'പ്രേതമായി അഭിനയിക്കാനായിരുന്നു അനീയയ്ക്ക് ഏറ്റവും ഇഷ്ടം. ശരീരത്തെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ്, മുഖത്ത് വെളത്തധാന്യപ്പൊടി തേച്ച്, പല്ലുകള്‍ക്കിടയില്‍ വെളുത്തുള്ളിയല്ലികള്‍ തിരുകി വെച്ച്, കൈയില്‍ വിളക്കുമായി അവള്‍ കടന്നു വരുമ്പോള്‍, അത്താഴംകഴിച്ച് മയങ്ങാന്‍ തുടങ്ങുന്ന ഞങ്ങളെല്ലാം പേടിച്ചുപോകുമായിരുന്നു.

ഒരു സെപ്തംബര്‍ രാത്രിയില്‍, പട്ടണം കൊടുങ്കാറ്റിലും മഴയിലും ഇടിമിന്നലിലും അകപ്പെട്ടു. ജലസംഭരണി നിറഞ്ഞുകവിഞ്ഞ് മുറ്റത്തേക്ക് ജലം പ്രവഹിച്ചു. ഇടിമിന്നലിന്റെ പച്ചച്ച വെളുപ്പില്‍ കുയില്‍മരമെന്ന് ഞങ്ങള്‍ വിളിക്കാറുള്ള യൂക്കാലിപ്റ്റസ് മരം പണിയായുധങ്ങള്‍ വെയ്ക്കാനുള്ള ഷെഡ്ഡിനുമേല്‍ രണ്ടായൊടിഞ്ഞ് വീണു കിടക്കുന്നത് ഞാന്‍ കണ്ടു.

പെട്ടെന്ന്, പേടിപ്പെടുത്തുന്ന ഒരു ശബ്ദം - ഞങ്ങളെ അന്ധരാക്കിയ ഇടിമിന്നലിന്റെ രോദനത്തിന്റെ നിഴലുപോലുള്ള ഒന്ന് - വീടിനെ പിടിച്ചുകുലുക്കി. സ്വബോധം തിരിച്ചുകിട്ടിയപ്പോള്‍ തൊട്ടുമുമ്പ് നിന്നിടത്തായിരുന്നില്ല ഞങ്ങളെല്ലാം - മറ്റുള്ളവരെപ്പറ്റി ഉത്കണ്ഠയോ വിചാരമോ ഇല്ലാതെ തനിച്ചായവരെപ്പോലെ. ഒരാള്‍ തലവേദനയുണ്ടെന്നു പരാതിപ്പെട്ടു; മറ്റൊരാള്‍ കണ്ണുവേദനയെപ്പറ്റി ; വേറൊരാള്‍ അയാളുടെ ഹൃദയത്തെപ്പറ്റി...... പിന്നെ, ഓരോരുത്തരായി ഞങ്ങള്‍ സ്വന്തം സ്ഥാനങ്ങളില്‍ മടങ്ങിയെത്തി.

മഴയും കാറ്റും ശമിക്കുകയായിരുന്നു.... നെടുകെ പിളര്‍ന്ന മേഘങ്ങള്‍ക്കിടയില്‍ നിന്ന് ചന്ദ്രന്‍ അതിന്റെ വെളുത്ത തീകൊണ്ട് നിറഞ്ഞുകവിഞ്ഞ മുറ്റം തെളിച്ചുകാട്ടി. ഞങ്ങള്‍ ഓരോന്നോരോന്നായി നോക്കിക്കാണുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ നായ ഭ്രാന്തമായി കുരച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. ഞങ്ങളതിനെ പിന്തുടര്‍ന്നു. രാത്രിയില്‍ വിടരുന്ന, മനംപിരട്ടുന്ന ഗന്ധമുണ്ടാക്കുന്ന വെളുത്ത പൂക്കളുള്ള വള്ളിച്ചെടിയ്ക്കരികില്‍ അനീയ മരിച്ചു കിടക്കുകയായിരുന്നു. പ്രേതത്തെപ്പോലെ വസ്ത്രം ധരിച്ചിരുന്ന അവളുടെ മിന്നലേറ്റ് കരുവാളിച്ച കൈയില്‍ അപ്പോഴും ആ വിളക്കെരിയുന്നുണ്ടായിരുന്നു.'

മഴയും കാറ്റും ഇടിമിന്നലുംകൂടി പ്രിയപ്പെട്ട ഒരു ജീവന്‍ അപഹരിച്ചതിനെപ്പറ്റി ഇങ്ങനെയാണ് സ്‌പെയിനിലെ പ്രശസ്തനായ കവി ഹുവാന്‍ റാമോണ്‍ ഹിമെനെസ് (Juan Ramon Jimenez) എഴുതുന്നത്. മഴ - ചാറ്റല്‍ മഴയായാലും പേമാരിയായാലും- അങ്ങനെയാണ്; എത്ര ചേര്‍ന്നിരുന്നാലും അത് നമ്മളെ വല്ലാതെ ഒറ്റപ്പെടുത്തും; ജീവിതത്തിലും മരണത്തിലും; പ്രണയത്തിലും വിരക്തിയിലും; സുഖത്തിലും ദുഃഖത്തിലും - എല്ലാത്തിലും നമുക്കു ചുറ്റും തുരുത്തുകളുണ്ടാക്കാന്‍ മഴയോളം കഴിവ് മറ്റൊന്നിനുമില്ല. നമുക്കു ചുറ്റും പെയ്തുതീരാത്ത ഈ മഴ കുറച്ചു നേരത്തേക്കെങ്കിലും നമ്മെ തനിച്ചാക്കും. ആ പെയ്ത്ത് മരണത്തിലേക്കാവുമ്പോള്‍ ഒറ്റപ്പെടല്‍ എന്നെന്നേക്കുമാകുന്നു.

നീ മാറിയിരിക്കുന്നു - മറ്റാരോ ആയി
ഞാനൊരിക്കലുമറിയാത്ത മറ്റാരോ-
നിന്റെ ഹൃദയം ഒരു ചെണ്ടയായി വിളിക്കുന്നു
ഒരിക്കല്‍ കിണറുകള്‍ നിറഞ്ഞൊഴുകിയ  ഇടത്തിലൂടെ.

ഓരോ ഉറവയില്‍ നിന്നും നീ ഉയിര്‍ക്കുന്നു - 
നാട്യങ്ങളിലൂടെ നീ പലായനം ചെയ്യുന്നു.
ഒരു കളി നമ്മള്‍ ആഭിചാരം ചെയ്തുണ്ടാക്കുന്നു
അതു യാചിക്കുന്നു - വിസ്മൃതിയെ.

മറ്റൊരു മഹാകവിയായ  പവൂള്‍  ചെലാന്റെ (Paul Celan) ഈ വരികള്‍ മഴയ്ക്കും മരണത്തിനും ഒരുപോലെ ചേരുന്നതാണ്. വിസ്മൃതിയില്‍ ചെന്നവസാനിക്കുന്ന നിഗൂഢമായ കളികള്‍ അവ രണ്ടും ആഭിചാരം ചെയ്‌തെടുക്കുന്നു.

മഴയുണ്ടാക്കുന്ന ഏകാന്തതയെപ്പറ്റി ഏറ്റവും ആഴത്തില്‍, മനോഹരമായി വിവരിച്ചിട്ടുള്ളത് മാര്‍ക്കേസാണ്. അദ്ദേഹത്തിന്റെ 'മക്കൊന്‍ദോയില്‍ മഴപെയ്യുന്നതു നോക്കിയിരിക്കുന ഇസബെലിന്റെ ആത്മഗതം' (Monologue of Isabel Watching  It Rain in Macondo) എന്ന കഥയിലേതുപോലെ ഒന്നിച്ചിരിക്കുമ്പോഴും മഴ നിര്‍മ്മിക്കുന്ന റ്റെപ്പെടലുകളിലിരുന്ന്  അവനവനോടുമാത്രം സംവദിക്കേണ്ടി വരുന്ന അവസ്ഥ മറ്റൊരിടത്തും കാണാനാകില്ല. അവിടെ സമയം പോലും ഇല്ലാതാകുന്നു. വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയില്‍ ഒട്ടും അകലമില്ലാതാകുന്നു.' കഴിഞ്ഞ ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് ഇപ്പോള്‍ അവരെന്നെ വിളിച്ചാല്‍ ഞാനത്ഭുതപ്പെടില്ലെ'ന്ന് ഇസബെല്‍ പറയുന്നത് അതുകൊണ്ടാണ്.

painting

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വേര്‍തിരിക്കുന്ന നേര്‍ത്ത മണ്‍തിട്ട മഴ ഒഴുക്കിക്കളയുന്നത് മാര്‍ക്കേസ് വിവരിക്കുന്നത് നോക്കുക:
'തലയുയര്‍ത്തിപ്പിടിച്ച് വിളക്കുമായി എന്റെ രണ്ടാനമ്മ വരാന്തയിലൂടെ വെള്ളം തെറിപ്പിച്ചുകൊണ്ട് നടന്നുവന്നു. നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു - അവര്‍ പറഞ്ഞു. ഞാനവരുടെ വരണ്ട, ചുളിവീണ മുഖം ശ്രദ്ധിച്ചു. അതുകണ്ടാല്‍ അവരിപ്പോള്‍ സ്വന്തം കുഴിമാടം വിട്ടിറങ്ങിയതാണെന്നോ അല്ലെങ്കില്‍ അവരെ നിര്‍മ്മിച്ചിരിക്കുന്നത് മനുഷ്യരുടേതല്ലാത്ത മറ്റെന്തോ വസ്തുകൊണ്ടാണെന്നോ തോന്നുമായിരുന്നു. കൈയില്‍ കൊന്തയുമായി എനിക്കെതിരെ നിന്ന് അവര്‍ പറഞ്ഞു: ഇപ്പോള്‍ നമ്മള്‍ പ്രാര്‍ത്ഥിക്കണം. വെള്ളം കല്ലറകളെ ഭേദിച്ച് അകത്തു കടന്നിരിക്കുന്നു. പാവം ശവങ്ങള്‍ സെമിത്തേരിയില്‍ ഒഴുകിനടക്കുകയാണ്.'

പക്ഷേ മഹാനായ ബോര്‍ഹെസ് മഴയെ ഒറ്റപ്പെടലിന്റെ മറ്റൊരു രൂപകമായിട്ടാണ് കാണുന്നത്. 

പ്രകൃതിവര്‍ണ്ണനകളോ പ്രകൃതിയുടെ ഭാവമാറ്റങ്ങളോ അത്രയൊന്നും ഇടംപിടിക്കാത്ത തന്റെ ചുറ്റിച്ചുഴലലും വഴികള്‍ (Labyrinths) നിറഞ്ഞ കഥകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കഥ അദ്ദേഹം എഴുതിയിട്ടുണ്ട്. ആത്മീയവും ഭൗതികവുമായ തുരുത്തുകളില്‍ അകപ്പെട്ടുപോയ കുറെ മനുഷ്യര്‍ അവരെപ്പോലെ തന്നെ സാധാരണക്കാരനായ ഒരുവനില്‍ ക്രിസ്തുത്വം ആരോപിക്കുകയും ഒരേസമയം തങ്ങളുടെ പാപങ്ങളുടെ അത്താണിയും പ്രതികാരവാഞ്ഛയുടെ ഇരയുമായും അയാളെ മാറ്റുന്നതുമാണ് 'മാര്‍ക്കോസിന്റെ സുവിശേഷം' (The Gospel According to Mark) എന്ന കഥയില്‍ ബോര്‍ഹെസ് ചിത്രീകരിക്കുന്നത്.

മഴയില്‍ ഒറ്റപ്പെട്ടു പോയ ലാ കൊളറാദ എന്ന കൃഷിയിടത്തിലാണ് കഥ നടക്കുന്നത്. ബുദ്ധിമാനായിരുന്നിട്ടുകൂടി മുപ്പത്തിമൂന്നു വയസ്സായിട്ടും ബിരുദം നേടാന്‍ കഴിയാതിരുന്ന ബല്‍ത്തസാര്‍ എസ്പിന്യോസ എന്ന വൈദ്യവിദ്യാര്‍ത്ഥിയാണ് ഇതിലെ നായകന്‍. അലസനും സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവനുമായ ഇയാള്‍ ബ്യൂനസ് അയേഴ്‌സില്‍ നിന്ന് തന്റെ മച്ചുനനായ ദനിയേലിന്റെ ക്ഷണം സ്വീകരിച്ചാണ് വിദൂരസ്ഥമായ ആ കൃഷിയിടത്തില്‍ എത്തിയത്. താത്പര്യമുണ്ടായിട്ടൊന്നുമല്ല; പോകാതിരിക്കാന്‍ തക്കതായ ഒരു കാരണം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതുകൊണ്ടു മാത്രം, തന്റെ അമ്മയുടെ ഉപദേശമനുസരിച്ച് ദിവസവും രാത്രി ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതും കുരിശു വരയ്ക്കുന്നതും മാത്രം ഇയാള്‍ മുടക്കിയിരുന്നില്ല.


കൃഷിയിടത്തിന്റെ കാര്യസ്ഥന്‍ ഹുതര്‍ എന്നയാളായിരുന്നു. അയാളും പരുക്കനായ മകനും പിതൃത്വത്തെപ്പറ്റി ഉറപ്പില്ലാത്ത ഒരു മകളുമായിരുന്നു ദനിയേലിനു പുറമെ കൃഷിയിടത്തിലുണ്ടായിരുന്നത്. റെഡ്ഇന്ത്യന്‍ സങ്കരവര്‍ഗ്ഗക്കാരായിരുന്നു അവര്‍.
 
കന്നുകാലിയിടപാടുമായി ബന്ധപ്പെട്ട് ദനിയേല്‍ നഗരത്തിലേക്കു പോയ ഒരു ദിവസം മഴപെയ്യാനാരംഭിച്ചു. മഴ ശമിച്ചില്ല. കൃഷിയിടത്തിനടുത്തുള്ള സലാദോ നദി കരകവിഞ്ഞൊഴുകി. വഴികള്‍ മുങ്ങിപ്പോയി. എസ്പിന്യോസയ്ക്ക് നഗരവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹുതര്‍കുടുംബം മാത്രമായിരുന്നു അയാള്‍ക്ക് കൂട്ട്. അവരുടെ സഹായത്തോടെ കന്നുകാലികളെ കുറെയൊക്കെ രക്ഷിക്കാന്‍ അയാള്‍ക്കു കഴിഞ്ഞു. അവര്‍ താമസിച്ചിരുന്ന വീടിനു ചോര്‍ച്ചയുണ്ടെന്നു കണ്ട് അയാള്‍ അവര്‍ക്ക് പണിയായുധങ്ങള്‍ വെയ്ക്കുന്ന മുറിയില്‍ താമസിക്കാന്‍ അനുവാദം നല്‍കി. ഇത് അവരെ അയാളോടടുപ്പിച്ചു. അയാളുടെ ആജ്ഞകള്‍. അക്ഷരംപ്രതി അനുസരിക്കാന്‍ തുടങ്ങി.

മഴ നിലച്ചില്ല. സമയം പോകാന്‍ വേണ്ടി വായിക്കാന്‍ വല്ല പുസ്തകങ്ങളും വീട്ടിലുണ്ടോയെന്ന് എസ്പിന്യോസ തിരഞ്ഞു. കുറച്ചു പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു. അയാളത് ഹുതര്‍കുടുംബത്തെ വായിച്ചുകേള്‍പ്പിച്ചു. പക്ഷേ അവര്‍ക്കാ കഥകളില്‍ താത്പര്യമുണ്ടായിരുന്നില്ല.

ഒടുവില്‍ വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ അയാളൊരു ബൈബിള്‍ കണ്ടെത്തി. തുറന്നപ്പോള്‍ കണ്ണില്‍പ്പെട്ടത് മാര്‍ക്കോസിന്റെ സുവിശേഷമായിരുന്നു. അയാളതവരെ വായിച്ചുകേള്‍പ്പിച്ചു. സുവിശേഷത്തില്‍ അവരുടെ ശ്രദ്ധകണ്ട് അയാള്‍ക്ക് അത്ഭുതം തോന്നി. മറ്റു സുവിശേഷങ്ങളിലേക്ക് കടന്നപ്പോള്‍ മാര്‍ക്കോസിസ്‌റെ സുവിശേഷം തന്നെ വീണ്ടും വായിക്കാന്‍ അവരയാളോട് അപേക്ഷിച്ചു. അടുത്ത ദിവസം ഹുതറിന്റെ മകളുടെ മുറിവേറ്റ ആടിന് വേഗം ഭേദമാകാന്‍ വേണ്ടി എസ്പിന്യോസ ചില ഗുളികകള്‍ നല്‍കി. അതോടെ അവരയാളെ അടിമകളെപ്പോലെ പിന്തുടരാന്‍തുടങ്ങി.

ചൊവ്വാഴ്ച മഴ വീണ്ടും കൂടി. വ്യാഴാഴ്ച രാത്രി വാതിലില്‍ ഒരു മുട്ടുകേട്ട് എസ്പിന്യോസ ഉണര്‍ന്നു. ഹുതറിന്റെ മകളായിരുന്നു അത്. നിര്‍വികാരയായി അവള്‍ അയാളുടെ കൂടെ കിടന്നു. അവള്‍ മറ്റൊരു പുരുഷനെ അറിഞ്ഞിട്ടില്ലെന്ന് അയാള്‍ക്ക് മനസ്സിലായി. രാവിലെ നിര്‍വികാരയായിത്തന്നെ അവള്‍ മുറിവിട്ടു പോവുകയും ചെയ്തു.

പിറ്റേന്ന് കാര്യസ്ഥന്‍ അയാളോട് ക്രിസ്തു മനുഷ്യകുലത്തെ രക്ഷിക്കാന്‍ വേണ്ടി  തന്നത്തന്നെ ബലികൊടുക്കുകയായിരുന്നോ എന്നു ചോദിച്ചു.
'അതെ.' എസ്പിന്യോസ പറഞ്ഞു: 'മനുഷ്യരെ നരകത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി.'
'നരകമെന്നു പറഞ്ഞാലെന്താണ്?' ഹുതര്‍ വീണ്ടും ചോദിച്ചു.
'ഭൂമിക്കടിയില്‍ പാപികളുടെ ആത്മാവ് എന്നെന്നും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരിടം.'
'ക്രിസ്തുവിന്റെ കൈയില്‍ ആണിയടിച്ചവരും രക്ഷിക്കപ്പെട്ടോ?' 
അവരും രക്ഷിക്കപ്പെട്ടെന്ന് എസ്പിന്യോസ മറുപടി കൊടുത്തു. കഴിഞ്ഞ രാത്രി തന്റെ മകളെ എന്താണു ചെയ്തതെന്ന് കാര്യസ്ഥന്‍ ചോദിക്കുമെന് അയാള്‍ ഭയപ്പെട്ടെങ്കിലും അങ്ങനെ സംഭവിച്ചില്ല.

അന്നു വൈകുന്നേരം ആണിയടിക്കുന്ന ശബ്ദം കേട്ടാണ് എസ്പിന്യോസ ഉച്ചയുറക്കത്തില്‍ നിന്നുണര്‍ന്നത്.  മഴ നിന്നിരുന്നു. ഹുതറും മക്കളും അയാളെ പിന്തുടര്‍ന്നു. മുട്ടുകുത്തിനിന്ന് അവരയാളുടെ അനുഗ്രഹത്തിനായി യാചിച്ചു. പിന്നെ അവരയാളെ ശപിച്ചു; മുഖത്തു തുപ്പി. എന്നിട്ട് വീടിന്റെ പിന്‍ഭാഗത്തേക്ക് അയാളെ ആട്ടിയോടിച്ചു. അവിടെ, അവര്‍ താമസിച്ചിരുന്ന മുറിക്ക് മേല്‍ക്കൂരയില്ലാരുന്നു. അവരതിന്റെ പലകകളുപയോഗിച്ച് കുരിശുണ്ടാക്കിയിരുന്നു.

ബോര്‍ഹെസിന്റെ മറ്റു കഥകളില്‍ നിന്നു വിഭിന്നമായി നര്‍മത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് ഈ കഥ. എങ്കിലും ആത്മാവില്‍ ഒറ്റപ്പെട്ടവരുടെ പാപഭയവും പ്രതികാരവും ഈ കഥയില്‍ കടുംനിറങ്ങള്‍ ചേര്‍ക്കുന്നുണ്ട്.  ജര്‍മ്മന്‍ ചിത്രകാരനായ ഗ്രൂനെവാള്‍ഡിന്റെ (Mathias Grunevald) പ്ലേഗുബാധിതനായ ക്രിസ്തുവിനെപ്പോലെ ഈ കഥയിലെ  ക്രിസ്തുവല്‍ക്കരിക്കപ്പെട്ട നായകനും ഏകാന്തമായ പാപഭാരത്തിന്റെ മഴയില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.

Content Highlights : Juan Ramon Jimenez, Paul Celan, gabriel garcia marquez