ഭ്രമാത്മകതയും ഭീതിയും നിറഞ്ഞവയാണ് ഒഡാസ്യോ ക്വിരോഗയുടെ (Horacio Quiroga) കഥകളെല്ലാം. അവയേക്കാള്‍ പതിന്മടങ്ങ് ഭ്രമാത്മകതയും ഭീതിയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം: പ്രണയങ്ങള്‍, വെടിയേറ്റുളള മരണങ്ങള്‍, ആത്മഹത്യകള്‍....

1878ല്‍ ഉറുഗ്വായിയിലാണ് ക്വിരോഗ ജനിച്ചത്. അദ്ദേഹത്തിന് രണ്ടരമാസം പ്രായമുള്ളപ്പോള്‍ പിതാവു മരിച്ചു. കൈയില്‍ കൊണ്ടുനടന്നിരുന്ന ഒരു തോക്കില്‍നിന്ന് അബദ്ധത്തില്‍ പൊട്ടിയ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്.
ഇരുപതു വയസ്സുള്ളപ്പോള്‍ ക്വിരോഗ കവിതയെഴുതാന്‍ തുടങ്ങി. എഡ്ഗാര്‍ അലെന്‍ പോയും അര്‍ജന്റൈന്‍ എഴുത്തുകാരനായ ലിയപ്പോള്‍ദോ ലുവോണെസും ( Leopoldo Lugones) അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഇക്കാലത്തുതന്നെ മേരി എസ്‌തെര്‍ യര്‍ക്കോവ്‌സ്‌ക്കി എന്നു പേരുള്ള പെണ്‍കുട്ടിയുമായി അദ്ദേഹം പ്രണയത്തിലായി. പക്ഷേ അവളുടെ ജൂതവംശജരായ മാതാപിതാക്കള്‍ ആ ബന്ധത്തെ അങ്ങേയറ്റം എതിര്‍ത്തു. ഒടുവില്‍ ക്വിരോഗയില്‍നിന്ന്  അവളെ അവര്‍ അകറ്റിക്കൊണ്ടുപോവുകതന്നെ ചെയ്തു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പില്‍ക്കാലരചനകളായ The Slaughtered, A Season of Love എന്നിവയുടെ പ്രചോദനം ഈ പെണ്‍കുട്ടിയായിരുന്നു.
       
1899ല്‍ ക്വിരോഗയുടെ രണ്ടാനച്ഛന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. പിന്തുടര്‍ച്ചാവകാശമായിക്കിട്ടിയ പണവുമായി ക്വിരോഗ പാരീസിലേക്കു തിരിച്ചു. ആ യാത്ര ഒരു പരാജയമായിരുന്നു. ദരിദ്രനും മനസ്സുമടുത്തവനുമായി അദ്ദേഹം ഉറുഗ്വായിയിലേക്കു മടങ്ങി. 
നാട്ടില്‍ അദ്ദേഹം സുഹൃത്തുക്കളുടെകൂടെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1901ല്‍ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ Coral Reefs പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ ആ വര്‍ഷം ക്വിരോഗയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങളുടേതായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങള്‍ അസുഖം ബാധിച്ച് മരിച്ചു.  അതിലും വലിയ ദുരന്തമായിരുന്നു ക്വിരോഗയെ കാത്തുനിന്നത്: അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു എഴുത്തുകാരനായിരുന്ന ഫെദെറിക്കോ ഫെറാന്‍ദോ. തന്റെ  രചനകളെപ്പറ്റി മോശപ്പെട്ട നിരൂപണമെഴുതിയ ഹെര്‍മെയ്ന്‍ പാപ്പീനി എന്ന പത്രപ്രവര്‍ത്തകനെ ഫെറാന്‍ദോ ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. സുഹൃത്തിന്റെ സുരക്ഷയില്‍ ഉത്കണ്ഠയുണ്ടായിരുന്ന ക്വിരോഗ ദ്വന്ദയുദ്ധത്തിനുപയോഗിക്കുന്ന തോക്കു പരിശോധിക്കുന്നതിനിടയില്‍  എങ്ങനെയോ വെടിപൊട്ടുകയും ഫെറാന്‍ദോ കൊല്ലപ്പെടുകയും ചെയ്തു.  

ക്വിരോഗയെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും നിരപരാധിയാണെന്നു മനസ്സിലായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം വിട്ടയച്ചു. ഏതായാലും ഈ സംഭവം അദ്ദേഹത്തെ ആകെ തകര്‍ത്തുകളഞ്ഞു. സ്വരാജ്യമുപേക്ഷിച്ച് അദ്ദേഹം അര്‍ജന്റീനയിലേക്കു പോയി. അവിടെ അധ്യാപനവും പരുത്തികൃഷിയുമുള്‍പ്പെടെ പല ജോലികളിലുമദ്ദേഹം ഏര്‍പ്പെട്ടു. പലതിലും പരാജയമായിരുന്നു ഫലം. എങ്കിലും അവിടെവെച്ച് ക്വിരോഗയ്ക്ക് കാടിനെ അടുത്തറിയാന്‍ കഴിഞ്ഞു.. വനം അതിന്റെ നിഗൂഢതകളിലൂടെ അദ്ദേഹത്തിന്റെ മനസ്സിലേക്ക് എന്നെന്നേക്കുമായി കുടിയേറി. അദ്ദേഹം കഥാരചനയില്‍ മുഴുകി. പ്രസിദ്ധമായ The Feather Pillow ഉള്‍പ്പെടെയുള്ള പല കഥകളും അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്.

ഉറുഗ്വായിലേക്ക് മടങ്ങിയ ക്വിരോഗ വനപ്രദേശമുള്‍പ്പെടെയുള്ള കുറെയേറെ സ്ഥലം വിലയ്ക്കു വാങ്ങി. എഴുത്തിനോടൊപ്പം അധ്യാപനവും അദ്ദേഹം തുടര്‍ന്നു. വൈകാതെ, തന്റെ വിദ്യാര്‍ത്ഥിനികളിലൊരാളായ അനാ മരിയാ സൈറസുമായി അദ്ദേഹം പ്രണയത്തിലായി. ക്വിരോഗയേക്കാള്‍ എത്രയോ പ്രായം കുറവായിരുന്നു അവള്‍ക്ക്. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് അദ്ദേഹമവളെ വിവാഹം കഴിക്കുകയും വനത്തില്‍ താമസമാക്കുകയും ചെയ്തു.
 
ആ ബന്ധത്തില്‍ ഒരു മകനും മകളുമാണുണ്ടായിരുന്നത്. കുട്ടികളോട് ക്വിരോഗ കര്‍ക്കശനായിരുന്നു. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ അവര്‍ പ്രാപ്തരാകണമെന്ന് അദ്ദേഹം കരുതി. അദ്ദേഹം അവര്‍ക്കു നല്‍കിയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി അങ്ങനെ കുട്ടികള്‍ക്ക് ഒരു രാത്രി തനിയെ വനത്തില്‍ ചെലവിടേണ്ടി വന്നു. മറ്റൊരിക്കല്‍ കാലുകള്‍ ശൂന്യതയിലേക്ക് തൂക്കിയിട്ട് കുത്തനെയുള്ള ഒരു കൊടുമുടിയുടെ മുകളില്‍ ഇരിക്കേണ്ടതായും വന്നു. അഞ്ചു വയസ്സായപ്പോഴേക്കും മകള്‍ വന്യമൃഗങ്ങളെ മെരുക്കാനും മകന്‍ തോക്കുപയോഗിക്കാനും പഠിച്ചുകഴിഞ്ഞിരുന്നു.

കുട്ടികള്‍ ഇതൊക്കെ ആസ്വദിച്ചെങ്കിലും ഭാര്യയായ അനാ മരീയ പേടിച്ചുവിറച്ചു. വനത്തില്‍നിന്ന് താമസംമാറ്റാന്‍ അവള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. ക്വിരോഗ ചെവികൊണ്ടില്ല. കലഹങ്ങള്‍ പതിവായി. വികാരവിക്ഷോഭത്തിനൊടുവില്‍ ഒരു ദിവസം അനാ മരീയ വിഷം കഴിച്ചു. എട്ടുദിവസത്തെ മരണവേദനയെക്കാടുവില്‍ ക്വിരോഗയുടെ കൈകളില്‍ കിടന്ന് അവള്‍ മരിച്ചു. ക്വിരോഗ വീണ്ടും എല്ലാം തകര്‍ന്നവനായി.
അദ്ദേഹം കുട്ടികളെയും കൂട്ടി വീണ്ടും അര്‍ജന്റീനയിലേക്കു പോയി. സുഹൃത്തുക്കളുടെ ശ്രമഫലമായി അദ്ദേഹത്തിന് അവിടത്തെ ഉറുഗ്വായന്‍ കോണ്‍സുലേറ്റില്‍ ജോലി കിട്ടി. Anaconda, കുട്ടികള്‍ക്ക് വേണ്ടി എഴുതിയ Jungle Tales തുടങ്ങിയവയുള്‍പ്പെടെ പല പ്രധാനകൃതികളും ഇക്കാലത്താണ് അദ്ദേഹം രചിച്ചത്. 

തുടര്‍ന്ന് അര്‍ജന്റീനയിലെ ഒരു വനപ്രദേശത്തേക്ക് അദ്ദേഹം താമസം മാറ്റി. വൈകാതെ ക്വിരോഗ വീണ്ടും പ്രണയത്തില്‍വീണു. ഇരുപത്തിരണ്ടുരണ്ടുകാരിയായ അനാ മരീയ പലാസിയോയായിരുന്നു പുതിയ പ്രണയിനി. പതിവുപോലെ അവളുടെ അച്ഛനമ്മമാരും ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഗുഢഭാഷയില്‍ കത്തെഴുതുക, അവളുടെ മുറിയ്ക്കടിയിലേക്ക് തുരങ്കമുണ്ടാക്കുക തുടങ്ങിയ പല കലാപരിപാടികളും പ്രണയസാക്ഷാത്കാരത്തിനായി ക്വിരോഗ നടപ്പിലാക്കി. ഒടുവില്‍ അദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടിയ അവളുടെ മാതാപിതാക്കള്‍ അനാ മരിയയെയുംകൂട്ടി നാടുവിട്ടു. Past Love എന്ന നോവലില്‍ ഈ ബന്ധത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.

ഒടുവില്‍ തന്റെ  നാല്‍പ്പത്തിയൊന്‍പതാം വയസ്സില്‍ മകളുടെ സഹപാഠിനയായ മരീയ എലേന ബ്രാവോയെ അദേഹം പ്രണയിച്ച് വിവാഹം കഴിച്ചു. 1935ല്‍ ക്വിരോഗ അര്‍ബുദബാധിതനായി. കുറച്ചു മാസങ്ങള്‍ക്കുശേഷം ഭാര്യയും മക്കളും തന്നെയുപേക്ഷിച്ച് ബ്യൂനാസ് അയേഴ്‌സിലേക്കു പോയതോടെ അദ്ദേഹം  തികച്ചും ഒറ്റപ്പെട്ടു. ഗത്യന്തരമില്ലാതെ, ചികിത്സതേടി അദ്ദേഹവും നഗരത്തിലേക്കു തിരിച്ചു. ആശുപത്രിയില്‍വെച്ച് സയനൈഡ് കഴിച്ച് അദ്ദേഹം ജീവിതമവസാനിപ്പിച്ചു.

ഉറുഗ്വായിയിലെ മഹാനായ നോവലിസ്റ്റ് ഔഗസ്‌തോ റോവാ ബാസ്‌തോസ് തന്റെ  I the Supreme എന്ന നോവലില്‍ ഇങ്ങനെ പറയുന്നു: ''ഒരു കാര്യത്തിന്റെ  ഉത്ഭവത്തേക്കാള്‍ അതിന്റെ  അവസാനം അറിയുക എന്നതാണ് പ്രധാനം. എല്ലാം സൂചകങ്ങളില്‍ നിലനില്‍ക്കുന്നു.' ഇതില്‍ ആദ്യത്തെ വാചകത്തിന് ക്വിരോഗയുടെ കഥകളില്‍ വലിയ സാംഗത്യമില്ല - ഒടുക്കം പോലെ തന്നെ പ്രധാനമാണ് അവയിലെ ഒടുക്കവും പക്ഷേ സൂചകങ്ങളില്‍ കൊരുത്തിട്ട, പലപ്പോഴും രക്തം മരവിപ്പിക്കുന്ന ആഭിചാരങ്ങളാണ് ആ കഥകള്‍.

quiroga illustrations

ഭീതിയും നിസ്സഹായതയും ക്രൂരതയും ഒന്നിച്ചു ചേരുന്ന അവസ്ഥയെ എന്താണു വിളിക്കുക? ആ അവസ്ഥയുടെ പേരാണ് ക്വിരോഗയുടെ The Decapitated Chicken  (തലയറുക്കപ്പെട്ട കോഴി) എന്ന കഥ.
മാസ്സീനി ഫെരാസും ബെര്‍ത്തയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു കുട്ടി ജനിച്ചു. സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ്. പക്ഷേ ഒരു വര്‍ഷം പ്രായമായപ്പോള്‍ അവന് അപസ്മാരം പോലുള്ള ഒരസുഖം വന്നു. തുടര്‍ന്ന് കുറച്ചു ദിവസം അവന്‍ ബോധരഹിതനായി. ബോധം തിരിച്ചു കിട്ടിയപ്പോള്‍ അവന്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞില്ല. കുഞ്ഞ് വളര്‍ന്നു വന്നപ്പോള്‍ അവര്‍ക്കൊരു കാര്യം മനസ്സിലായി - ബുദ്ധിമാന്ദ്യം ബാധിച്ചവനായിരുന്നു അവന്‍.

ആകെ തകര്‍ന്നുപോയെങ്കിലും അവരാ കുട്ടിയെ അങ്ങേയറ്റം സ്‌നേഹിച്ചു. പറ്റുന്ന വൈദ്യശുശ്രൂഷകള്‍ മുഴുവന്‍ നല്‍കി. പക്ഷേ അവന്‍ അവരുടെ മനസ്സിലെ ഉണങ്ങാത്ത മുറിവായിത്തീര്‍ന്നു. ആ വേദന കുറിച്ചങ്കിലും ശമിപ്പിക്കാന്‍വേണ്ടി രണ്ടാമതൊരു കുട്ടിക്കുകൂടി ജന്മംനല്‍കാന്‍ അവര്‍ തീരുമാനിച്ചു. 
വിധി പക്ഷേ മറിച്ചായിരുന്നു. തുടക്കത്തില്‍ ആരോഗ്യവാനായിരുന്ന രണ്ടാമത്തെ മകനും പതിനെട്ടുമാസം കഴിഞ്ഞപ്പോള്‍ അപസ്മാരം വന്നു. ക്രമേണ അവനും ആദ്യത്തെ കുട്ടിയെപ്പോലെയായി.

ഇതില്‍പ്പരമൊരു സങ്കടമെന്താണുള്ളത്?  പക്ഷേ അപ്പോഴും അവര്‍ പരസ്പരം സ്‌നേഹിച്ചു; ആ കുട്ടികളെയും കയ്പ്പിന്റെ ഒരു സമുദ്രമാണ് അവര്‍ക്ക് നീന്തിക്കടക്കാനുണ്ടായിരുന്നത്. സാധാരണക്കാരെപ്പോലെ ജീവിക്കുന്ന ഒരു കുട്ടിയായിരുന്നു അവരുടെ ഒരേയൊരു സ്വപ്നം.  അങ്ങനെ ബെര്‍ത്ത മൂന്നാമതും ഗര്‍ഭിണിയായി.
അവള്‍ പ്രസവിച്ചത് ഇരട്ടക്കുട്ടികളെയായിരുന്നു - രണ്ടും ആണ്‍കുഞ്ഞുങ്ങള്‍.  പക്ഷേ ഇത്തവണയും വിധി ദയ കാണിച്ചില്ല അവരും  മറ്റു രണ്ടു കുട്ടികളെപ്പോലെതന്നെ ആയിത്തീര്‍ന്നു.

മാസ്സീനിയ്ക്കും ബെര്‍ത്തയ്ക്കും ഒന്നിലും വിശ്വാസമില്ലാതായി. അതിലും കഷ്ടം അവര്‍ പരസ്പരം സംശയിക്കാന്‍ തുടങ്ങിയെന്നതാണ്. ക്രമേണ സ്‌നേഹം വെറുപ്പിനു വഴിമാറി. ഒരിക്കല്‍ മാസ്സീനി ബെര്‍ത്തയോടു പറഞ്ഞു:
'നീ ഈയിടെയായി കുട്ടികളെ ശരിക്കും കുളിപ്പിക്കുന്നില്ല.'
'ആദ്യമായാണ് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെപ്പറ്റി എന്തെങ്കിലും പരിഗണന കാണിക്കുന്നത്.' ബെര്‍ത്ത പരിഹാസരൂപേണ പറഞ്ഞു.
'നിങ്ങളുടെ കുട്ടികളോ?' മാസ്സീനി നീരസത്തോടെ പറഞ്ഞു: ''നമ്മുടെ കുട്ടികളെന്നു പറയൂ.' 
അതൊരു വഴക്കിന്റെ തുടക്കമായിരുന്നു. ചെറിയ കലഹങ്ങള്‍ വലിയവയിലേക്കു വളര്‍ന്നു. ക്രമേണ അവര്‍ പരസ്പരം വെറുക്കാന്‍ തുടങ്ങി. അപ്പോഴും പഴയ സ്‌നേഹം തിരിച്ചുപിടിക്കണമെന്ന് അവര്‍ക്ക് മോഹമുണ്ടായിരുന്നു. ഒരു കുട്ടിക്കേ അതിനു കഴിയൂ. ബെര്‍ത്ത വീണ്ടും അമ്മയായി. ഇത്തവണ ഒരു പെണ്‍കുട്ടിയായിരുന്നു ജനിച്ചത് '

ഭാഗ്യവശാല്‍ ആ കുട്ടി കുഴപ്പമൊന്നും കൂടാതെ വളര്‍ന്നു. അതുപക്ഷേ മറ്റൊരു വലിയ പ്രശ്‌നത്തിന്റെ തുടക്കമായിരുന്നു. പരസ്പരം വെറുത്തപ്പോഴും തങ്ങളുടെ മാനസികവളര്‍ച്ചയില്ലാത്ത കുട്ടികളെ അവര്‍ സ്‌നേഹിച്ചിരുന്നു. ബുദ്ധിക്ക് തകരാറില്ലാത്ത കുട്ടിയുടെ ആഗമനത്തോടെ ആ കുട്ടികളെ അവര്‍ വെറുക്കാന്‍ തുടങ്ങി. ബെര്‍ത്തയ്ക്കായിരുന്നു. കൂടുതല്‍ വെറുപ്പ്.  തന്റെ  ശരീരത്തില്‍നിന്നു പുറത്തുവന്ന പിശാചുക്കളാണ് ആ കുട്ടികളെന്ന് അവള്‍ കരുതി. അവളവരോട് ക്രൂരമായി പെരുമാറുകയും ക്രമേണ അവരെ വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. 

അവരെ നോക്കാന്‍ അവരൊരു വേലക്കാരിയെ വെച്ചു. അവളും അവരോട് തെല്ലും ദയ കാണിച്ചില്ല. അങ്ങനെ വീടിനു പുറത്തുള്ള മതിലിനോട് ചേര്‍ത്തിട്ട ഒരു ബെഞ്ചില്‍ ആ  നിര്‍ഭാഗ്യവാന്മാര്‍ക്ക് ഇരിക്കേണ്ടി വന്നു. വിശപ്പും കടുംനിറങ്ങളും ഇടിയൊച്ചയുമല്ലാതെ മറ്റൊന്നും അവരെ ചലിപ്പിച്ചില്ല. പകല്‍ മുഴുവന്‍ തുപ്പലൊലിപ്പിച്ചുകൊണ്ട് അവരാ ബഞ്ചില്‍ കഴിച്ചുകൂട്ടും. സൂര്യന്‍താണ് ഇരുട്ടു പരക്കുമ്പോള്‍ തങ്ങളുടെ മുറിയിലേക്കു പോകും.
നാലുവയസ്സായപ്പോള്‍ ഒരു രാത്രിയില്‍ പെണ്‍കുട്ടിക്ക് സുഖമില്ലാതായി.. അവളും മറ്റുള്ളവരെപ്പോലെയാകാന്‍ പോവുകയാണെന്ന വിചാരം മാസ്സീനിയെയും ബെര്‍ത്തയെയും ഭ്രാന്തു പിടിപ്പിച്ചു. പഴയ വെറുപ്പ് തിരിച്ചു വന്നു. തങ്ങളുടെ ദൗര്‍ഭാഗ്യത്തിന് അന്യോന്യം പഴിചാരിക്കൊണ്ട് അവര്‍ രൂക്ഷമായി കലഹിച്ചു.
     
നേരം പുലര്‍ന്നപ്പോള്‍ മകള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നുകണ്ട് അവര്‍ സന്തോഷംകൊണ്ടു മതിമറന്നു. ഭക്ഷണത്തിന് ഒരു കോഴിയെ കൊല്ലാനും മകളെയുംകൂട്ടി പുറത്തേക്ക് നടക്കാന്‍പോകാനും അവര്‍ തീര്‍ച്ചയാക്കി.
കോഴിയെ അറുത്തുകഴിഞ്ഞപ്പോള്‍ വേലക്കാരി  ആരോ പുറകില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്ന ശബ്ദംകേട്ട്  തിരിഞ്ഞുനോക്കി. ബുദ്ധിവളര്‍ച്ചയില്ലാത്ത ആ നാലുകുട്ടികള്‍ അടുക്കള വാതിലിനുപുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ചോര കാണുകയായിരുന്നു അവര്‍. കടും ചുവപ്പുനിറമുള്ള ചോര. വേലക്കാരി ഒച്ചവെച്ചപ്പോള്‍ ബെര്‍ത്ത ഓടി വന്നു. അവളാ കുട്ടികളെ വീട്ടിനുപുറത്തേക്ക് ആട്ടിപ്പായിച്ചു.

ഭക്ഷണത്തിനു ശേഷം മാസ്സീനി ഭാര്യയെയും മകളെയും കൂട്ടി നടക്കാനിറങ്ങി. വേലക്കാരി സാധനങ്ങള്‍വാങ്ങാന്‍ നഗരത്തിലേക്കും പോയി. തിരിച്ചുവരുമ്പോള്‍ ഭാര്യയും ഭര്‍ത്താവും വര്‍ത്തമാനം പറയാന്‍ വേണ്ടി ഒരു അയല്‍വാസിയുടെയടുത്ത് കുറച്ചു നേരം തങ്ങി. പെണ്‍കുട്ടി മുന്നിലോടി ഗേറ്റ് തുറന്ന് വീട്ടിനകത്തു കടന്നു.. പെട്ടെന്നാണ് അവര്‍ക്കൊരു കുസൃതി തോന്നിയത്. ഒരു കസേരയുടെ മുകളില്‍ കയറി അവള്‍ മതില്‍ ചാടാന്‍ നോക്കി. താഴെനിന്ന്  ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ അവളെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവരവളെ വലിച്ചു താഴെയിട്ടു. ഒരുവന്‍ അവളുടെ കഴുത്തുഞെരിച്ചു.  മറ്റുള്ളവര്‍ കാലില്‍പ്പിടിച്ച് അവളെ വീട്ടിനകത്തേക്ക് വലിച്ചിഴച്ചു.

മാസ്സീനിയും ഭാര്യയും വന്നപ്പോള്‍ വീട്ടില്‍ ആരെയും കാണാനില്ലായിരുന്നു. മകളുടെ പേരുവിളിച്ചുകൊണ്ട് അവര്‍ പരിഭ്രാന്തരായി വീട്ടിനകത്ത് ഓടിനടന്നു . അപ്പോഴാണ് അവരതുകണ്ടത്. അടുക്കളയുടെ ചേര്‍ത്തടച്ച വാതിലിനടിയില്‍നിന്ന് രക്തം ഒഴുകിപ്പരക്കുന്നു.....
അച്ഛനമ്മമാര്‍ തങ്ങളോടുകാണിച്ച ക്രൂരതയാണോ ആ കുട്ടികളെയും അങ്ങനെയാക്കിയത്? അറിഞ്ഞു കൂടാ. അല്ലെങ്കിലും ക്വിരോഗയുടെ കഥാപാത്രങ്ങളുടെ മനസ്സില്‍നിന്നു പുറത്തുകടക്കുന്ന ഭൂതങ്ങള്‍ക്ക് പേരിടാനാകില്ല.  കാരണം മനുഷ്യാസ്തിത്വത്തിന്റെ കൊടുങ്കയങ്ങളിലെല്ലാം മുങ്ങിനിവര്‍ന്നവനാണല്ലോ അദ്ദേഹം.

Content HIghlights:  Horacio Quiroga, The Slaughtered, A Season of Love The Feather Pillow, Anaconda, Jungle Tales