'മൂത്രമൊഴിക്കുന്നതിനിടയില്‍ അയാളുടെ മൂത്രക്കുഴലിന്റെ അറ്റത്ത് ഒരു കടന്നല്‍ കുത്തി. വെറുമൊരു കടന്നലായിരുന്നില്ല അത്. സൂത്രശാലിയായ ഒരു കുട്ടിപ്പിശാച് കടന്നലായി വേഷം മാറിയതായിരുന്നു. അയാള്‍ വേദനകൊണ്ട് നിലവിളിച്ചു: ആയ്...... ആയ് ..... എന്നിട്ട് കടന്നലിനെ ആട്ടിയോടിച്ചു. പറന്നകലുന്നതിനിടയില്‍ അത് ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അതൊരു പിശാചാണെന്ന് അയാള്‍ക്കു മനസ്സിലായത്. അയാള്‍ക്ക് പിന്നെ മൂത്രമൊഴിക്കാനായില്ല; വേദനകൊണ്ട് അയാള്‍ മുകളിലേക്കും താഴേക്കും ചാടി.

'കുറച്ചു കഴിഞ്ഞപ്പോള്‍ മൂത്രക്കുഴല്‍ വലുതാകാന്‍ തുടങ്ങി. രാത്രിയില്‍ അതു വളര്‍ന്നു; പകലില്‍ കൂടുതല്‍ വലുതായി. എല്ലാവരും അതുകണ്ട് ചിരിക്കാന്‍ തുടങ്ങി. അയാള്‍ക്ക് ആകെ നാണക്കേടായി. കൂടുതല്‍ വലിയ ഒരു വസ്ത്രമുണ്ടാക്കി ധരിച്ചുനോക്കി. രക്ഷയില്ല. ഒടുവില്‍ അയാളതിനെ ഒരു സഞ്ചിക്കകത്താക്കി. അത് വളര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ക്കതിനെ ഒളിച്ചുവെയ്ക്കാന്‍ കഴിയാതായി. വഴിമുടക്കിക്കൊണ്ട് മൂത്രക്കുഴല്‍ അയാളുടെ മുമ്പില്‍ നിന്നു. ഒരു മൃഗം അതിന്റെ വാലിനെ എന്നപോലെ അയാള്‍ക്കതിനെ നിലത്തുകൂടി വലിച്ചിഴച്ച് നടക്കേണ്ടിവന്നു. ചിലപ്പോള്‍ അറിയാത്തമട്ടില്‍  ആളുകള്‍ അതിന്റെ അറ്റത്തു ചവിട്ടും - അയാള്‍ വേദനകൊണ്ട് നിലവിളിക്കുന്നതുകേള്‍ക്കാന്‍. കുറെക്കഴിഞ്ഞപ്പോള്‍ അയാളതിനെ രണ്ടാക്കിമടക്കി തോളിലിട്ടു. അങ്ങനെ അവരിരുവരും തോളോടുതോള്‍ ചേര്‍ന്ന് സഞ്ചരിക്കാന്‍ തുടങ്ങി. അയാളതിനെ കഥപറഞ്ഞു കേള്‍പ്പിക്കും. മൂത്രക്കുഴല്‍ ഒന്നും മിണ്ടുകയില്ല; തന്റെ ഒറ്റക്കണ്ണുകൊണ്ട് അയാളെ തുറിച്ചുനോക്കുക മാത്രം ചെയ്യും. അത് പിന്നെയും വളര്‍ന്നു. ഒരു മരമാണെന്നു വിചാരിച്ച് പക്ഷികള്‍ പാട്ടുപാടുന്നതിനും കൂടുണ്ടാക്കുന്നതിനും അതില്‍ ചേക്കേറാന്‍ തുടങ്ങി....'

മാരിയോ വര്‍ഗാസ് യോസയുടെ (Mario Vargas Llosa)  'കഥപറച്ചിലുകാരന്‍'  (El Hablador) എന്ന നോവലില്‍നിന്നുള്ള ഒരു ഭാഗമാണിത്. പെറുവിലെ മെഷിഹ്വന്‍ഗ എന്നറിയപ്പെടുന്നവരുടെ ഇടയില്‍ ഒരു കഥപറച്ചിലുകാരന്‍ എപ്പോഴുമുണ്ടാകും. അവര്‍ ഒരിടത്ത് സ്ഥിരമായി താമസിച്ചാല്‍ സൂര്യന്‍ മണ്ണിലേക്കു വീണുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ട് അവര്‍ നിരന്തരം സഞ്ചരിക്കുന്നു. അങ്ങനെ പലയിടങ്ങളില്‍ ചിതറിയ അവരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കഥപറച്ചിലുകാരന്‍. ഒരിടത്തുചെന്ന് അയാള്‍ അവിടെ താമസിക്കുന്നവരുടെ കഥകള്‍ കേള്‍ക്കുന്നു. ആ കഥകളും തന്റെ അനുഭവങ്ങളും അവര്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കുന്നു. അനേകം കാരണങ്ങള്‍കൊണ്ട് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ കഥകള്‍ പരസ്പരം കൂട്ടിയിണക്കുന്നുവെന്ന് ഇതിലും ഭംഗിയായി പറഞ്ഞിട്ടുള്ള പുസ്തകങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.

യോസയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 2010ലെ സാഹിത്യ നൊബേല്‍ പുരസ്‌ക്കാരം നേടിയ ഈ എഴുത്തുകാരന്‍  മാര്‍ക്കേസിനെപ്പോലെ തന്നെ നമ്മുടെ സ്വന്തമാണ്. The Neighborhood എന്ന നോവലിലൂടെ ഈ അടുത്ത കാലത്തും അദ്ദേഹം തന്റെ എഴുത്തിനെ പുതിയ ലോകങ്ങളിലേക്ക് നയിക്കുന്നത് നാം കണ്ടു.

പെറുവിലെ അരെക്കീപ്പ (Arequipa) പട്ടണത്തില്‍ 1936ലാണ് യോസ ജനിച്ചത്. അദ്ദേഹം ജനിക്കുന്നതിന് ഏതാനും മാസം മുമ്പ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മയുടെ വീട്ടില്‍ വളര്‍ന്ന യോസയെ മറ്റുള്ളവര്‍ പറഞ്ഞു വിശ്വസിപ്പിച്ചത് അച്ഛന്‍ മരിച്ചുപോയി എന്നാണ്. ഏറെക്കാലത്തിനുശേഷമാണ്  അദ്ദേഹം വാസ്തവം തിരിച്ചറിയുന്നതും അച്ഛനെ കണ്ടുമുട്ടുന്നതും.

പതിനാറാമത്തെ വയസ്സില്‍ സൈനിക അക്കാദമിയിലെ പഠനമുപേക്ഷിച്ച് യോസ എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. മൂന്നുവര്‍ഷത്തിനു ശേഷം, തന്നെക്കാള്‍ പത്തുവയസ്സിലധികം പ്രായമുള്ളവളും അടുത്ത ബന്ധുവുമായ ഹുലിയ അര്‍ക്കീദിയെ അദ്ദേഹം വിവാഹംകഴിച്ചു. ഈ വിവാഹബന്ധം വേര്‍പെട്ടതിന്നു ശേഷം 1965ല്‍ അദ്ദേഹം മറ്റൊരു അടുത്ത ബന്ധുവായ പട്രീസ്യ യോസയെ ഭാര്യയാക്കി.

llosa illustrations

1963ല്‍ പ്രസിദ്ധീകരിച്ച The Time of the Hero എന്ന നോവലാണ് യോസയെ പ്രശസ്തനാക്കിയത്. ലിമയിലെ സൈനികസ്‌കൂളിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ പുസ്തകം ഒട്ടേറെ വിവാദങ്ങള്‍ക്കും കാരണമായി. 1965ല്‍ വെളിച്ചം കണ്ട The Green House  എന്ന നോവലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു വേശ്യാലയത്തെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകം അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണെന്ന് പല നിരൂപകരും കരുതുന്നു. മറ്റനേകം നോവലുകളും പിന്നീട് അദ്ദേഹം എഴുതി.

ആദ്യകാലത്ത് ഇടതുപക്ഷ വിശ്വാസിയായിരുന്നെങ്കിലും കുറെക്കഴിഞ്ഞപ്പോള്‍ യോസ അതില്‍ നിന്നകന്നു. ഹെബെര്‍ത്തോ പാദിയ എന്ന ക്യൂബന്‍ കവിയെ ഫിദെല്‍ കാസ്‌ത്രോ തടവിലാക്കിയതായിരുന്നു പ്രധാന കാരണം. 1990ല്‍ അദ്ദേഹം പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ആ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിച്ച അല്‍ബെര്‍ത്തോ ഫ്യൂജിമോറിയുടെ ദുര്‍ഭരണത്തെക്കുറിച്ചുള്ളതാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച The Neighborhood എന്ന നോവല്‍.

ദുര്‍ല്ലഭമായിട്ടേ യോസ ചെറുകഥകള്‍ എഴുതിയിട്ടുള്ളൂ.  The Cubs and Other Stories എന്ന സമാഹാരത്തിലുള്‍പ്പെട്ട ആ കഥകള്‍ പക്ഷേ അദ്ദേഹത്തിന്റെ നോവലുകളെപ്പോലെ മറ്റൊരു ലോകത്തെ പ്രതിഫലിപ്പിക്കുന്നവയാണ്.
ഒരു മുത്തച്ഛന് പേരക്കുട്ടിയോടുള്ള വിചിത്രമായ അടുപ്പത്തിന്റെ കഥയാണ്  The Grandfather.   കഥയിലെ മുത്തച്ഛന് നഗരപ്രാന്തത്തില്‍വെച്ച് ഒരു തലയോട്ടി കിട്ടുന്നു. അയാളതിനെ വീട്ടിലേക്ക് കൊണ്ടുപോയി. അഴുക്കുനീക്കി ഒലീവെണ്ണ തേച്ച് മിനുക്കി. രാത്രി അയാള്‍ മകനും ഭാര്യയും പേരക്കുട്ടിയും താമസിക്കുന്ന വീട്ടിലേക്കു പോകുന്നു. ആരും കാണാതെ ഗേറ്റ് തുറന്ന് അകത്തുകടന്ന് അയാള്‍ തോട്ടത്തിലൊരിടത്ത് ഒളിച്ചുനില്‍ക്കുന്നു. പേരക്കുട്ടി പുറത്തുവരുമ്പോള്‍ അവനെ അത്ഭുതപ്പെടുത്തുകയെന്നതാണ് അയാളുടെ ഉദ്ദേശ്യം. അതിനായി, കൈവശമുള്ള തലയോട്ടിയില്‍ ഒരു മെഴുകുതിരി വെച്ച് അയാള്‍ കാത്തുനിന്നു. കുട്ടി അങ്ങോട്ടു വന്നയുടനെ അയാള്‍ മെഴുകുതിരി കത്തിച്ചു. എന്നാല്‍  വിചാരിച്ചതുപോലെയല്ലായിരുന്നു കാര്യങ്ങള്‍- ഒലീവെണ്ണ തേച്ച തലയോട്ടി  മുകളിലേക്കുയര്‍ന്ന്  പൊട്ടിത്തെറിച്ചു. പേരക്കുട്ടി ഭയന്നുകരയുമ്പോള്‍ അയാള്‍ ആരും കാണാതെ പുറത്തിറങ്ങി; പിന്നെ മതിലിനോട് ചേര്‍ന്ന് നടന്നകന്നു.  
ഒറ്റനോട്ടത്തില്‍ ലളിതമെന്നു തോന്നുമെങ്കിലും ഗോത്രവര്‍ഗ വിശ്വാസങ്ങളുടെയും ആഭിചാരത്തിന്റെയും അടിയൊഴുക്ക് ഈ കഥയില്‍ കാണാനാകും.

നമ്മുടെ കാലത്തോട് പല രീതിയിലും ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് The Younger Brother എന്ന കഥ. സഹോദരന്മാരായ ദവീദും ഹുവാനും ഒരു ഇന്ത്യന്‍ വര്‍ഗക്കാരനെ തേടിയിറങ്ങിയതാണ്. അവരുടെ സഹോദരിയും അതിസുന്ദരിയുമായ ലിയണോറിനെ മാനഭംഗപ്പെടുത്തിയവനാണ് അവന്‍. മലമടക്കുകള്‍ക്കിടയില്‍ വെള്ളച്ചാട്ടത്തിനടുത്തായി അവന്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരം അവര്‍ക്ക് കിട്ടി. ഇക്കാര്യം മായണോററിയാതിരിക്കാന്‍ അവര്‍ക്ക് അതിരാവിലെ തന്നെ പുറപ്പെടേണ്ടി വന്നു. ഇപ്പോള്‍പക്ഷേ രാത്രിയായി. എങ്കിലും ആ കശ്മലനെ എത്രയും വേഗം കണ്ടെത്തിയേ തീരൂ.
അവന്‍ അവിടെത്തന്നെയുണ്ടായിരുന്നു. ദവീദിന്റെ ചവിട്ടേറ്റു വീണ അവനെ ഇളയവായ ഹുവാന്‍ വെടിവെച്ചു കൊന്നു.
ലിയണോര്‍ പക്ഷേ അവര്‍ അയാളെ തേടിയിറങ്ങുന്നത് കണ്ടിരുന്നു. അവരുടെ പിന്നാലെ പോകാന്‍ അവള്‍ വീട്ടില്‍ നിന്ന് പുറത്തേക്കോടി. കാര്യസ്ഥനായ കമീലോയും മറ്റു വേലക്കാരും അവളെ തടഞ്ഞു. അവള്‍ വഴക്കിട്ടു, കെഞ്ചി, കരഞ്ഞു. ഒടുവില്‍ പുറത്തേക്കുപോകാന്‍ കഴിയില്ലെന്നു തീര്‍ച്ചയായപ്പോള്‍ അവള്‍ മുറിക്കകത്തു കയറി വാതിലടച്ചു.

തിരിച്ചുവന്ന സഹോദരന്മാര്‍ ഇക്കാര്യമറിഞ്ഞ് അവളുടെയടുത്തേക്കു ചെന്നു. 'നിങ്ങളവനെ എന്തു ചെയ്തു?' അവള്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. തങ്ങള്‍ക്കവനെ കണ്ടെത്താനായില്ലെന്ന് അവര്‍ കള്ളംപറഞ്ഞു. ഇനിയൊരിക്കലും അവനെത്തേടിയിറങ്ങരുതെന്ന അവളുടെ ആവശ്യം അവഗണിച്ചുകൊണ്ട് പുറത്തിറങ്ങിയ അവരോട് അവള്‍ പറയുന്നു: ''അവനെന്നെ ഒന്നും ചെയ്തിട്ടില്ല;  ഞാനത് വെറുതെ പറഞ്ഞതാണ്.'

സ്തംഭിച്ചുപോയ സഹോദരന്മാരോട് അവള്‍ മുഴുവന്‍ കഥയും പറഞ്ഞു: നാട്ടിന്‍പുറത്ത് തനിച്ചു സഞ്ചരിക്കാനിഷ്ടപ്പെട്ടിരുന്ന അവളെ നോക്കാന്‍ സഹോദരന്മാര്‍ ചുമതലപ്പെടുത്തിയ ആ ഇന്ത്യനെ അവള്‍ക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എല്ലായിടത്തും അയാളവളെ നിഴല്‍പോലെ പിന്തുടര്‍ന്നു. ഒടുവില്‍ നദിയില്‍ നീന്താനിറങ്ങിയ തന്നെ അവന്‍ തുറിച്ചുനോക്കി നില്‍ക്കുന്നതു കണ്ടപ്പോള്‍ അവളുടെ  അവളുടെ എല്ലാ ക്ഷമയും അസ്തമിച്ചു. മടങ്ങിവന്ന് അവള്‍ സഹോദരന്മാരോട് അവന്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നു പറഞ്ഞു - അവനെ എന്നെന്നേക്കും ഒഴിവാക്കാന്‍ വേണ്ടി.
        
മനുഷ്യരുടെ ക്രൂരതയും കുറ്റബോധവും യോസ വര്‍ണ്ണിക്കുന്നത് അസാധാരണമായ വിധത്തിലാണ്. പെറൂവിയന്‍ പുരാവൃത്തങ്ങളില്‍ രാജാവായ ഹുവായ്‌ന കാപാക്കിനു വേണ്ടി സൂര്യകന്യകയെ കൊണ്ടുവരാന്‍ പാതാളത്തിലേക്കു പോകുന്ന  മീവല്‍പക്ഷിയുടെ ചിറകുള്ള ഒരു മനുഷ്യനെപ്പറ്റി പറയുന്നുണ്ട്.  ആ മീവല്‍മനുഷ്യനെപ്പോലെയാണ് യോസ - മനുഷ്യമനസ്സിന്റെ പാതാളങ്ങളില്‍ നിന്ന് അദ്ദേഹമെപ്പോഴും നമുക്കുവേണ്ടി കഥയുടെ സൂര്യകന്യകയെ കൊണ്ടുവന്നുതരുന്നു.

Content Highlights :  Kadhayil Oru Mashinottam, Mario Vargas Llosa, El Hablador, The Neighborhood, The Time of the Hero