ണ്ടു തരം ഭീതികളാണ് ഏതൊരു കുട്ടിയെയും വേട്ടയാടുക: ആദ്യത്തേത് വീടുവിട്ട് ഭയാനകവും ഇരുണ്ടതുമായ ലോകത്തേക്ക് ഒറ്റയ്ക്കു പോകുന്നത്; രണ്ടാമത്തേതാകട്ടെ, അത്രതന്നെ ഭയാനകവും ഉരുണ്ടതുമായ വീട്ടില്‍ ഒറ്റയ്ക്കാവുന്നത്.
പെറുവിലെ മഹാകവിയായ സേസാര്‍ വയെഹോയുടെ (Cesar Vallejo) കഥകളിലും കവിതകളിലും ഈ രണ്ടു ഭീതികളും മാറിമാറിത്തെളിയുന്നു. മരണവും ജീവിതവും പേടിസ്വപ്നങ്ങളുടെ രണ്ടുവശങ്ങള്‍ മാത്രമാവുന്നു. Penumbra ( നിഴലും വെളിച്ചവും ഒന്നിയ്ക്കുന്ന ഇടം) എന്ന വാക്ക് വയെഹോയുടെ എഴുത്തില്‍ കൂടെക്കൂടെ കടന്നുവരുന്ന ഒന്നാണ്. ഈ ഉപച്ഛായയില്‍  വാക്കുകള്‍ കിട്ടാതെ മരവിച്ചുപോകുന്ന ഒന്നാണ് അദ്ദേഹത്തിന്റെ എഴുത്ത് ; ജീവിതവും.  
തടവറയില്‍ കിടന്നുകൊണ്ടെഴുതിയ Trilce എന്ന കവിതാസമാഹാരത്തിലെ മൂന്നാം ഖണ്ഡത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:

ഈ മുതിര്‍ന്നവര്‍
-അവരെപ്പോഴാണ് തിരിച്ചുവരിക?
ആറുമണി കഴിഞ്ഞു.
ഇരുട്ടായിക്കഴിഞ്ഞു.

അമ്മ പറഞ്ഞിരുന്നല്ലോ, വൈകില്ലെന്ന്.

നമുക്കു കാത്തിരിക്കാം.
നമുക്ക് മറ്റൊന്നും ചെയ്യാനില്ല;
മടങ്ങി വന്നിട്ട്
വീട്ടിലാക്കിയിടുപോയ കുഞ്ഞുങ്ങളോട്
മുതിര്‍ന്നവര്‍ എപ്പോഴും പറയാറുള്ള
ക്ഷമാപണങ്ങള്‍ക്ക് കാത്തിരിക്കാം:
നമുക്കും വീടുവിട്ട്
പോകാനാവില്ലെന്ന പോലെ!

അഹ്വെദീത്ത, നാത്തിവ,  മിഹ്വേല്‍?
ഞാനുറക്കെ വിളിച്ചു,  ഞാന്‍ ഇരുട്ടില്‍ പരതി.
അവര്‍ക്കെന്നെ ഒറ്റയ്ക്കുവിടാനാവില്ല,
ഞാന്‍ മാത്രമാവില്ല, ഒരേയൊരു തടവുകാരന്‍.
      
സേസാര്‍ വയെഹോ 1892ല്‍ പെറുവിലെ വിദൂരപര്‍വതപ്രദേശമായ സാന്‍തിയാഗോ ദെ ചുക്കോയില്‍ ജനിച്ചു. ദാരിദ്ര്യം കാരണം ഇടയ്ക്കുവെച്ച്  പഠനമുപേക്ഷിച്ച് അദ്ദേഹത്തിന് ഒരു കൃഷിത്തോട്ടത്തില്‍ ജോലി ചെയ്യേണ്ടി വന്നു. അവിടെ കര്‍ഷകത്തൊഴിലാളികള്‍ നേരിടേണ്ടിവന്ന ചൂഷണം അദ്ദേഹത്തിന്റെ ജീവിതദര്‍ശനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി.
പിന്നീട് തലസ്ഥാനമായ ലിമയിലെ സര്‍വകലാശാലയില്‍ അദ്ദേഹം പഠനം തുടരുകയും തുടര്‍ന്ന് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. സാഹിത്യത്തിലും കലയിലും വന്‍തോതില്‍ പരീക്ഷണങ്ങള്‍ നടത്തിയ Avant-Garde  പ്രസ്ഥാനം അദ്ദേഹത്തെയും സ്വാധീനിച്ചു. 1919ല്‍ പുറത്തിറക്കിയ The Black Heralds എന്ന കവിതാസമാഹാരം അദ്ദേഹത്തെ പ്രശസ്തനാക്കി.

1914 മുതല്‍ 1918 വരെയുള്ള കാലയളവില്‍ വയെഹോയുടെ ജീവിതത്തില്‍ മരണം നിലയ്ക്കാതെ പെയ്തു. സഹോദരനായ മിഹ്വേലിനെയും പ്രിയപ്പെട്ട അമ്മയെയും സുഹൃത്തും വഴികാട്ടിയുമായ അബ്രഹാം വാല്‍ദെലോമറിനെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. മനസു മടുത്ത്, സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെപ്പോലും ഉപേക്ഷിച്ച് അദ്ദേഹം ലിമയില്‍ നിന്ന് ജന്മനാടായ സാന്‍തിയാഗോ ദെ ചുക്കോയിലേക്കു മടങ്ങി.

ആ സമയത്താണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ഒരു കലാപം അവിടെ പൊട്ടിപ്പുറപ്പെട്ടത്. ഒരു വലിയ സ്റ്റോര്‍ അഗ്‌നിക്കിരയായി. ഒരു വഴിയാത്രക്കാരനും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. കലാപത്തില്‍ വയെഹോയും പങ്കാളിയാണെന്ന് എതിരാളികള്‍ ആരോപിച്ചു. രണ്ടു മാസത്തോളം അദ്ദേഹം ഒളിവില്‍പോയി. ഒടുവില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു.
ജയില്‍ജീവിതം അതിഭീകരമായിരുന്നു. എങ്കിലും അദ്ദേഹം അവിടെവെച്ചും എഴുത്തില്‍ മുഴുകി. Trilce എന്ന കവിതാസമാഹാരവും Scales എന്ന കഥാസമാഹാരവും തടവറയില്‍ വെച്ച് രചിക്കപ്പെട്ടതാണ്.

വയെഹോയെ ജയിലലടച്ചതിനെതിരേ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നു. ലിമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്നു അതിന് നേതൃത്വം കൊടുത്തത്. ഒടുവില്‍ 112 ദിവസത്തെ ജയില്‍വാസത്തിനുശേഷം അദ്ദേഹം മോചിതനായി. എന്നാല്‍ വീണ്ടും തടവിലാക്കപ്പെടുമെന്ന അവസ്ഥയുള്ളതിനാല്‍ അദ്ദേഹം രാജ്യം വിട്ട് യൂറോപ്പിലേക്ക് പോവുകയും പാരീസില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

vallejo illustrations1938ല്‍ നാല്‍പത്തിയാറാമത്തെ വയസ്സില്‍ പാരീസില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ഇന്ന്, കഴിഞ്ഞ നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച കവികളിലൊരാളെന്ന നിലയില്‍ അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. നാട്ടുകാരനും ലോകപ്രശസ്ത എഴുത്തുകാരനുമായ മാരിയോ വര്‍ഗാസ് യോസ  അദ്ദേഹത്തെപ്പറ്റി ഇങ്ങനെ എഴുതി: 'ചില കവികളുടെ രചനകള്‍ വിശദീകരിക്കാനാവുന്നവയാണ്; എന്നാല്‍ വയെഹോയെപ്പോലുള്ളവരുടെ കവിതകള്‍ വിശദീകരിക്കാനാവില്ല. എല്ലാ വിശദീകരണങ്ങള്‍ക്കുമപ്പുറമുള്ള രഹസ്യാത്മകതയുടെ ഒരു കേന്ദ്രബിന്ദു അവയ്ക്കുള്ളിലിരുന്ന് സ്പന്ദിക്കുന്നത് നമുക്ക് കേള്‍ക്കാനാവും.'

വിരലിലെണ്ണാവുന്ന കഥകളേ ഈ പ്രതിഭാശാലി എഴുതിയിട്ടുള്ളൂ. പക്ഷേ, മരണവും ജീവിതവും യാഥാര്‍ഥ്യവും ഭ്രമാത്മകതയും ഭ്രാന്തിന്റെ അറ്റമില്ലായ്മയും അവയില്‍ കാണുന്നതുപോലെ മറ്റൊന്നിലും കാണാനാകില്ല. പ്രിയപ്പെട്ടവരുടെ മരണവും പ്രണയനഷ്ടവും തടവറയിലെ ഏകാന്തജീവിതവും പ്രവാസവും ആ കഥകള്‍ക്കു നല്‍കുന്ന പരിവേഷം മാജിക്കൽ റിയലിസം എന്ന പദംകൊണ്ട് നിര്‍വചിക്കാനുമാവില്ല.
             
Beyond Life and Death എന്ന കഥ നമ്മുടെ എല്ലാ യുക്തിവിചാരങ്ങള്‍ക്കും അപ്പുറത്തുള്ള  ഒന്നാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും വേര്‍തിരിവിനെത്തന്നെ അത് ചോദ്യം ചെയ്യുന്നു.
കഥ പറയുന്നയാള്‍ ഏറെക്കാലത്തിനു ശേഷം ജന്മനാടായ സാന്‍തിയാഗോയിലേക്ക് തിരിച്ചുവരികയാണ്. രണ്ടുവര്‍ഷം മുമ്പ് പ്രിയപ്പെട്ട അമ്മ മരിച്ച വിവരം അയാള്‍ ഇപ്പോഴാണറിഞ്ഞത്. അറിഞ്ഞയുടനെ അയാള്‍ നാട്ടിലേക്കു മടങ്ങി. അയാളുടെ അച്ഛനും സഹോദരങ്ങളും അമ്മയുടെ വിയോഗം താങ്ങാനാകാതെ വളരെ ദൂരെയുള്ള ഒരു കൃഷിയിടത്തിലേക്ക് പോയിരിക്കുകയാണ്. വീട്ടിലപ്പോള്‍ ആരുമുണ്ടാകാനിടയില്ല.

പക്ഷേ, വീട്ടിനു പുറത്തിട്ടിരുന്ന ബഞ്ചില്‍ ഒരാളിരിക്കുന്നതാണ് അയാള്‍ കണ്ടത്. രാത്രിയാകാനായിരുന്നു. ആളെ മനസ്സിലായപ്പോള്‍ ആ ദുഃഖത്തിലും അയാള്‍ക്ക് നേരിയ സന്തോഷം തോന്നി. അയാളുടെ സഹോദരനായ ഏന്‍ഹെലായിരുന്നു അത്. 
അന്നുരാത്രി രണ്ടു സഹോദരന്മാരും വീട്ടിനുള്ളില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. വീട്ടില്‍ നിറയെ അമ്മയെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു. അവയിലൂടെ അവര്‍ ചുറ്റിനടന്നു; കൂടെക്കൂടെ അവര്‍ കരഞ്ഞു.

നേരം പുലരാറായി. കഥ പറയുന്നയാള്‍ക്ക് അന്നുതന്നെ പോയേ തീരൂ. സഹോദരനെ കെട്ടിപ്പിടിച്ച്, മുഖത്തോടു മുഖംചേര്‍ത്തു കരഞ്ഞുകൊണ്ട് അയാള്‍ യാത്രപറഞ്ഞു.
യാത്രക്കിടയില്‍ അയാള്‍ ഒരു സത്രത്തിലെത്തി. അവിടെവെച്ച് ഒരു വൃദ്ധ അയാളോടു പറഞ്ഞു: ''നിങ്ങളുടെ മുഖം നിറയെ ചോരയാണല്ലോ.' ശരിയായിരുന്നു;  മുഖത്തു തൊട്ടപ്പോള്‍ അയാളുടെ വിരലുകളില്‍ ചോരപുരണ്ടു. അതയാളെ വല്ലാതെ പേടിപ്പിച്ചു. സഹോദരനായ ഏന്‍ഹെലിന്റെ മുഖത്തു മാത്രമാണ് അയാള്‍ സ്പര്‍ശിച്ചത്.

ഏതായാലും അച്ഛനും സഹോദരന്മാരും പോയ വിദൂരസ്ഥമായ കൃഷിയിടത്തിലേക്കു തന്നെ പോകാന്‍ അയാള്‍ തീരുമാനിച്ചു. ഏറെനാള്‍ യാത്രചെയ്ത് അയാളവിടെയെത്തി. കൃഷിയിടത്തിനു നടുവിലുള്ള വലിയ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അയാള്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നത് മറ്റാരുമായിരുന്നില്ല-മരിച്ചുപോയ അയാളുടെ അമ്മയായിരുന്നു!
കരഞ്ഞുകൊണ്ട് അമ്മ അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു: 'എന്റെ മകനേ നീ തന്നെയല്ലേ ഇത്? ശവപ്പെട്ടിയില്‍ മരിച്ചുകിടക്കുന്നതായി ഞാന്‍ കണ്ടത് നിന്നെത്തന്നെയല്ലേ?'

അയാളുടെ അത്ഭുതത്തിന് അതിരുകളില്ലായിരുന്നു. അമ്മയുടെ മരണം സഹോദരനായ ഏര്‍ഹെലും കണ്ടതാണല്ലോ? എന്നിട്ടിപ്പോള്‍ അമ്മ പറയുന്നു താനാണ് മരിച്ചതെന്ന്! ഉറക്കെച്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''അമ്മേ, അമ്മയെ ഞാന്‍ കാണുന്നു: തൊടുന്നു;. പക്ഷേ ഞാനിതൊരിക്കലും വിശ്വസിക്കില്ല. '

'The Caynas എന്ന കഥയിലാകട്ടെ മരണത്തിനു പകരം ഭ്രാന്താണ് നമ്മുടെ യുക്തിയെ തകിടംമറിക്കുന്നത്. 
കൈനയെന്നു പേരുള്ള ഗ്രാമത്തിലെ ഭ്രാന്തനായിരുന്നു ലൂയിസ് ഉര്‍ക്കീസോ. അയാളുടെ വിചാരം പക്ഷേ, തനിക്കല്ല മറ്റുള്ളവര്‍ക്കാണ് ഭ്രാന്ത് എന്നായിരുന്നു. ധാരാളം അംഗങ്ങളുള്ള ഒരു  ധനിക കുടുംബമായിരുന്നു ഉര്‍ക്കീസോയുടേത്. അവരയാളെ നന്നായിത്തന്നെ പരിപാലിച്ചു.

അങ്ങനെയിരിക്കെ ഗ്രാമത്തില്‍ ഒരു സംസാരം പടര്‍ന്നു -  ഉര്‍ക്കീസോയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഭ്രാന്തായി എന്ന്; അവരെല്ലാം തങ്ങള്‍ കുരങ്ങന്മാരാണെന്ന് കരുതുന്നുവെന്ന്. കാര്യം ശരിയാണോ എന്നറിയാന്‍ കഥപറയുന്നയാളും അയാളുടെ അമ്മയും കൂടി ഉര്‍ക്കീസോയുടെ വീട്ടിലെത്തി. അവിടെ ഉര്‍ക്കീസോയുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്ത്രീ അവരെ തിരിച്ചറിഞ്ഞില്ല. കുരങ്ങിന്റേതുപോലുള്ള അവരുടെ ചലനങ്ങള്‍ അവരെ വല്ലാതെ പേടിപ്പിച്ചു.

പിന്നീട് കഥപറയുന്നയാള്‍ കൈനാഗ്രാമം വിട്ട് ദൂരേക്കു പോയി. ഏറെക്കാലം കഴിഞ്ഞാണ് അയാള്‍ തിരിച്ചുവരുന്നത്.   ഗ്രാമത്തിലുള്ളവര്‍ അയാളെ തിരിച്ചറിഞ്ഞില്ല. അവരുടെ പെരുമാറ്റത്തിലും ചലനങ്ങളിലും അസ്വാഭാവികതയുണ്ടെന്ന് അയാള്‍ക്കു തോന്നി.

വീട്ടിലെത്തിയപ്പോള്‍ രാത്രിയായിരുന്നു. വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നതും അവിടെയാകെ അലങ്കോലപ്പെട്ടു കിടക്കുന്നതും അയാള്‍ കണ്ടു. എന്നാല്‍ അകത്ത്  ആരെയും കണ്ടില്ല.
അയാള്‍ ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചു. പെട്ടെന്ന് അച്ഛന്‍ അങ്ങോട്ടു വരുന്നത് അയാള്‍ കണ്ടു. കൂടെ മറ്റുള്ളവരും. 'നക്ഷത്രം, നക്ഷത്രം.' അയാളുടെ കൈയിലെ വെളിച്ചംകണ്ട് അവര്‍ പറഞ്ഞു. അവരുടെ ചലനങ്ങള്‍ കുരങ്ങന്മാരുടേതു പോലെയായിരുന്നു.
അച്ഛനും സഹോദരന്മാരും പ്രിയപ്പെട്ട അമ്മപോലും കുരങ്ങന്മാരെ അനുകരിക്കുന്നത് അയാള്‍ക്ക് സഹിക്കാനായില്ല. ''നിങ്ങള്‍ മനുഷ്യരാണ്; നമ്മളെല്ലാം മനുഷ്യരാണ്.' അയാള്‍ ഉച്ചത്തില്‍ പറഞ്ഞു.

'പാവം കുട്ടി,'  അച്ഛന്‍ പറയുന്നത് അയാള്‍ കേട്ടു. ' പാവം, അവന് ഭ്രാന്താണ്; ഒരു മനുഷ്യനാണെന്നാണ് അവന്റെ വിചാരം.' 
കഥാവസാനത്തില്‍, കഥപറയുന്നയാള്‍ ഒരു  ഭ്രാന്തനാണെന്ന് നമുക്ക് മനസ്സിലാകുന്നു. തന്റെ അറയിലേക്കു പോകുന്നതിനുമുമ്പ് ഭ്രാന്താശുപത്രിയിലെ നേഴ്‌സിനോടും മറ്റും അയാള്‍ പറയുന്നതാണ് ഈ കഥ!

തടവറയിലിരുന്നെഴുതിയ തന്റെ കഥാസമാഹാരത്തിന് Scales എന്ന് അദ്ദേഹം പേരിട്ടത് തികച്ചും അര്‍ഥവത്താണ്. Scales എന്ന വാക്കിന് സംഗീതസ്വരങ്ങള്‍ എന്നും എണിപ്പടികള്‍ എന്നും അര്‍ഥമുണ്ട്. ആ സ്വരങ്ങള്‍ മുറിഞ്ഞുപോയവയാണെങ്കിലും, ആ ഏണിപ്പടികള്‍ നരകത്തില്‍നിന്ന് പുറത്തെത്തിക്കാനാവാത്തവയാണെങ്കിലും.....

Content Highlights : Cesar Vallejo, Trilce,  The Black Heralds, Beyond Life and Death, Scales