വിയര്‍ മരിയാസിന്റെ (Javier Marias) മിക്ക നോവലുകളുടെയും പേരുകള്‍ ഷേക്‌സ്പിയറുടെ നാടകങ്ങളില്‍ നിന്ന് കടം കൊണ്ടവയാണ്. Thus  Bad Begins (ഹാംലെറ്റിലെ Thus bad begins and worse remains behind എന്ന വരികളില്‍ നിന്ന്)  എന്നു പേരുള്ള നോവലിനെക്കുറിച്ചുള്ള ചോദ്യത്തിന് മരിയാസ് ഇങ്ങനെയാണ്  മറുപടി പറഞ്ഞത്: 'ഇപ്പോള്‍ പല എഴുത്തുകാരും ഷേക്‌സ്പിയറിനെ വായിക്കാറില്ല. പക്ഷേ, ഷേക്‌സ്പിയര്‍ എനിക്ക് ഉര്‍വരതയാണ്. നിഗൂഢതയാണ് അദ്ദേഹം. അനേകം പാതകളാണ് ആ രചനകള്‍ തുറന്നു തരുന്നത്. Thus Bad Begins എന്നതില്‍ സ്‌പെയിന്‍ ഒരുപാടു കാലം അനുഭവിച്ച ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന്റെ അടയാളങ്ങളുണ്ട്.'

തന്റെ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുന്നവയാണ് മരിയാസിന്റെ രചനകള്‍. പക്ഷേ അവ തുറന്നെഴുത്തുകളല്ല; കഥപറച്ചിലിലെ നിഗൂഢതയുടെ അംശം അവ നമുക്കായി ബാക്കിനിര്‍ത്തുന്നുണ്ട്. അങ്ങനെ കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നോ മരിച്ചുപോയ ഒരപരിചിതന്‍ നമുക്കു പിന്നില്‍ നില്‍ക്കുന്നതായി നമ്മള്‍ കാണുന്നു. ഞെട്ടിത്തിരിഞ്ഞ് ആ ദുഃസ്വപ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വിയര്‍ക്കുമ്പോള്‍ കാലുകള്‍ നഷ്ടപ്പെട്ട മറ്റൊരു ദുഃസ്വപ്നം കൈകള്‍ നിലത്തുകുത്തി നമ്മെ പിന്തുടരുന്നത് കാണേണ്ടിവരുന്നു.
 
നിശ്ചലമായ ജലധാരയ്ക്കു മേല്‍
ഒരു വലിയ പക്ഷിയുടെ ജഡം
ഉറങ്ങുന്നു.

സ്വപ്നത്തിന്റെ മഞ്ഞുപരലുകള്‍ക്കിടയില്‍
കമിതാക്കള്‍ ചുംബിക്കുന്നു.

'മോതിരം, ആ മോതിരമെനിക്കു തരൂ.'
'എനിക്കെന്റെ വിരലുകള്‍ കാണാനാവുന്നില്ല.'

''നീയെന്തിനാണെന്നെ പിടിച്ചുവെയ്ക്കുന്നത്?'

''ഇല്ല., കിടക്കയില്‍ എന്റെ കൈകള്‍
മരവിച്ചുപോയിരിക്കുന്നു.'

ഇലകള്‍ക്കടിയിലൂടെ
കുരുടന്‍നിലാവ് ഇഴഞ്ഞുവരുന്നു. 

ലോര്‍ക്കയുടെ (Federico Garcia Lorca)യുടെ ഈ വരികള്‍ എവിടെയൊക്കെയോ മരിയാസിന്റെ എഴുത്തുകളുമായി സാമ്യപ്പെടുന്നുണ്ട്. ലോര്‍ക്കയുടെ കവിതകള്‍ പോലെ ആ കഥകളും വിടവുകള്‍ പൂരിപ്പിക്കുന്നില്ല. ആ വിടവുകള്‍ക്കുള്ളിലാകട്ടെ പറയാത്ത അനേകം കഥകളും മുഖമില്ലാത്ത കഥാപാത്രങ്ങളും ഒളിഞ്ഞിരിക്കുന്നതായി നമുക്കു തോന്നുകയും ചെയ്യും.

സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ( Madrid) 1951 ലാണ് ഹവിയര്‍ മരിയാസ് ജനിക്കുന്നത്. തത്വചിന്തകനായ ഹുലിയാന്‍ മരിയാസായിരുന്നു പിതാവ്. ഫ്രാങ്കോയുടെ ഏകാധിപത്യകാലത്ത് ഹുലിയാന്‍ തടവിലാക്കപ്പെടുകയും അധ്യാപന ജോലിയില്‍നിന്ന് വിലക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് നാടുവിട്ടുപോകേണ്ടി വന്നു. ഹവിയറിന്റെ ബാല്യകാലത്തിന്റെ പലഭാഗങ്ങളും ചെലവഴിച്ചത് അമേരിക്കയിലായിരുന്നു. പതിനാലാം വയസ്സില്‍ തന്നെ  The Life and Death of Marcelino Iturriaga എന്ന മനോഹരമായ ഒരു കഥ അദ്ദേഹം എഴുതി. അതില്‍ ഇങ്ങനെ പറയുന്നു:
'മരണത്തിനപ്പുറം യാതൊന്നുമില്ല. എനിക്കിനി അവശേഷിച്ചിട്ടുള്ളത് ശവക്കുഴിയില്‍ എന്നെന്നേക്കുമായുള്ള കിടപ്പ് മാത്രം; ശ്വാസമില്ലാതെ, പക്ഷേ ജീവനോടെ. എനിക്ക് കണ്ണുകളില്ല; പക്ഷേ കാണാം; ചെവികളുമില്ല, പക്ഷേ കേള്‍ക്കാം.'

മാഡ്രിഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ഡ്രാക്കുള സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തി. പതിനേഴാം വയസ്സില്‍ മരിയാസ് തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. പിന്നെ അദ്ദേഹം തുടര്‍ച്ചയായി എഴുതി. 1992ല്‍ പ്രസിദ്ധീകരിച്ച A Heart So White എന്ന നോവല്‍ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. Your Face Tomorrow എന്ന പേരിലുള്ള നോവല്‍ത്രയം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്നു.

മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഇടകലരുന്നതാണ് മരിയാസിന്റെ കഥാലോകം. പല കഥകളിലെയും ആഖ്യാതാവ് പരേതനാണ്. കുറ്റാന്വേഷണത്തിന്റെയും നിഗൂഢതയുടെയും അടരുകള്‍ അവയിലുണ്ട്. അദ്ദേഹത്തിന്റെ When I was Mortal എന്ന സമാഹാരത്തിലെ കഥകളിലും ഈ സവിശേഷതകള്‍ കാണാനാകും.

Flesh Sunday എന്ന കഥ പേരു സൂചിപ്പിക്കുന്നതു പോലെ മാംസത്തിന്റെ ഒഴിവുദിവസമാണ്. പക്ഷേ നിഗൂഢത അതിലും ഒഴിയുന്നില്ല. ഒരു തീരദേശ പട്ടണത്തില്‍ കടലിനരികെയുള്ള ഹോട്ടലില്‍ മുറിയെടുത്ത ഒരു കാമുകനും കാമുകിയുമാണ് പ്രധാനകഥാപാത്രങ്ങള്‍. നീണ്ട അവധിക്കാലം ഇരുവരെയും മടുപ്പിച്ചിരിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ അവള്‍ കിടക്കയില്‍ മലര്‍ന്നുകിടക്കുമ്പോള്‍ അയാള്‍ മുഷിപ്പുമാറ്റാനായി കടല്‍ത്തീരത്ത് സൂര്യസ്‌നാനം ചെയ്യുന്നവരെ ബൈനോക്കുലേഴ്‌സിലൂടെ വീക്ഷിക്കുന്നു. സമുദ്രത്തിനു സമാന്തരമായി മാംസത്തിന്റെ മറ്റൊരു സമുദ്രമാണ് അയാള്‍ കാണുന്നത്. അര്‍ദ്ധനഗ്‌നരായി വെയില്‍കാഞ്ഞു കിടക്കുന്നവരുടെ മടുപ്പിക്കുന്ന സമുദ്രം.

പെട്ടെന്നാണ് തൊട്ടടുത്ത മുറിയില്‍ അയാളെപ്പോലെതന്നെ കടല്‍ത്തീരത്തുള്ളവരെ ദൂരദര്‍ശിനിയിലൂടെ വീക്ഷിക്കുന്ന മറ്റൊരാളെ അയാള്‍ കണ്ടത്.  മറ്റേയാളുടെ മുഖംകാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.  വാതിലിനു വെളിയിലേക്കുനിന്ന കൈയുടെ ഒരു ഭാഗവും ദൂരദര്‍ശിനിയും മാത്രമേ കാണാനാകുമായിരുന്നുള്ളൂ.
രണ്ടാമത്തെയാള്‍ പക്ഷേ അയാളെപ്പോലെ കടല്‍ത്തീരത്തുള്ളവരെ മാറിമാറി നോക്കുകയായിരുന്നില്ല. ആ ദൂരദര്‍ശിനി ഒരേയൊരു ബിന്ദുവിനെ മാത്രം ലക്ഷ്യം വെച്ചിരിക്കുകയായിരുന്നു.  രണ്ടാമന്‍ ആരെയാണ് നോക്കുന്നതെന്നു കണ്ടുപിടിക്കാനായിരുന്നു പിന്നീട് അയാളുടെ ഉദ്യമം.  ഏറെ പണിപ്പെട്ട് ഒടുവില്‍ അയാളതു കണ്ടെത്തി:

marias illustrations

കടല്‍ത്തീരത്ത് ഒഴിഞ്ഞ ഒരിടത്തായി നാലുപേരുണ്ടായിരുന്നു. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും. സ്ത്രീകളില്‍ ഇളയവള്‍ കമിഴ്ന്നുകിടന്ന് സൂര്യസ്‌നാനം ചെയ്യുകയായിരുന്നു. മുതിര്‍ന്നവളാവട്ടെ ഇരിക്കുകയും. അവളുടെ അടുത്ത് കടലില്‍ കുളിച്ചുകയറിവന്ന ഒരുവന്‍ തണുത്തു വിറയ്ക്കുന്നതുപോലെ അഭിനയിച്ചുകൊണ്ടുനിന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായംകൂടിയയാള്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി ഒരു പച്ച ടീഷര്‍ട്ടു ധരിച്ചിരുന്നു. പെട്ടെന്ന് അയാള്‍ ഇരുന്നയിരുപ്പില്‍ ഒരു പാവയെപ്പോലെ മുഖമടച്ചു വീണു. ഹോട്ടലില്‍ നിന്ന് അവരെ നോക്കിക്കൊണ്ടിരുന്നയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തൊട്ടടുത്ത മുറിയിലെ ആളുടെ കൈ അകത്തേക്കു വലിയുന്നതായിരുന്നു. എന്നാല്‍ ആ കൈയില്‍ നേരത്തെ കണ്ട ബൈനോക്കുലേഴ്‌സല്ല; ഒരു തോക്കായിരുന്നു ഉണ്ടായിരുന്നത്!

പെണ്‍സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വ്യത്യസ്തമായ ഒരു മുഖം കാണിച്ചുതരുന്നതാണ് Unfinished Figures എന്ന കഥ. വിഖ്യാത സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സീസ്‌കോ ഗോയ്യായുടെ (Francisco Goya) യുടെ ദോന്യ  മരീയ തെരേസ ദെ വയാര്‍ബിഗ എന്ന പൂര്‍ത്തിയാക്കാത്ത ഒരു ചിത്രം അതേ പേരുള്ള ഒരു വൃദ്ധയുടെ പേരില്‍ സൂക്ഷിച്ചിരുന്നു. കോടികള്‍ വിലമതിക്കുന്ന ആ ചിത്രത്തില്‍ അവരുടെ പാപ്പരായിത്തീര്‍ന്ന മരുമകന്‍ നോട്ടമിട്ടിരിക്കുകയാണ്. 

വൃദ്ധയുടെ കാലശേഷം അവരുടെ മറ്റു സ്വത്തുക്കള്‍ അയാളുടെ പേരിലാണെങ്കിലും ആ ചിത്രം അവര്‍ ഒരു വേലക്കാരിയുടെ പേരിലാണ് എഴുതി വെച്ചിട്ടുള്ളത്. ചിത്രം സ്വന്തമാക്കണമെങ്കില്‍ അതുപോലുള്ള മറ്റൊരു ചിത്രം അതിന്റെ സ്ഥാനത്തു വെച്ചേ തീരൂ. ഏതു ചിത്രത്തിന്റെയും പകര്‍പ്പുണ്ടാക്കാനും ചിത്രകാരന്റെ ഒപ്പ് അനുകരിക്കാനും വിദഗ്ദ്ധനായ ഒരാളുണ്ട് -കസ്താര്‍ദോയ് എന്നാണയാളുടെ പേര്. മരുമകന്‍ അയാളെ സമീപിച്ചു.

അങ്ങനെ ചിത്രം കാണാന്‍ കസ്താര്‍ദോയ് അവരുടെ വീട്ടിലേക്കു വന്നു. അപൂര്‍ണമായ ചിത്രത്തിനു പുറമേ ആ വീട്ടില്‍ പൂര്‍ത്തിയാക്കാത്ത മൂന്നു രൂപങ്ങള്‍കൂടിയുണ്ടെന്ന് അയാള്‍ക്കു മനസ്സിലായി: മരിച്ചുപോയ ഭര്‍ത്താവിനേക്കാള്‍ തന്നെയുപേക്ഷിച്ച കാമുകനെ ഓര്‍ത്തു കൊണ്ടിരിക്കുന്ന വൃദ്ധ, പ്രായപൂര്‍ത്തിയാകാത്ത വേലക്കാരി പിന്നെ മുയല്‍ക്കെണിയില്‍പ്പെട്ട് കാലുകളിലൊന്നു നഷ്ടപ്പെട്ട ഒരു പട്ടിയും.

അന്നു രാത്രി കസ്താര്‍ദോയ് അവിടെ തങ്ങി. കുറെക്കഴിഞ്ഞപ്പോള്‍ കനത്ത മഴ പെയ്തു. കൂടെ ശക്തമായ ഇടിയും മിന്നലും. പട്ടി നിര്‍ത്താതെ കുരയ്ക്കുന്നതു കേട്ട് അയാള്‍ ജനല്‍ തുറന്നു നോക്കി. മഴയത്തുകൂടി പട്ടി കുരച്ചുകൊണ്ട് മുടന്തി നടക്കുന്നതും അതിനെ തിരിച്ചുകൊണ്ടുവരാന്‍ വേലക്കാരി മുറ്റത്തിറങ്ങുന്നതും അയാള്‍ കണ്ടു. നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ അവള്‍ മിക്കവാറും നഗ്നയായിരുന്നു. അവരെക്കാത്ത് കുടയും ചൂടി വൃദ്ധയും നില്‍ക്കുന്നുണ്ടായിരുന്നു. ''വസ്ത്രമഴിച്ചു മാറ്റിയിട്ട് ഇപ്പോള്‍തന്നെ പോയിക്കിടക്ക്.' വൃദ്ധ അവളോട് പറയുന്നത് അയാള്‍ കേട്ടു. അകത്ത്,  ഒരേയൊരു മുറിയുടെ വാതിലുകള്‍ മാത്രമടയുന്നതിന്റെ ഒച്ച കേട്ടപ്പോള്‍  കസ്താര്‍ദോയ്ക്ക് എല്ലാം മനസ്സിലായി. ഗോയയുടെ ചിത്രത്തിന്റെ പകര്‍പ്പുണ്ടാക്കാനാവില്ലെന്ന് അയാള്‍ പിറ്റേന്ന് മരുമകനോട് തീര്‍ത്തു പറഞ്ഞു.

പാവപ്പടയാളികളെക്കൊണ്ടു കളിക്കുന്നതുപോലെ നീ ഞങ്ങളെക്കൊണ്ട് കളിക്കുകയാണോ എന്ന് ലോര്‍ക്ക ഒരു കവിതയില്‍ ദൈവത്തോടു ചോദിക്കുന്നുണ്ട്. ഈ കളിപ്പാട്ടങ്ങളെപ്പോലെയാണ് മരിയാസിന്റെ കഥാപാത്രങ്ങള്‍. അജ്ഞേയമായ വിധി അവരെക്കൊണ്ട് നിരന്തരം പകിട കളിക്കുന്നു.

Content Highlights : Javier Marias, Thus  Bad Begins, Thus Bad Begins , Federico Garcia Lorca,  The Life and Death of Marcelino Iturriaga, Your Face Tomorrow, A Heart So White ,  When I was Mortal