യാൾ ആ നഗരത്തിലെത്തിയപ്പോള്‍ രാത്രിയായിരുന്നു. അയാളുടെ പ്രതീക്ഷകളത്രയും വെറുതെയായിക്കഴിഞ്ഞു. അയാള്‍ കൊണ്ടുവന്നത് വിലകുറഞ്ഞ, മഞ്ഞനിറമുള്ള മെഴുകുതിരികളാണെന്ന് കണ്ടപ്പോള്‍ അവ വാങ്ങാമെന്നേറ്റിരുന്നയാള്‍ മനസ്സു മാറ്റി. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇപ്പോള്‍ അപരിചിതമായ ആ നഗരത്തില്‍ അയാള്‍ തനിച്ചാണ്.
യുദ്ധാനന്തരം തൊഴില്‍രഹിതരായ അനേകമനേകം പേരില്‍ ഒരുവനായിരുന്നു അയാള്‍. അയാള്‍ അലസനായിരുന്നില്ല. യുദ്ധക്കെടുതിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ആകാവുന്നതൊക്കെ അയാളും ചെയ്തു.. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റാനും പുതിയവ നിര്‍മിക്കാനും അയാളും കൂടി. പക്ഷേ, അതില്‍നിന്നൊന്നും പട്ടിണി മാറ്റാനുള്ള ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ അയാള്‍ക്കായില്ല. ഒടുവില്‍ കൈയിലുള്ളതെല്ലാം വിറ്റുപെറുക്കിയിട്ടാണ് അയാളും ഭാര്യയും മെഴുകുതിരി നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. അതും പരാജയമായി.

രാജ്യം വൈദ്യുതിക്ഷാമം നേരിടുന്ന സമയമായിരുന്നു അത്. വെളിച്ചത്തിനു വേണ്ടി ആളുകള്‍ മെഴുകുതിരി വാങ്ങുമെന് അയാളും ഭാര്യയും കരുതി. പക്ഷേ അപ്പോഴേക്കും ഗവണ്മെന്റ് വൈദ്യുതിമുടക്കം പിന്‍വലിച്ചു. മതപരമായ ചടങ്ങുകള്‍ക്ക് മെഴുകുതിരികള്‍ വാങ്ങുന്നവരായി പിന്നെ അവരുടെ ലക്ഷ്യം. പക്ഷേ, ഭംഗിയുള്ള, നക്ഷത്രങ്ങളും അലങ്കാരപ്പണികളുമുള്ള മെഴുകുതിരികള്‍ സുലഭമായിരുന്നു. അവരുടെ ഉരുണ്ട, മഞ്ഞനിറമുള്ള മെഴുകുതിരികള്‍ ആരും വാങ്ങിയില്ല. അവ വില്‍ക്കാന്‍ അയാള്‍ പലയിടത്തും പോയി. ആവുന്നത്ര വില കുറച്ചു നോക്കി. നിരാശയായിരുന്നു ഫലം.

അവസാനത്തെ വാതിലും അടഞ്ഞപ്പോള്‍ അയാള്‍ തിരിച്ചു പോകാനൊരുങ്ങി. പക്ഷേ അയാളുടെ നഗരത്തിലേക്ക് പിറ്റേന്നു മാത്രമേ തീവണ്ടിയുണ്ടായിരുന്നുള്ളൂ. അങ്ങനെ അയാളൊരു സത്രത്തില്‍ മുറിയെടുത്തു. ഭക്ഷണം വരാന്‍ കാത്തിരിക്കുമ്പോഴാണ് ഒരു യുവാവും യുവതിയും അവിടേക്കു കടന്നുവന്നത്. മുഖത്ത് നിര്‍വികാരത വരുത്താന്‍ പാടുപെടുന്ന അവര്‍ പക്ഷേ പരസ്പരം നോക്കുന്നില്ലെന്ന് അയാള്‍ കണ്ടു. ചെറുപ്പക്കാരന്‍ സത്രംസൂക്ഷിപ്പുകാരിയോട് രണ്ടു മുറികള്‍ ആവശ്യപ്പെട്ടു.
'രണ്ടു മുറികള്‍ക്കു പകരം ഒറ്റമുറിയാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഞാനവരെ പുറത്താക്കുമായിരുന്നു.' ചെറുപ്പക്കാരനും പെണ്‍കുട്ടിയുമുറികളിലേക്കു പോയതിനുശേഷം സത്രംസൂക്ഷിപ്പുകാരി അയാളോടു പറഞ്ഞു.

പിറ്റേന്ന് അയാള്‍ ഉണരാന്‍ വൈകി. സത്രത്തില്‍ നിന്നിറങ്ങി തെരുവിലൂടെ നടക്കുന്നതിനിടയില്‍ അയാള്‍ ഒരു പള്ളി കണ്ടു. അയാളതിനകത്തു കയറി. കുമ്പസാരക്കൂട്ടില്‍ ആ പെണ്‍കുട്ടി മുട്ടുകുത്തി നില്‍ക്കുന്നതും കുറച്ചു മാറി ചെറുപ്പക്കാരന്‍ അവളെ നോക്കിനില്‍ക്കുന്നതും അയാള്‍ കണ്ടു. തനിക്കും കുമ്പസാരിക്കണമെന്ന് അയാള്‍ക്കപ്പോള്‍ തോന്നി. പക്ഷേ, കാര്യപ്പെട്ട ഒരു പാപവും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. പാപങ്ങള്‍ പോലും ഏറ്റുപറയാനാവാത്ത താന്‍ കളങ്കിതനാണെന്ന് അയാള്‍ വിചാരിച്ചു.
      
കുമ്പസാരിച്ചുകഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി പള്ളിയുടെ മുന്നിലുള്ള കന്യാമറിയത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ മുട്ടുകുത്തിനിന്നു. യുദ്ധത്തില്‍ തകര്‍ന്ന ഒരു പ്രതിമയായിരുന്നു അത്. കന്യാമാതാവിന്റെ മടിയില്‍ കിടന്നിരുന്ന ദൈവപുത്രന്റെ ഒരു ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളു.
ചെറുപ്പക്കാരനും പെണ്‍കുട്ടിയും നടന്നകന്നപ്പോള്‍ അയാള്‍ കുമ്പസാരക്കൂട്ടില്‍ കയറി; ആവുന്നപോലെ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. കുമ്പസാരം കഴിഞ്ഞ് പാതിരി അദ്ദേഹത്തിന്റെ മുറിയിലേക്കു പോയി. പള്ളിയില്‍ അയാള്‍ തനിച്ചായി. അയാള്‍ പെട്ടിയില്‍ നിന്ന് മെഴുകുതിരികള്‍ പുറത്തെടുത്തു. എന്നിട്ട് കന്യാമറിയത്തിനു മുന്നില്‍ അവ ഓരോന്നായി കത്തിച്ചു വെച്ചു.

boll illustration

ജര്‍മ്മന്‍ എഴുത്തുകാരനായ ഹൈന്റിഷ് ബേളിന്റെ (Heinrich Boll) ലോകപ്രശസ്തമായ Candles for the Madonna എന്ന കഥയുടെ സംഗ്രഹമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.  നിഴലും വെളിച്ചവും വേര്‍തിരിക്കാനാവാത്തവയാണ് ബേളിന്റെ കഥകള്‍. അവ വായിക്കുമ്പോള്‍ നമ്മുടെ കാല്‍പ്പാടുകളിലൂടെ നടന്നുവന്നത് മറ്റാരോ ആയിരുന്നുവെന്നു തോന്നും; നമ്മുടെ കാല്‍പ്പാടുകള്‍ മറ്റാരുടെയോ ആയിരുന്നുവെന്നും. 
      
ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തില്‍ 1917ലാണ് ബേള്‍ ജനിക്കുന്നത്. ചെറുപ്പത്തില്‍ ഹിറ്റ്‌ലറുടെ യുവസേനയില്‍ ചേരാന്‍ അദേഹം വിസമ്മതിച്ചു. കൊളോണ്‍ യൂനിവേഴ്‌സിറ്റിയി പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം ഒരു പുസ്തകവില്‍പ്പനക്കാരനായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം നിര്‍ബന്ധിതസൈനികസേവനത്തിന് വിധേയനായി. 1945ല്‍ അമേരിക്കന്‍ സൈനികര്‍ അദ്ദേഹത്തെ തടവുകാരനാക്കി.

യുദ്ധം അവസാനിച്ചപ്പോള്‍ ബേള്‍ മുഴുവന്‍സമയവും എഴുത്തിനായി ചെലവഴിച്ചു. അദ്ദേഹത്തിന്റെ ആദ്യനോവല്‍  The Train was On Time 1949ല്‍ പ്രസിദ്ധീകരിച്ചു.  Biliards at  Half - past Nine, And Never Said a Word തുടങ്ങിയ കൃതികള്‍ അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. 1972 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത് അദ്ദേഹത്തിനാണ്.

ജന്മദേശമായ കൊളോണുമായി ഗാഢമായ ബന്ധമായിരുന്നു ബേളിനുണ്ടായിരുന്നത്. സഖ്യശക്തികളുടെ ബോംബാക്രമണത്തില്‍ തകര്‍ന്ന കൊളോണിന്റെ അവസ്ഥ അദ്ദേഹത്തെ ഏറെ ദുഃഖിതനാക്കി. നഗരത്തിലെ താഴെത്തട്ടിലുള്ളവരോടു പോലും ബേള്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.  അദ്ദേഹം രോഗശയ്യയിലായപ്പോള്‍ ഈ  'താഴെക്കിടക്കാര്‍ ' കൂടെക്കൂടെ ആശുപത്രി സന്ദര്‍ശിക്കുന്നതിനെപ്പറ്റി നേഴ്‌സുമാര്‍ പരാതിപ്പെടുമായിരുന്നുവത്രേ.
യുദ്ധാനന്തര ജര്‍മ്മനിയുടെ നേര്‍ചിത്രങ്ങളാണ് ബേളിന്റെ കൃതികള്‍.  Childrens are Civilians Too എന്ന കഥാസമാഹാരത്തിലെ Acros the Bridge എന്ന കഥ ഇതിന് നല്ലൊരു ഉദാഹരണമാണ്.

ഒരു കമ്പനിയിലെ സന്ദേശവാഹകനാണ് കഥ പറയുന്നത്. ജോലിയുടെ ഭാഗമായി ആഴ്ച്ചയില്‍ മൂന്നുദിവസം അയാള്‍ക്ക് തീവണ്ടിയില്‍ സഞ്ചരിക്കേണ്ടിയിരുന്നു.  വിശാലമായ റൈന്‍നദികടന്ന്  പച്ചക്കറിത്തോട്ടങ്ങള്‍ തീരുന്നിടത്തെത്തുമ്പോള്‍ റെയില്‍ പാളത്തിനരികിലായി ഒരു വീടു കാണാം വലിയ മഴയില്ലാത്ത ദിവസങ്ങളില്‍ കൈയിലൊരു പാവയുമായി നന്നെ മെലിഞ്ഞ ഒരു പെണ്‍കുട്ടി  വീടിന്റെ പടികളിലിരുന്ന് തീവണ്ടിയുടെ നേര്‍ക്ക് നെറ്റിചുളിച്ചുകൊണ്ട്  നോക്കും.  കൂടാതെ, എത്ര വലിയ മഴയായാലും ഒരു സ്ത്രീ - അവളുടെ അമ്മയായിരിക്കാം - തറയും ജനല്‍പ്പാളികളും  തുടച്ചുകൊണ്ടു നില്‍ക്കുന്നതും കാണാം.   

ഈ അമ്മയും മകളും അയാള്‍ക്കൊരു  കടങ്കഥയായി മാറുന്നു. പലവിധത്തിലുള്ള ചോദ്യങ്ങള്‍ അയാളെ അലട്ടി. താന്‍ യാത്ര ചെയ്യാത്ത ദിവസങ്ങളിലും അവര്‍ അതേ ജനല്‍പ്പാളികള്‍ തുടയ്ക്കുക മാത്രമാണോ ചെയ്യുക? അതോ മറ്റെന്തെങ്കിലുമായിരിക്കുമോ?  അവരെക്കൂടാതെ ആ വീട്ടില്‍ വേറാരുമില്ലെന്നുവരുമോ? അങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍. ഒടുവില്‍ സംശയങ്ങള്‍ തന്റെ ജോലിയെപ്പോലും ബാധിക്കുമെന്ന ഘട്ടമായപ്പോള്‍ അയാള്‍ ഒരു ദിവസത്തെ അവധിയെടുക്കാന്‍ തീരുമാനിച്ചു.

അത് അയാള്‍ സാധാരണ യാത്ര ചെയ്യുന്ന ദിവസമായിരുന്നില്ല. ആ വീടിനെ നിരീക്ഷിക്കാന്‍ വേണ്ടി പലതവണ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും തീവണ്ടിയില്‍ യാത്ര ചെയ്തു. സ്ത്രീ മറ്റു ജനല്‍പ്പാളികളും മുകളിലഞ്ഞ നിലയും തുടച്ചുവൃത്തിയാക്കുന്നത് അയാള്‍ കണ്ടു.  സായാഹ്നത്തില്‍ ഒരു ചെറിയ മനുഷ്യന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതും അയാളെ നോക്കിക്കൊണ്ട് കൈയില്‍ പാവയുമായി പെണ്‍കുട്ടി നില്‍ക്കുന്നതുമായിരുന്നു അയാള്‍ അവസാനമായി കണ്ട കാഴ്ചകള്‍.

പിന്നെ യുദ്ധംവന്നു.  അയാളും സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായി. പത്തുവര്‍ഷം കഴിഞ്ഞ് അയാള്‍ തിരിച്ചുവരികയായിരുന്നു. വീണ്ടും വീതിയേറിയ അതേ റൈന്‍ നദി, അതേ പച്ചക്കറിത്തോട്ടങ്ങള്‍.... അയാളുടെ ഹൃദയമിടിപ്പു കൂടി. പ്രതീക്ഷിച്ചതു പോലെ ആ വീട് അവിടെത്തനെയുണ്ടായിരുന്നു.  തറയും ജനല്‍പ്പാളികളും തുടച്ചുകൊണ്ട് ഒരു സ്ത്രീ അതിനു മുന്നില്‍ നിന്നു . പക്ഷേ അവള്‍ കുറേക്കൂടി ചെറുപ്പമായിരുന്നു   മുഖം തിരിച്ച് തീവണ്ടിക്കു നേരെ നെറ്റിചുളിച്ചുകൊണ്ട് അവള്‍ നോക്കിയപ്പോള്‍ അയാള്‍ക്കു മനസ്സിലായി - അത് പാവയുമായി നിന്ന അതേ പെണ്‍കുട്ടിയായിരുന്നു.

യുദ്ധമോ മരണമോ എന്തുതന്നെ വന്നാലും ജീവിതം അതേപോലെ തുടരുമെന്നാണോ ബേള്‍ സൂചിപ്പിക്കുന്നത്? അറിയില്ല;  അല്ലെങ്കിലും ഒന്നും വിശദമാക്കുന്നവയോ എടുത്തുകാണിക്കുന്നവയോ അല്ല ആ കഥകള്‍. ആകാശത്തിലെ മേഘങ്ങളെ  നോക്കുന്നതുപോലെ ആ കഥകള്‍ വായിച്ചുപോകാം. അവയുടെ രൂപങ്ങള്‍ നമുക്കു പിടിതരാതെ മാറിക്കൊണ്ടേയിരിക്കും.
മഹാകവിയായ പവൂള്‍ ചെല്ലാന്‍ (Paul  Celan) ഇങ്ങനെ എഴുതി:

ലോകത്തിന്റെ രണ്ടു വാതിലുകളും
തുറന്നിട്ടിരിക്കുന്നു.
സന്ധ്യയില്‍
നീയണവ തുറന്നിട്ടത്.
അവ ആഞ്ഞടയുന്നതിന്റെ ശബ്ദം
നമ്മള്‍ കേട്ടുകൊണ്ടേയിരിക്കുന്നു;
അനിശ്ചിതത്വത്തെ കൊണ്ടുവരുന്നതിനേറെയും,
പച്ചയെ നിത്യതയിലേക്ക്
കൊണ്ടുവരുന്നതിനേറെയും.

നിത്യത ബേളിന്റെ കഥകളുടെ വാതിലുകളിലൂടെയും കടന്നുവരുന്നു; പക്ഷേ, നിശ്ശബ്ദമായി.

Content Highlights : Heinrich Boll, The Train was On Time, Biliards at  Half - past Nine, And Never Said a Word