതെല്ലാം ഞാന്‍ ഇല്ലാതാക്കിയിരിക്കുന്നു. പുതുതായി ചിലതാണ് ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാന്‍ പോകുന്നത്. അതിനു വേണ്ടി നിങ്ങള്‍ നിങ്ങളുടെ ചെവികളുടെ ശ്രുതി മാറ്റേണ്ടതുണ്ട്' എന്ന് ഈ കഥകളും നമ്മളോട് പറയുന്നു.

Content Highlights:  Kadhayil Oru Mashinottam, Wizard of the Crow, Chinua Achebe, Weep Not Child, The River Between, I W