1973 - ചിലിയുടെയും ലോകത്തിന്റെ തന്നെയും ജനാധിപത്യത്തിന്റെ കലണ്ടറില്‍ ഒരു കറുത്ത അടയാളം. ആ വര്‍ഷം ചിലിയിലെ സാല്‍വദോര്‍ അയെന്ദെയുടെ സോഷ്യലിസ്റ്റ് ഗവണ്മെന്റിനെ ജനറല്‍ ഔഗുസ്‌തോ പിനോഷേയുടെ നേതൃത്വത്തില്‍ നടന്ന പട്ടാളവിപ്ലവം അട്ടിമറിച്ചു. റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റായിരുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ചിലിയന്‍ ജനാധിപത്യത്തിന്റെ കശാപ്പ് നടന്നത്. 

ആകാശത്തും ഭൂമിയിലും യുദ്ധം നടക്കുമ്പോള്‍, തന്റെ അവസാനത്തെ പ്രഭാഷണത്തില്‍ താന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം വിട്ടുപോകില്ലെന്ന് അയെന്ദെ  പ്രതിജ്ഞ ചെയ്തു. ഒടുവില്‍ അവിടെവെച്ചുതന്നെ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചു.

സത്യത്തില്‍, തെക്കേ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഒരേയൊരു തിരിനാളമാണ് അണഞ്ഞുപോയത്. മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പട്ടാളവിപ്ലവങ്ങളും ഏകാധിപത്യവും അരങ്ങുവാഴുമ്പോള്‍ 1932 മുതല്‍ തിരഞ്ഞെടുപ്പുകള്‍ നടന്നുവന്നിരുന്ന ചിലി ഒരു ഒറ്റപ്പെട്ട അത്ഭുതമായിരുന്നു. 1973ല്‍  ചിലിയുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ഒരു അധ്യായത്തോടെ ആ അത്ഭുതവും അവസാനിച്ചു. ആ കറുത്ത അധ്യായത്തിലെ മഷിപ്പാടുകള്‍ ഇന്നും ചിലിയന്‍ സാഹിത്യത്തില്‍ കാണാം. നെരൂദയില്‍ നിന്നു തുടങ്ങി പെദ്രോ ലെംബെല്ലിലൂടെ (Pedro Lemebel) അലെഹന്ദ്രോ സാംബ്രയിലെത്തുമ്പോഴും ആ ഇരുണ്ട ഒഴുക്ക് നിലയ്ക്കുന്നില്ല.

i. അറ്റക്കാമ മരുഭൂമിയിലേക്കു നമുക്ക് നോക്കാം
ii. മരുഭൂമിയിലെ നമ്മുടെ ഏകാന്തതയിലേക്ക് നോക്കാം.
എന്തുകൊണ്ടെന്നാല്‍  ഈ രൂപങ്ങള്‍ക്കുമുമ്പേയുള്ള ശൂന്യതയില്‍ ഭൂദൃശ്യങ്ങള്‍ ചിലിക്കു മുകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു കുരിശായി മാറി എന്റെ രൂപത്തിന്റെ ഏകാന്തതയില്‍ മറ്റു രൂപങ്ങളുടെ വീണ്ടെടുപ്പ് കാണുന്നു: മരുഭൂമിയില്‍ എന്റെ തന്നെ വീണ്ടെടുപ്പ്. 
iii. പിന്നെ എന്റെ രൂപത്തിന്റെ വീണ്ടെടുപ്പിനെപ്പറ്റി ആരു പറയും?
  
മുറിഞ്ഞുപോകുന്ന വാക്കുകളില്‍, നെരൂദയ്ക്കുശേഷം ചിലി കണ്ട ഏറ്റവും വലിയ കവിയായ റവൂള്‍ സുദീത്ത (Raul Zurita) ഇങ്ങനെയാണ് ചിലിയന്‍മനസ്സില്‍ പടര്‍ന്ന മരുഭൂമിയെപ്പറ്റി പറയുന്നത്.

ആ മരുഭൂമി തന്നെയാണ് റോബെര്‍ത്തോ  ബാളാനോയുടെ എഴുത്തിലുമുള്ളത്. The Return  എന്ന കഥാസമാഹാരത്തില്‍ ജന്മനാട്ടിലും പ്രവാസഭൂമികളിലും അദ്ദേഹത്തെ നിഴല്‍പോലെ പിന്തുടര്‍ന്ന ഏകാന്തതയുടെ മണലാരണ്യം വാക്കുകളുടെ രൂപത്തില്‍ നമ്മളെ സൈ്വര്യം കെടുത്തുന്നു.

1953 ല്‍ ചിലിയിലെ സാന്റിയാഗോയില്‍ ഗുസ്തിക്കാരന്‍ കൂടിയായ ഒരു ട്രക്ക്‌ ഡ്രൈവറുടെയും അധ്യാപികയുടെയും മകനായി ബൊളാനോ ജനിച്ചു. മെലിഞ്ഞ, കാഴ്ചക്കുറവുള്ള, പുസ്തകപ്പുഴുവായ ഒരു കുട്ടിയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു പതിനഞ്ച് വയസ്സുള്ളപ്പോള്‍ കുടുംബം മെക്‌സിക്കോയിലേക്ക് കുടിയേറി. സ്‌കൂള്‍ വിദ്യാഭ്യാസമുപേക്ഷിച്ച ബൊളാനോ സജീവ ഇടതുപക്ഷപ്രവര്‍ത്തകനും ജേര്‍ണലിസ്റ്റുമായിത്തീര്‍ന്നു.  1973 ല്‍ ജന്മനാടായ ചിലിയിലെ സാല്‍വദോര്‍ അയെന്ദെയുടെ സോഷ്യലിസ്റ്റ് ജനാധിപത്യ ഗവണ്മെന്റിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹം അവിടേക്ക് തിരിച്ചു.  അപ്പാഴാണ് പട്ടാളവിപ്ലവം അരങ്ങേറിയത്. ഭീകരപ്രവര്‍ത്തകനെന്നു മുദ്രകുത്തി ബൊളാനോയെ പോലീസ് അറസ്റ്റു ചെയ്ത് എട്ടു ദിവസം കസ്റ്റഡിയില്‍ വെച്ചു. Dance  Card എന്ന കഥയില്‍ ഇതേപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി: 'അവരെന്നെ ഉപദ്രവിച്ചില്ല. എന്നെ കൊള്ളയടിക്കുകപോലും ചെയ്തില്ല. പക്ഷേ, ഭക്ഷണമോ പുതപ്പോ അവരെനിക്ക് തന്നതുമില്ല. അതിനെല്ലാം എനിക്ക് മറ്റു തടവുകാരെ ആശ്രയിക്കേണ്ടി വന്നു. എന്നെ ഉപദ്രവിച്ചില്ലെങ്കിലും രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ മറ്റു തടവുകാരെ പീഡിപ്പിക്കുന്നതിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.' ഒടുവില്‍, സഹപാഠികളായ രണ്ട് പോലീസുദ്യോഗസ്ഥരുടെ സഹായത്താല്‍ ബൊളാനോ തടവില്‍നിന്നു രക്ഷപ്പെട്ടു.

bolano

ഈ രണ്ടു സഹപാഠികളായ പോലീസുകാര്‍ ബൊളാനോയുടെ തടവറ ജീവിതത്തെപ്പറ്റി വിവരിക്കുന്ന രീതിയിലാണ്  'കുറ്റാന്വേഷകര്‍' എന്ന കഥ രചിച്ചിട്ടുള്ളത്. ഒരര്‍ത്ഥത്തില്‍, ബൊളാനോയെ ലോകപ്രശസ്തനാക്കിയ The Savage  Detectives എന്ന നോവലിന്റെ സംഗ്രഹം കൂടിയാണ് ഈ കഥയെന്നു പറയാം.  ഒരുപക്ഷേ, The Return എന്ന സമാഹാരത്തിലെ ഏറ്റവും മികച്ച കഥയും ഇതുതന്നെ. അരാന്‍സിബിയ, കോണ്‍ത്രെറാസ് എന്നീ പോലീസ് ഡിക്‌റ്റെറ്റീവുകള്‍  ഒരു കാര്‍യാത്രക്കിടയില്‍ നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലാണ് കഥ വികസിക്കുന്നത്. സംഭാഷണങ്ങള്‍ ഇടകലര്‍ത്തിയെഴുതിയിരിക്കുന്നതിനാല്‍ പറയുന്നത് ആരാണെന് പലപ്പോഴും വായനക്കാര്‍ക്ക് വ്യക്തമാകുന്നില്ല. ഇവര്‍ രണ്ടുപേരും ഒരാള്‍ തന്നെയാണെന്നു പറയുന്നതാവും ശരി..  ഒരാളുടെ അനുഭവം മറ്റേയാള്‍ വിവരിക്കുമ്പോള്‍ അവര്‍ ഒരേ സത്തയുടെ രണ്ടു മുഖങ്ങളാവുകയാണ്.

ആയുധങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയിലാണ് കഥ തുടങ്ങുന്നത്. കത്തിയാണ്, അല്ലാതെ തോക്കല്ല ചിലിയുടെ ദേശീയായുധമെന്ന് ഒരാള്‍ പറയുന്നു. കാരണം കത്തി പൗരുഷത്തിന്റെ പ്രതീകമാണ്. പക്ഷേ ചിലിയിലിപ്പോള്‍ പൗരുഷശാലികളില്ല. കൊള്ളാവുന്ന ആണുങ്ങളെ മുഴുവന്‍ 1973ല്‍ തങ്ങള്‍ വകവരുത്തിക്കഴിഞ്ഞു.  മരിച്ചവര്‍ തങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ തെമ്മാടിയായിരുന്ന റവൂലിത്തോ സാഞ്ചെസായിരിക്കണം ആണത്തമുണ്ടായിരുന്ന അവസാനത്തെ ആള്‍.  കാമുകിയുടെ കൂടെ ശവപ്പറമ്പില്‍ രാത്രി കഴിച്ചുകൂട്ടാന്‍  ധൈര്യപ്പെട്ട ആളാണ് റവൂലിത്തോ. കാമുകിയുടെ മുടി മുഴുവന്‍ പിറ്റേന്നേക്ക് നരച്ചുപോയി. പക്ഷേ, അയാള്‍ക്ക് ഒരു പോറല്‍പോലും പറ്റിയില്ല. അതെ. അയാളായിരുന്നു അവസാനത്തെ പൗരുഷശാലി. ഇപ്പോഴുള്ളവരെല്ലാം സ്വവര്‍ഗഭോഗികളും കള്ളന്മാരും സ്വപ്നാടകരുമാണ്. കൊള്ളാവുന്നവരെയെല്ലാം 1973 ല്‍ തങ്ങള്‍ കൊന്നുകഴിഞ്ഞു.

സംഭാഷണം ക്രമേണ അര്‍ത്യൂറോ ബെളാനോ എന്ന സഹപാഠിയിലെത്തുന്നു ( ഈ ബെളാനോ സത്യത്തില്‍ ബൊളാനോയുടെ Alter Ego ആണ്. The Sarage Detective എന്ന നോവലിലെ ഒരു പ്രധാനകഥാപാത്രംകൂടിയാണ് ബെളാനോ). പതിനഞ്ചാം വയസ്സില്‍ ചിലി വിട്ട് മെക്‌സിക്കോയിലേക്കു പോയ അര്‍ത്യൂറോ ബെളാനോ  അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1973ലാണ്  തിരിച്ചുവരുന്നത്. ചിലിയില്‍ വെച്ച് അയാള്‍ അറസ്റ്റു ചെയ്യപ്പെട്ടു. അയാള്‍ക്ക് പോലീസുകാരായ സഹപാഠികളെ മനസ്സിലായില്ല. പക്ഷേ, അവരായാളെ തിരിച്ചറിഞ്ഞു. രഹസ്യമായി തങ്ങളെ അയാള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. തികച്ചും ഒറ്റപ്പെട്ട അവസ്ഥയില്‍ തങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ക്കുണ്ടായ അത്ഭുതം, ആഹ്ളാദം, തങ്ങളിലൊരാള്‍ ഇടതുപക്ഷ സഹയാത്രികനാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കുണ്ടായ അവിശ്വാസം എല്ലാം അവരുടെ സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.

തടവറയില്‍, ഒരേയൊരു കണ്ണാടിയുള്ളത് കുളിമുറിക്കടുത്തായിരുന്നു. എന്നാല്‍ മറ്റു തടവുകാരെപ്പോലെ അര്‍ത്യൂറോ ഒരിക്കലും അതില്‍ മുഖംനോക്കിയില്ല.  മാറ്റാന്‍ വസ്ത്രങ്ങളോ ക്ഷൗരംചെയ്യാനുള്ള ഉപകരണങ്ങളോ ഇല്ലാത്തതിനാല്‍ ഏകാന്തതടവില്‍ക്കിടന്ന് അലങ്കോലപ്പെട്ട തന്റെ രൂപം കാണാന്‍ അയാള്‍ക്കിഷ്ടമില്ലായിരുന്നു.
ഒടുവില്‍ കൂട്ടുകാര്‍ തന്നെ തടവില്‍നിന്ന് രക്ഷപ്പെടുത്താന്‍ പോവുകയാണെന്നറിഞ്ഞ ഒരു ദിവസം അര്‍ത്യൂറോ കണ്ണാടിയില്‍ നോക്കാന്‍ ധൈര്യപ്പെട്ടു.  അതില്‍ അയാള്‍ കണ്ടത് മറ്റാരെയോ ആയിരുന്നു - തനിക്ക് തീര്‍ത്തും അപരിചിതനായ മറ്റൊരാള്‍. പേടിച്ചു പോയ  അര്‍ത്യൂറോ ചങ്ങാതിമാരായ പോലീസുകാരിലൊരാളോട് വിവരം പറഞ്ഞു. അയാളും പേടിച്ചു പോയെങ്കിലും അര്‍ത്യൂറോ പറഞ്ഞത് പൂര്‍ണമായും വിശ്വസിച്ചില്ല. പോലീസുകാരന്‍ അയാളെയും കൂട്ടി കണ്ണാടിക്കരികിലെത്തി. അതില്‍ നോക്കിയപ്പോള്‍ അയാളും കണ്ടത് മറ്റാരെയോ ആയിരുന്നു. ആ അപരിചിതന്റെ പുറകില്‍ നിന്ന് താടിയും മുടിയും നീട്ടിയ മറ്റൊരപരിചിതന്‍ അയാളെ ഉറ്റുനോക്കി. അയാള്‍ക്ക് പിന്നില്‍ പിന്നെയും മുഖങ്ങളുണ്ടായിരുന്നു.  'ഈ കണ്ണാടിക്കു പിന്നില്‍ ഒരു മുറിയുണ്ടോ?' അര്‍ത്യൂറോ ചോദിക്കുന്നത് അയാള്‍ കേട്ടു. അവിടെ പക്ഷേ മുറിയൊന്നുമുണ്ടായിരുന്നില്ല- ഒരു മുറ്റവും തടവറകളമായിരുന്നു ഉണ്ടായിരുന്നത്.  'ഇപ്പോള്‍ എനിക്കു മനസ്സിലായി.' അര്‍ത്യൂറോ വീണ്ടും പറഞ്ഞു.  ആ നാശംപിടിച്ചവന് എന്തു മനസ്സിലായെന്നു ചോദിക്കാന്‍ പോലീസുകാരന് ധൈര്യം വന്നില്ല. പക്ഷേ തടവറയിലേക്കു തിരിച്ചു കൊണ്ടുപോകുമ്പോള്‍ അര്‍ത്യൂറോയെ വെടിവെച്ചു കൊല്ലണമെന്ന് അയാള്‍ക്കു തോന്നി.

ഏകാധിപത്യത്തിന്റെ ഏകാന്തതയില്‍ സ്വന്തം മുഖം തിരിച്ചറിയാനാവാതെ പോകുന്നവരെ -അത് വേട്ടക്കാരനായാലും ഇരയായാലും- ബൊളാനോ മറ്റാര്‍ക്കും കഴിയാത്ത സൂക്ഷ്മതയോടെ ഈ കഥയില്‍ അടയാളപ്പെടുത്തുന്നു. മാര്‍ക്കേസിന്റെയോ യോസയുടെ മാജിക്‌റിയലിസമല്ല ബൊളാനോയുടെ പ്രതിപാദ്യവിഷയം. കഥ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക്, ഭൂകമ്പത്തിനു ശേഷമുണ്ടാകുന്ന ഇടിഞ്ഞു തകര്‍ന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കൂപ്പുകുത്തുന്നു.  The Return എന്ന കഥയില്‍ ഒരു പ്രശസ്ത ഫാഷന്‍ ഡിസൈനറുടെ ശവരതിക്കു വിധേയനാകുന്നവന്റെ ആത്മാവായാലും Clara എന്ന കഥയില്‍ സ്‌നേഹത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തിരഞ്ഞ് ഏകാന്തമായ മരണത്തില്‍ അപ്രത്യക്ഷയാകുന്നവളായാലും Wiliam Burns എന്ന കഥയില്‍ ഒരുവനെ കൊലയാളിയും രക്ഷകനുമായി സങ്കല്‍പ്പിക്കുന്ന രണ്ടു സ്ത്രീകളായാലും ഈ ഭൂകമ്പത്തിന്റെ ആള്‍രൂപങ്ങളായി മാറുന്നു.

The Romantic Dogs എന്ന  സമാഹാരത്തിലെ ഒരു കവിതയില്‍  ബൊളാനോ ഇങ്ങനെ പറയുന്നു:

എന്നെപ്പോലുള്ള അനേകം പേര്‍, ലാറ്റിനമേരിക്കക്കാര്‍
ശിശുക്കളുടെ മുഖമുള്ളവരായാലും താടി വെച്ചവരായാലും
ഞങ്ങളെല്ലാവരും
മരണവുമായി കവിളുരുമ്മുന്നവരാണ്.
ബൊളാനോയുടെ കഥകളിലെ യാഥാര്‍ത്ഥ്യവും മരണവുമായി കവിളിരുമ്മുന്നു; ജീവിതത്തേക്കാളേറെ.

Content highlights: chilean writer Roberto Bolano, The Return, The Savage Detectives