നഗരം എന്നെ സംഭ്രമിപ്പിക്കുന്നു!
കുടിച്ചു തീര്‍ക്കാനുള്ള കോപ്പകള്‍
ഒഴിഞ്ഞ പാനപാത്രങ്ങള്‍ !
ഞാന്‍ ഭയക്കുന്നു-
ഈ വീഞ്ഞ് വിഷമാണെന്ന്,
പ്രതികാരദാഹിയായ ഈ പിശാച്
അതിന്റെ ദംഷ്ട്രകള്‍
എന്റെ സിരകളിലിറക്കുമെന്ന്.
ഭൂമിയിലാര്‍ക്കും കുടിക്കാനറിയാത്ത
ഒരു വീഞ്ഞിനായി ഞാന്‍ ദാഹിക്കുന്നു.
എന്നെ എന്റെ മുന്തിരിത്തോപ്പിലേക്ക്
കടക്കാനനുവദിക്കാത്ത മതിലുകളെ
ഭേദിക്കാന്‍ മാത്രം 
എന്റെ സഹനം പൂര്‍ത്തിയായിട്ടില്ല.

ക്യൂബയുടെ വീരപുരുഷനും മഹാകവിയും സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനുമായ ഹോസെ മര്‍ത്തീയുടെ (Jose Marti) വരികളാണിവ. തന്റെ രാഷ്ട്രത്തെ അടക്കിഭരിച്ചിരുന്ന ഏകാധിപതികളോടും വന്‍ ഭൂവുടമകളോടും സാമ്രാജ്യത്തകുത്തകകളോടുമുള്ള എതിര്‍പ്പും അമര്‍ഷവുമാണ് ആ വരികളില്‍ നിറയുന്നത്. ക്യൂബയിലെ ലോകപ്രശസ്ത എഴുത്തുകാരനായ ഗീയെര്‍മോ കാവ്രെരാ ഇന്‍ഫാന്‍തെയും (Guillermo  Cabrera Infante) ഈ വരികള്‍ പാടിയേനെ. പക്ഷേ, മറ്റൊരര്‍ത്ഥത്തില്‍, ക്യൂബയെ അടക്കി ഭരിക്കുന്നുവെന്ന് അദ്ദേഹം കരുതുന്ന ഫിദേല്‍ കാസ്‌ട്രോയോടുള്ള എതിര്‍പ്പിന്റെ രൂപത്തിലായിരിക്കുമെന്നു മാത്രം.
     
1929ല്‍ ക്യൂബയിലെ ഒരു ചെറുപട്ടണത്തിലാണ് ഇന്‍ഫാന്‍തെ ജനിച്ചത്. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളായ മാതാപിതാക്കളോടൊപ്പം 1941ല്‍ അദ്ദേഹം തലസ്ഥാനമായ ഹവാനയിലേക്ക് കുടിയേറി. 1950ല്‍ വൈദ്യശാസ്ത്രപOനം ഉപേക്ഷിച്ച് അദ്ദേഹം എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. സിനിമാ നിരൂപണങ്ങളെഴുതിക്കൊണ്ടായിരുന്നു തുടക്കം. ബറ്റ്ഷീസ്ത്തയുടെ (Fulgencio Batista) ഏകാധിപത്യഭരണമായിരുന്നു  ക്യൂബയില്‍ അക്കാലത്ത്. 1952ല്‍, ഇംഗ്ലീഷ് ഭാഷയിലുള്ള അശ്ലീലപദങ്ങള്‍ നിറഞ്ഞ ഒരു കഥയെഴുതിയതിന്റെ പേരില്‍ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ജയിലിലടക്കുകയും ചെയ്തു.

ജയില്‍വിമോചിതനായതിനുശേഷം, ഒളിവിലിരുന്നുകൊണ്ട് അദ്ദേഹം ബറ്റ്ഷീസ്ത്താ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1958ല്‍ ബറ്റ്ഷീസ്ത്ത സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം റെവലൂസ്യോണ്‍ പത്രത്തിന്റെ സാഹിത്യ സപ്ലിമെന്റിന്റെ പത്രാധിപരായി ഇന്‍ഫാന്‍തെ അവരോധിതനായി. 1961ല്‍  ഫിദേല്‍ കാസ്‌ട്രോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാകാന്‍ തുടങ്ങി. റെവലൂസ്യോണ്‍ പത്രത്തിന്റെ സാഹിത്യ സപ്ലിമെന്റ് നിര്‍ത്തലാക്കപ്പെട്ടു. 1962ല്‍ ബെല്‍ജിയത്തിലെ ക്യൂബന്‍ സാംസ്‌കാരിക അറ്റാഷെയായി ഇന്‍ഫാന്‍തെ നിയോഗിതനായി. ഇക്കാലത്ത് അദ്ദേഹം കാസ്‌ട്രോയുടെ കടുത്ത വിമര്‍ശകനായിത്തീരുകയും 1965ല്‍ അമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതിനുശേഷം എന്നെന്നേക്കുമായി ക്യൂബ വിടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ലണ്ടനില്‍ താമസമാക്കി. 

1966ല്‍ പ്രസിദ്ധീകരിച്ച The Three Trapped Tigers എന്ന നോവലാണ് ഇന്‍ഫന്‍തെയെ ലോകപ്രശസ്തനാക്കിയത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഹാസ്യവും നിറഞ്ഞ ഈ കൃതി ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്നു. തുടര്‍ന്ന് A View of Dawn in the Tropics, Infante's Inferno തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചു. 1997ല്‍ സ്പാനിഷ് സാഹിത്യത്തിലെ പരമോന്നതബഹുമതിയായ സെര്‍വാന്തെസ് പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി.

മാര്‍ക്കേസിന്റെയും യോസയുടെയും മറ്റും ലാറ്റിനമേരിക്കന്‍ 'ബൂം' കാലഘട്ടത്തിലാണ് എഴുതിത്തുടങ്ങിയതെങ്കിലും തന്നെ അതിന്റെ ഭാഗമായിക്കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യത്തില്‍ മാജിക്ക് റിയലിസം അദ്ദേഹത്തിന്റെ എഴുത്തില്‍ ഇല്ലതാനും. നേരത്തെ പറഞ്ഞതുപോലെ വക്രോക്തികളും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഹാസ്യവുമാണ് ആ രചനകളെ സമ്പന്നമാക്കുന്നത്. 

ഇന്‍ഫന്‍തെയുടെ Guilty of Dancing the Cha Cha Cha എന്ന മൂന്നു കഥകളുടെ സമാഹാരത്തിലും അദ്ദേഹത്തിന്റെ എഴുത്തിലെ ഈ മുഖമുദ്രകള്‍ കാണാനാകും. എങ്കിലും കടുത്ത കാസ്‌ട്രോവിരോധം ചിലപ്പോഴെങ്കിലും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ടെന്ന് പറയാതെവയ്യ. ഈ ലേഖനത്തിന്റെ തുടക്കത്തിലെഴുതിയ ഹോസെ മര്‍ത്തീയുടെ വരികളും അങ്ങനെ വിരുദ്ധോക്തിയായി മാറുന്നു. 
ക്യൂബന്‍ സംഗീതജ്ഞനായ എന്റിക്കേ ഹോറിന്‍ (Enrique Jorrin) 1950ല്‍ രൂപകല്‍പ്പന ചെയ്തതാണ് ചചചാ സംഗീതം. സംഗീതത്തില്‍നിന്ന് അതേ പേരിലുള്ള  നൃത്തവും രൂപംകൊണ്ടു. ഈ നൃത്തത്തിന്റെ ചുവടുകള്‍ മാംബോ ന്യത്തത്തില്‍ നിന്ന് കടമെടുത്തവയാണ്. സംഗീതം ചിലപ്പോഴൊക്കെ ജാസിനെയും അനുസ്മരിപ്പിക്കുന്നു. ഇന്‍ഫാന്‍തെയുടെ പുസ്തകത്തിലെ മൂന്നു കഥകളുടെയും പശ്ചാത്തലം ഈ സംഗീതവും നൃത്തവുമാണ്.

ഈ മൂന്നു കഥകളുടെയും തുടക്കം ഒരേപോലെയാണ്. ഒരേ വാചകങ്ങള്‍ തന്നെ ആവര്‍ത്തിച്ചുവരുന്നു. ഹവാനയിലെ ഒരു റസ്റ്റോറന്റില്‍ അത്താഴം കഴിക്കാനെത്തുന്ന സ്ത്രീയും പുരുഷനുമാണ് കഥാപാത്രങ്ങള്‍. (വാസ്തവത്തില്‍  ഇന്‍ഫാന്‍തെയും അദ്ദേഹത്തിന്റെ  ഭാര്യയും നടിയുമായ മിറിയം ഗോമെസുമാണ്  ഇവര്‍.) പുറത്തു മഴ പെയ്യുന്നു. ഒരു വെയിറ്റര്‍ കടന്നുവന്ന് മെനു നല്‍കുന്നു. പുരുഷന്‍ മാംസഭക്ഷണം ആവശ്യപ്പെടുന്നു. അന്ന് വെള്ളിയാഴ്ചയായതിനാല്‍ മാംസം വിളമ്പില്ലെന്ന് പരിചാരകന്‍ അറിയിക്കുന്നു. കത്തോലിക ആചാരങ്ങളെ ശപിച്ചുകൊണ്ട് കഥാനായകന്‍ (കമ്യൂണിസ്റ്റ് ക്യൂബയിലും ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നതിനെ പരിഹസിക്കുകയാണ് എഴുത്തുകാരന്‍) ആചാരത്തിന് ഇളവ് (Dispensation) ഉണ്ടോ എന്ന് ചോദിക്കുന്നു. അതേതോ ഭക്ഷ്യപദാര്‍ത്ഥത്തിന്റെ പേരാണെന്നു വിചാരിക്കുന്ന വെയിറ്റര്‍ക്ക് കാര്യം മനസ്സിലാകുന്നില്ല. ഇവിടുന്നങ്ങോട്ട് വിരുദ്ധോക്തികളുടെ ഒരു പ്രവാഹമാണ്.

Guillermo Cabrera Infante

The Great Ekbo (Ekbo = ദൈവികസമ്മേളനം) എന്ന ആദ്യകഥയില്‍ കഥാനായകനും നായികയും മഴയില്‍ക്കൂടി ഒരുവിധത്തില്‍ പ്രാകൃതമായ മറ്റൊരുതരം ആചാരം നടക്കുന്നിടത്തേക്ക് പോവുകയാണ്. വിവാഹിതരല്ലാത്തതിനാല്‍ സ്ത്രീക്ക് അവരുടെ ബന്ധം പാപമാണോ എന്ന് സംശയമുണ്ട്. അവിടെയെത്തുമ്പോള്‍ കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട അനേകം സ്ത്രീ പുരുഷന്മാര്‍ നൃത്തം ചെയ്യുന്നതാണ് അവര്‍ കാണുന്നത്. വിശുദ്ധിയുടെ ദേവതയായ ഒബ്ബതാലയെ ആരാധിക്കുകയാണ് അവര്‍. പാട്ടും നൃത്തവും കൊണ്ട് അവര്‍ മരിച്ചവര്‍ക്ക് ശാന്തിയേകുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ പാട്ടുകാര്‍ക്കിടയില്‍ നിന്ന് ഒരു വൃദ്ധ അവരെ സമീപിച്ചു. സ്ത്രീയുമായി കുറച്ചു നേരം ഒറ്റയ്ക്കു സംസാരിക്കാനാണ് അവര്‍ വന്നത്. സംസാരം കഴിഞ്ഞപ്പോള്‍ കഥാനായികയുടെ ഭാവം മാറിയത് അയാള്‍ കണ്ടു. തന്നെ എത്രയും വേഗം സ്വന്തം വീട്ടില്‍ തിരിച്ചെത്തിക്കാന്‍ അവൾ ആവശ്യപ്പെട്ടു. കാറിലിരുന് അവള്‍ കരയുകയാണ്. അയാളുമായുള്ള ബന്ധം ഒരു പാപമാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം.

കമ്യൂണിസ്റ്റ് ക്യൂബയില്‍ നിര്‍ബാധം നടക്കുന്ന മതാചാരങ്ങളെയും എത്ര പാര്‍ട്ടി ക്ലാസുകളില്‍ പങ്കെടുത്താലും മാറാത്ത പാപ-പുണ്യബോധങ്ങളെയും പരിഹസിക്കുകയാണ് ഇന്‍ഫാന്‍തെ ഈ കഥയില്‍ ചെയ്യുന്നത്.

രണ്ടാമത്തെ കഥയായ A Woman Saved from Drowningല്‍ കഥാനായകന്‍ റസ്റ്റോറന്റില്‍ തന്നെ ഒറ്റയ്ക്കാക്കി പോകാന്‍ തുടങ്ങുന്ന നായികയ്ക്ക് ഒരു കഥ പറഞ്ഞുകൊടുക്കുകയാണ്. ഹവാനയിലെ ഒരു വലിയ  ഹോട്ടലില്‍ താമസിക്കാനെത്തിയ വിനോദസഞ്ചാരികളായ അമേരിക്കന്‍ ദമ്പതികളെക്കുറിച്ചുള്ളതാണ് കഥ. ഇതുപോലെ തന്നെ കനത്ത മഴപെയ്യുന്ന ഒരു രാത്രിയില്‍ ഹോട്ടലില്‍ നിന്ന് അവര്‍ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറാനിറങ്ങുന്നു. നിരത്തുകളിലൂടെ മഴവെള്ളം കുത്തിയൊഴുകുകയാണ്. പെട്ടെന്ന് സ്ത്രീ അപ്രത്യക്ഷയാകുന്നു. അവള്‍ ഒരു ഓടയിലെ ആള്‍ത്തുളയില്‍ (Man Hole)  വീണതാണ്. പിന്നീടൊരിക്കലും അവളെ കണ്ടു കിട്ടിയില്ല.

ഇതുകേട്ട് കഥാനായിക സംശയത്തോടെ പുറത്തേക്ക് നോക്കുന്നു. അവിടെയും മഴവെള്ളം നിറഞ്ഞുകവിയുകയാണ്. രണ്ടുംകല്‍പിച്ച് അവള്‍ പുറത്തിറങ്ങി. ആള്‍ത്തുളയില്‍ വീഴാതിരിക്കാന്‍ അവള്‍ ശ്രദ്ധയോടെ ചുവടുകള്‍വച്ചു.  ഭാഗ്യപരീക്ഷണത്തിന് അവള്‍ക്കു വയ്യ. ഒരു ടാക്‌സിപിടിച്ച് അവള്‍ വീട്ടിലേക്കു പോകുന്നു.

മാലിന്യത്തിന്റെ ആര്‍ത്തുളയില്‍ കുരുക്കി അമേരിക്കന്‍ സാമ്രാജ്യത്തെ അപ്രത്യക്ഷമാക്കുന്ന ക്യൂബന്‍ കമ്മ്യൂണിസത്തെയും അതേ ആള്‍ത്തുളയെ ഭയത്തോടെ കാണുന്ന ഇടതുപക്ഷ സഹയാത്രികരെയും ഇന്‍ഫാന്‍തെ നര്‍മ്മത്തോടെ ചിത്രീകരിക്കുകയാണിവിടെ.

മൂന്നാമത്തെ കഥയായ Guilty of Dancing the Cha Cha Chaയില്‍ കഥാനായകന്‍ അതേ റസ്റ്റോറന്റില്‍ നായികയെ കാത്തിരിക്കുകയാണ്. ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണ് അവള്‍. അവിടേക്ക് കടന്നുവരുന്ന സ്ത്രീകളെ അയാള്‍ മാംസനിബദ്ധമായി വീക്ഷിക്കുന്നു. അവരിലൊരോരുത്തരെയും താന്‍ വിവാഹം കഴിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് അയാളുടെ ആലോചന.
അപ്പോഴാണ് അയാളുടെയടുത്തേക്ക് ആ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകാരന്‍ കടന്നുവരുന്നത്. നായകന്‍ കേള്‍ക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്തസംഗീതമായ ജാസിന്റെ സ്വാധീനമുള്ള മാoബോയാണെന്നും  യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ തനത് ക്യൂബന്‍ സംഗീതമായ ചാ-ചാ-ചാ മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ എന്നുമാണ് അയാളുടെ വാദം. പക്ഷേ' ചാ-ചാ-ചാ നൃത്തവും സംഗീതവും പ്രചരിക്കുന്നത്  സാമ്രാജ്യത്തത്തിന്റെ കളിപ്പാവയായിരുന്ന  ബറ്റ്ഷീസ്ത്തയുടെ ഭരണകാലത്തായിരുന്നുവെന്ന് കഥാനായകന്‍ തെളിവുകള്‍ നിരത്തുമ്പോള്‍ ആ കടുത്ത സൈദ്ധാന്തികന്‍ അങ്കലാപ്പിലാകുന്നു.

ക്യൂബന്‍ കമ്മ്യൂണിസത്തിലെ വരട്ടുവാദങ്ങളെയും പാപബോധത്തെയും പരിഹസിക്കുന്നത് കഥകളില്‍ ഇത്രത്തോളം എടുത്തുകാണിക്കണോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും വാക്കുകള്‍ കൊണ്ടുള്ള കളിയില്‍ ഇന്‍ഫാന്‍തെയെ മറികടക്കാന്‍ മറ്റാര്‍ക്കുമാകില്ലതന്നെ. Were puns more dangerous than guns? എന്ന് ഒരിടത്ത് ഇന്‍ഫാന്‍തെ ചോദിക്കുന്നുണ്ട്. ആ വക്രാക്തികള്‍ അപകടകരമാണ്; ചചചാ നൃത്തംപോലെ താളനിബദ്ധവും.

Content Highlights: Jose Marti, Guillermo  Cabrera Infante, Fulgencio Batista, The Three Trapped Tigers,  A View of Dawn in the Tropics, Infante's Inferno, Enrique Jorrin