'ങ്ങിമങ്ങി പ്രകാശിക്കുന്ന മേശയ്ക്കരികിലിരുന്ന് ഞാന്‍ എഴുതുന്നു. താന്‍ ജനിച്ച കാടിനെക്കുറിച്ചോര്‍ത്ത്  തേങ്ങുന്ന പെട്ടിയില്‍ എന്റെ പേന കനംപൂണ്ടിരിക്കുന്നു.  കറുത്തമഷിയുടെ  ഭീമാകാരമായ ചിറകുകള്‍ വിടരുന്നു.  വിളക്ക് പൊട്ടിത്തെറിക്കുന്നു.  തകര്‍ന്ന ചില്ലകളുടെ ഒരു മുനമ്പ് എന്റെ വാക്കുകളെ പൊതിയുന്നു.  മൂര്‍ച്ചയേറിയ  ഒരു തുണ്ട് വെളിച്ചം എന്റെ വലംകൈ ഛേദിക്കുന്നു.  നിഴലുകള്‍  മുളപൊട്ടുന്ന  കൈയുടെ ബാക്കിയായ ഭാഗംകൊണ്ട് ഞാനെഴുതുന്നു....'

മെക്‌സിക്കന്‍ മഹാകവി ഒക്താവ്യോ പാസിന്റെ  (Octavio Paz) വരികളാണിവ. എഴുതുമ്പോള്‍ എഴുത്തുകാരന്‍ അനുഭവിക്കുന്നത് പ്രസവവേദനയില്ലന്നും വാക്കുകളുടെ അഗാധമായ നദിക്കു  കുറുകെ നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണെന്നും പാസ് നമുക്ക് മനസ്സിലാക്കിത്തരുന്നു - നിഴലുകളുടെ, ഓര്‍മ്മകളുടെ മൂര്‍ച്ചയേറിയ നൂല്‍പ്പാലം. മൊസാംബിക്കിലെ പ്രശസ്തനായ എഴുത്തുകാരനായ മീയ കൂട്ടോയുടെ   (Mia Couto) യുടെ രചനകള്‍  പാസിന്റെ വാക്കുകളുടെ നേര്‍ക്കാഴ്ചയാണ്.

മൊസാംബിക്കിലെ ബെരിയ നഗരത്തില്‍, പോര്‍ച്ചുഗലില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി 1955ലാണ്  കൂട്ടോ ജനിച്ചത്.  The  Tuner of Silencess , Confession of  the Lioness തുടങ്ങിയ നോവലുകള്‍ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കന്‍ നോവലുകളിലൊന്നായി അദ്ദേഹത്തിന്റെ  Sleepwalking Land എന്ന കൃതി വിലയിരുത്തപ്പെടുന്നു. ബ്രസീലിലെ മഹാസാഹിത്യകാരന്മാരായ ഷുവോ  ഗീമെറെങ്‌സ്  ഹോസയുടെയും (Joao Gui maraes Rosa)  ഷോര്‍ഷെ അമാദുവിന്റെയും (Jorge Amado)  സ്വാധീനം അദ്ദേഹത്തിന്റെ രചനകളില്‍ കാണാനാകും. ഈ ലാറ്റിനമേരിക്കന്‍ എഴുത്തുകാരെപ്പോലെ മാജിക് റിയലിസത്തില്‍  കൂട്ടോയും മുഴുകുന്നു.  പക്ഷേ, കൂട്ടോയ്ക്ക് തന്റേതായ ആഫ്രിക്കന്‍ തിരിച്ചറിവുകളുണ്ട്. ലാറ്റിനമേരിക്കയിലേതുപോലെ രാഷ്ട്രീയമായ ചേരിതിരിവുകള്‍ മാത്രമല്ല ആഫ്രിക്കയിലുള്ളത്;  വംശീയമായ കുടിപ്പകകളും ആ ഭൂഖണ്ഡത്തിന്റെ ശാപമാണ്.  പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന മൊസാംബിക്കിന്റെ  സ്വാതന്ത്ര്യസമരവും അതിജീവനവുമാണ്  കൂട്ടോയുടെ എഴുത്തിന്റെ പശ്ചാത്തലം.  ആഫ്രിക്കന്‍ മിത്തുകളും പഴമൊഴികളും  അദ്ദേഹം അതിനോട് കൂട്ടിച്ചേര്‍ക്കുന്നു; അതിന്റെ ഫലമായി ശബ്ദങ്ങള്‍ നിറഞ്ഞ വീട് യഥാര്‍ത്ഥത്തില്‍ ഒഴിഞ്ഞ ഒരിടമാണെന്ന് നമ്മള്‍ കാണുന്നു.;ഒരാള്‍ പലരാണെന് നമ്മള്‍ മനസ്സിലാക്കുന്നു. 

img

 'ഞാന്‍   ദുഃഖിതരാണ് (I are sad).  ഇല്ല  എനിക്ക് തെറ്റിയിട്ടില്ല.  ശരിയാണ് ഞാന്‍ പറയുന്നത്.  അല്ലെങ്കില്‍, ഒരുപക്ഷേ  നമ്മള്‍   ദുഃഖിതനാണോ (we am sad)? എന്തുകൊണ്ടെന്നാല്‍ , എന്റെയുള്ളില്‍  ഞാനൊറ്റയ്ക്കല്ല;  ഞാന്‍ പലരാണ്.  അവരെല്ലാം എന്റെ ഒരേയൊരു ജീവനുവേണ്ടി പടപൊരുതുന്നു.  ഞങ്ങളുടെ മരണങ്ങള്‍ ഞങ്ങള്‍ കൊയ്തുകൂട്ടിക്കൊണ്ടേയിരിക്കുന്നു. പക്ഷേ, ഞങ്ങള്‍ക്കെല്ലാം ഒരു ജനനം മാത്രമേയുള്ളൂ.'  ഇങ്ങനെയാണ് കൂട്ടോയുടെ ഒരു കഥ തുടങ്ങുന്നത്. വംശീയ- രാഷ്ട്രീയകലാപങ്ങള്‍  ഉറക്കംകെടുത്തുന്ന  ഒരു ജനതയ്ക്ക് അവര്‍ പലരാണെന്ന് തോന്നുന്നതില്‍ അത്ഭുതമില്ല. ജീവിതത്തില്‍ ഒരേയൊരു മരണം മാത്രമല്ല അവര്‍ക്കുള്ളത്.  ഹംഗേറിയന്‍ ചലച്ചിത്രകാരനായ യാന്‍ചോയുടെ (Miklos Jansco)  The Round- Up എന്ന സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ അവര്‍ പരസ്പരം ഒറ്റുകൊടുക്കാന്‍ വിധിക്കപ്പെടുന്നു.  ഇതിന്റെ സാക്ഷ്യപത്രങ്ങളാണ് കൂട്ടോയുടെ 'അന്ധനായ മീന്‍പിടുത്തക്കാരന്‍' (The Blind  Fisherman) എന്ന സമാഹാരത്തിലെ കഥകള്‍.

Saide, the Bucket of Water എന്ന കഥയിലെ മദ്യപനായ സൈദെ തന്റെ കഴിവുകേടുകള്‍ മറച്ചുവെയ്ക്കാനായി മാത്രം ജീവിക്കുന്നവനാണ്.  സായാഹ്നത്തിന്റെ നീര്‍നിറഞ്ഞ കണ്‍പോളകള്‍ കടവാതിലുകളെ പറത്തിവിടുമ്പോള്‍., മരണം മാത്രം ചുംബിക്കുന്ന ആ പ്രദേശത്തെ മുളങ്കുടിലിനുള്ളില്‍ അയാള്‍ എന്നോ തന്നെ വിട്ടുപോയ ഭാര്യയുമായി വഴക്കിടുന്നു. പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്നു.

ഒരു ബസ് സ്റ്റോപ്പില്‍ വെച്ചാണ് അയാള്‍ ഷുലിയായെ പരിചയപ്പെടുന്നത്.  അവള്‍ക്ക് പല ഭര്‍ത്താക്കന്മാരുണ്ടായിരുന്നു; അനേകം കുട്ടികളും. പക്ഷേ, കുട്ടികളെ അവരുടെ അച്ഛന്മാര്‍ കൊണ്ടുപോയതിനാല്‍ അവളിപ്പോള്‍ ഒറ്റയ്ക്കാണ്. സൈദെ അവളുമായി അടുപ്പത്തിലായി. അവളെ അയാള്‍ വീട്ടിലേക്കു കൊണ്ടുപോകുന്നു.  പിന്നെ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കാനാരംഭിച്ചു.

എല്ലാം ചികഞ്ഞുനോക്കുന്ന നാട്ടുകാര്‍ ഷുലിയായുടെ പുരാവൃത്തവും മനസ്സിലാക്കി. അവള്‍ 'പഴയ ഉരുപ്പടി' യായതുകൊണ്ട് അവര്‍ സൈദെയെ കളിയാക്കാന്‍ തുടങ്ങി. അങ്ങനെ അയാള്‍ക്ക് 'തൊട്ടിവെള്ളം' എന്ന പരിഹാസപ്പേര്‍ വീണു - വെള്ളത്തിന് വ്യക്തിത്വമില്ലല്ലോ; ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയാണതിന്.

അങ്ങനെ നാട്ടുകാരുടെ കളിയാക്കല്‍കൊണ്ട് മനസ്സുമടുത്തിരിക്കുമ്പോഴാണ് സൈദെ  കയ്‌പ്പേറിയ മറ്റൊരു സത്യം കൂടി മനസ്സിലാക്കുന്നത്- തനിക്ക് കുട്ടികളെയുണ്ടാക്കാനുള്ള കഴിവില്ല.  വീണ്ടും താന്‍ പരിഹാസപാത്രമാകുന്നത് ഓര്‍ക്കാന്‍ കൂടി കഴിയാതെ അയാര്‍ അവളോട് മറ്റാരെക്കൊണ്ടെങ്കിലും ഒരു കുട്ടിയെ ഉത്പാദിപ്പിക്കാനാവശ്യപ്പെടുന്നു. അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ രാത്രിയില്‍ പുറത്തുപോകാന്‍തുടങ്ങി. ഒടുവില്‍ അവള്‍ ഗര്‍ഭിണിയായിക്കഴിഞ്ഞപ്പോള്‍ ഒരു രാത്രി അയാളവളെ  വിളിച്ചുണര്‍ത്തി:

'ഈ കുട്ടിയുടെ അച്ഛനാരാണ്? എനിക്കതറിയണം.' അയാളാവശ്യപ്പെട്ടു.

 ' അതാരാണെന്ന് ചോദിക്കില്ലെന്ന് നിങ്ങളെന്നോട് സത്യംചെയ്തതാണ്.' അവള്‍ എതിര്‍ത്തു.

പക്ഷേ, ഇപ്പോള്‍ അയാള്‍ക്കതറിഞ്ഞേ മതിയാവൂ. ഷുലിയാ വഴങ്ങിയില്ല. അയാളവളെ അടിക്കാനൊരുങ്ങിയെങ്കിലും കുട്ടിക്ക് കുഴപ്പം സംഭവിക്കുമെന്നോര്‍ത്ത് അങ്ങനെ ചെയ്തില്ല.  ഷുലിയാ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കി.  അയല്‍ക്കാര്‍ക്കാര്‍ക്കും കുട്ടിയുടെ പിതൃത്വത്തെപ്പറ്റി ഒരു സംശയവുമില്ലായിരുന്നു. പക്ഷേ, സൈദെയ്ക്ക്  അവന്‍ തന്റെ കഴിവില്ലായ്മയുടെ ഒരു അടയാളം മാത്രമായിരുന്നു- എന്നെങ്കിലും തന്നെ തിരസ്‌ക്കരിക്കാനിടയുള്ള ഒരു നുഴഞ്ഞുകയറ്റക്കാരന്‍.  അയാളതിനെ ഒന്നും ചെയ്തില്ല.  പക്ഷേ ഷുലിയായെ അയാള്‍ വെറുതെ വിട്ടില്ല. അയാളവളെ  എന്നും ക്രൂരമായി ഉപദ്രവിച്ചു.

ഒച്ചയും ബഹളവും എന്നെത്തേതിനേക്കാള്‍ കൂടുതലായ ഒരു ദിവസം ഒരയല്‍ക്കാരന്‍ സൈദെയുടെ വീട്ടിലേക്കു കയറിവന്നു. ഭാര്യയെ ഇങ്ങനെ തല്ലുന്നത് ശരിയാണോ എന്നയാള്‍ ചോദിച്ചു. പക്ഷേ ചുറ്റും നോക്കിയപ്പോള്‍ അയാള്‍ കണ്ടു: ആ വീട്ടില്‍ സൈദെയല്ലാതെ ആരുമില്ലായിരുന്നു;  ഭാര്യയും കുട്ടിയും തന്നെ വിട്ടുപോയെന്നറിഞ്ഞാല്‍ മറ്റുള്ളവര്‍ വീണ്ടും പരിഹസിക്കുമെന്നറിയാവുന്നതുകൊണ്ട്, അവരുടെ അസാന്നിദ്ധ്യത്തെ അയാള്‍ ഒച്ചയും വഴക്കുംകൊണ്ട് മറയ്ക്കുകയായിരുന്നു.

ഒട്ടേറെ വിടവുകള്‍ നിറഞ്ഞതാണ് കൂട്ടോയുടെ കഥകള്‍. കഥാകാരന്‍ പലപ്പോഴും അവയില്‍ സന്നിഹിതനല്ല.  ജീവിതത്തിലെന്നപോലെ അദ്ദേഹത്തിന്റെ കഥകളിലും പലതിനും  ഉത്തരമില്ല.   Patanhoca, the Lovesick Snake Catcher എന്ന കഥയില്‍ പാമ്പുപിടുത്തക്കാരനായ പത്തന്‍ഹോക അയാളുടെ വിധവയെപ്പോലെ ജീവിക്കുന്ന    ചൈനക്കാരിഭാര്യയെ കൊന്നതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ല. കാരണം, അയാളവളെ അത്രയധികം സ്‌നേഹിച്ചിരുന്നു.  മറ്റാരും അവളെ ഉപദ്രവിക്കാതിരിക്കാന്‍ എല്ലാ രാത്രിയിലും പാമ്പുകളെ അയാളവളുടെ   വീടിനു ചുറ്റും കാവല്‍നിര്‍ത്തിയിരുന്നു.

മീയ കൂട്ടോയുടെ കഥകള്‍ ചിലന്തിവലകള്‍ പോലെയാണ്; ജീവിതവും മരണവും ചേര്‍ന്ന ഒരു സത്ത  കഥകള്‍ നെയ്യുന്നു; ആ വലയില്‍ കുടുങ്ങിയ കഥാപാത്രങ്ങള്‍ ജീവിതത്തിനും മരണത്തിനും ഒരുപോലെ ഇരകളായിത്തീരുന്നു.   'അന്ധനായ മുക്കുവന്‍'  എന്ന കഥ  ഇത്തരത്തില്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ദാരുണചിത്രങ്ങള്‍ ഇടകലരുന്ന ഒന്നാണ്.

ഒരര്‍ത്ഥത്തില്‍ ഈ കഥ  ഗീമെറെങ്‌സ്  ഹോസയുടെ  'നദിയുടെ മൂന്നാം തീരം' (The Third  Bank of the River) എന്ന വിഖ്യാതമായകഥയെ ഓര്‍മിപ്പിക്കുന്നതാണ്.  ആ കഥയില്‍, കഥപറയുന്നയാളുടെ അച്ഛന്‍ ഒരു തോണിയില്‍ നദിയിലേക്കു പോകുന്നു.  പിന്നീടയാള്‍ തിരിച്ചു വരുന്നില്ല.  മക്കളും ഭാര്യയും എത്ര തവണ  കേണപേക്ഷിച്ചിട്ടും അയാള്‍ മറുകരയില്ലെന്നു തോന്നിയ ആ നദിയില്‍ തനിച്ചു കഴിയുന്നു. ഒടുവില്‍  വൃദ്ധനാകാന്‍ തുടങ്ങിയ മകന്‍ അയാള്‍ക്കുപകരം താന്‍ നദിയിലേക്കു പോകാമെന്നു പറയുമ്പോള്‍ അയാള്‍ കരയിലേക്ക് തോണി തുഴയുന്നു. അതുകണ്ട് മകന്‍ ഭയന്നോടുകയാണ്. അതീന്ദ്രിയതയുടെയും ആമ്മീയതയുടെയും കുത്തൊഴുക്കെന്ന് ഈ കഥയെ വിശേഷിപ്പിക്കാം. പക്ഷേ., 'അന്ധനായ മുക്കുവന്‍' എന്ന കഥയില്‍ കൂട്ടോ യാഥാര്‍ത്ഥ്യത്തിന്റെ വേറൊരു തലമാണ് വരച്ചുകാണിക്കുന്നത്. 

മാനേക്ക മെസമ്പെ ഒരു ദിവസം കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നു. കൊടുങ്കാറ്റ് അയാളുടെ തോണിയെ നടുക്കടലിലേക്ക് വലിച്ചിട്ടു. അയാളുടെ വല നഷ്ടപ്പെട്ടു.  ഭക്ഷണം തീര്‍ന്നു. ഒടുവില്‍, വിശപ്പു സഹിക്കാനാവാതെ അയാള്‍ ഇടതുകണ്ണ് ചൂഴ്‌ന്നെടുത്ത് ചൂണ്ടയില്‍കോര്‍ത്ത് കടലിലിട്ടു . ഒരു മീന്‍ അതില്‍ കുടുങ്ങി.  അതുതിന്ന് അയാള്‍ ജീവന്‍ നിലനിര്‍ത്തി.  വീണ്ടും വിശപ്പ് അയാളെ ആക്രമിച്ചു.  വലതുകണ്ണും അയാള്‍ ചൂണ്ടയില്‍ കോര്‍ത്തു. അന്നു കിട്ടിയത് ഏറ്റവും വലിയ മത്സ്യമാണ്.  ശക്തി തിരിച്ചു കിട്ടിയ അയാള്‍ അന്ധതയിലും കരയുടെ നേര്‍ക്ക് തോണിതുഴഞ്ഞു. അയാള്‍ തിരിച്ചെത്തിയത് സ്വന്തം നാട്ടില്‍ തന്നെയാണ്.  കടലില്‍ പോകാന്‍ കഴിയാതായ അയാള്‍ കടലിനെ വെറുത്തു. ഭാര്യയുടെ കടല്‍പോലുള്ള സ്‌നേഹംപോലും അയാള്‍ക്ക് സഹിക്കാന്‍ കഴിയാതായി. അവള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നത് തടയാന്‍ വേണ്ടി അയാള്‍ തോന്നി കത്തിച്ചുകളഞ്ഞു.  ഭാര്യയും കുട്ടികളും അയാളെ വിട്ടുപോവുന്നു.  കഥാന്ത്യത്തില്‍ തനിച്ചായ അയാള്‍ കടല്‍ത്തീരത്തുകൂടി നടക്കുകയാണ്.  സമുദ്രം കരയില്‍ അതിന്റെ നുരയും പതയും അവശേഷിപ്പിക്കുന്നു. തിരകളുടെ അനേകം തലമുറകളിലൂടെ,  കണ്ണുകള്‍ നഷ്ടപ്പെട്ട തന്റെ മുഖത്തിന്റെ പരിപൂര്‍ണ്ണതകണ്ടെത്താന്‍ അയാള്‍ ശ്രമിക്കുന്നു.

അതിവൈകാരികത കൂട്ടോയുടെ ചില രചനകളുടെയെങ്കിലും ദൗര്‍ബല്യമാകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിചതമായ സമുദ്രങ്ങളെ തരണംചെയ്യുന്ന നൗകകളാണ്;  എത്ര ഊതിക്കത്തിച്ചാലും ഇരുട്ടുമാത്രം പരത്തുന്ന വെളിച്ചങ്ങള്‍,  നിലംതൊടുന്നതിന് തൊട്ടുമുമ്പ് നിലച്ചുപോകുന്ന കറുത്ത മഴകള്‍....