'ലയാളത്തിലെ ഏറ്റവും പ്രശസ്തനായ കഥാകാരന്‍' ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ആണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഏറ്റവും പ്രശസ്തമായ 'മലയാളകഥ' ഒരുപക്ഷേ നദിയുടെ മൂന്നാം തീരം (The Third Bank of the River) ആയിരിക്കാം. ഈ 'മൂന്നാം തീരം' പല രീതിയില്‍ നമ്മുടെ എഴുത്തുകളില്‍ എത്രയോ തവണ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു; ഉച്ചരിക്കാന്‍ വിഷമമായതുകൊണ്ടായിരിക്കാം മാജിക് റിയലിസത്തിന്റെ പര്യായമായി അറിയപ്പെടുന്ന ഈ കഥയെഴുതിയ ആളിന്റെ പേര് - ഷുവവോ ഗിമറെയ്‌സ് ഹോസ (Joao Gaimaraes Rosa) - നമ്മളങ്ങനെ പറയാറില്ലെന്നു മാത്രം.

1908ല്‍ ബ്രസീലിലെ കോര്‍ജിസ്ബൂഗോ എന്ന സ്ഥലത്താണ് ഹോസ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം  വൈദ്യശാസ്ത്രപഠനത്തിലേക്കു തിരിഞ്ഞു. ഈ കാലഘട്ടത്തില്‍ പതിനാറു വയസ്സുള്ള ലീഗിയ കാവ്രാല്‍ പെന്നയെ അദ്ദേഹം വിവാഹം കഴിച്ചു. പഠനശേഷം ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോഴാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിനെ വളരെയധികം സ്വാധീനിച്ച സെര്‍ത്താവു എന്ന ഭൂഭാഗത്തെ അദ്ദേഹം അടുത്തറിയുന്നത്.

ബ്രസീലിന്റെ കിഴക്കുഭാഗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്ന് കുറച്ചകലെയായി സ്ഥിതിചെയ്യുന്ന വരണ്ടപ്രദേശങ്ങളാണ് സെര്‍ത്താവു എന്നറിയപ്പെടുന്നത്. മഴ തീരെ കുറവായ, മുള്‍ക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശമാണ് ഹോസയെ ലോകപ്രശസ്തനാക്കിയ Grande Sertao: Verdas എന്ന മഹത്തായ നോവലിന്റെ പശ്ചാത്തലം; അല്ല, നോവലിലെ പ്രധാനകഥാപാത്രം തന്നെ ഈ ഭൂഭാഗമാണ്. റിയൊവാല്‍ദോ എന്ന കഥാപാത്രത്തിന്റെ ആത്മഗതത്തിലൂടെ വികസിക്കുന്ന ഈ നോവല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ സൃഷ്ടിച്ച വിപ്ലവം ജെയിംസ് ജോയ്‌സിന്റെ യുലീസസ് ഇംഗ്ലീഷ് ഭാഷയിലുണ്ടാക്കിയതിന് സമാനമാണെന്ന് കരുതപ്പെടുന്നു. Grande Sertao: Verdas എന്നതിന്റെ ഏകദേശ അര്‍ത്ഥം മഹത്തായ സെര്‍ത്താവുവിലെ വഴിത്താരകള്‍ എന്നാണ്. എന്നാല്‍ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ നല്‍കപ്പെട്ട പേര് The Deril to Pay in the Backlands എന്നായിരുന്നു. ഈ പേരിനോടും നോവലിന്റെ പരിഭാഷയോട് ആകെത്തനെയും ഹോസയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്ന ഈ നോവലിന്റെ കൃത്യമായ ഇംഗ്ലീഷ് പരിഭാഷ ഉണ്ടാകാനിരിക്കുന്നതേയുള്ളൂ.

ഹോസ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് ബ്രസീലില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യം ഭരിച്ചിരുന്ന പട്ടാള ഗവണ്മെന്റിനെതിരെയുള്ള കലാപത്തില്‍ ഹോസയും പങ്കുചേര്‍ന്നു. ജനകീയസേനയിലെ ഡോക്ടറായിരുന്നു അദ്ദേഹം. ഈ യുദ്ധാനുഭവങ്ങള്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിനെ രൂപപ്പെടുത്താന്‍ സഹായകമായി.

ആഭ്യന്തരയുദ്ധത്തിനുശേഷം ബ്രസീലിന്റെ പ്രസിഡന്റായിത്തീര്‍ന്ന ജൂസെലിനോ കുബിച്ചെക്കുമായുള്ള (Jucelino Kubitschek de Olivera ) അടുപ്പംകാരണം ഹോസ ജര്‍മനിയിലെ അസിസ്റ്റന്റ് കോണ്‍സലായി നിയമിതനായി. ഇവിടെവെച്ച് പില്‍ക്കാലത്ത് തന്റെ ഭാര്യയായിത്തീര്‍ന്ന അരസി ദെ കാര്‍വാലോയെ (Aracy de Carvalho) അദ്ദേഹം പരിചയപ്പെടുന്നത്. ജൂതന്മാരെ നാസിജര്‍മ്മനിയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച ഒരു ധീരവനിതയായിരുന്നു അവര്‍.

drowing

സെര്‍ത്താവു നോവലിനു പുറമേ  Sagarana എന്ന പേരില്‍ മറ്റൊരുകൂട്ടം ചെറുനോവലുകളും The Jaguar and Other Stories, The Third Bank of the River and Other Stories  എന്നീ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായി ഇംഗ്ലീഷില്‍ ലഭ്യമാണ്. നദിയുടെ മൂന്നാം തീരം എന്ന കഥ ലോകസാഹിത്യത്തിലെ തന്നെ മഹത്തായ രചനകളിലൊന്നായി കരുതപ്പെടുന്നു.
    
കഥപറയുന്നയാളിന്റെ അച്ഛന്‍ ഒരു ദിവസം തോണിയുമായി നദിയിലേക്കു പോകുന്നു. പിന്നീടദ്ദേഹം മടങ്ങിവരുന്നില്ല. കരയ്ക്കണണയാതെ അച്ഛന്‍ നദിയിലൂടെ തുഴഞ്ഞുനടക്കുകയാണ്. വീട്ടുകാരുടെ ഭീഷണിക്കും കെഞ്ചലിനുമൊന്നും അദ്ദേഹം വഴിപ്പെടുന്നില്ല. ഒടുവില്‍ വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ മകന്‍ അദ്ദേഹത്തോട് പറയുന്നു: 'ഏറെക്കാലമായില്ലേ? ഇനി അച്ഛനു പകരം ഞാന്‍ നദിയിലേക്കു പോകാം.' ഇതുകേട്ട് അച്ഛന്‍ കരയിലേക്ക് തോണിതുഴഞ്ഞു. പക്ഷേ മകന്‍ ഭയന്നുപോയി. അയാള്‍ പിന്തിരിത്തോടുകയാണ്. എങ്കിലും അയാള്‍ക്കൊരാഗ്രഹമുണ്ട്: മരിച്ചു കഴിയുമ്പോള്‍ ഒരു ചെറുതോണിയില്‍ തന്നെയീ നദിയിലൊഴുക്കണം... and  I, down the river,  lost in the river, inside  the river... the river... തത്ത്വചിന്തയാണോ മാന്ത്രികത്വമാണോ കഥയിലൂടെ ഒഴുകുന്നതെന്ന് പറയാന്‍വയ്യ.

മിക്ക ലാറ്റിനമേരിക്കന്‍ കഥാസമാഹാരങ്ങളിലും ഹോസയുടെ ഈയൊരു കഥയേ ഉള്‍പ്പെടുത്തിക്കാണുന്നുള്ളൂ.  ഇതുപോലെയോ ഇതിലും മികവുറ്റതോ ആയ മറ്റനേകം കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതീതയാഥാര്‍ത്യം മിക്ക കഥകളിലും കടന്നുവരുന്നുണ്ടെങ്കിലും അങ്ങനെയല്ലാത്ത കഥകളും കാണാനാകും. Soroco, His Mother, His Daughter എന്ന കഥ അത്തരത്തിലുള്ളതാണ്.

റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നു.. പുതിയതെന്നു തോന്നിക്കുന്ന ഒരു കമ്പാര്‍ട്ട്‌മെന്റ് തീവണ്ടിയില്‍ ഘടിപ്പിക്കാന്‍ അവിടെ കിടക്കുന്നുണ്ട്. ആ കമ്പാര്‍ട്ട്‌മെന്റ് രണ്ടായി വിഭജിച്ചിട്ടുണ്ടെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം.  ഒരു ഭാഗം ജയിലിലെന്നപോലെ പരസ്പരം പിണച്ചുവെച്ച കമ്പികള്‍ കൊണ്ട് സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു.

സൊറോക്കോയുടെ അമ്മയെയും മകളെയും കൊണ്ടുപോകാനുള്ളതാണ് ആ കമ്പാര്‍ട്ട്‌മെന്റ്. ദരിദ്രനും ഏറെക്കുറെ വിരൂപനുമായ ഒരുവനായിരുന്നു സൊറോക്കോ. അയാളുടെ ഭാര്യ മരിച്ചുപോയി. അയാളുടെ അമ്മയ്ക്ക് ഭ്രാന്തായിരുന്നു. പാരമ്പര്യം കൊണ്ടാകാം ഇപ്പോള്‍ മകള്‍ക്കും ഭ്രാന്തു പിടിപെട്ടിരിക്കുന്നു. ഇനിയും മുന്നോട്ടു പോകാനാവില്ലെന്ന ഘട്ടമെത്തിയപ്പോള്‍ അയാള്‍ അധികാരികളോട് അപേക്ഷിച്ചു. അതുപരിഗണിച്ച് അവര്‍ ആ രണ്ടു സ്ത്രീകളെയും ദൂരെയുള്ള ഭ്രാന്താശുപത്രിയില്‍ സൗജന്യമായി എത്തിക്കാന്‍ ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്തു. അവരിനി ഒരിക്കലും തിരിച്ചുവരില്ല. സൊറോക്കോ ഇനിയൊരിക്കലും അവരെ കാണാനും പോകുന്നില്ല; ദൂരെയുള്ള ഒരു സ്ഥലം ഒരു ദരിദ്രനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ദൂരെയാണ്.

അവരെ യാത്രയയക്കാനെത്തിയതാണ് ആളുകള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ സൊറോക്കോ അമ്മയെയും മകളെയും കൂട്ടിവരുന്നത് അവര്‍ കണ്ടു. അയാളവരുടെ ചുമലുകളില്‍ കൈചേര്‍ത്ത് പിടിച്ചിരുന്നു. മകള്‍ തുണ്ടുതുണികള്‍ തുന്നിച്ചേര്‍ത്ത കുപ്പായമാണ് ധരിച്ചിരുന്നത്. അമ്മയാവട്ടെ ഒരു കറുത്ത ഉടുപ്പും. കീറിയതെങ്കിലും ഉള്ളതില്‍ മികച്ച വസ്ത്രമാണ് സൊറോക്കോയും ധരിച്ചിരുന്നത്. അവരുടെ വരവുകണ്ടാല്‍ കല്യാണത്തിനു പോവുകയാണെന്നു തോന്നുമെങ്കിലും മുഖഭാവം ശവസംസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നവരുടേതായിരുന്നു.
     
പെട്ടെന്ന് പെണ്‍കുട്ടി പാടാന്‍ തുടങ്ങി. ആള്‍ക്കൂട്ടം ചിരിയടക്കി. അസംബന്ധശബ്ദങ്ങള്‍ നിറഞ്ഞതായിരുന്നു അവളുടെ പാട്ട്. ആകാശത്തിലേക്കു നോക്കി കൈകളുയര്‍ത്തിക്കൊണ്ട് അവള്‍ പാടി. ഹൃദയത്തില്‍ത്തൊടുന്ന എന്തോ ഒന്ന് അതിലുണ്ടായിരുന്നു. അവളുടെ മുഖം ശാന്തമായിരുന്നു.
     
വൃദ്ധ പേരക്കുട്ടിയെ വാത്സല്യത്തോടെ നോക്കി. എന്നിട്ട് അവരും ആ പാട്ട് ഏറ്റുപാടാന്‍ തുടങ്ങി. തീവണ്ടി വന്നു. യാതൊരെതിര്‍പ്പും കൂടാതെ രണ്ടു സ്ത്രീകളും വണ്ടിയില്‍ കയറി; കൂടെ അവരെ അനുഗമിക്കുന്ന രണ്ട് സന്നദ്ധസേവകരും. കുറെ ചെറുപ്പക്കാര്‍  ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍ അവരുടെയരികില്‍ എടുത്തുവെച്ചു. ചൂളംകുത്തിക്കൊണ്ട് വണ്ടി നീങ്ങി. മനസ്സ് വരുതിയില്‍ നില്‍ക്കാത്ത ആ ഹതഭാഗ്യകള്‍ അപ്പോഴും പാട്ടു നിര്‍ത്തിയിരുന്നില്ല.
അകന്നുപോകുന്ന വണ്ടിയെ നോക്കുകപോലും ചെയ്യാതെ സൊറോക്കോ തിരിഞ്ഞുനടന്നു. ആള്‍ക്കൂട്ടം അയാളുടെ പിന്നാലേ പോയി. പെട്ടെന്നയാള്‍ നിന്നു. എന്നിട്ട് പാടാന്‍ തുടങ്ങി.  അയാളുടെ അമ്മയും മകളും പാടിയ, അസംബന്ധത നിറഞ്ഞ അതേ പാട്ട്.
ആള്‍ക്കൂട്ടം സ്തംഭിച്ചുനിന്നു. പിന്നെ ഓരോരുത്തരായി അവരും ആ പാട്ട് ഏറ്റുപാടാന്‍ തുടങ്ങി. അങ്ങനെ പാട്ടുപാടിക്കൊണ്ട് അവര്‍ സൊറോക്കോയെ അയാളുടെ വീട്ടിലേക്കു കൊണ്ടുപോയി.

ഞാനൊരു പൂമ്പാറ്റയോടു പറഞ്ഞു;
ഞാനൊരു തുമ്പിയോടും പറഞ്ഞു:
എന്റമ്മയെ പോയി കാണാന്‍;
എന്റച്ഛനെ പോയി കാണാന്‍.

പൂമ്പാറ്റ മടങ്ങിവന്നു;
തുമ്പിയും മടങ്ങിവന്നു.
അവര്‍ പറഞ്ഞു: നിന്റമ്മ കരയുകയാണ്;
അവര്‍ പറഞ്ഞു: നിന്റച്ഛന്‍ നീറുകയാണ്.

ഞാന്‍ പോയി;
ഞാന്‍ തന്നെ പോയി നോക്കി:
ശരിതന്നെ: എന്റമ്മ കരയുകയാണ്;
ശരിതന്നെ:  എന്റച്ഛന്‍ നീറുകയാണ്.

പെറുവിലെ കെഷുവാ (Quechua ) ഇന്ത്യരുടെ ഈ പാട്ട് ഹോസയുടെ കഥകളിലൂടെ ഒഴുകുന്നതുപോലെ തോന്നും; കഥകളുടെ ആ നദിക്ക് തീരങ്ങളില്ലെന്നും.

Content Highlights : Kadayil Oru Mashinottam, Joao Gaimaraes Rosa, The Third Bank of the River, Grande Sertao: Verdas